ഇവിടെ,
എല്ലാവരുടെ നാവുകളിലും
കൊതി നീരുറവ.
വറ്റാത്തുറവ.
ഉറവയാൽ തീർന്ന നദികളിൽ
അധികാരത്തിൻ വഞ്ചി തുഴയുന്നു;
“തലപ്പൻ “മാർ.
സ്വർഗ്ഗതീരം തീർത്ത് വാഴുന്നു .
പ്രജകളെ നരകാഗ്നിയിൽ
ഉരുക്കുന്നു; ചാരമാക്കുന്നു.
ഇവിടെ,
ഭിന്നിപ്പിക്കലിൻ്റെ
വാലാട്ടലുകൾ !
നേതാക്കന്മാരുടെ
തേങ്ങാപ്പൂളുകൾക്കു വേണ്ടിയുള്ള
വാലാട്ടലുകൾ !!
നീണ്ട വാലുകൾ, മുറിയൻ വാലുകൾ
എന്നും നിവരാത്ത വാലുകൾ .
നായകന്മാരാം
അമ്മികൾക്കടിയിൽപെട്ട
വാലുകൾ, ആട്ടിത്തളർന്ന വാലുകൾ
മോചനമാർഗ്ഗം
അറിയാത്ത വാലുകൾ !
കരിമ്പിൻ ചാണ്ടികൾ കണക്കെ
ചവറ്റുകൂട്ടകൾ നിറയുന്ന വാലുകൾ !
അജ്ഞതകളുടെ
അന്ധകാരങ്ങളിൽ
പിടഞ്ഞമരുന്ന വാലുകൾ !