വിവാഹശേഷം മുകുന്ദൻ്റെ ജീവിതം പുതിയൊരു താളത്തിലേക്ക് നീങ്ങി. ജോലിയിലെ ഉത്തരവാദിത്തങ്ങളും കുടുംബത്തിൻ്റെ സുരക്ഷിതത്വവും അവനെ തിരക്കുകളിലേക്ക് തള്ളിവിട്ടു. എങ്കിലും, താൻ കടന്നുപോന്ന വഴികൾ മുകുന്ദൻ മറന്നില്ല.
ഒരു ഞായറാഴ്ച വൈകുന്നേരം, മഴയുടെ നനവ് അപ്പോഴും ബാക്കിനിൽക്കുന്ന അന്തരീക്ഷത്തിൽ അഞ്ജലിയും മുകുന്ദനും പഴയ തറവാടിനടുത്തുള്ള കുന്നിൻ പുറത്തേക്ക് നടന്നു. നാട്ടിലെ പരിഹാസങ്ങളും രവിയുടെ ഉപദ്രവങ്ങളും ഏൽക്കേണ്ടി വന്ന അതേ ഇടം. പക്ഷേ ഇന്ന്, അതെല്ലാം ഒരു പഴയ കഥപോലെ അവന് തോന്നി.
മുകുന്ദാ, അന്നൊക്കെ ആ തൂണിൽ ചാരിനിന്ന് കരയുമ്പോൾ, എന്നെങ്കിലും ഈ ഒരു നിമിഷം ഉണ്ടാകുമെന്ന് സ്വപ്നം കണ്ടിരുന്നോ?.
അഞ്ജലി അവൻ്റെ കൈകളിൽ ചേർന്നു നടന്നുകൊണ്ട് ചോദിച്ചു.
മുകുന്ദൻ ഒന്ന് പുഞ്ചിരിച്ചു. ദൂരെയുള്ള നഗരത്തിൻ്റെ വെളിച്ചത്തിലേക്ക് നോക്കി അവൻ പറഞ്ഞു.
ഒരിക്കലും ഇല്ല അഞ്ജലി. അന്ന് എൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നത് സങ്കടം കൊണ്ടായിരുന്നില്ല, ഒരുപാട് ഉത്തരവാദിത്തങ്ങളുടെ ഭാരം കൊണ്ടായിരുന്നു.
പക്ഷേ ആ ഭാരമാണ് എന്നെ ഇന്നത്തെ ഈ മുകുന്ദനാക്കിയത്.
അവൻ പോക്കറ്റിൽ നിന്ന് അച്ഛൻ്റെ പഴയ വാച്ച് പുറത്തെടുത്തു. വർഷങ്ങളായി കേടായി കിടക്കുന്ന തനിക്ക് കിട്ടിയ ഒരേയൊരു സമ്പാദ്യം.
കഴിഞ്ഞ ദിവസം ഞാൻ ഒരു വാച്ചറിനെ ഏൽപ്പിച്ചിരുന്നു, മുകുന്ദൻ പറഞ്ഞു. വാച്ചിലെ സൂചികൾ വീണ്ടും ചലിച്ചു തുടങ്ങിയത് കണ്ടപ്പോൾ അവൻ്റെ കണ്ണുകൾ നനഞ്ഞു. അച്ഛൻ്റെ ശബ്ദം കാതിൽ മുഴങ്ങുന്നതുപോലെ.
മകനേ, കാലം തെറ്റാതെ മുന്നോട്ട് നീങ്ങുക.
അതേസമയം, ഗ്രാമത്തിൽ അസ്വസ്ഥതകളുടെ പുതിയ വിത്തുകൾ പാകാൻ രവി ശ്രമിക്കുന്നുണ്ടെന്ന വാർത്ത അവർക്ക് ലഭിച്ചു. എന്നാൽ പഴയ മുകുന്ദനായിരുന്നില്ല ഇപ്പോൾ. ഭയത്തിന് പകരം വ്യക്തതയോടെ ആ പ്രതിസന്ധിയെ നേരിടാൻ അവൻ തീരുമാനിച്ചു.
അഞ്ജലി അവൻ്റെ തോളിൽ തലചായ്ച്ചു പറഞ്ഞു, നമുക്ക് ഇനിയുമേറെ ദൂരം പോകാനുണ്ട് മുകുന്ദാ.
പഴയ ഇരുണ്ട വഴികളല്ല നമ്മൾ തന്നെ കൊളുത്തിയ വെളിച്ചവുമായി മുന്നോട്ട്.
അവരുടെ മുന്നിൽ ആകാശത്ത് മേഘങ്ങൾക്കിടയിലൂടെ ഒരു ചെറിയ വെള്ളി വെളിച്ചം തെളിഞ്ഞു വന്നു. അതുപോലെ അവരുടെ ജീവിതത്തിലും പുതിയൊരു പ്രത്യാശയുടെ പ്രകാശം വീണു തുടങ്ങി.
തുടരും….
– ശ്യാമള ഹരിദാസ്











