കാലം മാറുമ്പോൾ മനുഷ്യരും മാറും. പക്ഷെ ഓർമ്മകൾ മാത്രം പഴയപടി തുടരും.
മുകുന്ദൻ്റെ കഠിനാധ്വാനം കമ്പനിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. സെക്യൂരിറ്റിയായി വന്ന ആൾ ഇന്ന് അഡ്മിനിസ്ട്രേഷനിൽ നിർണ്ണായക പങ്ക് വഹിക്കുന്നത് പലർക്കും അംഗീകരിക്കാൻ കഴിഞ്ഞില്ല.
നഗരത്തിലെ പുതിയ ജീവിതം പതുക്കെ പച്ചപിടിച്ചു വരികയായിരുന്നു. മുകുന്ദൻ്റെ അർപ്പണബോധം കണ്ട ഡോക്ടർ വർമ്മയും മകൾ അഞ്ജലിയും അവന് വലിയൊരു പ്രൊമോഷൻ നൽകി. അസിസ്റ്റന്റ് മാനേജർ എന്ന പദവിയിലേക്കുള്ള ആ ഉയർച്ച മുകുന്ദൻ്റെ സാമ്പത്തിക ഭദ്രതയ്ക്ക് വലിയൊരു ആശ്വാസമായി. സുനിതയെ ഒരു കമ്പ്യൂട്ടർ കോഴ്സിന് ചേർക്കാനും അനിയത്തിമാരുടെ പഠനത്തിന് നല്ല സൗകര്യങ്ങൾ ഒരുക്കാനും അവന് സാധിച്ചു.
പുഞ്ചിരിക്കു പിന്നിൽ ഒളിച്ചിരിക്കുന്ന കണ്ണുനീർ ആരും കാണാറില്ല.
എന്നാൽ ഓഫീസിനുള്ളിലെ കഥ മറ്റൊന്നായിരുന്നു. വർഷങ്ങളായി അവിടെ ജോലി ചെയ്യുന്ന ശേഖരനും സംഘത്തിനും മുകുന്ദൻ്റെ ഈ വളർച്ച സഹിക്കാൻ കഴിഞ്ഞില്ല.
വെറുമൊരു സെക്യൂരിറ്റി പണിക്കാരൻ ഇന്ന് നമ്മുടെ മേലുദ്യോഗസ്ഥനോ?. എന്ന പരിഹാസം കാന്റീനിലും ഇടനാഴികളിലും മുഴങ്ങി.
ശേഖരൻ അഞ്ജലിയുടെ അടുത്ത സുഹൃത്തായി അഭിനയിക്കുന്ന ഒരാളായിരുന്നു.
മുകുന്ദനും അഞ്ജലിയും തമ്മിലുള്ള സൗഹൃദം അയാൾക്ക് കണ്ണുകടിയായി. മുകുന്ദനെ അവിടെ നിന്ന് പുറത്താക്കാൻ അയാൾ ഒരു ചതിക്കുഴി ഒരുക്കി.
ഒരിക്കൽ ഏറെ പ്രിയപ്പെട്ടവർ ഇന്ന് അന്യന്മാരായി മാറിയതാണ് ഏറ്റവും വലിയ വേദന.
കമ്പനിയുടെ വലിയൊരു ഇടപാടിൽ വന്ന തുകയിൽ കൃത്രിമം കാണിച്ച് ആ കുറ്റം മുകുന്ദൻ്റെ തലയിൽ കെട്ടിവെക്കാൻ ശേഖരൻ പദ്ധതിയിട്ടു. മുകുന്ദൻ അറിയാതെ അയാളുടെ പേരിൽ വ്യാജ ബില്ലുകൾ ഉണ്ടാക്കി. ഇതിനിടയിൽ മുകുന്ദൻ്റെ പഴയ ജീവിതത്തെക്കുറിച്ചും കുടുംബത്തിലെ പ്രശ്നങ്ങളെക്കുറിച്ചും ഓഫീസിൽ മോശമായി സംസാരിച്ച് എല്ലാവരെയും അവനെതിരെ തിരിക്കാൻ ശേഖരൻ ശ്രമിച്ചു.
ഒരു ശനിയാഴ്ച വൈകുന്നേരം, അഞ്ജലി മുകുന്ദനെ തൻ്റെ ക്യാബിനിലേക്ക് വിളിച്ചു. അവളുടെ മുഖം ഗൗരവത്തിലായിരുന്നു.
മുകുന്ദൻ അക്കൗണ്ട്സിൽ വലിയൊരു തുകയുടെ കുറവുണ്ട്. എല്ലാ രേഖകളും വിരൽ ചൂണ്ടുന്നത് നിനക്ക് നേരെയാണ്. ശേഖരൻ ഇത് പോലീസിൽ അറിയിക്കണം എന്നാണ് പറയുന്നത്, അഞ്ജലിയുടെ വാക്കുകൾ കേട്ട് മുകുന്ദൻ തകർന്നുപോയി.
അഞ്ജലി, ഞാൻ അങ്ങനെ ചെയ്യില്ലെന്ന് നിനക്കറിയാമല്ലോ. ഞാൻ അച്ഛനെപ്പോലെ കാണുന്ന ഡോക്ടർ സാറിനെ ചതിക്കുമോ?.. അവൻ്റെ ശബ്ദം വിറച്ചു.
എനിക്കറിയാം പക്ഷേ രേഖകൾ നിനക്ക് എതിരാണ്. ഓഫീസിലെ എല്ലാവരും നിന്നെ സംശയത്തോടെയാണ് നോക്കുന്നത്. നിൻ്റെ സെക്യൂരിറ്റി പശ്ചാത്തലം പോലും അവർ നിനക്കെതിരെ ആയുധമാക്കുന്നു.
മുകുന്ദൻ തിരികെ തൻ്റെ സീറ്റിലേക്ക് നടക്കുമ്പോൾ ശേഖരൻ്റെ പരിഹാസം നിറഞ്ഞ ചിരി അയാൾ കണ്ടു. ആ നിമിഷം, താൻ ആർക്കുവേണ്ടി ഇത്രയും കഷ്ടപ്പെടുന്നുവോ ആ കുടുംബത്തെ ഓർത്ത് അയാൾ ഭയന്നു. ഈ ജോലി പോയാൽ വീണ്ടും തെരുവിലേക്ക് ഇറങ്ങേണ്ടി വരും.
ചില വേദനകൾക്ക് ശബ്ദമില്ല. അവ നിശബ്ദമായി ഹൃദയത്തെ തിന്നുകൊണ്ടിരിക്കും.
ദാരിദ്ര്യത്തേക്കാൾ വലിയ ദുരന്തം തൻ്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെടുന്നതാണെന്ന് മറികടക്കും?…
തുടരും….
– ശ്യാമള ഹരിദാസ്












