ആരോപണങ്ങളുടെ ഭാരം മുകുന്ദൻ്റെ മനസ്സിനെ വല്ലാതെ തളർത്തി. ജീവിതത്തിൽ ആദ്യമായി അയാൾ തോറ്റുപോയെന്ന് തോന്നി. സത്യസന്ധമായി ജീവിച്ചിട്ടും ചതിയുടെ കരിനിഴൽ തന്നെ വിടാതെ കനലിൽ പിന്തുടരുന്നത് അയാളെ നിരാശയുടെ അഗാധമായ കയത്തിലേക്ക് തള്ളിയിട്ടു.
രാത്രി ഏറെ വൈകിയിട്ടും മുകുന്ദൻ വീട്ടിലേക്ക് പോയില്ല. നഗരത്തിലെ ആൾത്തിരക്കില്ലാത്ത ഒരു പാലത്തിന് മുകളിൽ അയാൾ നിശ്ചലനായി നിന്നു. താഴെ ഒഴുകുന്ന കറുത്ത ജലം അയാളെ മാടിവിളിക്കുന്നതുപോലെ തോന്നി.
എന്തിനാണ് ഇത്രയേറെ കഷ്ടപ്പെടുന്നത്?. പഠിച്ചു വലിയ നിലയിലെത്താൻ ശ്രമിച്ചു പരാജയപ്പെട്ടു. സെക്യൂരിറ്റിയായി പണിയെടുത്തു ഒടുവിൽ അന്തസ്സുള്ള ഒരു ജോലി കിട്ടിയപ്പോൾ അതും കള്ളൻ്റെ പട്ടം ചാർത്തി തട്ടിത്തെറിപ്പിച്ചു.
ഇതിലും നല്ലത് അയാൾ ആ പാലത്തിൻ്റെ കൈവരിയിൽ മുറുക്കി പിടിച്ചു.
ഒരു നിമിഷം അയാളുടെ ഉള്ളിൽ ഇരുട്ട് പടർന്നു. താഴേക്ക് ചാടാനായി അയാൾ ആഞ്ഞപ്പോഴാണ് ഫോൺ ശബ്ദിച്ചത്. അത് സുനിതയായിരുന്നു.
ഏട്ടാ… എവിടെയാണ്? വരാൻ വൈകിയപ്പോൾ അമ്മയ്ക്കും എനിക്കും പേടിയായി. ഏട്ടൻ വാങ്ങിത്തന്ന പുതിയ തയ്യൽ മെഷീനിൽ ഞാനിന്ന് ആദ്യമായി ഒരു ഉടുപ്പ് തുന്നി. ഏട്ടൻ വരുമ്പോൾ അത് കാണിച്ചുതരാം. വേഗം വരണേ…
അനിയത്തിയുടെ ആവേശത്തോടെയുള്ള ആ സംസാരം മുകുന്ദൻ്റെ കാതുകളിൽ ഇടിമുഴക്കം പോലെ പതിച്ചു. താൻ പോയാൽ ഈ കുടുംബം വീണ്ടും അനാഥമാകും. നാട്ടിലെ ആ ക്രൂരരായ ബന്ധുക്കളുടെയും, പെങ്ങളെ പീഡിപ്പിച്ച രവിയുടെയും മുന്നിലേക്ക് അവരെ എറിഞ്ഞുകൊടുക്കാൻ തനിക്ക് കഴിയില്ല.
ഞാൻ വരികയാണ് സുനിത… അല്പം വൈകും. ശബ്ദം ഇടറാതെ അയാൾ പറഞ്ഞു.
അയാൾ കണ്ണീർ തുടച്ചു. ഭീരുവിനെപ്പോലെ മരിക്കാനല്ല ചതിച്ചവരുടെ മുന്നിൽ തലയുയർത്തി നിൽക്കാനാണ് താൻ ശ്രമിക്കേണ്ടതെന്ന് അയാൾ ഉറപ്പിച്ചു.
പിറ്റേന്ന് രാവിലെ മുകുന്ദൻ ഓഫീസിലെത്തിയത് പുതിയൊരു തീരുമാനത്തോടെയാണ്. തന്നെ ചതിച്ച ശേഖരൻ്റെ ഓരോ നീക്കങ്ങളും അയാൾ നിരീക്ഷിക്കാൻ തുടങ്ങി.
ഓഫീസിൽ എല്ലാവരും അയാളെ പുച്ഛത്തോടെ നോക്കിയപ്പോഴും അയാൾ തളർന്നില്ല. തൻ്റെ നിരപരാധിത്വം തെളിയിക്കാൻ ശേഖരൻ ഉണ്ടാക്കിയ വ്യാജ ബില്ലുകളിലെ ചെറിയൊരു പിഴവ് അയാൾ കണ്ടെത്തി.
ശേഖരൻ തിരിമറി നടത്തിയ ദിവസം അയാൾ ഓഫീസിൽ ഉണ്ടായിരുന്നില്ല എന്ന് തെളിയിക്കുന്ന ലോഗ് ബുക്കിലെ വിവരങ്ങൾ മുകുന്ദൻ രഹസ്യമായി ശേഖരിച്ചു.
അതേസമയം, ശേഖരൻ മുകുന്ദനെ അറസ്റ്റ് ചെയ്യിക്കാനുള്ള നീക്കങ്ങൾ വേഗത്തിലാക്കി. പോലീസ് ഓഫീസിൽ എത്താൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ മുകുന്ദൻ ഡോക്ടർ വർമ്മയുടെയും അഞ്ജലിയുടെയും മുന്നിലേക്ക് ആ തെളിവുകളുമായി ചെന്നു.
ഇനിയെന്തായിരിക്കും സംഭവിക്കുക?…….
തുടരും….
– ശ്യാമള ഹരിദാസ്












