നാട്ടിൽ നിന്നും തിരിച്ചെത്തി ദിവസങ്ങൾ ആയിട്ടെ ഉള്ളു. അപ്പോഴാണ് അമ്മയുടെ പരാതി പട്ടികയുമായി നീണ്ടൊരു കത്ത്.
കത്തു വായിച്ച മുകുന്ദൻ കാർപോർച്ചിലെ തൂണിൽ ചാരി നിന്ന് കണ്ണുനീർ വർത്തു.
മുകുന്ദൻ്റെ കണ്ണുനീർ കണ്ടിട്ടാകണം അന്ന് രാത്രി ഡ്യൂട്ടി കഴിഞ്ഞു മടങ്ങാൻ നേരത്ത് ഡോക്ടർ വർമ്മ അയാളെ തൻ്റെ ലൈബ്രറിയിലേക്ക് വിളിച്ചു.
പുസ്തകങ്ങൾ നിറഞ്ഞ ആ മുറിയിൽ മുകുന്ദൻ പരുങ്ങലോടെ നിന്നു.
മുകുന്ദാ നിൻ്റെ കയ്യിലുള്ള കത്ത് ഞാൻ കണ്ടു. വീട്ടിൽ വലിയ ബുദ്ധിമുട്ടാണല്ലേ?….
ഡോക്ടറുടെ ചോദ്യം മുകുന്ദൻ്റെ നെഞ്ചിൽ തറച്ചു. അവൻ മറുപടിയൊന്നും പറയാതെ തല താഴ്ത്തി നിന്നു.
എനിക്ക് നിന്നെക്കുറിച്ച് കുറച്ചു കാര്യങ്ങൾ അറിയാം.
നീ ഒരു എം.എ. ബിരുദധാരിയാണെന്ന് നിൻ്റെ ബയോഡേറ്റയിൽ കണ്ടിരുന്നു. ഇത്രയും വലിയ വിദ്യാഭ്യാസം കയ്യിലിരിക്കെ എന്തിനാണ് നീ ഈ സെക്യൂരിറ്റി ജോലിക്ക് നിൽക്കുന്നത്?
മുകുന്ദൻ പതുക്കെ പറഞ്ഞു, വിശപ്പിന് മുന്നിൽ സർട്ടിഫിക്കറ്റുകൾക്ക് വിലയില്ല ഡോക്ടർ.
അമ്മയുടെ മരുന്നിനും അച്ഛൻ്റെ ചികിത്സയ്ക്കും പണം വേണം. ജോലി അന്വേഷിച്ചു മടുത്തു ഒടുവിൽ വഴിയില്ലാതെയാണ്… അവൻ്റെ വാക്കുകൾ ഇടറി.
ഡോക്ടർ ഒരു നിമിഷം ആലോചിച്ചു. പിന്നെ ഒരു വിസിറ്റിംഗ് കാർഡ് എടുത്ത് അതിൽ എന്തോ കുറിച്ചു.
നാളെ രാവിലെ നീ ഈ വിലാസത്തിൽ ചെല്ലണം. എൻ്റെ ഒരു സുഹൃത്തിൻ്റെ വലിയൊരു എക്സ്പോർട്ടിംഗ് കമ്പനിയാണ്. അവിടെ ഒരു അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. നീ പഠിച്ച വിഷയത്തിന് അനുയോജ്യമായ ജോലിയാണ്. അവിടെ നിനക്ക് ഇതിനേക്കാൾ നല്ല ശമ്പളം കിട്ടും.
മുകുന്ദന് വിശ്വസിക്കാനായില്ല. ആ കാർഡിൽ നോക്കി അവൻ വിറയ്ക്കുന്ന ശബ്ദത്തിൽ ചോദിച്ചു, പക്ഷേ ഡോക്ടർ… ഇവിടുത്തെ ജോലി?
അതൊക്കെ ഞാൻ നോക്കിക്കോളാം. നിന്നെപ്പോലെ പഠിപ്പുള്ളവർ ഇവിടെ ഈ ജോലിയിൽ നിൽക്കേണ്ടവരല്ല. പോയി ഭാഗ്യം പരീക്ഷിക്കൂ.
ഡോക്ടർ പുഞ്ചിരിച്ചു.
അന്ന് രാത്രി മുകുന്ദന് ഉറങ്ങാൻ കഴിഞ്ഞില്ല. ദാരിദ്ര്യത്തിൻ്റെ കറുത്ത മേഘങ്ങൾക്കിടയിൽ ഒരു വെള്ളിരശ്മി കണ്ട സന്തോഷത്തിലായിരുന്നു അവൻ.
പിറ്റേന്ന് രാവിലെ തൻ്റെ തേഞ്ഞുതീരാറായ ചെരുപ്പുകൾ തുടച്ചു വൃത്തിയാക്കി തേച്ചു മടക്കി വെച്ച ഏക ഷർട്ട് ധരിച്ച് അവൻ ആ വിലാസം തേടിയിറങ്ങി.
കമ്പനിയുടെ വലിയ ഗേറ്റിന് മുന്നിൽ എത്തിയപ്പോൾ അവന് ഭയം തോന്നി. അകത്തു കയറി ഡോക്ടറുടെ ശുപാർശ കത്ത് നൽകിയപ്പോൾ അവനെ മാനേജറുടെ അടുത്തേക്ക് കൊണ്ടുപോയി.
ചെറിയൊരു അഭിമുഖത്തിന് ശേഷം മാനേജർ പറഞ്ഞു, ഡോക്ടർ നിങ്ങളെക്കുറിച്ച് വലിയ കാര്യങ്ങളാണ് പറഞ്ഞത്. നിനക്ക് നാളെ മുതൽ ജോലിയിൽ പ്രവേശിക്കാം. ശമ്പളം നിൻ്റെ പ്രതീക്ഷയേക്കാൾ കൂടുതലായിരിക്കും.
തിരികെ നടക്കുമ്പോൾ മുകുന്ദൻ്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു. അമ്മയ്ക്ക് നല്ല മരുന്നുകൾ വാങ്ങാം അച്ഛനെ വലിയ ആശുപത്രിയിൽ കാണിക്കാം. ആശ്വാസത്തോടെ അവൻ പൈപ്പിൻ ചുവട്ടിൽ നിന്ന് വെള്ളം കുടിച്ചു. ഇത്തവണ അത് വിശപ്പ് സഹിക്കാനായിരുന്നില്ല.
പുതിയൊരു ജീവിതം തുടങ്ങുന്നതിൻ്റെ ആവേശത്തിലായിരുന്നു.
മുകുന്ദന് പുതിയ ജോലി ആശ്വാസകരമാകുമോ? ഈ ജോലി അവൻ്റെ കുടുംബത്തിന് തണലേകുമോ?..
തുടരും….
– ശ്യാമള ഹരിദാസ്












