2026 മാർച്ച് 12-ന് ഇടുക്കിയിൽ നടന്ന ചടങ്ങിൽ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൻ്റെ (KSEB) സുവർണ ജൂബിലി ആഘോഷങ്ങൾ ബഹു. വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. വൈദ്യുതി മേഖലയിലെ അൻപത് വർഷത്തെ അഭിമാനകരമായ സേവനയാത്രയെ അനുസ്മരിച്ചുകൊണ്ടായിരുന്നു ആഘോഷങ്ങൾ സംഘടിപ്പിച്ചത്.
സംസ്ഥാനത്തിൻ്റെ വൈദ്യുതി വികസനത്തിനും പുരോഗതിക്കും KSEB നൽകിയ വിലമതിക്കാനാകാത്ത സംഭാവനകൾ മന്ത്രി തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ എടുത്തുപറഞ്ഞു. മുൻ ഉദ്യോഗസ്ഥരും നിലവിലെ ജീവനക്കാരും വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
KSEBയിലെ ഉന്നത ഉദ്യോഗസ്ഥരും സംഘടനാ ഭാരവാഹികളും ആശംസാപ്രസംഗങ്ങൾ നടത്തി. കഴിഞ്ഞ അൻപത് വർഷങ്ങളിലെ പ്രവർത്തനങ്ങളും വൈദ്യുതി മേഖലയിലെ വളർച്ചയും അവർ സ്മരിച്ചു. മികച്ച സേവനം അനുഷ്ഠിച്ച ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ചടങ്ങിൽ ആദരിച്ചു. സാംസ്കാരിക പരിപാടികളും ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി.
ഭാവിയിലും പൊതുജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട വൈദ്യുതി സേവനം ഉറപ്പാക്കാൻ ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് പ്രസംഗകർ അഭിപ്രായപ്പെട്ടു.
മലകളും മരങ്ങളും പുഴകളും പൂക്കളും ചേർന്ന് പ്രകൃതി മനോഹാരിത നിറഞ്ഞ കേരളത്തിൻ്റെ ഹൃദയധാരയാണ് പെരിയാർ. ആ ഒഴുക്കിനെ ഭൂമിയുടെ ഉള്ളറകളിൽ പ്രകാശധാരയാക്കി മാറ്റിയ അതുല്യ ജാലവിദ്യയാണ് ഇടുക്കി ജലവൈദ്യുത പദ്ധതി. അവിടെ നിന്ന് വൈദ്യുതി പ്രവഹിക്കാൻ തുടങ്ങി അൻപത് സുവർണ വർഷങ്ങൾ പിന്നിടുന്ന ഈ വേള അതിയായ അഭിമാനത്തിൻ്റെയും ആഘോഷത്തിൻ്റെയും നിമിഷമാണ്.
ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാതിരുന്നവരെ പ്രത്യേകമായി സന്ദർശിച്ച് അനുമോദിക്കുകയും ചെയ്തു. അതിൻ്റെ ചില മനോഹര ദൃശ്യങ്ങളാണ് ഇവിടെ പങ്കുവയ്ക്കുന്നത്.
ഷാൾ, മെമെന്റോ, സുവനീർ എന്നിവ ചടങ്ങിൻ്റെ ഭാഗമായി സമ്മാനമായി നൽകി.
“പ്രകാശധാര 1976–2026” സുവനീറിൻ്റെ സബ് എഡിറ്റർ ഐസൺ പോളും എഞ്ചിനീയറും ചേർന്ന് ശ്രീ ടി. ആർ. ജോണിയെ പൊന്നാട അണിയിച്ച് ആദരിച്ചു.
– ജോണി തെക്കേത്തല, ഇരിഞ്ഞാലക്കുട.














