കനലെരിയുന്നൂ നെഞ്ചിനുള്ളിൽ…
ഓരോ ദിനം പെൺമക്കളേയോർക്ക്യേ…,
ചമ്പൽക്കാടും ബന്ധിപ്പൂർ പിന്യേ…ഗുജറാത്ത്,
ഭീകര വാഴ്ചകേട്ടു ദുഃഖമേറെക്കാലം,
കശ്മീർ മറ്റൊരു ഭീഷണിയെന്നെന്നും…
ഇന്നലെകൾ… ഇന്ന് കേൾക്കാൻ ഭയമേറെയുണ്ടെന്നിലായ്…,
ഒറീസ്സയിൽ…പിന്യേം
മണിപ്പൂർകത്തുന്നൂ ഗ്രാമങ്ങൾ…, കലാപം…കലുഷിതം…,
മാതൃത്വം പിച്ചിചീന്തി കാപാലികർ…
മാനം കാക്കാൻ കഴിയാതെ വിലപിപ്പോരമ്മമാർ…,
പ്രായമന്യേ പെൺമക്കളോരോ-
തെരുവീഥിയിൽ,
വലിച്ചിഴച്ചും വിവസ്ത്രയാക്കി തല്ലിച്ചതച്ചും,
മാറിലും ഗുഹ്യഭാഗേ പ്രഹര കാഴ്ചകൾ…,
കണ്ണ് മൂടിക്കെട്ടി കണ്ണീർ വാർന്നോരച്ഛനും…,
കണ്ണിൽ ചോര വറ്റിയ പൈശാചികർ,
കുറുവടിയും കുന്തമുനയുമായട്ടഹസിക്കും
ചെറുപ്പക്കാരിവരോ നാളെയുടെ ഭാവി…,
ചരസ്സും ഗഞ്ചാവും മദ്യവും ലഹരിയിൽ,
അടിമയാക്കി പലരേം നാശം വിതച്ചവർ….,
നരഭോജികളോ…നാട് ഭരിക്കും ഹിറ്റ്ലറെപ്പോൽ
രാജ്യഭരണത്തിനുതിരും രാഷ്ട്രീയ കിങ്കരരോ…
ഭാരതമെന്നു കേട്ടാലോ തിളയ്ക്കുന്നിതഗ്നിയോരോഹൃദയവും…,
വർണ്ണോം ജാതീം മതവും വേർതിരിച്ചൂ
വിഘടനവ്യവസ്ഥാപിത തന്ത്രം…
തിരികേ നടക്കാൻ പഠിക്കുന്നതെന്നിനി…?
പ്രതികരിക്കാനൊന്നുതുനിഞ്ഞീട്വോ
ഹേ… മനുഷ്യാ.. പെണ്ണിവൾ
കേവലം മണ്ണല്ലെന്നതോർത്തു പോകിൽ..!
– എസ്. എൽ. ബ്രൈറ്റ്മീയണ്ണൂർ.












