ജനകീയനും കേരളത്തിലെ എക്കാലത്തേയും മികച്ച ഭരണാധികാരിയുമായിരുന്ന ശ്രീ.ഉമ്മൻ ചാണ്ടി സാറിന് ആദരാഞ്ജലികൾ അർപ്പിച്ച് രണ്ടു വരി കുറിക്കട്ടെ ………
പൂമുഖത്തെത്തുന്ന
പതിതർക്കു നാഥനായ്
പ്രഭയോടെരിഞ്ഞതാം
താരകമേ
അതിവേഗ ബഹുദൂര
തന്ത്രം മെനഞ്ഞുനീ
അകതാരിലഗ്നി
കെടുത്തിയേറെ
അമ്മിഞ്ഞ ഊറ്റുന്ന
കുഞ്ഞിക്കിടാങ്ങൾക്കും
പഞ്ഞി തലക്കാർക്കും
കുഞ്ഞൂഞ്ഞുനീ
അരനൂറു കൊല്ലങ്ങൾ
അമരത്തിരുന്നതാം
അലിവിൻ്റെ രൂപമി –
ന്നകലത്തുപോയ്
തിരികെട്ടു പോയിടാൻ
പല വേള ഊതീട്ട്
വ്രണിതപ്പെടുത്തിയോർ
പരിഹാസ്യരായ്
മലയാള ദേശമി-
ന്നഴലുന്നു ഖിന്നരായ്
അലിവിൻ്റെ തമ്പുരാൻ
യാത്രയായീ
മിഴിവാർന്ന പൂമുഖ –
ത്തടരുന്ന പുഞ്ചിരി
മനമെന്ന കോവിലിൽ
നിധിയായിടും
ഉയിരറ്റിതെങ്കിലും
ഉണരില്ലിതെങ്കിലും
ഉശിരോടിതെങ്ങളിൽ
വാണിടും നീ
- ജോൺസൺ എഴുമറ്റൂർ