ഡ്രാക്കുള നമ്മുടെ ആളാ – കൃഷ്ണ പൂജപ്പുര
പ്രസാധകർ: പരിധി
വായനാനുഭവം – റിറ്റ മാനുവൽ
‘ഇവർ വിവാഹിതരായാൽ’, ‘ഹാപ്പി ഹസ്ബൻഡ്സ്’, അങ്ങനെ നിരവധി ഹിറ്റ് സിനിമകൾക്ക് തിരക്കഥയൊരുക്കിയ മലയാളചലച്ചിത്രരംഗത്തെ പ്രശസ്തനായ ഹാസ്യസാഹിത്യകാരൻ ആയ കൃഷ്ണ പൂജപ്പുരയുടെ ഏഴാമത്തെ പുസ്തകമായ ‘ഡ്രാക്കുള നമ്മുടെ ആളാ’ എന്ന പുസ്തകത്തിൻ്റെ “മലയാളം രചനകൾ ഓൺലൈൻ പത്രം’ പ്രസിദ്ധീകരിച്ച മേരി ജോസിയുടെ ആസ്വാദനം വായിക്കുകയും അതോടൊപ്പമുള്ള ആനിമേഷൻ ആസ്വദിക്കുകയും ചെയ്തപ്പോൾ എന്നാൽ പിന്നെ ഈ പുസ്തകം ഒന്ന് വായിക്കണമെന്നു തോന്നി. പുസ്തകം വായിച്ച് ചിരിച്ചു വശം കേട്ടപ്പോൾ വായനാനുഭവം എഴുതാതിരുന്നാൽ അത് ശരിയാകില്ലെന്ന് തോന്നി. 😀 .
31 നർമ്മ ലേഖനങ്ങളാൽ സമ്പന്നമാണ് ഈ പുസ്തകം.ഓരോ ലേഖനങ്ങൾക്കും അകമ്പടിയായി ശ്രീ വാമനപുരം മണിയുടെ കാർട്ടൂണുകളും ഉണ്ട്.
അനുവാചകരെ ചിരിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്യുക എന്നതാണ് കഥാകൃത്ത് ഈ ലേഖനങ്ങൾ കൊണ്ട് ലക്ഷ്യമാക്കുന്നത്.
കൊറോണ കാലത്തെ വലിയ ഒരു ആശ്വാസവും നേരമ്പോക്കുമായി തീർന്നിരുന്ന നവ സാങ്കേതിക മാധ്യമങ്ങളായ ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്,റീൽസ്, ഇൻസ്റ്റാ….ഇവയെയൊക്കെ മനസ്സുകൊണ്ട് നമിക്കുമ്പോഴും കണക്കറ്റു വിമർശിക്കുന്നുമുണ്ട് എഴുത്തുകാരൻ.
‘പരേതന് പറയാനുള്ളത്’ വായിച്ചപ്പോൾ അടുത്തകാലത്ത് ഫേസ്ബുക്കിൽ കണ്ട ഒരു ട്രോൾ ഓർമ്മ വന്നു. ഒരാളുടെ ശവമഞ്ചത്തിനരികെ മക്കളും മരുമക്കളും പേരക്കുട്ടികളും എല്ലാവരും തന്നെ മൊബൈലിലേക്ക് തലയും പൂഴ്ത്തിയിരിക്കുകയാണ്. എല്ലാവരുടെയും ഇരിപ്പു കണ്ടാൽ തോന്നും പുള്ളി സ്വർഗ്ഗത്തിൽ ചെന്നിട്ട് ഇവർക്ക് വാട്സ്ആപ്പ് സന്ദേശം അയച്ചത് സശ്രദ്ധം വായിക്കുകയാണെന്ന്.
വൈറൽ ആകാൻ മോഹിച്ച അളിയൻ്റെ കഥ വായിച്ചപ്പോൾ ഈയടുത്തകാലത്ത് ബസ്സിൽ കയറി റീൽസിട്ടു ജയിൽവാസം അനുഭവിക്കേണ്ടി വന്ന യുവതിയെ ഓർമ്മ വന്നു.
ലോകം മുഴുവൻ കീഴടക്കിയ അലക്സാണ്ടറുടെ ഭടന്മാരെ കുറിച്ച് ഞാനും ഉറക്കെ ചിന്തിക്കുന്നത് ഈ പുസ്തക വായനയിലൂടെ മാത്രമാണ്. കേസ് അന്വേഷിക്കാൻ അമേരിക്കയിലേക്ക് പോയ വിജയനെയും ദാസനെയും ഒരുവേള ഓർത്തുപോയി. കേസ് ഒന്നും അന്വേഷിക്കാൻ മെനക്കെടാതെ ബർമൂഢ ധരിച്ച്
“സ്വർഗ്ഗത്തിലോ നമ്മൾ സ്വപ്നത്തിലോ സങ്കല്പലോകത്തിലോ “
എന്ന ശ്രീനിവാസൻ- ലാലേട്ടൻ പാടുന്ന പാട്ടാണ് ഓർമ്മവന്നത്.
ബസ്റ്റാൻഡിൽ കുപ്രസിദ്ധ പോക്കറ്റടിക്കാരായ മല്ലനും മാതേവനും പ്രാങ്ക് കളിച്ചും റീൽസിൽ അഭിനയിച്ചും തങ്ങളുടെ തൊഴിലിൽ പുതുമ കൊണ്ടുവരാൻ ശ്രമിച്ച് ഷാഡോ പോലീസിൻ്റെ പിടിയിലായെങ്കിലും സമൂഹ മാധ്യമങ്ങളിൽ ‘ടോപ് ടെൻ വൈറലിൽ’ വന്നുകഴിഞ്ഞു എന്ന വാർത്ത ഒരു സിനിമ 100കോടി ക്ലബ്ബിൽ കയറിയെന്നറിയുമ്പോലെയുള്ള ഒരു സന്തോഷം തന്നു. 🥰
മുൻ ഇന്ത്യൻ പ്രസിഡണ്ട് ആയ എ.പി.ജെ. അബ്ദുൽ കലാം കുട്ടികളോട് പറഞ്ഞത്. “വലിയ സ്വപ്നങ്ങൾ കാണുക. പിന്നെ അത് യാഥാർത്ഥ്യമാക്കുക. “ എന്നത്രേ! ഇത് അസ്ഥിക്ക് പിടിച്ചിട്ടോയെന്തോ നമ്മുടെ കഥാകൃത്ത് കേന്ദ്രസാഹിത്യഅക്കാദമി, ജ്ഞാനപീഠം, പത്മശ്രീ,പത്മഭൂഷൻ, ഒരു പടി കൂടി കടന്ന് നോബൽപ്രൈസ് അങ്ങനെയങ്ങനെ എല്ലാം വാങ്ങുന്നതായി പകൽക്കിനാവ് കണ്ടു നടന്നു കൈകുത്തി തോട്ടിൽ വീണ് എല്ലു പൊട്ടിയത് വായിച്ച് ചിരിച്ചു മണ്ണ് കപ്പി.
പൂർവ വിദ്യാർത്ഥി സംഗമത്തിന് നേതൃത്വം കൊടുത്ത കഥാകൃത്തിന് ബാല്യത്തിലേക്ക് തിരിച്ചു പോകാനുള്ള ആഗ്രഹം സാധിച്ചു കൊടുക്കാൻ വന്ന ദൈവത്തിൻ്റെ ആ വരമുണ്ടല്ലോ അതൊരു ഒന്നൊന്നര വരമായി പോയി. 😜😜 സ്വപ്നമായിരുന്നു എന്നറിഞ്ഞപ്പോൾ🙏🙏
(A+B)2 , പൈയുടെ വില, അക്ഷാംശം,രേഖാംശം അശോകൻ, അക്ബർ തുടങ്ങിയവരുടെ ഭരണ പരിഷ്കാരങ്ങൾ, കേക, കാകളി….ഒക്കെ സുപരിചിതം ആയിരുന്നെങ്കിലും ‘നതോന്നതയുടെ ലക്ഷണം എന്ത്’ അത് ഞാനും ആദ്യമായി കേൾക്കുകയാണ്.
പ്രോഗ്രസ് കാർഡ്, അതിലെ ചുമന്ന വരകൾ..
ഹെൻ്റെ പടച്ചോനേ… എന്നെ കാത്തോളീ..
നാളെ നീളെ ഗണപതി കല്യാണം പോലെയാണ് സർക്കാർ ഉദ്യോഗസ്ഥർ, ബാങ്ക് ഉദ്യോഗസ്ഥർ…..
അവരുടെ സ്ഥിരം പല്ലവിയാണ് നാളെ വരു, അടുത്താഴ്ച വരു, എല്ലാം ശരിയാക്കിത്തരാം.
ഇനി കടം ചോദിക്കാൻ ചെന്നാലോ, അയ്യോ! ഇന്നലെ….ഒന്നും വേണ്ട ഒരു അരമണിക്കൂർ മുമ്പ് വന്നിരുന്നെങ്കിൽ തരാമായിരുന്നു. 🥰
നമ്മുടെ ആന്തരിക അവയവങ്ങൾ സംസാരിക്കാൻ തുടങ്ങിയാൽ ഉള്ള അവസ്ഥയെക്കുറിച്ച് ലേഖകൻ ശരിക്ക് മനസ്സിലാക്കി തരുന്നുണ്ട്.
മാടമ്പള്ളിയിലെ നാഗവല്ലിയുടെ പ്രേതം തീരാപകയോടെ തറവാട്ടിൽ അലഞ്ഞുനടന്നപ്പോൾ ആനപ്പാറ പോറ്റിമാർ 61 ദിവസം മാന്ത്രിക ക്രിയകൾ ചെയ്തിട്ടാണ് തെക്കിനിയിൽ ബന്ധിച്ചത് എന്ന് കേട്ടിട്ടില്ലേ. അതാണ് ഇപ്പോൾ നമ്മുടെ തലച്ചോറിൻ്റെ പോലും അവസ്ഥ. ഗംഗ വരുമോ തലച്ചോറിനെ രക്ഷിക്കാൻ എനിക്ക് പ്രതീക്ഷയില്ല. 😪😪
“കല്യാണം ആയിട്ടില്ല. ജോലി ആയിട്ടില്ല. വാർക്കപണിക്ക് പോകുന്നു എന്ന് കേട്ടത് ശരിതന്നെ”. എന്ന് എഴുതി പുറത്തു പോസ്റ്റർ ഒട്ടിച്ചു നടക്കുന്ന ശ്രീ വാമനപുരം മണിയുടെ കാർട്ടൂൺ എന്നെ കുറച്ചുകാലം പുറകോട്ട് നടത്തി.
എൺപതുകളിലാണ്. വീഡിയോ കാസറ്റ് വന്ന കാലം. നാട്ടിലെ ഏത് കല്യാണ ചടങ്ങുകളുടെ മുമ്പിലും ഒരു ബ്രോക്കർ ഉണ്ടാകും. കല്യാണത്തിന് കുളിച്ചൊരുങ്ങി വലിയൊരു കറുത്ത ബാഗിൽ വെള്ള മാർക്കർ പേനകൊണ്ട് എഴുതിയിരിക്കും.
“കല്യാണം കഴിക്കാൻ ആഗ്രഹമുള്ളവർ ബന്ധപ്പെടുക.
ബ്രോക്കർ ബേബി, ഫോൺ : 22556(P. P.) ശങ്കരൻ്റെ ചായക്കട. “
വീഡിയോ ഗ്രാഫർ ആൾക്കൂട്ടത്തിനെ ഷൂട്ട് ചെയ്യാൻ തുടങ്ങുമ്പോൾ അയാൾ ഈ ബാഗ് വെച്ച് മുഖം മറയ്ക്കും. ഒരു പരസ്യതന്ത്രം.
‘ചായ എന്നെ പഠിപ്പിച്ചത് ‘ വായിച്ചപ്പോൾ രചയിതാവിൻ്റെ തന്നെ ‘ഇവർ വിവാഹിതരായാൽ ‘ എന്ന സിനിമയിൽ രണ്ടു അംഗങ്ങൾ മാത്രമുള്ള കുടുംബത്തിലേക്ക് പെട്ടി ഓട്ടോറിക്ഷയിൽ പച്ചക്കറി വാങ്ങിക്കൊണ്ടുവരുന്ന ജയസൂര്യയെയാണ് ഓർമ്മ വന്നത്. ഏതായാലും അത്രയും ചെയ്തില്ലല്ലോയെന്നാശ്വസിക്കാം സുനന്ദയ്ക്ക്. 😜
സിംഗപ്പൂർ, മലേഷ്യ, ബാങ്കോക്ക്, ദുബായ് ഷാർജ, അബുദാബി തുടങ്ങീ വിദേശ രാജ്യങ്ങൾ സന്ദർശിച്ച വിശേഷങ്ങൾ എഴുതാൻ ലേഖകൻ ഉപയോഗിക്കുന്ന 30,000 രൂപയുടെ പേനാ വിശേഷം, ഇതൊന്നും ‘തള്ള്’ ആയി തോന്നരുതേയെന്ന അപേക്ഷ, ഒരു മദ്യപാനിയുടെ രോദനങ്ങൾ, റീലുകൾ യൂട്യൂബ് വീഡിയോകൾ, ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം മാത്രം കണ്ടുകണ്ട് വട്ടായി തീർന്ന് മനശാസ്ത്രത്തിന് എഴുതിയ കത്തിന് അദ്ദേഹത്തിൻ്റെ ഭാര്യ എഴുതിയ മറുപടി…..എല്ലാം പ്രശംസയർഹിക്കുന്ന രചനകൾ തന്നെ.
മരണാനന്തരം ആണധികാരത്തിൻ്റെ അഹന്തക്ക് നേരെ ആഞ്ഞടിച്ച യക്ഷികളെ നിങ്ങൾക്ക് എൻ്റെ നല്ല നമസ്കാരം. 🙏🙏🙏
ആയിരം കോഴിക്ക് അരക്കാട എന്ന് പറയുന്നതുപോലെയാണ് പതിനായിരം യക്ഷികൾക്ക് ഒരു ഡ്രാക്കുള എന്നത്. പക്ഷേ യക്ഷികളെപ്പോലെ പാട്ടിൽ വലിയ പിടിപാടില്ലാത്തവരാണ് ഡ്രാക്കുളകൾ. വെള്ള സാരിയും ചുറ്റി ചുണ്ണാമ്പു ചോദിച്ചു വരുന്ന ആ യക്ഷിയുണ്ടല്ലോ അതിൻ്റെയത്രയും ഗുമ്മും ഗറ്റപ്പും ഒന്നുമില്ല എന്തുപറഞ്ഞാലും ഈ ഡ്രാക്കുളകൾക്ക്.
ഈ പുസ്തകത്തെ മുൻനിർത്തി പ്രശസ്ത നിരൂപകൻ ശ്രീ കെ.പി.ജിയുടെ പഠനവും ഗംഭീരമായി.
ആരാണീ കെ.പി.ജി എന്ന് ചോദിക്കരുത്. കൃഷ്ണ പൂജപ്പുര ജി തന്നെ. 😀😀
ലോകത്തിൽ ആദ്യമായി ലേഖകൻ തന്നെ ലേഖകൻ്റെ പുസ്തകത്തിന് നിരൂപണം എഴുതിയിരിക്കുന്നു.
എൻ്റെ ആറ്റുകാലമ്മേ 🙏🙏
ഇനി എന്തൊക്കെ കാണണം! കേൾക്കണം!
സ്നേഹാദരവോടെ ഹൃദയം നിറഞ്ഞ ആശംസകൾ. 👍👍
– റിറ്റ മാനുവൽ












