കവിതാസമാഹാരം – ഉയിർത്തെഴുന്നേറ്റവൾ – ഒ. കെ. ശൈലജ.
പ്രസാധകർ – സൃഷ്ടിപഥം
വില: ₹120.00.
പുസ്തകാസ്വാദനം – ശ്യാമള ഹരിദാസ്.
ഇന്ന് ശൈലജ ടീച്ചറുടെ ഉയിർത്തെഴുന്നേറ്റവൾ എന്ന കവിത സമാഹാരം സ്നേഹത്തോടെ അയച്ചു തന്നത് കയ്യിൽ കിട്ടി. അതിനുള്ള സ്നേഹവും നന്ദിയും അറിയിക്കുന്നു. അതോടൊപ്പം ആ സമാഹാരത്തിന് ഒരു ആസ്വാദനം കൂടി എഴുതുകയാണ്.
വാക്കുകൾ കൊണ്ട് വസന്തം തീർക്കുകയും വരികൾക്കിടയിൽ ജീവിതത്തിൻ്റെ കനൽപ്പാതകളേയും കുളിർമഴയേയും ഒരേ പോലെ ആവാഹിക്കപ്പെടുകയും ചെയ്യുന്ന തൂലികയുടെ ഉടമയാണ് ഓ. കെ. ശൈലജ ടീച്ചർ. കവിതയെന്നത് എഴുത്തുകാരിക്ക് വെറുമൊരു അക്ഷരക്കൂട്ടമല്ല, മറിച്ച് ഹൃദയത്തിൻ്റെ ആഴങ്ങളിൽ നിന്ന് ഉറവെടുക്കുന്ന വികാരങ്ങളുടെ ബഹിർസ്ഫുരണമാണ്.
പ്രകൃതിയുടെ പച്ചപ്പും പ്രണയത്തിൻ്റെ ആർദ്രതയും, മാതൃത്വത്തിൻ്റെ വാത്സല്യവും രചയിതാവിൻ്റെ വരികളിൽ ലയിച്ചു ചേരുന്നു. എന്നാൽ കേവലം മനോഹരമായ കാല്പനികതയിൽ മാത്രം ഒതുങ്ങി നിൽക്കാതെ ഉയർത്തെഴുന്നേറ്റവൾ എന്ന ശീർഷകത്തിലൂടെ സമൂഹത്തിലെ അനീതികൾക്കെതിരെ വിരൽ ചൂണ്ടാനും പെൺകരുത്തിനെ ഉയർത്താനും ശ്രമിക്കുന്ന ഒരു വിപ്ലവകാരിയേയും ടീച്ചറുടെ കവിതകളിൽ നമുക്ക് കാണാം.
ലളിതമായ പദങ്ങൾ കൊണ്ട് ഗഹനമായ ആശയങ്ങൾ സംവേദനം ചെയ്യുന്ന ശൈലജ ടീച്ചർ മലയാളകാവ്യലോകത്ത് ഒരിടം അടയാളപ്പെടുത്തുകയാണ് ഈ കവിതാസമാഹാരത്തിലൂടെ.
പ്രകൃതിയുടേയും പ്രണയത്തിൻ്റെയും കാവ്യസഞ്ചാരം മനുഷ്യ വികാരങ്ങളുടെ ആഴക്കടലും പ്രകൃതിയുടെ ശാന്തതയും ഒരേ പോലെ കോർത്തിണക്കിയ വരികളാണ് ഈ സമാഹാരത്തിൻ്റെ സവിശേഷത. ഓരോ കവിതയും ഒരു വ്യത്യസ്ത അനുഭൂതിയാണ് വായനക്കാരന് സമ്മാനിക്കുന്നത്.
തുടക്കത്തിൽ തന്നെ അമ്മയാം പ്രകൃതി എന്ന കവിതയിൽ കൂടി പ്രകൃതിയെ ഒരു അമ്മയുടെ വാത്സല്യത്തോടെയാണ് രചയിതാവ് അവതരിപ്പിക്കുന്നത്. നിലാവിനെ പാലൊളിയായും കാറ്റിനെ തലോടലായും കാണുന്ന വരികളിൽ പ്രകൃതിയുമായുള്ള ആത്മബന്ധം നിഴലിക്കുന്നു.
മൗനമേഘങ്ങൾ എന്ന കവിതയിൽ പ്രണയ നഷ്ടത്തിൻ്റെ നോവും ഉറക്കമില്ലാത്ത രാത്രികളും വിരഹത്തിൻ്റെ ആഴവും വ്യക്തമാക്കുന്നു.
പ്രണയ വസന്തം എന്ന കവിതയിൽ പ്രണയത്തെ വസന്തമായും, നിലാവായും മഞ്ഞുതുള്ളിയായും രചയിതാവ് സങ്കല്പിക്കുന്നു. പ്രണയ വസന്തത്തിൽ തുഷാരകണമായി പെയ്തിറങ്ങുന്ന തീവ്രമായ പ്രണയം കാണാം. പ്രണയ നിലാവിൽ ശൂന്യമായ ഹൃദയത്തെ സപ്തവർണ്ണങ്ങളാൽ അലങ്കരിക്കുന്ന പ്രണയത്തിൻ്റെ ഇന്ദ്രജാലമാണ് വരച്ചു കാട്ടുന്നത്.
അമ്മ എന്ന കവിതയിൽ കാണിക്കുന്നത് അമ്മയെ സാഗരത്തോടും, ആകാശത്തോടും, ഉപമിച്ചുകൊണ്ട് ജീവിതത്തിൻ്റെ എല്ലാ ഘട്ടങ്ങളിലും ആ തണൽ എങ്ങിനെ നിലനിന്നു എന്നും രചയിതാവ് ഓർത്തെടുക്കുന്നു.
ഈ സമാഹാരത്തിലെ ഏറ്റവും ശ്രദ്ധേയമായ രചന “ഉണരുക” എന്ന കവിതയാണ്. അടുക്കള പുകയ്ക്കുള്ളിൽ ഒതുങ്ങിക്കൂടാതെ, അധർമ്മത്തിനെതിരെ ആയുധമേന്താൻ തരുണികളോട് ആഹ്വാനം ചെയ്യുന്ന വരികൾ സമകാലിക പ്രസക്തിയുള്ളതാണ്. ഉയിർത്തെഴുന്നേറ്റവൾ എന്ന ശീർഷകത്തെ അന്വർത്ഥമാക്കുന്ന കവിതയാണിത്.
നിളയുടെ മൗനം എന്ന കവിത ചരിത്രത്തേയും ആത്മീയതയേയും തൊട്ടുണർത്തുന്നു. നാരായണ മന്ത്രധ്വനികളാൽ മുഖരിതമായ ഭാരതപുഴയുടെ തീരവും അവിടെ ശാന്തി തേടിയെത്തുന്ന പുണ്യാത്മാക്കളുമായ ഒരു ശാന്തമായ ചരിത്രം വായനക്കാരൻ്റെ മനസ്സിൽ വരച്ചിടുന്നു.
അമ്പാടിക്കണ്ണൻ’ എന്ന ഈ കവിത ഭക്തിയും വാത്സല്യവും സമന്വയിക്കുന്ന അതിമനോഹരമായ ഒരു കൃതിയാണ്. ഭഗവാൻ കൃഷ്ണൻ്റെ രൂപഭാവങ്ങളെ അതീവ ലളിതവും എന്നാൽ ഹൃദ്യവുമായ രീതിയിലാണ് ഇതിൽ വർണ്ണിച്ചിരിക്കുന്നത്.
ഭക്തൻ്റെ ആഗ്രഹവും ഭഗവാൻ്റെ സാന്നിധ്യവും മനസ്സിൽ ഏറെ കാലമായി കൊതിച്ചിരുന്ന നേരത്താണ് കാർമുകിൽ വർണ്ണനായ കണ്ണൻ മുന്നിൽ വന്നുദിക്കുന്നത്. ഭഗവാൻ്റെ ആ മോഹനരൂപം നേരിൽ കാണുമ്പോൾ ഭക്തൻ്റെ ശരീരം ഭക്തിയാൽ പുളകം കൊള്ളുന്നു എന്നത് ഈശ്വരസാക്ഷാത്കാരത്തിൻ്റെ പരമാനന്ദത്തെ സൂചിപ്പിക്കുന്നു.
കായാമ്പൂവിൻ നിറമുള്ള കണ്ണൻ്റെ ചുണ്ടിൽ വിരിയുന്ന പുഞ്ചിരിയും, ആ ചുണ്ടുകളിൽ നിന്നും ഒഴുകിയെത്തുന്ന മുരളീനാദവും വിവരിക്കപ്പെടുന്നു.
വെറുമൊരു കാഴ്ച എന്നതിലുപരി, ആ ശബ്ദവും പുഞ്ചിരിയും ഭക്തൻ്റെ മനസ്സിനെ ആനന്ദചിത്തയാക്കുന്നു.
കണ്ണൻ്റെ ചന്തം മുഴുവൻ ആ ഉടയാടകളിലും ആഭരണങ്ങളിലുമാണെന്ന് കവി പറയുന്നു.
പീലിത്തിരുമുടി തലയിൽ ചാഞ്ചാടിക്കളിക്കുന്ന മയിൽപ്പീലി.
അരയിൽ കിങ്ങിണി ചാർത്തിയ പട്ടു വസ്ത്രം.
ഈ കുട്ടിത്തം തുളുമ്പുന്ന രൂപത്തെ ഭക്തിയോടെയും കൗതുകത്തോടെയും തൊഴുതു നിൽക്കുന്ന ഭക്തനെയാണ് അവസാന വരികളിൽ കാണുന്നത്.
രചയിതാവിൻ്റെ ലളിതമായ ശൈലി വായനക്കാർക്ക് പെട്ടെന്ന് മനസ്സിലാകുന്ന തരത്തിലുള്ള ലളിതമായ പദപ്രയോഗങ്ങളാണ് ടീച്ചറുടെ കവിതകളുടെ കരുത്ത്.
ഉയിർത്തെഴുന്നേറ്റവൾ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ തളർന്നു പോകാതെ അതിജീവിക്കുന്ന സ്ത്രീമനസ്സിനെ അടയാളപ്പെടുത്താൻ ടീച്ചർ ശ്രമിച്ചിട്ടുണ്ട്. ഇനിയും ആ തൂലികയി ലൂടെ ഒരുപാട് കവിതകളുടെ വസന്തം തീർക്കട്ടെ എന്ന് ആശംസിക്കുന്നു.
– ശ്യാമള ഹരിദാസ്













