ആറുവരി പാതയുടെ സ്ഥലം ഏറ്റെടുപ്പ് തുടങ്ങി…. നഗരത്തിനെയും, ഗ്രാമത്തിനെയും അടയാളപ്പെടുത്തിയിരുന്ന മിക്ക കെട്ടിടങ്ങളും യന്ത്രകൈകൾ നിസ്സാരമായി തച്ചു തകർക്കുന്നു…..
താൻ ജനിച്ചു വളർന്ന ആ കൊച്ചു പട്ടണത്തെ അപരിചിതമായ ഏതോ ജീർണനഗരത്തിൽ എത്തിയ അപരിഷ്കൃതനായ ഗ്രാമവാസിയെ പോലെ കേശവനുണ്ണി പകച്ചു നോക്കി.
ബാല്യ കൗമാരങ്ങൾ ആരവത്തോടെ കൊണ്ടാടിയ നഗരമെവിടെ…..
കല്ലും,കട്ടയും കൂടികിടക്കുന്നതിനിടയിലൂടെ അയാൾ നടന്നു…..
വഴികൾ വലുതാകേണ്ടാവശ്യമാണ്…..ജനബാഹുല്യവും,വാഹനബാഹുല്യവും കൂടുന്നതിനൊപ്പം പാതകളും വളരണം…..നാട് വികസിക്കണം…..
സ്ഥലം വിട്ടു നൽകിയവർക്കെല്ലാം വലിയ, വലിയ തുകകൾ പ്രതിഫലമായി കിട്ടി…..
ഒപ്പിട്ടു കൊടുത്ത് പണം കൈപ്പറ്റിയവർ വീടുകൾ പൊളിച്ചു വിറ്റും, മരങ്ങൾ മുറിച്ചു വിറ്റും കൂടുതൽ സമ്പാദിക്കുന്ന തിരക്കിലാണ്…..
പൂർവിക സ്വത്തായി തനിക്കു കിട്ടിയതാണ് ഈ ആറര സെന്റ്റും ജാനകി സദനം എന്ന വീടും…..
വീടൊഴിഞ്ഞു നഗര മധ്യത്തിലെ വില്ലയിലേക്ക് മാറുമ്പോൾ അപ്പുവിൻ്റെയും അവൻ്റെ ഭാര്യയുടെയും കുട്ടികളുടെയും മുഖങ്ങളിൽ കണ്ട സന്തോഷം……തൻ്റെ വിഹിതമായി കിട്ടിയ ഇരുപത്തിയഞ്ചു ലക്ഷവുമായി മനോജിനൊപ്പം ചിരിച്ചുല്ലസിച്ചു പോയ മായമോൾ…..ആർക്കും ആ സ്ഥലം നഷ്ടപ്പെടുന്നതിലോ, ജനിച്ചു വളർന്ന വീടൊഴിയുന്നതിലോ ഒരു ദുഃഖവും കണ്ടില്ല…..പൊന്നും വില തഹസിൽദാർ അളന്നു തിട്ടപ്പെടുത്തി നിശ്ചയിച്ച ആ വലിയ സമ്പത്തിനെ എങ്ങനെ കൂടുതൽ പൊലിപ്പിക്കാം എന്നവരോരോരുത്തരും കണക്കു കൂട്ടി…..
ഇന്ന് രാവിലെയും മായമോൾ കേശവനുണ്ണിയെ വിളിച്ചിരുന്നു….
“അച്ഛാ അപ്പുവേട്ടന് കിട്ടിയത് വച്ച് എനിക്ക് വല്യ നഷ്ടമായിപ്പോയി…..മനോജേട്ടനും പറഞ്ഞു….വീടും മരങ്ങളും വിക്കണ വകേൽ കിട്ടണത് എനിക്ക് വേണം.. എനിക്കും രണ്ടു കുട്യോൾ വളർന്ന് വരികയാ…..ഞാനും അച്ഛൻ്റെ മോളാ…..”
ഫോൺ കട്ട് ചെയ്യുന്നതിനൊപ്പം അവളുടെ മൂക്ക് ചീറ്റലും കേട്ടു…..
എല്ലാവരും കണക്കുകൾ നിരത്തി അവകാശങ്ങൾ ചോദിക്കുന്നു….പക്ഷേ അച്ഛൻ്റെ നെഞ്ചിലെ വിങ്ങൽ ഒന്ന് പങ്കിടാൻ…..ഒന്നാശ്വസിപ്പിക്കാൻ ആരുമില്ല…..ഉണ്ടായിരുന്ന ഒരാൾ…..
വിറക്കുന്ന കാലടികളോടെ കേശവനുണ്ണി ജാനകിസദനം എന്നെഴുതിയ ഗേറ്റു കടന്നു….. ആ പഴയ വീട്ടിലേക്ക് നോക്കവേ ഓർമകൾ അയാളിലേക്ക് മലവെള്ളപ്പാച്ചിൽ പോലെ കുതിച്ചെത്തി….. ആ വരാന്തയിൽ മുറുക്കി ചുമപ്പിച്ചു പത്രവും വായിച്ച് അച്ഛനിരിപ്പുണ്ട്…..കണ്ണടക്കു മുകളിലൂടെ തന്നെ ഒന്ന് നോക്കി….
“ആ ഉണ്ണീ നീ വന്നോ….ഞാൻ ചായ എടുക്കാം….” അമ്മ സ്നേഹത്തോടെ വയ്യാത്ത കാലും വലിച്ചു അകത്തേക്ക് പോയി….
“ഉണ്ണ്യേട്ടാ….ഒരു വിശേഷോണ്ട്…..”
നാണത്തോടെ തൻ്റെ നെഞ്ചിൽ മുഖം പൂഴ്ത്തി ദേവിയതു പറഞ്ഞപ്പോൾ ഈ ലോകം കീഴടക്കിയ സന്തോഷം താനറിഞ്ഞതും ഈ മണ്ണിലായിരുന്നു…..
അപ്പുവും, മായമോളും തൻ്റെ കൈ പിടിച്ചു പിച്ച നടന്ന മണ്ണ്…..
അച്ഛനും,അമ്മയും….പൂർവസൂരികളും വിലയം പ്രാപിച്ച മണ്ണ്…..
അയാൾ മെല്ലെ വീട്ടിനകത്തേക്ക് കയറി ഇപ്പോഴും ദേവിയുടെ മണം അവിടെയെങ്ങുമുള്ളതായി തോന്നി….അയാൾ ആ ചുവരിനെ കെട്ടി പിടക്കുന്ന മാതിരി മുഖമമർത്തി ചേർന്നു നിന്നു….
“ഉണ്ണ്യേട്ടാ…..”
ഇവിടെ ഈ മുറിക്കുള്ളിലാണ് തൻ്റെ മടിയിൽ തല വച്ച് ദേവി എന്നേക്കുമായി യാത്ര പോയത്…..
നാളെ അപ്പു വില വാങ്ങിയ ആൾക്കാർ ഈ വീട് പൊളിക്കും…..
തൻ്റെ സ്വപ്‌നങ്ങൾ പൂവണിഞ്ഞ….തൻ്റെ പൂർവികർ ഉറങ്ങുന്ന….എല്ലാമെല്ലാമായ പ്രിയപ്പെവളുടെ സാമീപ്യമുള്ള ആ വീടിനുള്ളിൽ ഭിത്തിയിൽ ചേർന്നു നിന്ന് നിസ്സഹായനായ ആ മനുഷ്യൻ നെഞ്ചുപൊട്ടി കരഞ്ഞു…..
പിറ്റേന്ന് ജെ.സി.ബി കൊണ്ട് മേൽക്കൂര തട്ടിയിളക്കിയ ആൾക്കാരാണ് ഭിത്തിയിൽ ചാരി നിശ്ചലനായി ഇരിക്കുന്ന കേശവനുണ്ണിയെ കണ്ടത്…..തനിക്കൊരിക്കലും വിട്ടു പോകാനാകാത്ത ജാനകി സദനത്തിൻ്റെ തണുത്ത നിലത്ത്, ദേവിയുടെ മണമുള്ള ആ മുറിയിൽ സമാധാനമായി അയാൾ നിശ് ചലനായി ഇരിക്കുകയായിരുന്നു….
(വഴികൾ വളരേണ്ടതത്യാവശ്യമാണ്….എങ്കിലേ നാടിനും,നാട്ടാർക്കും പുരോഗതി യുണ്ടാകൂ…. പക്ഷേ വെട്ടിത്തെളിക്കുന്ന പല വഴികൾക്ക് പിന്നിലും നിസ്സഹായരായ കേശവനുണ്ണിമാരുടെ തേങ്ങലുകൾ കേൾക്കാം……)
– സതീഷ് കെ.സി