വിറയാർന്നൊരംഗുലി
മേനിയിൽ തൊട്ടതോ
കനിവുള്ള നാഥൻ
തിരിച്ചറിഞ്ഞു
പന്ത്രണ്ടു കൊല്ലമായ്
ശുദ്ധിയില്ലാത്തവൾ
നാഥനെതൊട്ടന്നു
സൗഖ്യമായി
രക്താസ്രവത്തിനാൽ
ദേശം വെറുത്തവൾ
കൂട്ടിലടച്ചപോൽ
പാർത്തകാലം
പള്ളി പ്രമാണികൾ
ഭ്രഷ്ടാക്കി മാറ്റ്യവൾ
വൈദ്യ ഗണങ്ങളും
കൈയ്യൊഴിഞ്ഞോൾ
വിശ്വാസ പാണിയാൽ
ചേലക്കു തൊട്ടവൾ
വിശ്വാസനാഥനോ
കണ്ടനേരം
ശുദ്ധം ലഭിച്ചവൾ
മാന്യം ലഭിച്ചവൾ
ആഹ്ലാദ ചിത്തയായ്
വീടണഞ്ഞു
മർത്യൻ്റെ ദൃഷ്ടികൾ
മ്ലേച്ഛങ്ങളെണ്ണുന്നു
ഈശൻ്റെ ദൃഷ്ടിയോ
ഉള്ള് അറീന്നൂ
– ജോൺസൺ എഴുമറ്റൂർ