ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട
നമ്മുടെ ശരീരത്തിന് ഉത്തമാഹാരം നൽകാൻ നാം ശ്രദ്ധിക്കുന്നതു പോലെ നമ്മുടെ മനസ്സിൻ്റെ ആരോഗ്യവും ഏറ്റവും പ്രധാനമാണ്. വായന, ഉത്തമ സൗഹൃദം, സർഗാത്മക ചിന്തകൾ ഇവ മൂന്നും മനസ്സിനെ പുഷ്ടിപ്പെടുത്തും. സൗഹൃദ ബന്ധത്തെക്കുറിച്ചാണ് ഞാനിന്ന് എഴുതുന്നത്. എൻ്റെ സ്കൂൾ ജീവിതം ആരംഭിക്കുന്നത് പള്ളത്തെ ഒരു സ്കൂളിൽ നിന്നാണ്. മഞ്ജു സാറാ മാണി ആയിരുന്നു അന്ന് എൻ്റെ കളികൂട്ടുകാരി. ഞങ്ങൾ രണ്ടുപേരും ഒരേ വകുപ്പിൽ ജോലി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ മക്കൾ. നഴ്സറിയിലും ഒന്നാം ക്ലാസിലും ഞങ്ങൾ ഒന്നിച്ചു പഠിച്ചു. ആ സ്കൂളിൽ ഞങ്ങൾ രണ്ടുപേരും വി. ഐ. പി. കളായിരുന്നു. കാരണം നാലാം ക്ലാസ്സിൽ പഠിക്കുന്ന എൻ്റെ സഹോദരൻ ആയിരുന്നു അവിടത്തെ സ്കൂൾ ലീഡർ. രാവിലെ അസംബ്ലി ലൈനിൽ എൻ്റെ ക്ലാസിൻ്റെ ലൈനിൽ ഞാനും മഞ്ജുവും മാറിമാറി ഒന്നാമതായി നിന്നു എന്നും. ഞങ്ങളെ പിച്ചാനും മാന്താനും ഇടിക്കാനും ഒന്നും മറ്റു കുട്ടികൾ ധൈര്യപ്പെട്ടിരുന്നില്ല കാരണം സ്കൂൾ ലീഡറിൻ്റെ സഹോദരികൾ എന്നാണ് ഞങ്ങൾ അറിയപ്പെട്ടിരുന്നത്. ഞങ്ങൾക്ക് രണ്ടുപേർക്കും, രണ്ട് ദിവസത്തിൻ്റെ മാത്രം വ്യത്യാസത്തിൽ ഓരോ കുഞ്ഞനുജത്തിമാർ പിറന്നു ആ വർഷം.അതേവർഷം എൻ്റെ അച്ഛന് പാലക്കാട്ടേക്കും മഞ്ജുവിൻ്റെ അച്ഛന് തിരുവനന്തപുരത്തേക്കും സ്ഥലം മാറ്റം കിട്ടി. രണ്ടാം ക്ലാസിൽ ഞാൻ പാലക്കാട് പുതിയ സ്കൂളിൽ ചേർന്നു. മഞ്ജുവിനെ പിരിഞ്ഞ സങ്കടം കുഞ്ഞനുജത്തി ഒരുപരിധിവരെ തീർത്തു തന്നു. സ്കൂളിൽ പോയി തുടങ്ങി ആദ്യത്തെ മൂന്നു മാസം ഞാൻ ആരുമായും കൂട്ടുകൂടില്ലായിരുന്നു. എങ്ങനെയെങ്കിലും സ്കൂൾ സമയം തള്ളി നീക്കി വീട്ടിലോട്ടോടി സഹോദരങ്ങളുമായി അടിപിടി കൂടി മുന്നോട്ട്, അതായിരുന്നു എനിക്കിഷ്ടം. മൂന്നുമാസം കഴിഞ്ഞപ്പോൾ അധ്യാപിക അച്ഛനെ വിളിപ്പിച്ചു. ഈ കുട്ടി മറ്റു കുട്ടികളുമായി മിങ്കിൾ ചെയ്യുന്നില്ല എന്ന് പരാതി പറഞ്ഞു. സരസനായ അച്ഛൻ പറഞ്ഞു, അത് കുഴപ്പമില്ല ആള് സ്കൂളിൽ വന്ന് റെസ്റ്റ് എടുക്കുകയാണ്. വീട്ടിൽ ഉറങ്ങുമ്പോൾ അല്ലാതെ ഒരു നിമിഷം വായ അടക്കില്ല എന്ന്. പ്രമോഷൻ, ട്രാൻസ്ഫർ എന്നിങ്ങനെ ഓരോ ഓമനപ്പേരിട്ടു സർക്കാർ ഉദ്യോഗസ്ഥരെ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഓടിക്കുന്ന അല്ലയോ വകുപ്പുതല മേധാവി അങ്ങ് അറിയുന്നുണ്ടോ ഈ കുഞ്ഞു മനസ്സിൻ്റെ നൊമ്പരങ്ങൾ? പിന്നെ പാലക്കാടുള്ള കുട്ടികളുമായി ഇടപഴകി തുടങ്ങി. കുതിര വണ്ടികളിൽ സ്കൂളിൽ വന്നിരുന്ന കുട്ടികൾ ആ നാട്ടിലെ ഒരു കൗതുക കാഴ്ചയായിരുന്നു. നാലുവർഷം കൊണ്ട് നല്ല സുഹൃത്തുക്കളെ ഒക്കെ നേടിയെടുത്തു. നല്ല നന്മയുള്ള സ്നേഹമുള്ള കുട്ടികൾ ആയിരുന്നു പാലക്കാട്ടിലെ കുട്ടികൾ എന്ന് പിന്നീട് മനസ്സിലായി. പിന്നീട് അച്ഛന് തൃശ്ശൂർക്ക് സ്ഥലം മാറ്റം ആയി. അത് എനിക്ക് സന്തോഷം ഉള്ള ഒരു വാർത്തയായിരുന്നു. കാരണം എൻ്റെ അമ്മ വീട് തൃശ്ശൂർ ആയിരുന്നു. എൻ്റെ അമ്മയും അമ്മയുടെ അനിയത്തിമാരും ഒക്കെ പഠിച്ച സ്കൂളിൽ തന്നെ ഞാനും ചേർന്നു. പേരും പെരുമയും ഉള്ള ധനാഢ്യനായ മുത്തച്ഛൻ്റെ പേരക്കുട്ടി എന്ന നിലയിൽ തന്നെ ആ സ്കൂളിൽ ഞാൻ പ്രശസ്തയായിരുന്നു. പഠിപ്പിക്കുന്ന അധ്യാപികമാർക്കും കന്യാസ്ത്രീകൾക്കും എല്ലാവർക്കും എന്നെ അറിയാം. എൻ്റെ അമ്മയെ പഠിപ്പിച്ചിരുന്ന കന്യാസ്ത്രീ തന്നെയാണ് എന്നെയും പഠിപ്പിക്കുന്നത്.
അമ്മയുടെ കുഞ്ഞ് അനുജത്തിയും ഞാനും ഒരു ക്ലാസ്സിൽ ആയിരുന്നു. ലിജിയും ഞാനും കളിക്കൂട്ടുകാരായിരുന്നു. കൂട്ടുകുടുംബത്തിൻ്റെ ബന്ധുബലം അത് തരുന്ന സുരക്ഷിതത്വം അതിൻ്റെ വില ഒന്ന് വേറെ തന്നെ. അവിടെ മൂന്നുവർഷം. വാരാന്ത്യത്തിലെ അമ്മ വീട്ടിലേക്കുള്ള പോക്കും അവിടെ അമ്മയുടെ അനിയത്തിമാരും അമ്മാവന്മാരും പ്രത്യേകിച്ച് പോൾ അങ്കിളിൻ്റെ (പരേതനായ പ്രശസ്തനടൻ സി.ഐ. പോൾ) നേതൃത്വത്തിലുള്ള ചീട്ടുകളി, ക്യാരംസ് കളി, ചെസ്സ് കളി…… ഹോ! എത്ര രസമായിരുന്നു ആ കൗമാരകാലം. ഇന്നൊരു കമ്പ്യൂട്ടറിലേക്കോ മൊബൈൽ ഫോണിലേക്കോ നോക്കിയിരിക്കുന്ന കുട്ടികൾക്ക് സ്വപ്നം പോലും കാണാൻ പറ്റാത്ത അവസ്ഥയിൽ ഉള്ള കുട്ടിക്കാലം. ഞങ്ങൾ കുട്ടിപ്പട്ടാളം എപ്പോഴും ഭൂമി സൂര്യനെ ചുറ്റുന്നതുപോലെ തമാശകളും നാടക-സിനിമ കഥകളും കേൾക്കാൻ പോൾ അങ്കിളിൻ്റെ ചുറ്റും കൂടിയിരിക്കും. മുയൽ, തത്ത, കിളികൾ, അണ്ണാൻ, ഭംഗിയുള്ള ശീമ പൂച്ച….……..അങ്ങനെ വീടിനു പുറകു വശത്ത് ഒരു മൃഗശാല തന്നെ ഒരുക്കിയിരുന്നു പോൾ അങ്കിൾ. കലാനിലയത്തിലെ പോൾ അങ്കിളിൻ്റെ നാടകം കാണാൻ പോയിരുന്നതും നാടകത്തിൽ വെള്ള സാരി ഉടുത്ത് പ്രേതം വരുന്നത് കണ്ടു അതുവരെ ഓരോ സീറ്റിൽ ഗമയിൽ ഇരുന്ന വരൊക്കെ പേടിച്ചുവിറച്ച് രണ്ടു മൂന്നു പേരും കൂടി ഒരു സീറ്റിൽ ആയതും ഒക്കെ സുഖമുള്ള ഓർമയായി ഇന്നും പച്ചപിടിച്ചു നിൽക്കുന്നു. കുർബാനയുടെ പെരുന്നാൾ, പുത്തൻ പള്ളി പെരുന്നാൾ, തൃശൂർ പൂരം, എക്സിബിഷൻ, പുലിക്കളി… …… ഇതിനൊക്കെ മുത്തച്ഛനോടൊപ്പം പോയിരുന്നത് ഇന്നലെ നടന്നതുപോലെ ഓർക്കുന്നു. എല്ലാവർഷവും എല്ലാവരും കൂടിയുള്ള മലയാറ്റൂർ യാത്ര ഇന്നും കൗമാര മനസ്സിലെ മറ്റൊരു തെളിഞ്ഞ ഓർമ്മ.സന്തോഷകരമായ ആ മൂന്നുവർഷം പൊടുന്നനെ തീർന്നു. അച്ഛന് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം. എൻ്റെ ബാല്യകാലസഖി മഞ്ജു ഉണ്ടല്ലോ എന്നൊരു സന്തോഷം മാത്രം ഉണ്ടായിരുന്നു. കണ്ണീരോടെ തൃശ്ശൂരിനു വിടപറഞ്ഞു. കളിക്കൂട്ടുകാരി ലിജിയോടും.
അന്തരിച്ച പ്രശസ്ത സിനിമാ നടി കൽപ്പനയാണ് തിരുവനന്തപുരത്ത് എന്നെ ആദ്യം സ്വീകരിച്ചത്. എന്നെക്കാൾ താഴ്ന്ന ക്ലാസിൽ പഠിക്കുന്ന കല്പന ചെറിയൊരു റാഗിങ് നടത്തി ആയിരുന്നു എന്നെ സ്വീകരിച്ചത്. പിൽക്കാലത്ത് പോൾ അങ്കിൾ അനിലിൻ്റെ ചിത്രങ്ങളിൽ അഭിനയിക്കുമ്പോൾ കല്പനയോട് എന്നെക്കുറിച്ച് പറഞ്ഞെങ്കിലും കൽപ്പനയ്ക്ക് ഓർത്തെടുക്കാൻ കഴിയുമായിരുന്നില്ല. എത്രയോ പേരെ ഞാൻ റാഗ് ചെയ്തിരിക്കുന്നു, ഈ കുട്ടിയെ ഓർത്തെടുക്കാൻ പറ്റുന്നില്ല എന്ന് പറഞ്ഞു. കൽപ്പനയുടെ സിനിമയിലെ വളർച്ച ഞങ്ങൾ ആരാധനയോടെ നോക്കി നിന്നിരുന്നു. ഈ അവസരത്തിൽ ആ വലിയ കലാകാരിക്ക് എൻ്റെ ആദരാഞ്ജലികൾ കൂടി അർപ്പിക്കുന്നു. തിരുവനന്തപുരത്തുള്ള കുട്ടികളുടെ പ്രത്യേകത ഇവിടെ ജനിച്ചു വളർന്നവർക്ക് കേരളത്തിൽ എവിടെ പോയാലും ജീവിക്കാൻ പറ്റുമെന്നുള്ളതാണ്.തീയിൽ കുരുത്തവർ വെയിലത്ത് വാടാറില്ലല്ലോ? നല്ല ബുദ്ധിയും തൻകാര്യം നോക്കാൻ പ്രാപ്തരും വലിയ ആത്മാർത്ഥത ഒന്നും ഇല്ലാത്ത കുട്ടികൾ. സൂക്ഷിച്ചു നിന്നില്ലെങ്കിൽ പാര വയ്ക്കും. എന്നാൽ എനിക്ക് എൻ്റെ കളിക്കൂട്ടുകാരി മഞ്ജു ഉള്ളതുകൊണ്ട് പാലക്കാട് പോയത് പോലുള്ള സങ്കടം ഒന്നും ഉണ്ടായില്ല. ഒന്നിച്ചുള്ള ട്യൂഷന് പോക്കും കമ്പൈൻ സ്റ്റഡിയുമൊക്കെയായി രസകരമായി തന്നെ മുന്നോട്ടു പോയി.
എൺപതുകളിൽ മഞ്ജുവും സഹോദരിമാരും ഞാനും എൻ്റെ സഹോദരിമാരും എല്ലാവരും കൂടി കൈകോർത്തുപിടിച്ച് സർക്കാർ ആഘോഷിച്ചിരുന്ന ഓണാഘോഷം കാണാൻ നടന്നതും ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ, ഇന്നത്തെപോലെ കസേരകൾ ഒന്നുമില്ല ചവുക്കാളം വിരിച്ചിരിക്കും. അവിടെ നേരത്തെ ചെന്ന് സ്ഥലം പിടിച്ച് യേശുദാസിൻ്റെയും ജയചന്ദ്രൻ്റെയും ഒക്കെ ഗാനമേളകൾ കേട്ടതും ആസ്വദിച്ചതും മധുരമുള്ള ഓർമ്മകൾ. 1985-ൽ ഞങ്ങൾ മൂന്നു പേരുടേയും വിവാഹം കഴിഞ്ഞു. ഞാൻ ആലപ്പുഴയിലും മഞ്ജു കോട്ടയത്തും ലിജി ഗുരുവായൂരിലും എത്തിപ്പെട്ടു. ലോകത്ത് എവിടെയാണെങ്കിലും ഞങ്ങളുടെ പിറന്നാളുകൾക്ക് ഞങ്ങൾ പരസ്പരം വിളിക്കുകയും വിശേഷങ്ങൾ പങ്കു വയ്ക്കുകയും ചെയ്യും. പത്തോളം വിദേശരാജ്യങ്ങൾ സന്ദർശിച്ചു കഴിഞ്ഞു മഞ്ജു ഇതിനോടകം.വ്യവസായപ്രമുഖനും ധനാഢ്യനും ആയ കല്ലറക്കൽ കുഞ്ഞച്ചൻ്റെ ഭാര്യയായ മഞ്ജുവിന് ഇന്നും യാതൊരു മാറ്റവുമില്ല. പള്ളത്തെ സ്കൂളിൽ ഞാൻ ആദ്യം പരിചയപ്പെട്ട എൻ്റെ കളിക്കൂട്ടുകാരി തന്നെ. നാട്യങ്ങളും തലക്കനവും ഒന്നുമില്ലാത്ത മഞ്ജു. സൗഹൃദ ബന്ധത്തിന് പുറമെ രക്തബന്ധവും, ഇത് രണ്ടും ചേർന്ന ബന്ധമായിരുന്നു ലിജിയുമായുള്ളത്. ഞങ്ങളുടെ സൗഹൃദം പഴയതിനേക്കാൾ സുദൃഢമായി ഇപ്പോഴും തുടരുന്നു. മരണം വരെയും തുടരും. സ്നേഹം ക്ഷമ ഉള്ളതാകുന്നു. ദയാസമ്പന്നമാകുന്നു. അതിനു അസൂയയില്ല. അഹങ്കാരമില്ല. തിന്മ ചെയ്യുന്നില്ല, കോപിക്കുന്നില്ല. സ്വാർത്ഥം അന്വേഷിക്കുന്നില്ല.
“വിശ്വാസം, ശരണം, സ്നേഹം ഇവയിൽ സർവപ്രധാനം സ്നേഹം ആണെന്നാണല്ലോ ബൈബിളിൽ പറഞ്ഞിരിക്കുന്നത്.”
– മേരി ജോസ്സി മലയിൽ, തിരുവനന്തപുരം.