ഒരുപക്ഷികുഞ്ഞിന് പോലും
കൂടൊരുക്കാനിടം നൽകാതെ
കത്തിക്കാളുന്ന സൂര്യൻ്റെ ചൂടിനെ
പ്രതിരോധിക്കാനൊരിലപോലും, ബാക്കിവയ്ക്കാതെ
മർത്ത്യാഹങ്കാരത്തിൻ്റെ വാൾ
മന്തക്കാട്ടെ ആ പേരാൽ മുത്തശ്ശിയുടെ
ശിരസ്സ് അരിഞ്ഞരിഞ്ഞെടുത്തു.
രക്ഷയേകേണ്ടവർ തന്നെ
ഒറ്റുകാരായി മാറി, വെട്ടുകാർക്ക് തുണയായി.
എന്താണ് മുത്തശ്ശി ചെയ്ത തെറ്റ്..?
ആരോപിയ്ക്കപ്പെട്ട കുറ്റമെന്താ..?
പറവകൾക്കന്തിയുറങ്ങാൻ ചില്ല കൊടുത്തതൊ…
ചാരെ നിന്നവർക്ക് തണലേകിയതോ..
ഇളംകാറ്റിന് കുളിർമ്മയേകിയതോ…
എന്തായാലും തലയെടുക്കാൻ പോന്ന
ഗുരുതരമാം കുറ്റമല്ലോ..
ഹേ.., കാനന സംരക്ഷകാ..
താങ്കൾക്കാ പേര് തീരെ യോജിക്കുന്നില്ല.
വൃക്ഷകുലഘാതകനെന്ന്-
ക്ഷിപ്രം മാറ്റുന്നത് ഉചിതമാകും.
പറവകളുടെ കാഷ്ഠവും കലപിലയും
അസഹ്യമാണെന്നാരോപിച്ച മർത്യൻ്റെ –
പരാതിയ്ക്കുടൻ പ്രതിവിധി കാണും മുമ്പ്
മുത്തശ്ശിയുടെ ഭാഗം കൂടി കേൾക്കണ്ടേ..?
അതല്ലേ.. സാമാന്യ മര്യാദ..
എന്തെ.. സംഹാരമിടയ്ക്ക് നിർത്തിവച്ചു.
തുടരനെന്താ വിഘ്നമായത്.
ഒന്നു മാത്രം ഓർമിപ്പിയ്ക്കാം
നരന് സുഖ ജീവിതം
അവർക്ക് സ്വൈര്യമായ ഉറക്കം
മറ്റുള്ളവയ്ക്ക് ഹിംസയെന്ന ചിന്തയരുത്.
സർവ്വവൃക്ഷജാല സംഹാര ശേഷം
ഭൂവിൽ മർത്യ ജീവിതം തുടരുന്നതെങ്ങനെ..?
അഹങ്കാരത്തിൻ പത്തി താഴ്ത്തുക നീ.
പിഞ്ചുക്കിടാങ്ങൾ തൻ ഭാവി ശോഭനീയമാവട്ടെ…
– ഗുരുജി ഗുരുവായൂരപ്പൻ