സെപ്റ്റംബറിനെ അൽഷിമേഴ്സ് മാസം ആയും സെപ്റ്റംബർ 21നെ അൽഷിമേഴ്സ് ദിനമായും ലോകമെമ്പാടും ആചരിച്ചു വരികയാണ്. 1901 ൽ ഒരു സ്ത്രീയെ ചികിത്സിക്കുന്നതിന് ഇടയിൽ ഈ രോഗം ആദ്യമായി കണ്ടെത്തിയ ജർമൻ സൈക്യാട്രിസ്റ്റായ ‘അലോയിസ് അൽഷിമർ’ ൽ നിന്നാണ് രോഗത്തിന് ഈ പേര് ലഭിച്ചത്.
2005 ൽ ബ്ലസി സംവിധാനം ചെയ്ത് പുറത്തിറക്കിയ ‘തന്മാത്ര’ എന്ന ചിത്രമാണ് അൽഷിമേഴ്സ് എന്ന രോഗത്തെ കുറിച്ചും അത് ഒരു വ്യക്തിയിലും കുടുംബത്തിലും വരുത്തുന്ന വ്യതിയാനങ്ങളെ കുറിച്ചുമൊക്കെ മലയാളികളെ കൂടുതൽ ബോധവാന്മാരാക്കിയത് എന്ന് പറയാം. മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലാലേട്ടൻ ആ ചിത്രത്തിലൂടെ നേടി.
ഈ രോഗത്തിന് അടിമ ആയ ഒരു സ്ത്രീയെ എനിക്കറിയാമായിരുന്നു. ഒരു വെക്കേഷൻ അച്ഛനമ്മമാരോടൊപ്പം ചിലവഴിക്കാൻ ഇരിഞ്ഞാലക്കുടയിൽ പോയപ്പോൾ ഞാൻ കേട്ടറിഞ്ഞ അനുഭവ കഥയാണിത്.
അമ്മയുടെ പല ജോലിക്കാരികളിൽ ഒരാളായിരുന്നു കാർത്തു. ദിവസവും വരും. കുറച്ചുനേരം അമ്മയോട് സംസാരിച്ചിരിക്കും. മുറ്റം അടിക്കലും ചെടികൾക്ക് നനയ്ക്കലും പോലുള്ള പതിവ് ജോലികൾ ഒക്കെ ചെയ്യും. പിന്നെ കുറെ സമയം പറമ്പിലൊക്കെ നടന്ന് മാവ് പൂത്തോ ചക്ക മൂത്തോ പപ്പായ പാകമായോ എന്നൊക്കെ നോക്കും. ചക്ക മൂത്തുവെന്ന് ബോധ്യപ്പെട്ടാൽ ഉടനെ തോട്ടി കൊണ്ടുപോയി തനിയെ പലതവണ ശ്രമിച്ച് ഉന്തിയിട്ട് അതും താങ്ങിപ്പിടിച്ച് പിന്നാമ്പുറത്തെ അടുക്കളയിൽ കൊണ്ടുവന്ന് വയ്ക്കും. ഇതൊന്നും ആരും ആവശ്യപ്പെടാതെ തന്നെ ചെയ്യുന്ന സേവനങ്ങളാണ്. പഴുത്തു എന്ന് ബോധ്യപ്പെട്ടാൽ അത് വെട്ടി പറിച്ച് ചക്കക്കുരു നീക്കി ഭംഗിയാക്കി നമുക്ക് ഇത്കൊണ്ട് അലുവ ഉണ്ടാക്കാം എന്ന് പറയും. കുറച്ച് ശർക്കരയും നെയ്യും ഏലയ്ക്കാപ്പൊടിയും എടുത്ത് കൊടുത്താൽ കാർത്തു ഉരുളിയിലിട്ട് ഇളക്കി നല്ല സൂപ്പർ ആയി അലുവ ഉണ്ടാക്കി എടുക്കും. ഒരുവർഷം ഫ്രിഡ്ജിലെ ഫ്രീസറിൽ ടപ്പർവെയർ പാത്രത്തിൽ ഇരിക്കുന്ന അലുവ പുതുമ ഒട്ടും നഷ്ടപ്പെടാതെ അന്നത്തെ ദിവസം ഉണ്ടാക്കിയത് പോലിരിക്കും. വെള്ളത്തിൻ്റെ അംശം ഒട്ടും ഇല്ലാതെ ഭംഗിയായി ഇളക്കി എടുക്കുന്നതുകൊണ്ടാണ് ദീർഘനാൾ കഴിഞ്ഞാലും അത് കേട് വരാതിരിക്കുന്നത്. ദിവസവും വന്ന് നാട്ടുവാർത്തമാനവും പറഞ്ഞിരിക്കുന്ന കാർത്തു പെട്ടെന്ന് അപ്രത്യക്ഷയായി.
പലയിടത്തും അന്വേഷിച്ചെങ്കിലും ഒരു വിവരവും കിട്ടിയില്ല. മൂന്ന് മാസം കഴിഞ്ഞപ്പോൾ ഒരു ബന്ധു വീട്ടിൽ വന്നപ്പോഴാണ് അറിയുന്നത്. നിങ്ങൾ ഒരു മാസം ജോലി ചെയ്തിട്ട് ശമ്പളം കൊടുത്തില്ല അതുകൊണ്ടാണ് ഇവിടെ വരാത്തതെന്ന്. അങ്ങനെ വരാൻ വഴിയില്ലല്ലോ അവരെ എനിക്ക് എത്രയോ വർഷം കൊണ്ട് അറിയാം ഞാൻ ഒന്നു ചോദിക്കാം ചിലപ്പോൾ മറന്നു പോയതായിരിക്കും എന്ന് പറഞ്ഞു ബന്ധു. അമ്മ കൃത്യമായി ശമ്പളം കൊടുത്തിരുന്നു. പിന്നെ എന്താണാവോ കാർത്തു അങ്ങനെ പറഞ്ഞത് എന്ന് ഓർത്ത് അമ്മ സങ്കടപ്പെട്ടു. ഒരു മൂന്നു മാസം കൂടി കഴിഞ്ഞപ്പോൾ കാർത്തു പ്രത്യക്ഷപ്പെട്ട് എന്തൊക്കെയോ പറഞ്ഞു പഴയപോലെ ജോലിയിൽ പ്രവേശിച്ചു. ഞാൻ ശമ്പളം തന്നില്ലേ, പിന്നെന്താ അവരോട് അങ്ങനെ പറഞ്ഞതെന്ന് ചോദിക്കുമ്പോൾ പരസ്പരബന്ധമില്ലാതെ സംസാരിക്കും. കൂടുതൽ ചോദ്യോത്തരങ്ങൾക്ക് നിൽക്കാതെ അമ്മ പുതിയ ജോലികൾ ഏൽപ്പിച്ചു. പിന്നെ ഒന്നാം തീയതി ശമ്പളം കൊടുക്കുമ്പോൾ രണ്ടുമൂന്നു പ്രാവശ്യം ശമ്പളം തന്നു കേട്ടോ എന്ന് ഓർമിപ്പിക്കും. പിന്നീടാണ് എല്ലാവർക്കും ബോധ്യപ്പെട്ടത് ഇവർക്ക് മറവി രോഗം പിടിപെട്ടു എന്ന്. അമ്മ മരിക്കുന്നതു വരെ കാർത്തുവിൻ്റെ സേവനം അവിടെ തുടർന്നിരുന്നു. അവരുടെ ഈ അസുഖം മനസ്സിലാക്കി ചുറ്റുമുള്ളവർ അനുഭാവപൂർവ്വം പെരുമാറി തുടങ്ങിയപ്പോൾ കുറച്ചു ഭേദപ്പെട്ടു എന്ന് പറയാം.
മസ്‌തിഷ്ക്കത്തിലുള്ള കോശങ്ങൾ ക്രമേണ ദ്രവിക്കുകയും തുടർന്ന് പ്രവർത്തന രഹിതം ആവുകയും ചെയ്യുന്ന അവസ്ഥയിലാണ് ഒരാൾ അൽഷിമേഴ്‌സ് രോഗിയായി തീരുന്നത്. ഒരിക്കൽ നശിച്ചുപോകുന്ന നാഡീകോശങ്ങളെ പിന്നീട് പുനർജീവിപ്പിക്കാൻ കഴിയാത്തതു കൊണ്ട് തന്നെ ഈ അസുഖത്തിന് ചികിത്സയും ഇല്ല.രോഗിയെ നേരത്തെ തിരിച്ചറിയുക. കൃത്യമായ പരിചരണം നൽകുക. ബന്ധുക്കളും സുഹൃത്തുക്കളും അവരെ ചേർത്തു പിടിക്കുക.അതേയുള്ളു ഏക പോംവഴി.
അമിതമായ ജോലിഭാരം, മാനസികസമ്മർദ്ദം, മദ്യപാനം, പുകവലി പോലുള്ള ദുഃശീലങ്ങളും വ്യായാമക്കുറവും കാരണം ചെറുപ്പക്കാരെയും ഈ രോഗം ഇന്ന് പെട്ടെന്ന് ആക്രമിക്കുന്നുണ്ടെന്നാണ് അറിവ്.
– മേരി ജോസി മലയിൽ, തിരുവനന്തപുരം.