2015 ലെ ഏറ്റവും നല്ല വ്യവസായ സംരംഭകർക്കുള്ള അവാർഡ് വാങ്ങാനെത്തിയ ലിസി മാത്യു (51വയസ്സ്), തന്നെ ഇൻറർവ്യൂ ചെയ്യാനെത്തിയ പത്രലേഖകരോട് പറഞ്ഞു. “എൻ്റെ ഈ വിജയത്തിൻ്റെ തുടക്കം വലിയൊരു പരാജയത്തിൽ നിന്നാണ്”. ലിസ്സി മനസ്സുതുറന്നു.
35 വർഷം മുമ്പ് ലിസി ജോസ് പത്താം ക്ലാസിൽ പഠിക്കുന്നു. ആ സ്കൂളിലെ ഏറ്റവും സമർഥയായ വിദ്യാർഥിനി. അദ്ധ്യാപികമാരുടെയും സിസ്റ്റേഴ്സ്ൻ്റെയും കൂട്ടുകാരുടെയും ഒക്കെ കണ്ണിലുണ്ണി. ഒരു റാങ്ക് വാങ്ങി സ്കൂളിൻ്റെ പേര് പത്രത്തിൽ വരുത്താൻ സാധ്യതയുള്ള ഒരു കുട്ടി. കവിതാ പാരായണം, ക്വിസ് മത്സരം, എസ്സേ റൈറ്റിംഗ് എന്ന് വേണ്ട സകല മത്സരങ്ങളിലും ഒന്നാം സമ്മാനം വാങ്ങുന്ന വിദ്യാർത്ഥിനി. പത്താം ക്ലാസ്സിലെ ബോർഡ് പരീക്ഷ എഴുതാൻ എല്ലാ കുട്ടികളും തയ്യാറെടുത്ത് നിൽക്കുകയാണ്.
എസ്.എസ്.എൽ.സി. ബോർഡ് പരീക്ഷ പിറ്റേ ദിവസം തുടങ്ങും. ലിസിക്ക് ആകെ ഒരു അസ്വസ്ഥത. കടുത്ത പനി. ഡോക്ടറുടെ അടുത്തേക്ക് ഓടി. “ചിക്കൻപോക്സ് പിടിപെട്ടിരിക്കുകയാണ്. ഒരു കാരണവശാലും കുട്ടിയെ പരീക്ഷക്ക് ഇരുത്തരുത്. ഒന്നാമത് ഇത് പകർച്ചവ്യാധിയാണ്. രണ്ടാമത് നന്നായി റസ്റ്റ് എടുത്തില്ലെങ്കിൽ ഇതിൻ്റെ പ്രത്യാഘാതം ഭയങ്കരമായിരിക്കും.” ഡോക്ടറുടെ നിർദേശം കേട്ട മാതാപിതാക്കൾ സ്കൂളിലേക്ക് ഓടിച്ചെന്ന് വിവരം പറഞ്ഞു. “മറ്റ് കുട്ടികളുടെ ഭാവി ഞങ്ങൾക്ക് നോക്കണം. ലിസിയെ ഒരു കാരണവശാലും പരീക്ഷാഹാളിൽ പ്രവേശിപ്പിക്കരുത്. അടുത്ത സെപ്റ്റംബറിൽ പരീക്ഷയെഴുതാം. അതിനു വേണ്ട എല്ലാ സൗകര്യങ്ങളും ഞങ്ങൾ തന്നെ ചെയ്തുതരാം”. സിസ്റ്റർ പറഞ്ഞു. 23 ദിവസം കിടന്ന കിടപ്പായിരുന്നു ലിസ്സി. അതുകഴിഞ്ഞ് അമ്മയ്ക്ക് പകർന്നു. പിന്നെ രണ്ട് സഹോദരങ്ങൾക്ക്. അങ്ങനെ എല്ലാം കൂടി ഒരു ഒന്നര മാസം നീങ്ങി.
ലിസി നിരാശയുടെ പടുകുഴിയിലേക്ക് വീണിരുന്നു. ഇനി ആറു മാസം ഉണ്ട് പരീക്ഷയ്ക്ക്. കൂടെ പഠിച്ചവർ ഒക്കെ മൂന്ന് മാസം കഴിയുമ്പോൾ കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കാൻ പോയി തുടങ്ങും. ലിസി സങ്കടക്കടലിൽ ആയി. കന്യാസ്ത്രീകളും അധ്യാപികമാരും ഒക്കെ ലിസിയെ കാണാൻ വീട്ടിൽ എത്തി. ജീവിതത്തിൽ കടുത്ത പ്രതിസന്ധി ഉണ്ടാകുമ്പോൾ അതിനെയെല്ലാം അതിജീവിച്ച് മുന്നേറാൻ ഈശ്വരവിശ്വാസം കരുത്തേകുന്നു. നമ്മുടെ കണക്കുകൂട്ടലുകൾ തെറ്റി പോകുമ്പോൾ ക്ഷമ അവലംബിച്ച് ദൈവവിശ്വാസത്തിൽ അഭയം തേടുക. സിസ്റ്റർ പ്രിൻസിപ്പൽ ഉപദേശം തുടർന്നു.
“മനുഷ്യൻ പദ്ധതികൾ വിഭാവനം ചെയ്യുന്നു. അന്തിമമായ തീരുമാനം കർത്താവിൻ്റെതത്രേ”. (സുഭാ. 16:1)
ലിസിയുടെ അമ്മ ഒരു ഉപായം പറഞ്ഞു. ഏതായാലും പെൺകുട്ടിയല്ലേ തയ്യലോ മറ്റോ പഠിക്കാം. വെറുതെ വീട്ടിൽ ഇരിക്കണ്ടല്ലോ.അങ്ങനെ റാങ്ക് വാങ്ങുന്നത് സ്വപ്നം കണ്ടിരുന്ന പെൺകുട്ടി തയ്യൽ ക്ലാസിലെത്തി. പത്താംക്ലാസ് രണ്ടും മൂന്നും തവണ എഴുതി തോറ്റ കുട്ടികളുടെ കൂടെ തയ്യൽ പഠനം തുടങ്ങി. മൂന്നാംകിട സിനിമകളിലെ വിലകുറഞ്ഞ തമാശകൾ പറഞ്ഞു ചിരിക്കുന്ന മുതിർന്ന ആ കുട്ടികളോട് കൂട്ടുകൂടാൻ പോലും ലിസിക്ക് മനസ്സു വന്നില്ല. ഷൂസും ടൈയും ധരിച്ചു ഇംഗ്ലീഷ് ഒഴുക്കോടെ സംസാരിച്ച് സമ്പന്ന കുടുംബങ്ങളിലെ കുട്ടികൾ പഠിക്കുന്ന കോൺവെന്റിലെ കൂട്ടുകാരികളുടെ സ്ഥാനത്ത് ഇവർ. ഹോ!! ലിസിയ്ക്ക് കരച്ചിൽ വന്നു. സമർത്ഥയായ ലിസി പെട്ടന്ന് തയ്യലും പഠിച്ചു. കോലപ്പൻ എന്ന തയ്യൽക്കാരൻ തയ്ച്ചു കൊണ്ടുവന്നിരുന്ന വട്ട കഴുത്തുള്ള ബ്ലൗസും പാവാടയും ആണ് ലിസ്സി അന്ന് വരെ ധരിച്ചിരുന്നത്. ഫാഷനിൽ ഒന്നും ശ്രദ്ധിക്കാറേയി ല്ലായിരുന്നു.
സെപ്റ്റംബറിൽ എസ്.എസ്.എൽ.സി. പരീക്ഷ എഴുതി. പിന്നെയും തയ്യൽ പഠനം തുടർന്നു. സാധാരണ മനുഷ്യർ ധരിക്കുന്ന വസ്ത്രങ്ങൾ ഒക്കെ തയ്ക്കാൻ അതിനോടകം പഠിച്ചു കഴിഞ്ഞിരുന്നു ലിസ്സി. ഒരു മൂന്നുമാസം ഫാഷൻ ഡിസൈനിങ് കോഴ്സ്സും പഠിച്ചു. എങ്ങനെയെങ്കിലും ഒരു വർഷം തള്ളണമല്ലോ? അടുത്ത അക്കാദമിക വർഷം പ്രീഡിഗ്രിക്ക് ചേർന്നു. 23 വയസ്സ് ആയപ്പോഴേക്ക് ബിരുദാനന്തര ബിരുദം എടുത്തു. മാതാപിതാക്കൾ എറണാകുളത്തെ ഒരു സമ്പന്ന കുടുംബത്തിലേക്ക് വിവാഹം ചെയ്തയച്ചു. ഭർത്താവ് സർക്കാരുദ്യോഗസ്ഥൻ. പിന്നെ ഒരു പത്ത് വർഷം ഒരു നിമിഷം പോലും റസ്റ്റ് ഉണ്ടായില്ല ലിസിക്ക്. മൂന്ന് ആൺമക്കളും ഭാര്യമാരും കുട്ടികളും അടങ്ങുന്ന കൂട്ടുകുടുംബത്തിൽ ആണ് എത്തിയത്. ഒരു വീട്ടമ്മയുടെ ഭാരിച്ച ഉത്തരവാദിത്തങ്ങൾ, മരുമകളുടെ റോൾ, രണ്ട് കുട്ടികളുടെ അമ്മ റോൾ… അങ്ങനെ 10 വർഷം കടന്നു പോയത് ലിസി പോലുമറിഞ്ഞില്ല. കുട്ടികളൊക്കെ സ്കൂളിൽ പോയിത്തുടങ്ങി. അവരവരുടെ കാര്യം നോക്കാൻ പ്രാപ്തരായി. പെട്ടെന്നൊരു ദിവസം ഭർതൃപിതാവ് രോഗശയ്യയിലായി. ആണ്മക്കളെ അടുത്തുവിളിച്ച് ഓരോരുത്തർക്കും ഉള്ളത് ഏൽപ്പിച്ചു. മൂന്നു വ്യാപാരസ്ഥാപനങ്ങളും മാനേജർമാരെ വെച്ച് അപ്പനാണ് നോക്കി നടത്തിയിരുന്നത്. ആൺ മക്കളൊക്കെ ബിസിനസ്സിലെ റിസ്ക് തിരിച്ചറിഞ്ഞിരുന്നതുകൊണ്ട് എല്ലാവരും തന്നെ പഠിച്ച് സർക്കാർ ഉദ്യോഗം നേടിയിരുന്നു. താമസിയാതെ അപ്പൻ മരിച്ചു. മൂത്ത ചേട്ടന്മാർ രണ്ടു പേരും സ്ഥാപനം വിറ്റ് കാശ് ബാങ്കിലിട്ടു. മൂന്നാമത്തെ മകൻ ലിസിയുടെ ഭർത്താവ് മാത്രം തുണിക്കട വിറ്റില്ല.
ലിസി ആ ചെറിയ റെഡിമെയ്ഡ് ഷോപ്പിൽ പോകാൻ തുടങ്ങി. ചിക്കൻപോക്സ് പിടിപെട്ട് ഒരുവർഷം വീട്ടിലിരുന്ന് പഠിച്ച് തയ്യൽ ഒക്കെ പ്രയോഗിക്കാൻ ഒരു അവസരം കിട്ടിയത് പോലെ തോന്നി ലിസിയ്ക്ക്. റെഡിമെയ്ഡ് കടയോട് ചേർന്ന് രണ്ട് തയ്യൽക്കാരെ ഇരുത്തി തയ്യൽ ആരംഭിച്ചു. കട്ടിങ്ങും ഫാഷൻ ഡിസൈനിങ്ങും ഒക്കെ പരീക്ഷണ അടിസ്ഥാനത്തിൽ ചെയ്യുന്നത് ലിസിയാണ്. വാമൊഴി കൊണ്ട് ലിസിയുടെ സംരംഭം പതുക്കെ പിടിച്ചു കയറാൻ തുടങ്ങി. രണ്ട് തയ്യൽക്കാർ ഇരുന്ന സ്ഥാനത്ത് നാലായി, ആറായി, ഇന്ന് 40 തയ്യൽക്കാരായി. കുറച്ചുകൂടി വലിയകട വാടകയ്ക്കെടുത്തു. ബ്രൈഡൽ മാക്സി തൊട്ട് കർട്ടൻ വരെ തയ്ക്കുന്നതിന് ഇന്ന് പ്രത്യേകം യൂണിറ്റും തയ്യല്ക്കാരും ഉണ്ട് ലിസിക്ക്. കഴിഞ്ഞവർഷത്തെ ഏറ്റവും നല്ല വ്യവസായ സംരംഭകക്കുള്ള അവാർഡ് വരെ ലിസി വാങ്ങി. അവാർഡും കൊണ്ട് ലിസി ആ പഴയ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഫ്രാൻസിസിനെ കാണാൻ പോയി. അന്ന് ആ വർഷം പരീക്ഷ എഴുതിയിരുന്നെങ്കിൽ റാങ്ക് വാങ്ങി ഏതെങ്കിലും ഒരു സർക്കാർ ഓഫീസിൽ ജോലി ചെയ്തു ആരാലും അറിയപ്പെടാതെ ഒതുങ്ങി പോയേനെ. ഇന്ന് ഏറ്റവുമധികം വിറ്റുവരവുള്ള തുണിക്കടയുടെ ഉടമസ്ഥയാണ് ലിസി. ചില സങ്കടകടലുകൾ ദൈവം നമുക്ക് തരുന്നത് നമ്മെ നന്നായി പ്രാപ്തരാക്കാൻ വേണ്ടിയാണ്.
“കർത്താവ് അരുളിച്ചെയ്യുന്നു, നിങ്ങളെക്കുറിച്ചുള്ള പദ്ധതി എൻ്റെ മനസ്സിൽ ഉണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്. നിങ്ങൾക്ക് ശുഭമായ ഭാവിയും പ്രത്യാശയും നൽകുന്ന പദ്ധതി.” (ജെറമിയ 29:11)
റാങ്ക് വാങ്ങി പത്രക്കാരെ സ്കൂളിൽ എത്തിക്കാൻ കഴിയാതെപോയ ലിസി ഇന്ന് എല്ലാ പത്രക്കാർക്കും ചാനലുകാർക്കും ഒപ്പം ഇരുന്നത് സിസ്റ്റർ ഫ്രാൻസിസ്നോടൊപ്പം ആ പഴയ സ്കൂളിലാണ്.
– മേരി ജോസ്സി മലയിൽ, തിരുവനന്തപുരം.