ബ്രാഹ്മമുഹൂർത്തത്തിലുണർന്നൂ കണ്ണാ ഞാൻ
കണ്ണു നീർ കാളിന്ദി മുങ്ങി നിവർന്നു വന്നു
നിഡില നടുവിൽ നിൻ നറു ചന്ദനമെഴുതി
വിറയും മനമാൽ നിൻ നിറമാല്ല്യം തൊഴുന്നേൻ
മങ്ങിയ കാഴ്ചയിലും നിൻ മേദുര രൂപമെൻ
കണ്ണിതളിൽ കണിയൊരുക്കി കരളിൽ ചൊരിയുന്നു
ദുരിതങ്ങൾ വരിഞ്ഞൊരൻ ജീവ ഭാണ്ഡം തുറന്നു
കാഴ്ചയായ് കാണിക്ക എന്തു ഞാൻ ചൊരിയേണ്ടു
ഒരു പിടിയവിലിൻ്റെ സുകൃതങ്ങൾ വേണ്ട കണ്ണാ
അരവയർ അഴലിനായ് നിൻ അരമന പൂകി ഞാൻ
തിരുനട പണിപ്പുരയിൽ ഇഴയുമെൻ മോക്ഷ കാണ്ഡം
ഒരു പിടി പൊടിയരിയിലുരുകുന്നു വെണ്ണയായ്
കാലമാമരങ്ങിൽ നിന്മിഴി ചിമിഴ് നിഴലിൽ
കാണാ ചരടിലാടും കലിയുഗ കോമരം ഞാൻ
കാതങ്ങൾ താണ്ടി വരും മാനവ പയനികൾ നിൻ
കാലടികളിൽ വീണടിയുന്നു കാളിയ നാഗമായ്