കവളങ്ങാട്ട് യക്ഷി (ഒരു യക്ഷിക്കഥ)
വിശാലമായ എട്ട് കെട്ടിൽ ‘കവളങ്ങാട്ട് ‘ മന. കഴിമ്പ്രത്ത് നാട്ടിൽ എന്നല്ല കേരളക്കാരയാകെ പേര് കേട്ട മന.. കുറെക്കാലം മുമ്പ് ആണ് ട്ടോ, ഇന്ന് ഭൂപരിഷ്കരണം കൊണ്ടും, പൂർവ്വകാലത്തെ ഒരു “യക്ഷി ” ശാപം കൊണ്ടും വേരറ്റു, പ്രതാപമറ്റു,, സന്തതിപരമ്പര ഇല്ലാതെ “പുരാവസ്‌തു വകുപ്പ്, ഏറ്റെടുത്തു ഒരു പ്രദർശനവസ്തു ആയി വെച്ചേക്കാണ്.
ആനയും, 1000തിലധികം പറ നെല്ല് പാട്ടവരവും, കൃഷിയായും ഒക്കെ ഉണ്ടായിരുന്നു ഒരു കാലത്ത് ആ മനയിൽ !! ആ ഇല്ലത്ത് അവസാനം ഒരു ഉണ്ണി ഉണ്ടായിരുന്നു.
കൃഷ്ണനുണ്ണി. അയാളുടെ അച്ഛൻ കേശവൻ നമ്പൂതിരി. വലിയ പണ്ഡിതൻ. ശുദ്ധോo വൃത്തിയും തൊട്ടു തീണ്ടാപ്പാട് ഒക്കെ നോക്കിയിരുന്ന ഒരു ആഢ്യൻ. എന്നാൽ മകൻ ഇതൊന്നും നോക്കിയില്ല്യ. മകൻ കൃഷ്ണൻ നല്ല ഒരു ചിത്രകാരൻ. അയാൾ എന്നും പത്തായപ്പുരയിൽ ഒരു ഏകാന്തതയിൽ വരകളുടെ ലോകത്ത് അങ്ങനെ അവിരാമം അഭിരമിച്ചു അങ്ങനെ ഇരിക്കും, പൂണൂൽ ഇടില്ല, ഗായത്രി ജപം ഇല്ല്യാ. കൂട്ടുകാർ ആയി പുലയരും മലയരും പത്തായപ്പുരയിൽ കയറി ഇറങ്ങും.
അച്ഛൻ തിരുമേനിക്ക് ഇതൊട്ടും ഇഷ്ടല്ല്യാച്ചാലും ഉണ്ണി അല്ലെ, ന്താ ചെയ്ക??
അങ്ങ് സഹിക്ക്യാ അത്രേന്നെ. അച്ഛൻ ജപം, തപം ഒക്കെ ആയി അങ്ങനെ…. മകൻ വരയും കുടിയും കൂത്താടി അങ്ങനെ…
ആയിടക്ക് കൂട്ടുകാരൻ്റെ പെങ്ങൾ “കാളിക്കുട്ടി ” അവളുമായി ഉണ്ണി നല്ലവണ്ണം അടുപ്പം ആയി. നാട്ടിൽപാട്ടായി. വലിയ തിരുമേനിക്ക് തല ഉയർത്തി നടക്കാൻ വയ്യ.
കാളിക്കുട്ടി സൌന്ദര്യധാമമായിരുന്നു. ഉണ്ണി സുന്ദരനും.. അവർ അങ്ങനെ.. അങ്ങനെ പ്രണയസരോവരതീരത്ത് ഒഴുകി നടന്നു. അവൾ പത്തായപ്പുരയിൽ വരും.
അവൻ അവളുടെ ചിത്രം വരക്കും. ബ്രാഹ്മണസഭ കൂടി.. ഉണ്ണിയെ പടിയടച്ചു പിണ്ഡം വെച്ച് നാട് കടത്തുക. കാളിക്കുട്ടിയെ വധിക്കുക. കല്പ്പന കല്ലേപ്പിളർക്കും കാലം.
എല്ലാവരും പദ്ധതി തയ്യാർ ചെയ്തു. ഇത് അറിഞ്ഞു അച്ഛൻ തിരുമേനി ഹൃദയം പൊട്ടി മരിച്ചു, മകനെക്കൊണ്ട് ഒരു വിധം അച്ഛൻ്റെ ശേഷക്രിയ ഒക്കെ ചെയ്യിച്ചു ഓതിക്കന്മാർ.
എന്തായാലും കളിക്കുട്ടിയെ കൊല്ലണം, ബ്രാഹ്മണ മേധാവികൾ തീരുമാനിച്ചു. ഉണ്ണി അപ്പോഴും “തൂലിക എടുത്തു ചിത്രം വരച്ചുകൊണ്ടേയിരുന്നു. നമ്പൂതിരിമാർ
ഒത്തുകൂടി, ഒരു പദ്ധതിയിട്ടു. ഉണ്ണിയെക്കൊണ്ട് തന്നെ അവളെ കൊല്ലിക്കണം. അതിനു ഒരു സൂത്രം അവർ കണ്ടെത്തി. എന്നും അവൾ വന്നാൽ ആദ്യം ഉണ്ണി തൻ്റെ ബ്രഷ് എടുത്തു അവളുടെ മുഖത്ത് ചിത്രം എഴുതികൊടുക്കും. പിന്നെ ചില കുറിക്കൂട്ടുകൾ ചുണ്ടിലും തേച്ചു സുന്ദരി ആക്കും, എന്നിട്ട് ക്യാൻവാസ് ൽ അവളെ വരക്കും. നമ്പൂതിരിമാർ രാത്രി ഉണ്ണി ഉറങ്ങുമ്പോൾ വന്നു പിറ്റേന്ന് വരയ്ക്കാൻ വെച്ച ചായം, കുറിക്കൂട്ടു ഇതിൽ എല്ലാം കൊടും പാമ്പിൻ്റെ വിഷം ചേർത്തു വെച്ചു. ദേഹത്ത് തട്ടിയാൽ തന്നെ മരിച്ചു പോവുന്ന കൊടും വിഷം.
പിറ്റേന്ന് നേരം പുലർന്നു. സുന്ദരി ആയി ‘കാളിക്കുട്ടി ‘വന്നു. ഉണ്ണി തൻ്റെ തൂലിക എടുത്തു. അവളോട് പറഞ്ഞു “പ്രിയേ പ്രണയിനി. ഇന്ന് ഞാൻ നിൻ്റെ ഏറ്റവും മനോഹരം ആയ ചിത്രം വരക്കും. ഇന്നെൻ്റെ തൂലിക തൻ്റെ ജീവിതം സാർത്ഥകമാക്കും. ” ഞാനും എൻ്റെ സ്വപ്നം സാക്ഷാത്കരിക്കും. ഇത് വരച്ചു കഴിയുന്നതോടെ നമ്മൾ ഒന്നാവും. പിന്നെ നമ്മുടെ ജീവിതയാത്ര ഒന്നിച്ചു ആയിരിക്കും പ്രിയേ.. ആ മുഖം എൻ്റെ ഈ കൈകളോട് ചേർത്ത് വെക്കൂ..
ഈ കുറിക്കൂട്ടാൽ നിൻ്റെ മുഖം ഞാൻ മനോഹരം ആക്കട്ടെ. അടുത്ത് വരൂ.
അവൻ തൻ്റെ ബ്രഷ് എടുത്തു. അത് ആ കുറിക്കൂട്ടിൽ മുക്കി അവളുടെ ചുണ്ടിലും മുഖത്തും ശരീരത്തിൽ ഒക്കെ തേച്ചു സുന്ദരി ആക്കാൻ തുടങ്ങിയതും അവൾ കുഴഞ്ഞു വീണു മരിച്ചു, അവൾ അവൻ്റെ കൈയിൽ കിടന്നു പിടഞ്ഞു പിടഞ്ഞു ആണ് മരിച്ചത്. അവൻ ആ തൂലിക എടുത്തു അവനും ആ കുറിക്കൂട്ട് തേച്ചു അവിടെ കെട്ടിപിടിച്ചു വീണു. പരലോകം പൂകി. അവൻ്റെ അന്ത്യ – കർമങ്ങൾ ബ്രാഹ്മണസമൂഹം വിധിയാം വണ്ണം ചെയ്തു.
അവൾ അവിടെ യക്ഷി ആയി അലഞ്ഞു തിരിഞ്ഞു. സ്നേഹപ്രതീകം ആയിരുന്നു അവൾ പ്രതികാരദാഹിയായി ആ മനയിൽ അലഞ്ഞു തിരിഞ്ഞു. കുറെപ്പേർ അവളുടെ രക്തദാഹത്തിനു ഇരയായി. അവരുടെ മരണകാരണം ആയ പലരും അപമൃത്യു അടഞ്ഞു. നാഥൻ ഇല്ലാതെ ആ മന സർക്കാർ കണ്ടു കെട്ടി.
പ്രേത ശല്യം കാരണം സർക്കാർ ലേലം ഒന്നും നടന്നില്ല. പകരം സർക്കാർ പുരാവസ്തുവകുപ്പിന് കൈമാറി, അവർ അത് സംരക്ഷിച്ചു പോരുന്നു. മഹാമാന്ത്രികർ
നോക്കിയിട്ടും കളിക്കുട്ടിയെ ആവാഹിക്കാൻ കഴിഞ്ഞില്ല, അവൾ ഇന്നും രക്തദാഹി ആയി കവളങ്ങാട്ട് മനയിൽ അലഞ്ഞു തിരിയുന്നു.
ആ പൂർത്തിയാക്കാത്ത ചിത്രം പലരും നോക്കി പൂർത്തി ആക്കാൻ പറ്റാതെ അങ്ങനെ..