• Home
  • About
  • Contact Us
  • Privacy Policy
  • Terms of Service
Monday, March 9, 2026
SUPPORT: +91 8281475397
Malayalam Rachanakal - Ezhuthu Koodaram
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം
No Result
View All Result
മലയാളം രചനകൾ
No Result
View All Result
  • ഹോം
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

അനുസ്മരണം – കഥ 1

Anusmaranam - Story by K.M. SALEEM PATHANAPURAM

SALEEM KM by SALEEM KM
March 8, 2026
അനുസ്മരണം – കഥ 1
23
VIEWS
Share on FacebookShare on WhatsappShare on Twitter

അനുസ്മരണം – കഥ 1

അങ്ങനെയും ഒരു നല്ല കാലമുണ്ടായിരുന്നു.
(കഥാ സമാഹാരത്തിൽ നിന്നും)

ഏഴുമണി മുതൽ പത്തുമണിവരെയുള്ള മൂന്നു മണിക്കൂർ സമയത്തിനിടയിൽ എഴുതിത്തയ്യാറാക്കിയ ചെറുകഥയും ആനുകാലിക രാഷ്ട്രീയ സാഹചര്യവുമായി ബന്ധപ്പെട്ട ഒന്നുരണ്ടു കുറിപ്പുകളും ഒരാവർത്തി വായിച്ചു കഴിഞ്ഞപ്പോഴേക്കും നേരം പത്തര കഴിഞ്ഞിരുന്നു. ഇനിയതെല്ലാം ഫേസ്‌ബുക്കിലും വാട്സാപ്പ് ഗ്രൂപ്പിലും പോസ്റ്റ് ചെയ്യണം. അതിനു മുൻപായി അനുയോജ്യമായ ഒന്നു രണ്ടു ചിത്രങ്ങൾ സംഘടിപ്പിക്കണം.

ചെറുകഥയ്ക്ക് ചേരുന്ന മൂന്നാലു ചിത്രങ്ങൾ മൊബൈൽ ഗാലറിയിലുണ്ട്. പക്ഷേ.. രാഷ്ട്രീയം. അത് സംഘടിപ്പിക്കുകതന്നെ വേണം. എവിടെനിന്ന്, ആരിൽനിന്ന് എന്ന ചിന്തയിലേക്ക് കടക്കവേ തൊട്ടടുത്ത മുറിയിൽനിന്നും ആ മുന്നറിയിപ്പുണ്ടായി:

“ചോറും ചാറും കേടുവന്നാൽ ഇന്നത്തെ ദിവസം അന്തിപ്പട്ടിണിയാകും കേട്ടോ..”

ചോറും കറിയും ഉൾപ്പെടെയുള്ളവയെല്ലാം എൻ്റെ വരവും പ്രതീക്ഷിച്ച് അടുക്കളയിലെ മേശപ്പുറത്ത് ഇരിക്കുന്നത് ആദ്യത്തെ സംഭവമൊന്നുമല്ല. തണുത്തുറഞ്ഞ ചോറിലേക്ക് സമാന നിലയിലായ ചാറെടുത്തൊഴിച്ച് കഴിക്കുന്നതും എന്നെ സംബന്ധിച്ചിടത്തോളം പുതുമയുള്ള കാര്യമല്ല. എങ്കിലും ആ മുന്നറിയിപ്പിൽ എന്തോ പന്തികേടുള്ളതായി എനിക്കു തോന്നി. ഇനിയെന്തെങ്കിലും ചെയ്യുന്നത് ഭക്ഷണം കഴിച്ചതിനു ശേഷമാവാം എന്ന തീരുമാനത്തിലെത്താൻ ആ മുന്നറിയിപ്പു തന്നെ ധാരാളമായിരുന്നു.

എഴുത്തുപകരണങ്ങൾ മേശപ്പുറത്ത് അടുക്കി വച്ചതിനു ശേഷം കസേരയിൽനിന്നും എഴുന്നേൽക്കാനൊരുങ്ങവേ ഫോൺ ശബ്ദിച്ചു.

അതങ്ങനെയാണ്. അത്യാവശ്യമായി എന്തെങ്കിലും ചെയ്യുമ്പോഴോ, എങ്ങോട്ടെങ്കിലും പുറപ്പെടാനൊരുങ്ങുമ്പോഴോ ആരെങ്കിലുമൊരാൾ വിളിച്ചിരിക്കും. അഥവാ ആരും വിളിച്ചില്ലെങ്കിൽ കസ്റ്റമർ കെയർ ജീവനക്കാർ ആ കടമ നിർവ്വഹിക്കാനുണ്ടാകും. വിളിക്കുന്നത് ആരാണെന്ന് അറിഞ്ഞുവെക്കാമെന്ന ഉദ്ദേശ്യത്തോടെയാണ് ഫോൺ കൈയ്യിലെടുത്തതെങ്കിലും അത് ഹരികുമാറാണെന്ന് മനസ്സിലായതുകൊണ്ട് സംസാരിക്കാൻ തന്നെ തീരുമാനിച്ചു.

ഹരികുമാർ സംസാരപ്രിയനാണെന്നു മാത്രമല്ല, സംസാരിക്കാൻ പ്രേരിപ്പിക്കുന്ന സ്വഭാവക്കാരൻ കൂടിയാണ്. ഒരുമിച്ചുള്ള യാത്രയിലോ, ഒഴിവുദിവസങ്ങളിലെ സൊറ പറച്ചിലുകൾക്കിടയിലോ ഒക്കെയാണെന്നു മാത്രം. ഫോണിൽ വിളിച്ച് സംസാരിക്കുമ്പോൾ അവനൊരു തനി പിശുക്കനായി മാറും. വളച്ചുകെട്ടില്ലാതെ ഒന്നോ രണ്ടോ ചോദ്യം. അത്യാവശ്യമെന്നു തോന്നിയാൽ മാത്രം മറുപടിക്കുമേലൊരു മറുചോദ്യം. അതിനുള്ള മറുപടി പറഞ്ഞുതീരും മുമ്പേ, ‘ഓക്കെ’ എന്നൊരു മറുപടി. എല്ലാത്തിനും കൂടി ഏറിയാൽ മൂന്നു മിനിറ്റ്. അതോടെ അവൻ കോൾ കട്ട് ചെയ്തിരിക്കും.

“നീ തിരക്കിലാണോ?”

“തിരക്കിലാണോന്ന് ചോദിച്ചാൽ ആണ്. എന്താ കാര്യം?”

“അങ്ങനെ ആനക്കാര്യമൊന്നുമില്ല. നമ്മുടെ സ്വാഗത സംഘം ഗ്രൂപ്പിൽ ചൂടേറിയ ചർച്ച നടക്കുന്നുണ്ട്. ആറുമണിയോടെ തുടങ്ങിയതാണ്. അത്യാവശ്യമായി നീ അതിലൊന്ന് ഇടപെടണം. വൈകുന്തോറും കാര്യങ്ങൾ വഷളാകും. പരിപാടി ക്യാൻസൽ ചെയ്യേണ്ടിയും വരും.”

“ഓക്കേ.. നിനക്കങ്ങനെ തോന്നുന്നുണ്ടെങ്കിൽ ഞാൻ ഇടപെട്ടോളാം. ഇപ്പോഴല്ല, അര മണിക്കൂർ കഴിഞ്ഞ്. ചർച്ചയുടെ ആകെത്തുക എന്താണെന്നറിഞ്ഞാൽ ഇടപെടാൻ എളുപ്പമാകും. ഉടനെ പറയണമെന്നില്ല. വാട്സാപ്പിൽ ടെക്സ്റ്റോ, വോയ്‌സോ ഇട്ടാൽ മതി.”

“അതെന്താടോ അങ്ങനെ?”

“എന്താണെന്നു ചോദിച്ചാൽ, വിളമ്പിവച്ച ചോറും കറിയും കേടുവരാനുള്ള സാധ്യത കൂടുതലാണെന്നതിൻ്റെ സൂചന അല്പം മുൻപ് കിട്ടിയിട്ടുണ്ട്. അന്തിപ്പട്ടിണി അത്ര സുഖമുള്ള കാര്യമല്ലെന്ന് നിനക്കറിഞ്ഞൂടെ!”

“ഓക്കേ.. നിൻ്റെ തീരുമാനമതാണെങ്കിൽ അങ്ങനെയൊവട്ടെ.”

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ചിന്ത മുഴുവനും ഹരി പറഞ്ഞ കാര്യത്തിലായിരുന്നതുകൊണ്ട്, കേടായിപ്പോവാൻ സാധ്യതയുണ്ടെന്നു പറഞ്ഞിരുന്ന ചോറിൻ്റെയും ചാറിൻ്റെയും രുചിവ്യതിയാനം പരിശോധിക്കാൻ സാധിച്ചില്ല. അക്കാര്യം ശ്രദ്ധയിൽനിന്നും വിട്ടുപോയെന്നു പറയുന്നതാകും ശരി. തന്നെയുമല്ല അങ്ങനെയൊരു അപലക്ഷണം വയറിനകത്ത് അനുഭവപ്പെട്ടതുമില്ല!

സമയമിപ്പോൾ പതിനൊന്നര കഴിഞ്ഞു. അനുവദിച്ചിട്ടുള്ള രണ്ട് ജി.ബിയിൽ അര ജി.ബി മാത്രമാണ് ആകപ്പാടെ ഉപയോഗിച്ചിട്ടുള്ളത്. വാട്സാപ്പ് ഗ്രൂപ്പിലെ ചർച്ചകൾ കേട്ടു കഴിയുമ്പോഴേക്കും ബാക്കിയുള്ള ഒന്നര ജി.ബിയും എനിക്ക് നഷ്ടമാകും. കമ്പനിക്കതൊരു ലാഭവുമാകും. കൂടുതലൊന്നും ആലോചിക്കാതെ ഫേസ്‌ബുക്കിലേക്ക് പ്രവേശിച്ചു.

കഥയും ആനുകാലികവുമെല്ലാം പോസ്റ്റ് ചെയ്തു കഴിഞ്ഞപ്പോഴേക്കും ദിവസവും തീയതിയും മാറി. അവകാശപ്പെട്ട ഡാറ്റയും ലാപ്സായി. ഫോണിനു പിറകെ ലൈറ്റും ഓഫ് ചെയ്ത് നീണ്ടുനിവർന്നു കിടക്കാൻ തുനിഞ്ഞപ്പോഴേക്കും ഹരിയുടെമുഖം മനസ്സിൽ തെളിഞ്ഞു. ഉടനെ വാട്സാപ്പ് തുറന്ന് അവനയച്ചുതന്ന വോയ്‌സ് മെസ്സേജ് സശ്രദ്ധം കേട്ടു.

“പുതിയതായി തിരഞ്ഞെടുക്കപ്പെട്ട വാർഡ് മെമ്പർമാർക്കും കലാ-കായിക പ്രതിഭകൾക്കും ആദരവ് നൽകുന്ന കൂട്ടത്തിൽ മുൻപ്രസിഡണ്ട് കോയക്കുട്ടി ഹാജിയെയും ആദരിക്കണമത്രേ. അതും പൊന്നാട അണിയിച്ചുകൊണ്ട്! പൊന്നാട അയാൾ തന്നെ വാങ്ങിച്ചു തരാമെന്ന് ഏറ്റിട്ടുണ്ടെന്നാണ് നമ്മുടെ ഹബീബ് എന്നോട് സ്വകാര്യമായി പറഞ്ഞത്. കാര്യം അങ്ങനെയാണെങ്കിലും ചെയർമാൻ ഉൾപ്പെടെ ഭൂരിപക്ഷത്തിനും അതിനോട് യോജിപ്പാണെന്നാണ് അറിയാൻ കഴിഞ്ഞത്. അക്കാര്യത്തിൽ നിൻ്റെ അഭിപ്രായമെന്താണെന്നു വച്ചാൽ ഗ്രൂപ്പിലത് തുറന്നു പറയണം. നീ പറഞ്ഞാൽ മറ്റുള്ളവരൊന്നും അതിൽ എതിർപ്പ് പറയില്ലെന്ന് നിനക്കറിയാലോ..”

വോയ്‌സ് പൂർണ്ണമായും കേട്ടുകഴിഞ്ഞതിനു ശേഷം സ്വാഗത സംഘം ഗ്രൂപ്പിലേക്കൊന്ന് എത്തിനോക്കി. വോയ്‌സും ടെക്സ്റ്റുമായി പോസ്റ്റുകൾ എമ്പാടും വന്നുകൊണ്ടിരിക്കുന്നുണ്ട്. പകുതിയെങ്കിലും നോക്കാതെ അഭിപ്രായം രേഖപ്പെടുത്തിയാൽ ഗുണത്തേക്കാളേറെ ദോഷം ചെയ്യാനുള്ള സാധ്യത ഏറെയാണ്. കോയക്കുട്ടി ഹാജിയുമായി ബന്ധപ്പെട്ട ചർച്ചയായതുകൊണ്ട് പ്രത്യേകിച്ചും.

അഭിപ്രായങ്ങളൊന്നും രേഖപ്പെടുത്താതിരുന്നതുകൊണ്ട് പലരും നേരിട്ടു വിളിക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഇന്നത്തെ ഉറക്കം അവതാളത്തിലാകും. രാവിലെ എഴുന്നേൽക്കാൻ വൈകുകയും ചെയ്യും. ഏക പരിഹാരം ഫോൺ സ്വിച്ച് ഓഫ് ചെയ്യുക എന്നതാണ്.

എന്നെ സംബന്ധിച്ചിടത്തോളം ഉറക്കമാണ് മറ്റെന്തിനേക്കാളും പ്രധാനം. അതുകൊണ്ടുതന്നെ അടുത്തകാലത്തായി ഇത്തരം സന്ദർഭങ്ങളിൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തതിനു ശേഷമാണ് ഉറങ്ങാറുള്ളത്. അടുത്തകാലം എന്നുപറഞ്ഞാൽ, ആനുകാലിക വിഷയങ്ങളിൽ എൻ്റെ ബോധ്യങ്ങളും നിരീക്ഷണങ്ങളും നീട്ടിവലിച്ചെഴുതി സോഷ്യൽ മീഡിയകളിലെ സ്വീകാര്യമായ ഇടങ്ങളിലൊക്കെ കൊണ്ടിടാൻ തുടങ്ങിയ കാലം മുതൽ എന്നർത്ഥം.

എഴുത്തിലെ അക്ഷരപ്പിശക് മുതൽ ആശയക്കുഴപ്പം ഉൾപ്പെടെയുള്ള കാര്യങ്ങൾ അതിരാവിലെതന്നെ ഫോണിൽ വിളിച്ച് അറിയിക്കുന്നവരാണ് എൻ്റെ സുഹൃത്തുക്കളിൽ ഏറെയും. ഒരാളുടെ സ്വാഭാവികമായ വിവരക്കുറവിനെ സോഷ്യൽ മീഡിയ എന്ന പൊതുവേദിയിൽ ചൂണ്ടിക്കാട്ടുന്നത് ശരിയല്ലെന്നു തോന്നിയതുകൊണ്ടാണത്രേ, കമന്റ് ബോക്സിലെ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്താതെ പലരും അക്കാര്യം ഫോണിൽ വിളിച്ചുപറയാൻ കാരണം!

കാര്യം അങ്ങനെയൊക്കെയാണെങ്കിലും നേരം പുലരുന്നതിനു മുൻപേ തുടർച്ചയായി മൂന്നാലുതവണ മൊബൈൽ ഫോൺ ശബ്ദിച്ചപ്പോഴാണ്, ഉറങ്ങാൻ നേരത്ത് അത് സ്വിച്ച് ഓഫ് ചെയ്യാൻ മറന്ന കാര്യം ഓർമ്മവന്നത്.

ഫോണിൻ്റെ മണിയടി ശബ്ദത്താൽ ഉറക്കത്തിൽനിന്നും മനസ്സുണർന്നെങ്കിലും കണ്ണുതുറന്നില്ല. അല്പനേരം കഴിഞ്ഞ് വീണ്ടുമത് ശബ്ദിച്ചപ്പോഴാണ് അത്യാവശ്യക്കാർ ആരെങ്കിലും ആയിരിക്കുമെന്ന ബോധമുദിച്ചത്. ഉടനെ കട്ടിലിനു പിന്നിലുള്ള ജനലിൻ്റെ പടിയിലൂടെ കൈ ചലിപ്പിച്ചു.

വീടുണ്ടാക്കിയ കാലത്തോ, പിന്നീട് ബെഡ്റൂമിൽ കട്ടിൽ വാങ്ങിയിട്ട കാലത്തോ ഞാനൊരു മൊബൈൽ ഫോൺ ഉപയോക്താവായിരുന്നില്ല. വായിക്കാറുണ്ടായിരുന്നെങ്കിലും എഴുതാറുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഞാനൊരു എഴുത്തുകാരനുമായിരുന്നില്ല. ഇപ്പോൾ ഞാനൊരു എഴുത്തുകാരനായിട്ടുണ്ട് എന്നൊന്നും അതിനർത്ഥമില്ല.

കട്ടിലിനോടു ചേർന്ന് ഇന്നു കാണുന്ന തരത്തിലുള്ള സൈഡ് ബോക്സിനെക്കുറിച്ചൊന്നും അന്നെനിക്ക് ധാരണയുണ്ടായിരുന്നില്ല. ജനൽപടിയിൽ ഫോൺ എടുത്തുവെയ്ക്കാൻ കഴിയുമെന്നിരിക്കെ, കട്ടിലിനോടു ചേർത്ത് ഒരു കുട്ടിമേശ ഉണ്ടാക്കിയിടണമെന്ന് ഇന്നുവരെ എനിക്ക് തോന്നിയിട്ടുമില്ല. കാലത്തിനൊപ്പം സഞ്ചരിക്കണമെന്ന് പലരും ഉപദേശിക്കാറുണ്ടെങ്കിലും പരിചയിച്ച ശീലം ഉപേക്ഷിച്ചുകൊണ്ടുള്ള ഒരു സഞ്ചാരത്തിനും ഞാൻ ഒരുക്കമല്ല!

മിക്കവാറും ദിവസങ്ങളിൽ തലയണയിൽ ചാരിക്കിടന്നുള്ള എഴുത്തും വായനയും കഴിയുമ്പോഴേക്കും പിടലി മരവിച്ചിട്ടുണ്ടാകും. കണ്ണിനകത്തെ നനവ് വറ്റിയിട്ടുമുണ്ടാകും. നീ എത്ര മണിക്കാണ് ഉറങ്ങാറുള്ളത് എന്നു ചോദിച്ചാൽ അതെനിക്കറിയില്ല. ഉറങ്ങാനായി കിടന്ന സമയത്തെക്കുറിച്ച് പറയാമെന്നല്ലാതെ ഉറക്കത്തിലേക്ക് പ്രവേശിച്ച സമയത്തെക്കുറിച്ച് പറയാൻ ആർക്കും കഴിയില്ലല്ലോ.

എങ്കിലും സോഷ്യൽ മീഡിയയിൽ ഞാൻ കുറിപ്പുകൾ നിക്ഷേപിക്കുന്ന സമയം ശ്രദ്ധിക്കുന്ന അടുത്ത സുഹൃത്തുക്കൾ പലരും ഈ ചോദ്യം ചോദിക്കാറുണ്ട്.

അവരോടൊക്കെ ഞാൻ പറയുന്ന മറുപടിയുണ്ട്: “ഞാൻ ഉറങ്ങുന്നതിനു മുൻപേ എൻ്റെ ചുറ്റുവട്ടത്തുള്ളവരൊക്കെയും ഉറങ്ങിയിട്ടുണ്ടാകും.” അയലത്തെ തൊടിയിലെ മഹാഗണി മരത്തിൻ്റെയും മരുത് മരത്തിൻ്റെയും ശിഖരങ്ങൾക്കിടയിലെ അന്തേവാസികൾ പൂർണ്ണ നിദ്രയിലാണ്ടിട്ടുണ്ടാകും. വിളിപ്പാടകലെയുള്ള സംസ്ഥാന പാതയിലൂടെ ചീറിപ്പായുന്ന വാഹനങ്ങളുടെ ശബ്ദമൊഴിച്ചാൽ നാടും നടവഴികളും ഉറങ്ങിയിട്ടുണ്ടാകും.

ബഹുനിലകെട്ടിടങ്ങൾക്കിടയിൽ ഒറ്റപ്പെട്ടുപോയ മഹാഗണി മരത്തിൽ സ്ഥിരതാമസക്കാരായ പക്ഷിക്കൂട്ടത്തിലും സമയത്തിന് ഉറങ്ങാത്ത ചിലരുണ്ടെന്ന് അടുത്തകാലത്താണ് ഞാനറിഞ്ഞത്. നട്ടപ്പാതിര നേരത്ത് അവരുടെ കലപില കേൾക്കാൻ നല്ല രസമാണ്. അവരുടെ ഭാഷ അറിയില്ലെങ്കിലും പറയുന്നതത്രയും തെറിയാണെന്നും മുഴങ്ങിക്കേൾക്കുന്നത് വെല്ലുവിളികളാണെന്നുമാണ് എനിക്കു തോന്നാറുള്ളത്. അല്ലെങ്കിലും തൊണ്ടപൊട്ടുമാറ് ഉച്ചത്തിൽ ആരുംതന്നെ കുശലം പറയാറില്ലല്ലോ. സോഷ്യൽ മീഡിയയിൽ എത്തിനോക്കാത്തവർക്കിടയിലും എന്നെപ്പോലെ ഉണർന്നിരിക്കുന്നവരുണ്ടെന്ന് ഞാൻ സമാധാനിക്കാറുള്ളത് അവരുടെ കലപില കേൾക്കുമ്പോഴാണ്.

ഫോൺ എടുത്ത് തുറന്നുനോക്കാൻ ഒരുങ്ങിയപ്പോഴേക്കും അതു വീണ്ടും ശബ്ദിച്ചു. കാൾ അറ്റൻഡ് ചെയ്ത ഉടനെ “നീ ഉണർന്നില്ലേ” എന്ന ചോദ്യമാണ് കേട്ടത്. ഉണരാതെ എങ്ങനെയാണ് ഫോൺ അറ്റൻഡ് ചെയ്യുക എന്ന് തിരിച്ചു ചോദിച്ചപ്പോഴാണ് സാധാരണ മനുഷ്യന് അത് സാധ്യമല്ലെന്ന ബോധം അവനുണ്ടായത്.

നമ്മുടെ ഗ്രൂപ്പിൽ നീ വല്ലതും പറഞ്ഞിരുന്നോ.?
ഇല്ല, നേരം വെളുത്തിട്ടല്ലേയുള്ളൂ.. അരമണിക്കൂർ കഴിഞ്ഞ് പറഞ്ഞോളാം.

വേണ്ട, ഇനിയതിൻ്റെ ആവശ്യമില്ല.
അതെന്താ അങ്ങനെ, പ്രശ്നം പരിഹരിച്ചു കഴിഞ്ഞോ.?

“രണ്ടു മണിക്കൂർ മുൻപ് നമ്മുടെ ഹാജ്യാര് മരണപ്പെട്ടു. ആ വിവരം നിന്നോടു പറയാനാണ് ഞാനീ നേരത്ത് വിളിച്ചത്.”

“നമ്മുടെ ഹാജ്യാരോ.. ആരാണത്?”

എൻ്റെ ചോദ്യം അവനത്ര ഇഷ്ടപ്പെട്ടില്ലെന്ന് സംഭാഷണത്തിൽനിന്നും എനിക്ക് ബോധ്യമായി. എന്റേതും കൂടെയാണെന്ന് ഞാൻ വിശ്വസിക്കാത്ത ഏതൊന്നിനെക്കുറിച്ചും ‘നമ്മുടേത്’ എന്ന് പറഞ്ഞാൽ ഞാനത് അംഗീകരിക്കാറില്ല. അതെൻ്റെ സ്വഭാവത്തിൽ അലിഞ്ഞുചേർന്നതാണ്.

മുഖവുര ഒഴിവാക്കി അവൻ സംസാരിക്കാൻ തുടങ്ങി. ഇടയ്ക്ക് അവൻ കിതയ്ക്കുന്നുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. “നീ വല്ലാതെ കിതയ്ക്കുന്നുണ്ടല്ലോ.. നിനക്കെന്തുപറ്റി?”

“എനിക്കൊന്നും പറ്റിയിട്ടില്ലടോ.. ഞാനിപ്പോൾ മോണിംഗ് വാക്കിലാണ്. നടത്തത്തിനൊപ്പം സംസാരവും കൂടെയായതുകൊണ്ടാണ് കിതയ്ക്കുന്നത്. മോണിംഗ് വാക്ക് എന്താണെന്നും എന്തിനാണെന്നും അറിയാത്ത നിനക്കതൊന്നും പറഞ്ഞാൽ മനസ്സിലാകൂലല്ലോ..”

ഹരി പറഞ്ഞതിൽ പകുതി നേരാണ്. ആയുസ്സ് നീട്ടിക്കിട്ടുമെന്ന അബദ്ധധാരണയാൽ ഞാനിന്നുവരെയും പുലർച്ചയ്ക്ക് എഴുന്നേറ്റ് നടന്നിട്ടില്ല. വെളിച്ചം വെക്കുന്നതിനു മുൻപായി നാലു നാഴിക ഓടിയാൽ രോഗം പിടികൂടില്ലെന്ന തെറ്റിദ്ധാരണയും എനിക്കില്ല. അവൻ തന്നെയാണ് ഇതിന് വലിയ തെളിവ്.

ഓർമ്മവെച്ച കാലം മുതൽ ഒരുമിച്ച് കളിച്ചുനടന്നവരാണ് ഞങ്ങൾ. ക്ലാസ്സ്മുറിയിൽ ഒരേ ബെഞ്ചിലായിരുന്നു ഇരിപ്പും. വസ്ത്രത്തിൻ്റെയും ആഹാരത്തിൻ്റെയും കാര്യത്തിൽ മാത്രമാണ് ഞങ്ങൾ വ്യത്യസ്തരായിരുന്നത്.

അച്ഛൻ കർഷകനായിരുന്നതുകൊണ്ട് പട്ടിണിയെന്താണെന്ന് അവനറിഞ്ഞിട്ടില്ല. പള്ളനിറയെ കുത്തരിപ്പത്തിരി നിറച്ചാണ് അവൻ സ്കൂളിൽ വരാറുള്ളത്. എൻ്റെ സ്ഥിതി മറിച്ചാണ്. ദിവസവും പഴങ്കഞ്ഞി കുടിച്ചാണ് ഞാൻ സ്കൂളിലെത്തുക. അവൻ്റെ ചോറ്റുപാത്രത്തിൽ അമ്മ കൊടുത്തയക്കാറുള്ള പത്തിരി തിന്നുകൊണ്ടാണ് കുത്തരിപ്പത്തിരിയുടെ സ്വാദ് ഞാനറിഞ്ഞത്.

വിശപ്പാണ് എന്നെ പഠനത്തിൽ പിന്നിലാക്കിയത്. ഒപ്പമുള്ളവരെ മറികടക്കാനായില്ലെങ്കിലും കൂലിപ്പണിക്ക് പോയി തുടങ്ങാനാണ് ഞാൻ ആഗ്രഹിച്ചത്. ആരോഗ്യസംരക്ഷണത്തിനായി പുലർച്ചെ ഓടുന്നവരുടെ കൂട്ടത്തിൽ ഞാനുൾപ്പെടാതിരുന്നതിൻ്റെ കാരണവും അതുതന്നെ. കൂലിപ്പണിക്കാരനായ ഞാൻ സുഖമായി പുതച്ചുമൂടി കിടന്നുറങ്ങുന്ന നേരത്ത്, സർക്കാർ ഉദ്യോഗസ്ഥനായ അവൻ ആരോഗ്യപരമായ ആശങ്കയാൽ പുലർച്ചെ ഓടിക്കിതക്കുന്നതിൻ്റെ കാരണവും മറ്റൊന്നല്ല.

“ഹാജിയാര് മരണപ്പെട്ട വിവരം ഇത്ര എടങ്ങേറായി എന്നെ വിളിച്ചു പറയാൻ എന്താ കാരണം? വീട്ടിലെത്തിയിട്ട് പറഞ്ഞാൽ പോരായിരുന്നോ?”

“മതിയായിരുന്നു. പക്ഷെ ശ്രദ്ധയിൽനിന്നും വിട്ടുപോയാൽ ഉദ്ദേശിച്ച കാര്യം നടക്കാതെ പോകുമെന്നു കരുതി വിളിച്ചതാണ്. എന്നുവച്ചാൽ അനുസ്മരണ യോഗം ചേരുന്ന കാര്യം!”

“അങ്ങനെയൊരു യോഗവും ഞാനും തമ്മിലെന്ത് ബന്ധം? ഞാനാണോ അത് വിളിച്ചുകൂട്ടേണ്ടത്?”

“നീ വിളിച്ചു കൂട്ടുകയൊന്നും വേണ്ട. നീയൊരു അനുസ്മരണക്കുറിപ്പ് എഴുതി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്താൽ മതി. മതിയെന്നല്ല, ചെയ്യണം. അക്കാര്യം പറയാനാണ് ഞാൻ വിളിച്ചത്.”

എൻ്റെ എഴുത്തുകൾ എൻ്റെ ബോധ്യങ്ങളാണെന്നും മനസ്സാക്ഷിക്ക് നിരക്കാത്തതൊന്നും എഴുതാറില്ലെന്നും എനിക്കവനോട് പറയാമായിരുന്നു. പക്ഷേ ഞാനങ്ങനെ പറഞ്ഞില്ല.

നീ കരുതിയതുപോലെ അനുസ്മരണ കുറിപ്പ് എഴുതാനുള്ള കഴിവൊന്നും എനിക്കില്ല. നാലുവരി എഴുതിയിടാൻ ആർക്കും കഴിയും, പക്ഷേ നീ അതല്ലല്ലോ ഉദ്ദേശിച്ചത്. നാട്ടിലെ മറ്റു എഴുത്തുകാരെക്കൊണ്ട് ചെയ്യിക്കുന്നതാവും നല്ലത്.”

“അച്ഛൻ മരിച്ച സമയത്ത് നീയൊരു കുറിപ്പ് എഴുതിയിരുന്നില്ലേ, അതുപോലെയൊന്ന് തയ്യാറാക്കിയാൽ മതി. ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നതോടൊപ്പം എനിക്കും അയച്ചുതരണം. അതിൽ പറഞ്ഞ കാര്യങ്ങൾ മനഃപാഠമാക്കിയിട്ടുവേണം എനിക്ക് യോഗത്തിൽ പ്രസംഗിക്കാൻ!”

ഹരി പറഞ്ഞത് നേരാണ്. അവൻ്റെ അച്ഛൻ മരിച്ച ദിവസം ഞാനൊരു ഓർമ്മക്കുറിപ്പ് എഴുതിയിരുന്നു. അതിലെ ഓർമ്മകളൊക്കെ എൻ്റെ അനുഭവങ്ങളായിരുന്നു.

ഏക്കറ കണക്കിന് തോട്ടമുണ്ടായിരുന്നിട്ടും നാട്ടുകാരുടെ പട്ടിണിയകറ്റാനാണ് അദ്ദേഹം നെൽകൃഷി തുടർന്നിരുന്നത്. കന്നുകാലികളെ വളർത്തുന്നവർക്ക് സൗജന്യമായി വൈക്കോൽ നൽകുന്ന അദ്ദേഹത്തിൻ്റെ സഹജീവിസ്‌നേഹം തുറന്നുകാട്ടാൻ എനിക്ക് ഏറെ വാക്കുകൾ വേണ്ടിവന്നിരുന്നില്ല.

അദ്ദേഹത്തെ അപേക്ഷിച്ച് ഭൂസ്വത്തിൻ്റെ കാര്യത്തിൽ ഹാജിയാർ ഏറെ മുന്നിലാണ്. അതേസമയം അദ്ദേഹത്തിനുണ്ടായിരുന്ന ഗുണങ്ങളൊന്നും ഹാജിയാരിൽ ഉണ്ടായിരുന്നില്ല. നാട്ടിലെ പ്രമാണിയെന്ന നിലയിൽ ലഭിച്ച ആദരവും അംഗീകാരങ്ങളും സ്വന്തം നേട്ടങ്ങൾക്കല്ലാതെ അദ്ദേഹം ഉപയോഗിച്ചിട്ടില്ല. ഇങ്ങനെയൊരു വ്യക്തിയെക്കുറിച്ച് എങ്ങനെ കുറിപ്പ് തയ്യാറാക്കുമെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല.

ഹരി പറയുന്നത് കേട്ടില്ലെന്ന് വെക്കാൻ എളുപ്പമല്ല. വൈകുന്നേരത്തെ യോഗത്തിൽ അവന് പ്രസംഗിക്കാൻ മറ്റാരെങ്കിലും എഴുതി നൽകണം. ഹാജിയാരിൽ എടുത്തുപറയാവുന്ന നന്മകളൊന്നും ഇല്ലെന്നതായിരുന്നു അവൻ്റെയും പ്രശ്നം.

പതിവുപോലെ കട്ടൻ ചായയും രണ്ടു കഷ്ണം ഉണക്കപ്പുട്ടും കഴിച്ചതിനു ശേഷം ഞാൻ ശൗചാലയത്തിലേക്ക് പുറപ്പെട്ടു. എന്നെ സംബന്ധിച്ചിടത്തോളം ചിന്താലയം കൂടിയാണത്. കഥകൾ രൂപപ്പെടുന്നതും കുറിപ്പുകൾ കൂട്ടിച്ചേർക്കുന്നതും അവിടെയുള്ള സ്വസ്ഥമായ ഇരുത്തത്തിനിടയിലാണ്! ചിന്താലയത്തിൽനിന്നും പുറത്തേക്കിറങ്ങിയപ്പോഴേക്കും ഞാൻ ഒരു തീരുമാനത്തിലെത്തിയിരുന്നു.

സാധാരണയായി ഞാൻ തിരിച്ചുവരുന്ന സമയത്തിനിടയിൽ ഫോണിലേക്ക് വിളികൾ വരാറുള്ളതാണ്. ഇന്ന് അവൻ്റെ മിസ്കാൾ മാത്രമാണ് കണ്ടത്. അവനെ തിരിച്ചു വിളിക്കാതെ അവൻ്റെ വാട്സാപ്പിലേക്ക് ഞാൻ ഒരു കുറിപ്പ് അയച്ചു. മുൻപ് അവൻ്റെ അച്ഛനായി എഴുതിയ കുറിപ്പിലെ പേര് മാത്രം മാറ്റി ‘റീപോസ്റ്റ്’ ചെയ്യുകയായിരുന്നു.

ഒൻപതു മണിയോടെ ഞാൻ ജോലിസ്ഥലത്തേക്ക് പുറപ്പെട്ടു. അവിടെ എത്തുന്നതിനു മുൻപേ ഹരിയുടെ ഫോൺ വന്നു.

“നിൻ്റെ വാട്സാപ്പിൽ എഴുതിയിട്ടിട്ടുണ്ടല്ലോ.. നീ അത് കണ്ടില്ലേ?”
അവനെന്തെങ്കിലും ചോദിക്കുന്നതിനു മുൻപ് ഞാൻ മറുപടി പറഞ്ഞു.

“കണ്ടു. വായിക്കുകയും ചെയ്തു. അച്ഛൻ മരിച്ച ദിവസം ഇതൊക്കെത്തന്നെയല്ലേ നീ എഴുതിയിരുന്നത്? പേര് മാറ്റിയതല്ലാതെ ഒരു വാക്കുപോലും മാറ്റിയിട്ടില്ലല്ലോ, എന്താ അങ്ങനെ?”

ഈ ഹാജിയാര് ജീവിച്ചിരുന്ന കാലത്ത് ജനങ്ങൾക്ക് ഉപകാരമുള്ള ഒന്നും ചെയ്തതായി എൻ്റെ ഓർമ്മയിലില്ല. ഞാനെഴുതിയതൊക്കെയും പച്ചക്കള്ളമാണ്.”

“നീയതൊന്നും കാര്യമാക്കണ്ട. മരണാനന്തരം ഏതു ദുഷ്ടനും മരണാനന്തരം മഹാനായി മാറുന്ന കാലത്താണ് നീയും ഞാനും ജീവിക്കുന്നത്. അനുസ്മരണയോഗം ഒരു ചടങ്ങായി കണ്ടാൽ മതി. ഇനി അങ്ങനെയൊരു കളവ് പ്രസംഗിക്കാൻ നിനക്ക് മനഃപ്രയാസമുണ്ടെങ്കിൽ, അദ്ദേഹത്തിൻ്റെ പേരിനു പകരമായി നിൻ്റെ അച്ഛൻ്റെ പേര് മനസ്സിൽ കരുതിയാൽ മതി.”

കാര്യങ്ങൾ പറഞ്ഞപ്പോൾ അവന് ബോധ്യമായി. കോൾ കട്ട് ചെയ്ത ഉടനെ വീണ്ടും അവൻ വിളിച്ചു.

“നീ വാട്സാപ്പൊന്നു തുറന്നുനോക്ക്. അനുസ്മരണയോഗത്തിൽ സംസാരിക്കുന്നവരുടെ ലിസ്റ്റ് ഞാനതിൽ ഇട്ടിട്ടുണ്ട്.”

ലിസ്റ്റ് പരിശോധിച്ചപ്പോൾ നാട്ടിലെ രാഷ്ട്രീയ-മത നേതാക്കളെല്ലാം അതിലുണ്ട്. കൂട്ടത്തിൽ ഒരു പേര് കണ്ട് ഞാൻ ചോദിച്ചു: അതല്ല ഹരീ.. ലിസ്റ്റിലെ അവസാനത്തെ വ്യക്തി ആരാണ്?”

“ഉമറലി, എന്നുവെച്ചാൽ നീ തന്നെ!”

“എന്തിനാണ് എൻ്റെ അനുവാദമില്ലാതെ എൻ്റെപേര് ചേർത്തത്?
അത് ഒഴിവാക്കിയേക്ക്.”

“നീ അവിടെ സംസാരിച്ചില്ലെങ്കിൽ ഞാൻ കളവു പറയുന്നതായി സദസ്സിലുള്ളവർക്ക് തോന്നും. അതുകൊണ്ടാണ്.”

“അക്കാര്യത്തിൽ നീ ഒറ്റപ്പെട്ടു പോകുമെന്നത് നിൻ്റെ തെറ്റിദ്ധാരണയാണ്. ആ ലിസ്റ്റിലുള്ളവരൊക്കെയും അവിടെ സംസാരിക്കാൻ പോകുന്നത് മായം ചേർക്കാത്ത അസ്സൽ കള്ളങ്ങളാണ്. ജീവിച്ചിരിക്കെ നന്മ ചെയ്യാത്തവരെ മരണശേഷം മഹത്വവൽക്കരിക്കുന്ന പച്ചയായ കള്ളങ്ങൾ!”

വാക്കുകൾ പൂർത്തിയാക്കുന്നതിനു മുൻപായി അവൻ പൊട്ടിച്ചിരിക്കുന്നത് ഞാൻ കേട്ടു. ആ പൊട്ടിച്ചിരിയിൽ പരിസരബോധമില്ലാതെ ഞാനും പങ്കുചേർന്നു.

– കെ.എം സലീം പത്തനാപുരം.

Previous Post

കവിതാസമാഹാരം – ഉയിർത്തെഴുന്നേറ്റവൾ – ഒ. കെ. ശൈലജ

Related Rachanas

തിരിച്ചുവന്നെങ്കിലാ മഞ്ഞുകാലം
കഥ

തിരിച്ചുവന്നെങ്കിലാ മഞ്ഞുകാലം

October 21, 2024

പത്തനാപുരത്ത് എൺപത് പിന്നിട്ട നാലു പേരിലൊരാളാണ് മമ്മദ്ക്ക. ആ നാലുപേരിൽ പ്രായം കൂടിയ വ്യക്തിയും മമ്മദ്ക്കയാണ്. നാൽപതാമത്തെ വയസ്സിൽ ഹജ്ജ് കർമ്മം നിർവ്വഹിച്ചെങ്കിലും പേരിനോടൊപ്പം ഹാജി ചേർത്ത്...

നാടോടുമ്പോൾ
Story 2

നാടോടുമ്പോൾ

September 3, 2024

“പുതിയ കുടുംബത്തിൻ കതിരുകൾ ഉയരുന്നു…. തിരുസഭ വിജയത്തിൽ തൊടുകുറി അണിയുന്നു….. നവദമ്പതിമാരെ ഭാവുകം അരുളുന്നു……” എന്ന ഭക്തിഗാനം സ്പീക്കറിലൂടെ കേട്ടപ്പോൾ ടീച്ചറുടെ മനസ്സിലേക്ക് വന്നത് മാതാപിതാക്കളുടെ നടുവൊടിയുന്നു...

ശാന്തി
കഥ

ശാന്തി

March 25, 2024

നിരത്തുവക്കത്ത് നിന്ന് പലരും ആ വീട്ടിലേക്ക് നോക്കി നിന്നു. ജനലഴികൾ പിടിച്ചു കയറി അകത്തേക്ക് നോക്കി അവൻ "രമേച്ചീ " എന്ന് ഉച്ചത്തിൽ വിളിച്ചു. ആരും വീട്ടിൽ...

മുചി
കഥ

മുചി

March 25, 2024

പെയിന്‍റടിച്ച കോലായിലെ തൂണിൽ എണ്ണമയം കണ്ട് സച്ചി ചോദിച്ചു " ഇതാരാ ഈട വന്നിരുന്നേ. ഇത്രക്ക് തലയിൽ എണ്ണ തേച്ചവരാരാ. ഈ ജമ്മത്തിനി ഇതുപോവുലേ." അപ്പോ ഞാമ്പറഞ്ഞു....

കെവിൻ്റെ കുണുവാവ
കഥ

കെവിൻ്റെ കുണുവാവ

March 9, 2024

ഒരേ കോളേജിൽ ഒന്നിച്ചു പഠിച്ച ഉറ്റ സുഹൃത്തുക്കളായിരുന്നു ഗോകുലും കെവിനും. പഠിക്കുമ്പോൾതന്നെ പ്രണയകുരുക്കിൽ വീണ ഗോകുലിൻ്റെയും തനുവിൻ്റെയും വിവാഹം കോഴ്സ് കഴിഞ്ഞു ക്യാമ്പസിൽ നിന്ന് രണ്ടുപേർക്കും ജോലി...

തവളക്കുളം ശലോമി
കഥ

തവളക്കുളം ശലോമി

March 4, 2024

1960-കളിൽ ആണ്. പള്ളിയുടെ കുടികിടപ്പ് ആയി കിട്ടിയ 3 സെൻറിൽ താമസിക്കുന്ന 50 വയസ്സോളം പ്രായമുള്ള ശലോമി; ആ വീട്ടിൽ ഒറ്റയ്ക്കാണ് താമസം. നാട്ടിലെ സമ്പന്ന കുടുംബങ്ങളിൽ...

POPULAR

ലഹരിയും സമൂഹവും

ലഹരിയും സമൂഹവും

August 3, 2023
പ്രേമലു – റിവ്യൂ

പ്രേമലു – റിവ്യൂ

March 4, 2024
മലേഷ്യൻ  ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ആമുഖം

മലേഷ്യൻ ദൃശ്യചാരുത എൻ്റെ കണ്ണുകളിലൂടെ – ആമുഖം

January 31, 2024

സ്വന്തമല്ലാത്തത്

September 2, 2023

ഹറാം സാല

September 18, 2023

DISCLAIMER

www.malayalamrachanakal.in - ല്‍ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനം തുടങ്ങിയ എല്ലാ രചനകളുടെയും പൂർണ്ണ ഉത്തരവാദിത്വം, അതത് ലേഖകര്‍ക്കു മാത്രമായിരിക്കും. ഈ വെബ്‌സൈറ്റിലെ ഉള്ളടക്കം (രചനകൾ, ചിത്രങ്ങൾ തുടങ്ങിയവ) സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ബന്ധപ്പെടുക.
Contact Us

About

പ്രിയഎഴുത്തുകാരുടെ മനോഹരങ്ങളായ രചനകൾ ഒരേ ഇടത്തിൽ ലഭ്യമാക്കുവാനും കൂടുതൽ ആസ്വാദകരിലേയ്ക്ക് എത്തിക്കുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു പുതിയ വേദി.

Categories

  • പുതിയവ
  • കഥ
  • കവിത
  • ലേഖനം

Categories

  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

Recent Posts

  • അനുസ്മരണം – കഥ 1
  • കവിതാസമാഹാരം – ഉയിർത്തെഴുന്നേറ്റവൾ – ഒ. കെ. ശൈലജ
  • നടനയാഗം – കഥാ സമാഹാരം – മണി മുതുതല
  • വനിതാ ദിനം – മാർച്ച് 8, 2026
  • Home
  • About
  • Contact Us
  • Privacy Policy
  • Terms of Service

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

No Result
View All Result
  • Home
  • About
  • Contact Us
  • കവിത
  • കഥ
  • ലേഖനം
  • നോവൽ
  • നിരൂപണം
  • ഗാനം
  • പുസ്തകം

© 2026 മലയാളം രചനകൾ എഴുത്ത് കൂടാരം by ScrollList.

SUPPORT : +91 8281475397