നാടകവണ്ടികൾ നാടുകൾ തോറും ഓടിയൊരു കാലം.
നാടകം കാണാൻ പായയും പേറി മണ്ടിയൊരു കാലം.
തട്ടിലാടും നാടകമെല്ലാം നാട്ടിൽ നടക്കും നെറികേടാണേ
നാടകം കണ്ടവർ കണ്ടവർ കാതിൽ കാതിൽ ഓതി നടക്കും.
ഞാറ്റുപാട്ടുകൾ കെട്ടി പാടിപ്പാടി നടന്നൊരു കാലം.
നാടുവാഴുന്നവരുടെ നേരേ നാടക കലയുടെ വാൾമുനനീളും.
നാടകവണ്ടികളോടും തോറും നാട്ടിൽ നെറികേടില്ലാതാവും.
ഇന്നാ നാട്ടിൽ നവ നവ നാടക വണ്ടികളോടുന്നൊരു കാലം.
വേദിയിലാടും പുത്തൻ നാടകം കാണാനാളില്ലാത്തൊരു കാലം.
അന്നം നൽകാൻ അദ്ധ്വാനിച്ചവർ പട്ടിണി മൂലം പട്ടടയായി.
സമത്വം സമത്വം പാടിനടന്നവർ നെറികേടിൻ സമത്വം പേറിനടക്കുന്നു.
രോഗം മൂലവും പട്ടിണി മൂലവും മരണം ഏറേ നടക്കുന്നിവിടെ..
വിളവുകൾ തിന്നും വേലിക്കുണ്ടോ വിളയുടെ യാതന കാണാൻ നേരം.
ജനതേ, ജനതേ, ആടുക വേദിയിൽ നന്മകൾ നിറയും നാടകമാടുക.
– കോമളം പരമേശ്വരൻ, പാലക്കാട്.