മഴ ചിലപ്പോൾ അങ്ങിനെയാണ്
ആർത്തലച്ചു കടന്ന് വരും
സങ്കടത്താൽ കെട്ടിപ്പിടിച്ച്
അലമുറയിട്ട് കടന്നു പോകും
എല്ലാവരും കുളിച്ച്
വിശുദ്ധി വരുത്തി
എന്നുറപ്പാക്കും
ചിലപ്പോൾ
മുഖം കറുപ്പിച്ച്
പൊട്ടാറായ
മൺചിറ പോലെ
കറുത്ത് തുടുത്ത്
കാത്തിരിക്കും
അന്നേരം
നമുക്കെല്ലാവർക്കും
മൂന്ന് നേരം
അത്താഴമായിരിക്കും
എന്തെ ഈ മഴയുടെ
മുഖത്തൊരു സന്തോഷവും
ഇല്ലല്ലോ എന്ന്
മൂന്നും ക്കൂട്ടി
മുറുക്കി തുപ്പി
കാലും നീട്ടിയിരുന്ന്
അമ്മൂമ്മ കുശലം
ചോദിക്കും
നേരം ഇരുട്ടായീട്ടും
ഉറങ്ങാറായില്ലേയെന്ന്
ചീവീട് ചെവിയിൽ
സ്വകാര്യം പറയും
മൊത്തം ഇരുട്ടായവർക്ക്
വെളിച്ചം വീശി
അന്നേരം മിന്നാ മിനുങ്ങ്
വരുന്നുണ്ടാവും
– ശിവൻ തലപ്പുലത്ത്