വെറോനിക്ക അമ്മച്ചിയുടെ നാല്പത്തിയൊന്നാം ചരമദിനം. ഈ നാടു മുഴുവനും ഇന്ന് കൊരട്ടി മുത്തി പള്ളിയിലേക്ക് എത്തും. കാരണം കൊരട്ടിയിലെ ഓരോ പുൽക്കൊടിയ്ക്കും അമ്മച്ചിയെ അറിയാം, അമ്മച്ചിക്ക് അവരെയും. മരിക്കുമ്പോൾ അമ്മച്ചിക്ക് വയസ്സ് 98. അഞ്ചടിയിൽ താഴെ ഉയരമുള്ള അമ്മച്ചി പതിനഞ്ചാമത്തെ വയസ്സിൽ ആജാനുബാഹുവായ ലോനപ്പൻ്റെ കയ്യും പിടിച്ച് ഈ നാട്ടിൽ എത്തിയതാണ്. വലിയ ബിസിനസ്സുകാരനായ ലോനപ്പൻ്റെ കൂടെ ജീവിക്കാൻ ഭാഗ്യം ലഭിച്ചത് 30 വർഷം മാത്രം. ഒരു ഹാർട്ട് അറ്റാക്കിൻ്റെ രൂപത്തിൽ ലോനപ്പനെ കർത്താവ് നേരത്തെയങ്ങു വിളിച്ചു കൊണ്ടുപോയി. മല്ലന്മാരായ 8 പുരുഷകേസരികളും അമ്മച്ചിയെ പോലെ തന്നെ കതിരു പോലത്തെ മൂന്നു പെൺകൊടികളും ആ ദാമ്പത്യവല്ലരിയിൽ പൂത്തു. മൂത്തത് പെൺമക്കൾ ആയിരുന്നതുകൊണ്ട് ഭാഗ്യത്തിന് ലോനപ്പൻ പോകുന്നതിനു മുമ്പേ പെൺമക്കളുടെ കല്യാണവും പേറും പെറപ്പും എല്ലാം കഴിഞ്ഞിരുന്നു.
കുഞ്ഞല അതായിരുന്നു മൂത്ത മരുമകളുടെ പേര്. സാമ്പത്തികഭദ്രത അല്പം കുറവാണെങ്കിലും ഇവരെക്കാൾ മുന്തിയ തറവാട്ടിലെ പെൺകുട്ടി. അതുകൊണ്ടായിരിക്കാം കുഞ്ഞലയുടെ പെരുമാറ്റത്തിലും സംസാരത്തിലും ഒക്കെ ആ അച്ചടക്കവും തറവാടിത്തവും ഉണ്ടായിരുന്നു. ആദ്യത്തെ കുറച്ചുനാള് വെറോണിക്ക മരുമകളെ സ്നേഹിച്ചുകൊണ്ട് നടന്നെങ്കിലും പിന്നീട് ഭാവം മാറി. അമ്മച്ചി ദിനംപ്രതി പുതിയ പുതിയ യുദ്ധമുറകൾ പുറത്തെടുത്തു. എഴുപതുകളിൽ ഗ്യാസ് അടുപ്പ് കേരളത്തിൽ എത്തിയെങ്കിലും അത് ഷോ കേസിലെ പോലെ ഭംഗിയ്ക്ക് വെച്ചു. എല്ലാവരും വാങ്ങിയപ്പോൾ നമ്മൾ വാങ്ങിയില്ലെങ്കിൽ മോശമല്ലേ അതുകൊണ്ട് വാങ്ങിച്ചതാണ് അല്ലാതെ അത് കത്തിക്കേണ്ട എന്നായിരുന്നു അമ്മച്ചിയുടെ ഓർഡർ. അതുപോലെ പ്രഷർകുക്കർ, കാസറോൾ,ഗ്രൈൻഡർ, ഓവൻ മിക്സി….. ഇതിൻ്റെയൊക്കെ എന്തെങ്കിലും നെഗറ്റീവുകൾ റിസർച്ച് നടത്തി കണ്ടുപിടിച്ച് ഇതൊക്കെ അലങ്കാര വസ്തുക്കളായി ഉപയോഗിക്കാൻ സമ്മതിക്കാതെ വച്ചിരുന്നു.
അതിരാവിലെ പള്ളിയിലേക്ക് പോകുന്ന അമ്മച്ചി തിരികെ വന്നിരുന്നത് പള്ളിയിൽ നിന്നുപോകുന്ന അവസാനത്തെ ആൾ ആയിട്ടായിരിക്കും. നാട്ടുകാർ ‘പരദൂഷണ കമ്മിറ്റി’ എന്ന് കളിയാക്കി വിളിച്ചിരുന്ന കുടുംബ സംഗമങ്ങൾ, പള്ളികമ്മിറ്റികൾ……ഇവിടുത്തെയൊക്കെ പ്രധാന സാരഥി അല്ലെങ്കിൽ നെടുംതൂൺ വെറോണിക്ക ചേട്ടത്തി ആയിരുന്നു. ചേടത്തിയുടെ സ്വന്തം വീട്ടിൽ എന്നല്ല ആ ഇടവകയിലെ ഏതെങ്കിലും വീട്ടിൽ മരുമക്കൾ എന്തെങ്കിലും തെറ്റായി പ്രവർത്തിച്ചാൽ ആദ്യം കമ്മറ്റിയിൽ അവർ പ്രശ്നം അവതരിപ്പിക്കും. ഇടവകയിലെ അറുപതിന് മുകളിൽ പ്രായമുള്ള എല്ലാ അമ്മച്ചിമാരും ഇവിടത്തെ അംഗങ്ങളാണ്. പിന്നെ കമ്മറ്റി അംഗങ്ങൾ എല്ലാവരും ചേർന്ന് ഗൂഢാലോചന……പിന്നെ ഫയർ…. . അതോടെ മരുമകൾ ഫ്ലാറ്റ്. അതുകഴിഞ്ഞ് നമ്മൾ ഇതെത്ര കണ്ടതാ, എത്ര പേരെ ഒതുക്കിയതാ……. എന്ന മട്ടിൽ എല്ലാവരും കൂടി കൂട്ടചിരി ചിരിച്ച്
“ചെമ്മീൻ ചാടിയാൽ മുട്ടോളം
പിന്നേം ചാടിയാൽ ചട്ടിയില്”
ഈ പഴഞ്ചൊല്ല് പാടും.
വിറക് അടുപ്പിൽ തീ ഊതി ഭക്ഷണം പാകം ചെയ്യുന്ന പാവം കുഞ്ഞലയെ ഒരു കൈ സഹായിക്കരുതോ എന്ന് ആരെങ്കിലും വിവരവും വിവേകവും ഉള്ളവർ അമ്മച്ചിയോട് ചോദിച്ചാൽ അമ്മച്ചി ഉടനെ പറയും മറുപടി. “ഞാൻ കൃത്യമായി പള്ളിയിൽ പോയി പ്രാർത്ഥിക്കുന്നത് കൊണ്ടല്ലേ അവരുടെ ബിസിനസ് വെച്ചടി വെച്ചടി കയറ്റം മാത്രമല്ലേ ഉള്ളൂ “. എന്ന്. അങ്ങനെ പറഞ്ഞ് അമ്മച്ചി എല്ലാവരുടെയും വായടപ്പിക്കും. പാവം കുഞ്ഞല ഒരക്ഷരം മിണ്ടാതെ തൻ്റെ മക്കളുടെ കാര്യവും ഭർത്താവിനും അനിയന്മാരും ഉള്ള ആ വലിയ കുടുംബത്തിനുവേണ്ട ഭക്ഷണം പാകം ചെയ്യുന്ന ഉത്തരവാദിത്തങ്ങളും വീട്ടുജോലികളും മുഴുവനും യാതൊരു മുറുമുറുപ്പും മടിയും കൂടാതെ ചെയ്യും. കുഞ്ഞല കേൾക്കെ ചേടത്തി എല്ലാവരോടും പറയും. “അവളുടെ വീടിനെ വെച്ചുനോക്കുമ്പോൾ അവൾക്ക് ഇവിടെ സ്വർഗ്ഗം അല്ലേ സ്വർഗ്ഗം! ഉച്ചയ്ക്ക് ഒരു രണ്ടു മണി എന്നൊരു സമയമുണ്ടെങ്കിൽ അവൾ പോത്തു പോലെയല്ലേ കിടന്നുറങ്ങുക. ഇതൊക്ക വേറെ ഏതു വീട്ടിൽ നടക്കും? “
അങ്ങനെയിരുന്നപ്പോൾ രണ്ടാമത്തെ മകൻ വലിയ സ്ത്രീധനം വാങ്ങി കല്യാണം കഴിച്ചു. സ്ഥിതിഗതികൾ മാറി മറിഞ്ഞു. രണ്ടാമത്തെ മരുമകൾ കുളിക്കാൻ വെള്ളം ചൂടാക്കുന്നത് വരെ ഗ്യാസടുപ്പിൽ. അമ്മച്ചി എന്തെങ്കിലും പറഞ്ഞാൽ പറഞ്ഞതിൻ്റെ പത്തിരട്ടി വരും മറുപടി. തറവാടിത്തം ഇല്ലാത്ത പുതുകാശുകാരി ആയതുകൊണ്ടാണ് നീ ഇങ്ങനെ ആയിപ്പോയത് എന്നൊക്കെ പറഞ്ഞു സ്ഥിരം വഴക്ക് ആയപ്പോൾ രണ്ടാമൻ അവളെയും കൊണ്ട് വീടു മാറി. ചേടത്തിയും വിചാരിച്ചു നല്ല കാര്യം. അല്ലെങ്കിൽ ഇവൾ കുഞ്ഞലയെ കൂടി ചീത്തയാക്കും. മൂന്ന് മുതൽ എട്ട് വരെയുള്ളവർ കെട്ടിയപ്പോഴും സ്ഥിതി ഇതു തന്നെ. മാക്സിമം ഒരു വർഷം, അല്ലെങ്കിൽ ആറുമാസം അവരൊക്കെ ജീവനുംകൊണ്ട് ഓടും. അല്ലെങ്കിൽ ചേടത്തി ഓടിക്കും.
ഉച്ചയ്ക്ക് ഉണ്ടാക്കുന്ന ഒരു ഭക്ഷണവും അമ്മച്ചി രാത്രി കഴിക്കാറില്ല. എല്ലാം പുതിയതായി ചൂടോടെ വൈകുന്നേരം വീണ്ടും ഉണ്ടാക്കണം. അത് ചേടത്തിയുടെ മറ്റൊരു അടവ്. കുഞ്ഞലയുടെ ടിവി കാഴ്ച കലക്കാൻ ഉള്ള പരിപാടി. തിരുവായ്ക്ക് എതിർവായില്ലാതെ ഇതൊക്കെ കുഞ്ഞല അനുസരിക്കുന്നത് കാണുമ്പോൾ ബാക്കി അനിയത്തിമാർക്ക് ഒക്കെ അത്ഭുതമാണ്.
എന്നെ കല്യാണം കഴിപ്പിച്ചു വിടുന്നതിൻ്റെ തലേദിവസം എൻ്റെ അമ്മ പറഞ്ഞത്. “നാളെ തൊട്ട് നിനക്കൊരു ചെവി, ഒരു കണ്ണ് മാത്രമേ ഉണ്ടാകാവൂ എന്നാണ്. അതായത് കാണുന്നതും കേൾക്കുന്നതും ഒക്കെ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുക. സംസാരത്തിൽ തെറ്റു വരുത്താതിരിക്കുക. അതിനു കുറച്ചു പൊട്ടി ആയി അഭിനയിക്കുക. ഒരു പരാതിയും പറഞ്ഞുകൊണ്ട് ഇങ്ങോട്ട് വരേണ്ട. ഇനി നിൻ്റെ വീട് അതാണ്. ആ വീട്ടിലുള്ളവരെ സ്നേഹംകൊണ്ടും ക്ഷമ കൊണ്ടും കീഴ്പ്പെടുത്തുക.” അത് അക്ഷരംപ്രതി പാലിച്ച് ആയിരുന്നു കുഞ്ഞലയുടെ മുന്നോട്ടുള്ള ജീവിതം.
കാലചക്രം ഉരുണ്ടു.
കുഞ്ഞലയുടെ മൂത്ത മകൻ വിവാഹം കഴിച്ചു കൊണ്ടുവന്നത് കാനഡയിൽ പഠിച്ചു വളർന്ന അവൻ്റെ കൂടെ ഓഫീസിൽ ജോലി ചെയ്യുന്ന പെൺകുട്ടിയെ. എല്ലാം കൂടി പത്തു ദിവസം അവരിവിടെ ഉണ്ടാകും. അമ്മച്ചി ഒന്ന് കണ്ണടയ്ക്കണം എന്ന് കുഞ്ഞല അമ്മച്ചിയുടെ കാലു പിടിച്ചു പറഞ്ഞിരുന്നു. ആദ്യമായി അവൾ ആവശ്യപ്പെട്ട കാര്യമായതു കൊണ്ട് അമ്മച്ചി ആ അപേക്ഷ അനുഭാവപൂർവം പരിഗണിച്ചു. എങ്കിലും അമ്മച്ചി അവരെ നന്നായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. പെൺകുട്ടിയുടെ കടയപ്പതീറ്റകൾ, എല്ലാവരും താല്പര്യത്തോടെ സീരിയൽ കണ്ടുകൊണ്ടിരിക്കുമ്പോൾ തന്നിഷ്ടത്തിന് ചാനൽ മാറ്റുക, അവളുടെ വസ്ത്രധാരണ രീതികൾ, സെൽഫി എടുക്കൽ, പേരക്കുട്ടിയുടെ മടിയിൽ കയറി ഇരുന്നുള്ള ടീവി കാഴ്ച, പരസ്യമായി പേരക്കുട്ടിയുടെ നേരെ ഷൗട്ട് ചെയ്യുക, ഗുസ്തി പിടിക്കുക, പരസ്പരം വിളിക്കുന്നതോ എടാ, പോടാ എന്നൊക്ക ………. എല്ലാം അത്ഭുതകാഴ്ചകൾ ആയിരുന്നു. ഏതായാലും ഇവർ കാനഡയ്ക്ക് മടങ്ങിയതോടെ അമ്മച്ചിക്ക് വലിയ മാറ്റം വന്നു. ഇങ്ങനെയും പെൺകുട്ടികൾ ഉണ്ടെന്ന് അപ്പോൾ ആണ് മനസ്സിലായത്.
പിന്നീട് അമ്മച്ചി കുഞ്ഞലയെ വിളിച്ചിരുത്തി പറയും. “എനിക്ക് അറിയാം ഞാൻ നിന്നെ ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. നീ ഒരു പാവം ആയതുകൊണ്ട് എല്ലാം ക്ഷമിച്ചു, സഹിച്ചു. മരിക്കുമ്പോൾ എൻ്റെ എല്ലാ സ്വർണവും നിനക്ക് ഉള്ളതാ കേട്ടോ എന്ന്.” കുഞ്ഞലയ്ക്ക് ഉള്ളിൽ ചിരി പൊട്ടും. ഒരു ജീവിതം മുഴുവൻ എന്നെ പുകച്ചു കളഞ്ഞിട്ട് അമ്മച്ചിയുടെ ഒരു പശ്ചാത്താപം. പക്ഷേ കുഞ്ഞല അതിനും മറുപടി ഒന്നും പറയില്ല. തൻ്റെ കടമകൾ ഭംഗിയായി ചെയ്തു തീർക്കും. ഭാഗ്യത്തിന് അമ്മച്ചിയ്ക്ക് 98 വയസ്സിൽ മരിക്കുന്നതുവരെ കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. 8+3=11 പ്രസവ ശുശ്രൂഷകൾ ഒക്കെ ഗംഭീരമായി ചെയ്തതുകൊണ്ട് ആകാം ഒരു മൂക്കിൽ പനി വന്നു പോലും ചേട്ടത്തിയുടെ നിത്യേനയുള്ള പള്ളിയിൽ പോക്ക് മുടങ്ങിയിട്ടില്ല.
അപ്പോൾ നമ്മൾ പറഞ്ഞു വന്നത് ചേടത്തിയുടെ നാല്പത്തിയൊന്നാം ചരമ ദിനത്തിൻ്റെ കാര്യമാണല്ലോ. ചേടത്തിക്കുള്ള പ്രത്യേക കുർബാനയിലെ പ്രസംഗത്തിൽ ചേട്ടത്തിയെ വാനോളം പുകഴ്ത്തി വൈദീകർ. ഒരാൾ മരിച്ചു കഴിഞ്ഞാൽ മാത്രം കിട്ടുന്ന അനുഗ്രഹവും അംഗീകാരവും. ഇടവപ്പാതി, തുലാംമാസങ്ങളിലെ കോരിച്ചൊരിയുന്ന മഴയത്തും കുംഭം, മീനച്ചൂടിലും അങ്ങനെ ഒരൊറ്റ ദിവസം പോലും മുടങ്ങാതെ ചേടത്തി പള്ളിയിൽ ഹാജർ ഉണ്ടായിരുന്നു. അതായിരുന്നു അച്ചന്മാർ കണ്ട മേന്മ. കുഞ്ഞലയും പെൺമക്കളും ഒഴിച്ച് ഈ പ്രസംഗം കേട്ട് എല്ലാവരും ഊറിച്ചിരിച്ചു. കുർബാന കഴിഞ്ഞ് എല്ലാവരും സിമിത്തേരിയിലേക്ക് നീങ്ങി. സെമിത്തേരിയിലെ കല്ലറയുടെ അടുത്തുള്ള ഒപ്പീസ് (മരിച്ചവർക്കുവേണ്ടിയുള്ള പ്രാർത്ഥന) തുടങ്ങി. കുന്തിരിക്കത്തിൻ്റെയും ചന്ദനത്തിരിയുടേയും സുഗന്ധത്തിന് ഇടയിൽ കത്തിച്ചുവെച്ച മെഴുകുതിരിയുടേയും പൂക്കളുടെയും നടുവിൽ മക്കൾ കല്ലറയിൽ കൊത്തിവച്ചിരിക്കുന്ന വേദപുസ്തകത്തിലെ ദൈവവചനം എല്ലാവരുടെയും ശ്രദ്ധയിൽപ്പെട്ടു.
“ ഞാൻ നന്നായി പൊരുതി; എൻ്റെ ഓട്ടം പൂർത്തിയാക്കി; വിശ്വാസം കാത്തു. (2 . തിമോത്തി 4: 7 )
ഹാളിലെ സ്നേഹവിരുന്ന് കഴിഞ്ഞു വൈദീകനും കപ്യാരും ബന്ധുക്കളും നാട്ടുകാരുമൊക്കെ പിരിഞ്ഞു. അന്നേരം ഒരു നിശ്വാസത്തോടെ കുഞ്ഞല ഈ ദൈവവചനത്തിന് മനസ്സിൽ ചെറിയൊരു മാറ്റം വരുത്തി.
“ഞാൻ നന്നായി പോര് എടുത്തു. എൻ്റെ ഓട്ടം പൂർത്തിയാക്കി. വിശ്വാസം കാത്തു. “കാനഡ പേരമരുമകൾ ഇവിടെ സ്ഥിരമായിട്ടുണ്ടായിരുന്നെങ്കില്‍ അവൾ അമ്മച്ചിയെ പൊരിച്ചു പൊരിയാക്കിയേനെ.
– മേരി ജോസി മലയിൽ, തിരുവനന്തപുരം.