ഇന്ന് നാല്പത്തി ഒമ്പതാമത് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുമ്പോൾ, ഐക്യരാഷ്ട്രസഭ തീരുമാനിച്ച തീം ഇതാണ്. “സ്ത്രീകളിൽ നിക്ഷേപിക്കുക ; പുരോഗതി ത്വരിതപ്പെടുത്തുക. (Invest in women ; Accelerate progress)
സ്ത്രീകളുടെ കഴിവുകൾ തിരിച്ചറിയാനും ഓരോ പെൺകുട്ടിക്കും സുരക്ഷിതത്വവും ശാക്തീകരണവും അനുഭവപ്പെടുന്ന ഒരു ലോകം സൃഷ്ടിക്കുന്നതിനുള്ള ഒരു ഓർമ്മപ്പെടുത്തലാകട്ടേ ഈ ദിനം.
ഈ വനിതാദിനത്തിൽ ഞാൻ എഴുതാൻ ആഗ്രഹിക്കുന്നത് എൻ്റെ ഭർതൃ സഹോദരൻ്റെ മകളും കാലടി സംസ്‌കൃതസർവ്വകലാശാലയിൽ പ്രൊഫസറും സിന്ഡിക്കേറ്റ് അംഗവുമായ ഡോ. ബിച്ചു എക്സ്. മലയിലിനെ കുറിച്ചാണ്.
പാരമ്പര്യത്തിൻ്റെയും രാഷ്ട്രീയത്തിൻ്റെയും തീവ്രബോധം നന്നേ ചെറുപ്പത്തിൽ തന്നെ ഉൾക്കൊണ്ട് ജീവിതത്തിൽ ധീരമായ നിലപാടുകൾ എടുത്തിരുന്ന ഒരു അച്ഛൻ്റെ മകൾ!
വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയത്തിൽ സജീവം. ശ്രോതാക്കളെ പിടിച്ചിരുത്തുന്ന പ്രസംഗശൈലി, എഴുത്തിലും സാമൂഹിക പ്രവർത്തനത്തിലും മികവു തെളിയിച്ച വ്യക്തിത്വം. ഉത്തമ കുടുംബിനി.
കാലടി സംസ്കൃത സർവകലാശാല പ്രൊഫസർ, തുറവൂർ ക്യാമ്പസിൻ്റെ ഡയറക്ടർ, തകഴി സ്മാരകത്തിൻ്റെ വൈസ് ചെയർമാൻ, പുരോഗമനകലാ സാഹിത്യ സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ, അസോസിയേഷൻ ഓഫ് യൂണിവേഴ്സിറ്റി ടീച്ചേർസ് സംസ്ഥാന മുൻ ജനറൽ സെക്രട്ടറി, ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി ടീച്ചേർസ് അസോസിയേഷൻ്റെ ഭാരവാഹി, ആലപ്പുഴ ജില്ല ടേബിൾ ടെന്നീസ് അസോസിയേഷൻ്റെ പ്രസിഡന്റ്, ആലപ്പുഴ ജില്ല ഒളിമ്പിക്സ് അസോസിയേഷൻ്റെ വൈസ് പ്രസിഡന്റ്, ആലപ്പുഴ വള്ളംകളിയുടെ commentator…. അങ്ങനെ നീളുന്നു ഈ ബഹുമുഖപ്രതിഭ അലങ്കരിക്കുന്ന പദവികളുടെ നിര. 2019 മുതൽ 2022 വരെ തുടർച്ചയായി മൂന്നു വർഷം ഭാരതത്തിൽ തന്നെ ആദ്യമായി ഒരു വനിത, സർവ്വകലാശാല അധ്യാപക സംഘടനയുടെ ജനറൽ സെക്രട്ടറി പദവി അലങ്കരിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു. ഇപ്പോൾ സംസ്‌കൃത സർവ്വകലാശാലയുടെ സിന്ഡിക്കേറ്റ് അംഗവും അക്കാഡമിക് റിസർച്ചിൻ്റെ കൺവീനറും കൂടി ആണ്.
സാഹിത്യ പ്രവർത്തക സഹകരണസംഘം പുറത്തിറക്കിയ പത്രഭാഷാ ശൈലീനിഷ്ഠ പഠനം, എം. ടി. യുടെ തറവാടുകൾ, ഫേസ്ബുക്ക്, മലയാള കവിത പഠനങ്ങൾ – കാലവും കാഴ്ചയും… ..പത്തോളം പുസ്തകങ്ങൾ അമ്പതോളം ഗവേഷണപ്രബന്ധങ്ങൾ….. ഇവയെല്ലാം ശ്രീമതി ബിച്ചുവിൻ്റെ നേട്ടങ്ങളുടെ പട്ടികയിൽപെടും.
ഭരണ നിർവ്വഹണത്തിൻ്റെ മാധ്യമം മാതൃഭാഷ ആയിരിക്കണം എന്ന നയം സർക്കാർ സ്വീകരിച്ചതിൻ്റെ ഭാഗമായാണ് കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചിട്ടുള്ളത്. 1961ൽ- പട്ടംതാണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്താണ് മലയാളത്തിൽ ഒരു വിജ്ഞാനകോശം തയ്യാറാക്കുന്നതിന് വേണ്ട ആദ്യ ശ്രമമാരംഭിച്ചത്. സർവ്വവിജ്ഞാനകോശത്തിൻ്റെ 15 വാല്യങ്ങൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഭരണ സമിതി അംഗമായി ഡോ. ബിച്ചു എക്സ്. മലയിലിനെ ഉൾപ്പെടുത്തി പുനസംഘടിപ്പിച്ച് കേരള സർക്കാർ സാംസ്കാരിക വകുപ്പ് ഈയിടെ ഉത്തരവിറക്കി.
ഈ അധികചുമതല കൂടി വഹിക്കാൻ തയ്യാറായ ഡോക്ടർ ബിച്ചു എക്സ്. മലയിലിനു എല്ലാ ഭാവുകങ്ങളും നേരുന്നു.
പതിമൂന്നോളം പദവികൾ അലങ്കരിക്കുമ്പോഴും അതൊന്നും തലയ്ക്കു പിടിക്കാത്ത വ്യക്തിത്വം. പ്രതിസന്ധികളെ പുഷ്പംപോലെ തരണം ചെയ്യുന്നത് കണ്ട് അത്ഭുതത്തോടെ, ആരാധനയോടെ ഞാൻ നോക്കി നിന്നിട്ടുണ്ട്.
സമാജവാദി ജനപരിഷത്ത് നാഷണൽ പ്രസിഡണ്ടും അഡ്വക്കേറ്റും ആയ ഭർത്താവ് ജോഷി ജേക്കബ്, ദില്ലി ശിവനാടാർ യൂണിവേഴ്സിറ്റി ഓഫ് എക്സലൻസിൽ പിഎച്ച്ഡി ചെയ്യുന്ന മകൾ തെരേസ, സാർക്കിൻ്റെ സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റിയിലെ എം. എ. ഒന്നാം വർഷ വിദ്യാർത്ഥി ജേക്കബ്, ദേശീയ ടേബിൾ ടെന്നീസ് താരമായ മറിയ ഇതാണ് ഡോക്ടറിൻ്റെ കുടുംബവിശേഷങ്ങൾ. ജോഷിക്ക് നല്ലൊരു ഭാര്യ. ജേക്കബിനും തെരേസയ്ക്കും മറിയയ്ക്കും നല്ലൊരു അമ്മ. അവരുടെ ഏതാവശ്യത്തിനും അവരോടൊപ്പം….
സഹായമഭ്യർത്ഥിക്കുന്നവരോട് മുൻ പിൻ നോക്കാതെ സഹായിക്കാനുള്ള മനസ്സ്….. ഈ വനിതാ ദിനത്തിൽ സ്നേഹപൂർവ്വം ഇതൊക്കെ ഞാൻ ഓർമ്മിക്കുന്നു. ഒപ്പം വനിതാ ദിനാശംസകളും നേർന്നു കൊണ്ട്…….
– മേരി ജോസി മലയിൽ, തിരുവനന്തപുരം.