രൂപം കൊണ്ടിട്ടുള്ളതിൽ കാണാവുന്നതും കേൾക്കാവുന്നതും, ഇത് രണ്ടുമല്ലാതെ തിരിച്ചറിയാവുന്നതുമായ എന്തിനും; ശാസ്ത്രീയവും സമഗ്രവും ആധികാരികവുമായ നിർവചനം സാധ്യമാക്കിയ കാലമാണ് പുതിയ കാലം.ആ നിർവചനങ്ങളുടെ നിർമ്മാണത്തിൽ മനുഷ്യനും സമുഹത്തിനും പ്രകൃതിക്കും അതിന്റേതായ പങ്കു മുണ്ട്. മനുഷ്യനെക്കുറിച്ചും ഭൂഗോള വാസികളായ ഇതര ജീവജാലങ്ങളെക്കുറിച്ചും പ്രത്യേകിച്ചൊരു നിർവചനവുമെഴുതാതെ,എഴുതിയതെല്ലാം പിന്നീട് അവയുടെ നിർവചനങ്ങളായി മാറാൻ കാരണമായി മാറിയ ഒരേയൊരു ജൈവ ദീർഘ പദമാണ് വൈക്കം മുഹമ്മദ് ബഷീർ. ‘ബഷീർ’ എന്നൊതുക്കിപ്പറയുന്ന ഭൂഗോളം തന്നെയാണത്. ബഷീർ കൈ തൊടാത്തത് കണ്ടെത്താൻ കൈ തൊട്ടത് കണ്ടെത്തിത്തീർന്നെങ്കിൽ മാത്രമേ കഴിയൂ. സ്വയം നിറഞ്ഞ്,സ്വയം പരന്ന്,സ്വയം പടർന്ന്,സ്വയമറിഞ്ഞ്,സ്വയം പറഞ്ഞ് ”അഹം ബ്രഹ്മാസ്മി’ എന്ന ഉപനിഷദ്വാക്യത്തെ സാർവ്വലൗകികമാക്കിയ കലയാണ് വൈക്കം മുഹമ്മദ് ബഷീർ.ഇതിയാനെക്കുറിച്ചെഴുതാനിരിക്കുന്ന ഒരുവൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികൾ ഇങ്ങേരെഴുതിയ എന്തിനെക്കുറിച്ചെഴുതുമെന്നുള്ളതാണ്? മറ്റൊന്ന് ഏതിനെക്കുറിച്ചാദ്യം എന്നതാണ്.? ഉത്തരം കിട്ടാതെ ‘കിളി’ പോയിരിക്കാമെന്നത് മിച്ചം!!! സങ്കീർണമായ ഈ ചോദ്യങ്ങൾക്കൊരുത്തരമേയുള്ളൂ.എഴുതാനുറച്ചെങ്കിൽ(അതു തന്നെ വലിയ സംഭവം)മനസ്സിലാദ്യം തോന്നുന്നതിനെക്കുറിച്ചങ്ങഴുതുക എന്നു മാത്രം!! ആഖ്യയും ആഖ്യാതവും ആമാശയത്തിനാവശ്യമില്ലാത്തവയെന്ന് ആലങ്കാരികതയെത്തൊടാതെ പറഞ്ഞുറപ്പിച്ച്, വ്യാകരണ നിയമങ്ങളുടെ വയറ്റിൽ വാക്കത്തി കയറ്റിയ ആ ഭാഷാ ശാസ്ത്രജ്ഞനെക്കുറിച്ച് പറയാൻ അതല്ലാതെ മറ്റു മാർഗ്ഗങ്ങളൊന്നുമില്ല. ”മതിലുകൾ എന്ന പേരിൽ ഒരു ചെറിയ പ്രേമ കഥ നിങ്ങളാരെങ്കിലും കേട്ടിട്ടുണ്ടോ ?മുമ്പു പറഞ്ഞതായി ഓർമ്മ തോന്നുന്നില്ല.’സ്ത്രീയുടെ ഗന്ധം’ അല്ലെങ്കിൽ ‘പെണ്ണിൻ്റെ മണം’ എന്നതിന് ഏതെങ്കിലും പേരിടാമെന്നു വിചാരിച്ചു” എന്നത് ഒരു തുടക്കം മാത്രമാണ്.ഭാഷയെ ഭാഷകൊണ്ടളന്നെടുക്കുന്ന തുടക്കം!
‘മതിലുകൾ’ എന്ന നോവൽ മലയാളത്തിന് സന്ദർഭങ്ങളുടെ സൗന്ദര്യമല്ല സമ്മാനിക്കുന്നത്.ഇതിൽ ചില സന്ദർഭങ്ങൾ കഥാപാത്രങ്ങളാകുന്നുണ്ട്.തിരുവനന്തപുരം സെൻട്രൽ ജയിലിൻ്റെ മതിലുകൾക്കുള്ളിൽ ബഷീർ പടുത്തുയർത്തിയ ഒരു സ്വാതന്ത്ര്യത്തിൻ്റെ ലോകമാണ് ‘മതിലുകൾ’ കാഴ്ചയുടെ രസച്ചരടുകളിൽ ഗൗരവമുള്ള കാര്യങ്ങൾ സാരവത്തായിപ്പറയുന്ന സ്നേഹ ഗാഥയാണ് ഈ നോവൽ.പ്രണയത്തിൻ്റെ ‘ബഷീർ വേർഷൻ’ എന്നിതിനെ വിശേഷിപ്പിച്ചാൽ അത്,അതിശയോക്തിയൊന്നുമാവില്ല. സ്ഥായീഭാവങ്ങളിലൊന്നായ ശോകത്തിൻ്റെ മൂർത്തമായ ദുഃഖ രൂപങ്ങളെയാണ് നോവൽ നീട്ടി വയ്ക്കുന്നതെങ്കിലും,ലളിത സുന്ദരമായി ബഷീർ അത് പറയുമ്പോൾ സുഖമുള്ള ഒരു നോവായി വായനക്കാരനത് വാരി നിറയ്ക്കും.” ഏകാന്തമായ ഹൃദയം അതിൻ്റെ മഹാതീരത്തു വന്നു ചേരുന്ന ഒരു ശോക ഗാനമാണിത്” എന്ന് നോവൽ തന്നെ പറയുന്നുണ്ട്.ജയിലും അതിൻ്റെ പരിസരവും സാഹചര്യങ്ങളുമൊന്നും ബഷീറിനെയും അദ്ദേഹത്തിലെ എഴുത്തുകാരനേയും അസ്വസ്ഥമാക്കുന്നതേയില്ലയെന്നാണ് ‘മതിലുകൾ’ക്കുള്ളിലെ ജയിൽ കാട്ടിത്തരുന്നത്. ” കാര്യമായ ശബ്ദങ്ങളൊന്നുമില്ല.വെളുപ്പിന് തൂക്കിക്കൊല്ലേണ്ടവരുണ്ട്.കാലാവധി തീർന്ന് നാളെ സ്വതന്ത്ര ലോകത്തേയ്ക്ക് പോകുന്നവരുണ്ട്.എങ്കിലും ആകെക്കൂടി … ഒരു പ്രശാന്തത” എന്നു വായിക്കുമ്പോൾ പെട്ടന്നൂറിവരുന്ന ഒരു ചിരിയുടെ മുകളിൽ ഗൗരവ ത രമായൊരു ചിന്ത വിലങ്ങു തടിയായി നില്ക്കും.ആ ചിന്തയ്ക്കുള്ള തുറുപ്പുചീട്ടാണ് അവിടെ ഉപയോഗിച്ചിരിക്കുന്ന ”പ്രശാന്തത”.ജയിലിലെ അവസ്ഥയാണ് ഇങ്ങനെ പറയുന്നതെന്നോർക്കുമ്പോളാണ് ആദ്യം ചിരി വരുന്നത്.ചിരിയുടെ ചില്ലകളിൽ ചിന്ത കൂടുകൂട്ടിത്തുടങ്ങുമ്പോൾ ചിത്രം മാറി മറിയുന്നു.തടവുപുള്ളികൾ ഭയത്താൽ നിശബ്ദരാവുന്നതിനാൽ പ്രശാന്തത പ്രവർത്തിക്കുന്നതാവാം,നാളെത്തൂക്കിലേറ്റപ്പെടേണ്ടവർക്ക് സ്വാഭാവികമായുണ്ടാകുന്ന നിശബ്ദത മൂലവും ഇത് സംഭവിക്കാം,മാത്രമല്ല;കാലാവധി കഴിഞ്ഞ് പുറത്തേയ്ക്കു പോകാനൊരുങ്ങുന്നവരുടെ,പുറം ലോക മനോ രാജ്യങ്ങൾ മൂലമുണ്ടാകുന്നതു മാകാം ബഷീർ കണ്ടെത്തുന്ന ഈ പ്രശാന്തത.എന്തായാലും ഇവിടെ ”പ്രശാന്തത ഒരു ഇന്ദ്രജാലം തന്നെയെന്നത് ഉറപ്പാണ്.ബഷീറിൻ്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ അത്, ”സ്പഷ്ടാൽ സ്പഷ്ടം” ജയിലിലേയ്ക്ക് എത്തുന്നതിനു മുമ്പുള്ള പോലീസ് സ്റ്റേഷൻ ലോക്കപ്പിലെ ജീവിതത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് ഇതുകളെക്കുറിച്ച് അതുവരെയുണ്ടായിരുന്ന സാമാന്യ ധാരണകളെ തിരുത്തിയെഴുതുകയാണ് ബഷീർ.ശിഷ്യന്മാരായിത്തീർന്നവരെപ്പോലായ പോലീസുകാർക്കൊപ്പം ഒരു ഹെഡ് കോൺസ്റ്റബിളിൻ്റെ പ്രൗഢിയിലാണവിടെക്കഴിഞ്ഞതെന്ന് സുൽത്താൻ പറയുമ്പോൾ,മീശ പിരിച്ചു കണ്ണുരുട്ടിത്തെറി പറഞ്ഞു നിൽക്കുന്ന ഒരു മർക്കട മുഷ്ടി സങ്കല്പം തന്നെ തകർന്നു വീഴുകയാണ്.അവിടം വിട്ട തന്നെ തോക്കുധാരികളായ രണ്ടു പോലീസുകാർ തന്നെ ജയിലിൽ കൊണ്ടേല്പിച്ചു എന്നാണ് എഴുത്ത് ഭാഷ്യം! പോലീസ്,ജയിൽ,കുറ്റവാളി തുടങ്ങിയ പദങ്ങളുടെ സാമൂഹ്യ ബന്ധം പരിശോധിച്ചാൽ ഒരിക്കലും ഒത്തുപോകാത്തൊരു കൂട്ടിക്കെട്ടൽ!
ജയിലിൽ വസന്തം തീർക്കുന്ന വാക്കുകളുടെ ഋതുഭേദമാണ് ‘മതിലുകൾ’ ഈ ജയിലിൽ അഴികൾ എന്നതു തന്നെ അപ്രസക്തമാണ്.സർവ്വ സ്വതന്ത്രമായാണിവിടെ കാര്യങ്ങൾ.ഈ ബ്രഹ്മാണ്ഡം മുഴുവൻ,അതിലെ ഓരോ പുൽക്കൊടികൾ പോലും സ്വയേച്ഛ പ്രകാരം വിഹരിക്കാനുള്ളതാണെന്നും;അവിടെ ഒന്നും ഒന്നിനും തടസ്സമാകരുതെന്നും ചിന്തിക്കുകയും പ്രവർത്തിക്കുകയും പറയുകയും എഴുതുകയും ചെയ്‌ത ഒരാളാണിവിടെ തടവുകാരനെന്നത് കേവലം യാദൃച്ഛികത മാത്രം.ഉറപ്പിച്ചു പറഞ്ഞാൽ,സഹജ സ്നേഹം കൊണ്ട് മനുഷ്യൻ എന്ന സംജ്ഞയെ ഉയർത്തിപ്പിടിക്കാൻ സർവ്വഥാ യോഗ്യനായ ‘ഭൂമിയുടെ അവകാശികളി’ൽ ഒരുവൻ! മലയാളത്തെ സംബന്ധിച്ചിടത്തോളം പേരെടുത്തെഴുതിയില്ലെങ്കിലും ആരെന്ന് തിരിച്ചറിയാൻ കഴിയുന്ന ചിരപരിചിതത്വമാണവൻ! അവൻ സൃഷ്ടിച്ച ഭാഷ തന്നെയാണ് അതിൻ്റെ ഹേതു.അതുകൊണ്ടു തന്നെയാണവൻ വിശ്വമാനവികതയുടെ ഭാഷാ രഥ്യയാവുന്നതും.എങ്ങനെ ആകാതിരിക്കും! കൈരളിയുടെ ”കഴുകിവെടിപ്പാക്കിയ നീലാകാശം” തന്നയല്ലേ അവൻ.തെളിവായി എത്രയോ ‘താരാ സ്പെഷ്യലു’കൾ. ‘രാജകീയം’ എന്ന വാക്കിനെ സാധാരണക്കാരൻ്റെ നിത്യോപയോഗത്തിന് എങ്ങനെ ഭാഷയാക്കാമെന്നതിന് ഒരു പാഠപുസ്തകം പോലെ പ്രവർത്തിക്കുന്നുണ്ട് ബഷീർ ‘മതിലുകളി’ൽ.’രാജകീയം’ എന്നത് രാജക്കന്മാർ സാധാരണ ഉപയോഗിക്കുന്ന പദമേയല്ല.സാധാരണ ഭാഷ അതുപയോഗിക്കുന്നത് ഉദ്ദേശ്യ വിഷയത്തിൻ്റെ മഹത്വ വത്കരണത്തിനു വേണ്ടിയാണ്.സാധാരണക്കാരൻ്റെ അസാധാരണ പദങ്ങളിലൊന്നാണ് ‘രാജകീയം’. ”രാജകീയമായി ബീഡി വലിച്ചു” ”രാജകീയമായി പ്രഭാതകൃത്യങ്ങൾ നിർവ്വഹിച്ചു” ”രാജകീയമട്ടിൽതന്നെ കുളിച്ചു” എന്നിങ്ങനെയെല്ലാം പറയുന്നിടത്ത് ഭാഷയെ സാധാരണക്കാരൻ്റെ പക്ഷത്തു നിർത്തുന്ന കാഴ്ചയാണ് കാണുന്നത്.ഇവിടെ വേണമെങ്കിൽ ഉപയോഗിക്കാമായിരുന്ന ‘പള്ളിനീരാട്ടു’പോലെയുള്ള പദങ്ങളെ ബോധപൂർവ്വം അകറ്റി നിർത്തുന്ന കാഴ്ചയും ചിന്തനീയമായ വസ്തുതയാണ്.അങ്ങനെയുള്ളവയുടെ വരേണ്യതയും ഉപയോഗക്കുറവും അവയ്ക്കുള്ള പരിമിതിയും,തൻ്റെ രചനാ സങ്കേതങ്ങൾക്കും പച്ചയായ മാനുഷികതയ്‌ക്കും അനുയോജ്യമല്ലെന്ന തിരിച്ചറിവ് ബഷീറിനുണ്ടായിരുന്നു.ഇത്തരമൊരു നിഷ്കർഷ അദ്ദേഹത്തിൻ്റെ എല്ലാ കൃതികളിലും ദൃശ്യമാണ്.ഇതും ഒരു തരത്തിൽ പറഞ്ഞാൽ ഭാഷയ്‌ക്കുള്ളിലെ ഭാഷ സൃഷ്ടിക്കൽ തന്നെയാണ്.”ബീഡി വലിച്ചു ” എന്നത് എല്ലാവർക്കും ഒരു പോലെയാണെന്നും ആ ക്രിയയക്ക് ഏറ്റവും സൗന്ദര്യാത്മകമായ വിശേഷണം ”രാജകീയം” എന്നത് തന്നെയെന്ന് ബഷീർ ഉറപ്പിച്ചിരിക്കണം.ഭാഷയിൽ മറ്റാർക്കും കഴിയാത്ത ഇത്തരം ചില ഉറപ്പിക്കലുകൾ തന്നെയാണല്ലോ യഥാർത്ഥ ബഷീറിയനിസവും.ഇങ്ങനെ നോക്കുമ്പോൾ, ”പ്രഭാതകൃത്യങ്ങൾ” എന്നത് അതുപോലെ നിലനിർത്തിയതിൽ കാണിച്ച ഔചിത്യം ചിരിയുടെ സ്ഫോടക ശേഷി കൂടിയ വെടിമരുന്നാണ്.നിറച്ചുകൊളുത്തിപ്പൊട്ടിച്ചെടുക്കേണ്ടത് വായനക്കാരൻ്റെ ജോലിയാണെന്നു മാത്രം.
ജീവിതത്തിൻ്റെ എല്ലാ തീക്ഷ്ണ വശങ്ങളും നേരിട്ടനുഭവിച്ച ഒരു വ്യക്തി സാഹിത്യകാരൻ കൂടിയാകുന്നത് ഒരു ഉൽകൃഷ്ടതയാണ്.ഇത്തരമൊരാളിൽ നൈർമ്മല്യവും സ്നേഹവും സാർവ്വലൗകികതയും സരസതയും കൂടിച്ചേർന്ന അപൂർവ്വതകളിലൊന്നാണ് വൈക്കം മുഹമ്മദ് ബഷീർ. ”ജയിലിൽ നിന്നിറങ്ങുമ്പോൾ അവസാനിക്കുന്ന ഒരു കഥയാണ് ‘മതിലുകൾ’ ജയിലിനെക്കുറിച്ചതിനു മുമ്പോ ശേഷമോ അനുഭവപ്പെട്ടിട്ടുള്ള യാതൊരസ്വാരസ്യങ്ങൾക്കും ഇതിൽ ഇടമില്ല. ”ശാന്ത പ്രശാന്തം ഈ ഭുവനം” എന്നതാണ് ലൈൻ.ആര്യവേപ്പിൻ തണ്ടുകൊണ്ടു പല്ലു തേയ്ക്കുന്ന പ്രകൃത്യംശമായ ജയിൽ! പ്രകൃതിയോടും പരിസ്ഥിതിയോടും ജീവജാലങ്ങളോടുമുള്ള ബഷീറിൻ്റെ മമതയ്ക്ക് ഇവിടെയുമൊരു കുറവും സംഭവിക്കുന്നില്ല.തൻ്റെയുള്ളിലെ സൗന്ദര്യാരാധനയുടെ പ്രത്യക്ഷ രൂപങ്ങളാണ് ജയിൽ മുറ്റത്തെ പനിനീർപൂക്കളെന്ന ഒരു ഗൂഢാഹങ്കാരം പദ രൂപങ്ങളായി നിറയുന്നുണ്ട് നോവലിൽ! വ്യാകരണമെന്ന വാക്കിനോടുതന്നെ പുറം തിരിഞ്ഞു നിൽക്കുന്ന ബഷീറിൻ്റെ ജാത്യ സ്വഭാവം,ഭാഷയോടതു കാണിക്കുന്നില്ല.നാമ വിശേഷണങ്ങൾക്കും ഭേദക രൂപങ്ങൾക്കും പ്രത്യയങ്ങൾക്കുമൊക്കെ ആകാശം പോലുള്ള സ്ഥാനമാണു നൽകുന്നത്. ”ലോക്കപ്പെന്ന ചെറുജയിൽ” പോലെയുള്ള എത്രയോ പ്രയോഗങ്ങൾ കേവലം അൻപതോളം പുറങ്ങളിലൊതുങ്ങുന്ന, ‘മതിലുകൾ’ എന്ന മഹാ നോവലിൽ കണ്ടെത്താം.’രാജകീയം’ എന്ന വിശേഷണ പദത്തിൻ്റെ സാധ്യതകൾ സൂചിപ്പിച്ചു കഴിഞ്ഞു. ”സ്ഫടികക്കമ്പികൾ പോലെ വീഴുന്ന മഴവെള്ളം” ”ഘനീഭവിച്ച നിശബ്ദത” ”പരമരസികൻ തൊഴി” എന്നിങ്ങനെ പ്രയോഗ സൗന്ദര്യത്തിൻ്റെ വന്മതിലുകളുടെയൊരു നിര ‘മതിലുകളി’ലെ ഭാഷാ മാസ്റ്റർപീസുകളാണ്.
‘മതിലുകൾ’ എന്ന വിഖ്യാത നോവലിൻ്റെ പിറവിയെക്കുറിച്ച് ഒരു കഥ ശ്രീ. പഴവിള രമേശൻ പറയുന്നുണ്ട്.അത്; കൗമുദി ആഴ്ചപ്പതിപ്പിൻ്റെ 1964-ലെ ഓണപ്പതിപ്പുമായി ബന്ധപ്പെട്ടതാണ്.’ഭാർഗ്ഗവീ നിലയ’ത്തിൻ്റെ തിരക്കഥ ബഷീർ അറിഞ്ഞോ അറിയാതെയോ കൈവശപ്പെടുത്തി,പ്രസിദ്ധീകരണത്തിനൊരുക്കിയ പത്രാധിപർ കെ.ബാലകൃഷ്ണനുവേണ്ടി;പകരം എഴുതിയ കഥയാണ് ‘മതിലുകൾ’ എന്നാണ് അതിൻ്റെ രത്നച്ചുരുക്കം.പിന്നീട് കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന വക്കം പുരുഷോത്തമനൊക്കെ ഇതിൻ്റെ ഭാഗമാണ്.’മതിലുകളി’ലെ നാടകീയ പശ്ചാത്തലം തീവ്രാനുഭവത്തിൻ്റെ ആകസ്മികത ചേർത്തല്ല കഥാകാരൻ പറഞ്ഞത്.മനസ്സിൻ്റെ ഭാഷയെ,അതിൻ്റെ തന്നെ കഥയാക്കിമാറ്റുന്ന തന്ത്രമാണ് ‘മതിലുകളു’ടെ വിജയത്തിൻ്റെ ആകെത്തുക.താൻ താനായിത്തന്നെ അനുഭവിപ്പിക്കുന്നിടത്താണ് ബഷീർ എന്ന മനുഷ്യൻ ബഷീർ എഴുത്തുകാരനെ വരച്ച കൗതുകം തിരിച്ചറിയുന്നത്.’പ്രേമലേഖന’ത്തിൻ്റെ കയ്യെഴുത്തു പ്രതികൂടി ഇതിൽ മിന്നിമറയുമ്പോൾ,അത് കൂടുതൽ വ്യക്തമാകുന്നു.ഭാഗ്യ സംഖ്യയിൽ വിശ്വസിക്കുന്ന ആളാണോ ബഷീർ എന്ന കാര്യത്തിൽ നിശ്ചയമൊന്നുമില്ലയെങ്കിലും,ഒൻപത് എന്ന സംഖ്യ സംഖ്യാജ്യോതിഷ പ്രകാരം നോവലിൽ പ്രവർത്തിക്കുന്നുണ്ട്.യുക്ത്യധിഷ്ഠിതമായിച്ചിന്തിക്കുമ്പോൾ ഈ ചിന്തയ്ക്ക് വലിയ സ്ഥാനം വരണമെന്നൊന്നുമില്ല.എന്നിരുന്നാലും,ജീവിത വീക്ഷണത്തിൻ്റെ യഥാർത്ഥ സാഹിത്യ രൂപമായ വൈക്കം മുഹമ്മദ് ബഷീറിനെ സംബന്ധിച്ചിടത്തോളം,കാഴ്ചയിൽ കരടു കാണാത്ത ഒരാളെന്ന നിലയിൽ അദ്ദേഹത്തിൻ്റെ എഴുത്തിന് വിഷയീഭവിക്കുന്നതെല്ലാം വായനക്കാരന് ആലോചനാ വിഷയങ്ങളാണ്.ഒൻപത്,ഭാഗ്യ സംഖ്യയോ ആയിക്കാണുന്ന ഒരാൾ വിശാലമനസ്കനും,കാര്യങ്ങളെ സമചിത്തതയോടും സമാധാനത്തോടും പ്രവർത്തിക്കുന്നവനുമൊക്കെയായിരിക്കുമെന്നാണ് വയ്പ്.അങ്ങനെ നോക്കുമ്പോൾ ബഷീർ അതിൽ നൂറ് ശതമാനം ശരിയാണ്.വിഷമ സന്ധികളെത്തരണം ചെയ്യുമ്പോൾ ഇത്തരക്കാരുടെ മാനസിക പക്വതയും സമീപന രീതിയും സംശയലേശമന്യേ മനസ്സിലാക്കാൻ പറ്റുന്ന,ഏറ്റവും മികച്ച ലളിത വിശദീകരണ ശാസ്ത്രമാണ് ‘മതിലുകൾ’ പ്രണയത്തിൻ്റെ രസഗന്ധങ്ങളെ ശബ്ദമെന്ന ഭൗതിക രൂപമുപയോഗിച്ച്,സാർത്ഥകമാക്കുന്ന ശില്പ വൈദഗ്ദ്യമാണ് ‘മതിലുകൾ’ക്കുള്ളിലെ സാഹിത്യ തന്ത്രം.ഇങ്ങനെ തന്നെയാണ് സാഹിത്യത്തിലെ ഉപരിപ്ലവതയിലുള്ള പൊള്ളത്തരങ്ങളോട് മത്സരിച്ചു നേടാൻ ‘മതിലുകൾ’ പ്രാപ്തമാകുന്നതും.പറഞ്ഞതിൽ,കേട്ടവയിൽ നിന്നും;സ്വയം വിശ്വാസയോഗ്യമായവയെ മാത്രം വേർതിരിച്ചെടുത്ത് അവയിലെ നന്മകളിൽ ഹൃദയം കൊരുത്തു വയ്ക്കുന്ന രണ്ടു മനസ്സുകൾ,ശരീരങ്ങളെ സ്വപ്നങ്ങളിലേയ്ക്ക് സംക്രമിപ്പിക്കുന്ന അഭൗമവും അലൗകികവുമായ തിരിച്ചറിവാണ് ‘മതിലുകളി’ലെ പ്രണയം.നാരായണി എന്ന ശബ്ദ നായികയും ബഷീർ എന്ന രൂപനായകനും തമ്മിലുള്ള പ്രണയ വിനിമയമാണ് ഈ നോവലിൻ്റെ ശരീര ഭാഷ.സിരകളിലെ ശരീര വേഗങ്ങളെ പറഞ്ഞെഴുതിയ കഥയാണത്.