അങ്ങനെയും ഒരു നല്ല കാലമുണ്ടായിരുന്നു. (കഥാ സമാഹാരത്തിൽ നിന്നും )
“നിന്നെ ഇപ്പോൾ പള്ളിയിലൊന്നും കാണാറില്ലല്ലോ ഹൈദറേ. വയസ്സ് കൂടിയതുകൊണ്ട് നിസ്കാരത്തിൻ്റെ എണ്ണം കുറയ്ക്കാമെന്നു തീരുമാനിച്ചോ? അതോ വേറെ വല്ല കാരണവുമുണ്ടോ?”
കല്യാണമണ്ഡപത്തിൽ വെച്ച് അവിചാരിതമായി കണ്ടുമുട്ടിയപ്പോൾ പോക്കർ ഹാജിയാണത് ചോദിച്ചത്. ഹാജിയാർ അങ്ങനെ ചോദിക്കാൻ കാരണമുണ്ട്. അടുത്തകാലം വരെയും മഗ്‌രിബ് നിസ്കാരത്തിന് പള്ളിയിൽ പോയാൽ ഇശാഉം കഴിഞ്ഞേ ഹൈദറലി മടങ്ങാറുള്ളൂ. എന്നാൽ പേരക്കുട്ടി മോളൂട്ടി സ്കൂളിൽ ചേർന്നതോടെ ആ പതിവ് മാറി.
“നിസ്കാരവും നോമ്പുമെല്ലാം ഇപ്പോഴും മുറപോലെ നടക്കുന്നുണ്ട് ഹാജിയാരേ. പേരക്കുട്ടി വീട്ടിലുള്ള നേരങ്ങളിൽ മഗ്‌രിബും ഇശാഉം വീട്ടിൽ വെച്ചാണെന്ന് മാത്രം.” ഹൈദറലി മറുപടി നൽകി.
“അതെന്താ അവൾക്ക് പേടിയാണോ?” ഹാജിയാർ തിരക്കി.
“അല്ല ഹാജിയാരേ, അവൾ എന്നെപ്പോലെ ഉശിരുള്ള കൂട്ടത്തിലാണ്. മഗ്‌രിബിനും ഇശാഇനും ഇടയിൽ അവൾക്കൊരു പുസ്തകവായനയുണ്ട്. ഡൈനിങ്ങ് റൂമിലിരുന്ന് അവൾ വായിക്കുമ്പോൾ ഞാനുമവിടെ ഒരു കസേരയിട്ടിരിക്കും. ശരീരം അവിടെയാണെങ്കിലും മനസ്സ് എൻ്റെ പഴയ ഒന്നാം ക്ലാസിലായിരിക്കും. അവളിപ്പോൾ മൂന്നാം ക്ലാസിലായതുകൊണ്ട് എൻ്റെ മനസ്സും ഇപ്പോൾ മൂന്നാം ക്ലാസിലെത്തി നിൽക്കുകയാണ്!” ഹൈദറലി ചിരിച്ചു.
ഹാജിയാർ ഹൈദറലിയുടെ കൈ മുട്ടിലെ പോറലുകൾ ശ്രദ്ധിച്ചു. “അല്ല, നിൻ്റെ കൈയ്ക്കെന്താ പറ്റിയത്? നടത്തത്തിനിടയിൽ വല്ല മുളങ്കൂട്ടത്തിലും വീണോ?”
“അതല്ല ഹാജിയാരേ, ചാലിപ്പാടത്തെ സമദിൻ്റെ കണ്ടത്തിൽ കാൽ വഴുതി വീണതാണ്. മോളൂട്ടിക്ക് നെൽക്കതിരുകൾ കാണിച്ചുകൊടുക്കാമെന്ന് വാക്ക് കൊടുത്തിരുന്നു. ടീച്ചർ പറഞ്ഞതനുസരിച്ച് അവൾക്കതൊന്ന് നേരിൽ കാണണം. പാടത്തിറങ്ങുമ്പോൾ നീർക്കോലിയെയും തവളയെയും കണ്ട് പേടിക്കരുതെന്നൊക്കെ ഉപദേശിച്ച് വരമ്പിലൂടെ നടക്കുകയായിരുന്നു ഞങ്ങൾ. പക്ഷേ, ഒരു നീർക്കോലിയെ കണ്ടതും അവൾ അമ്പരന്ന് ചെളിയിലേക്ക് മറിഞ്ഞു.”
ഹൈദറലി തുടർന്നു: “അവളെ കൈപിടിച്ച് കയറ്റി ഇരുത്തി, ആശ്വസിപ്പിച്ചു തിരിച്ചു നടക്കുമ്പോഴാണ് അടുത്ത പുകിൽ. ഒരു വലിയ നീർക്കോലി പാടത്തേക്ക് ചാടിയപ്പോൾ ഞാനൊന്നമ്പരന്നു. ആ അങ്കലാപ്പിൽ എൻ്റെ കാലും വഴുതി. മലർന്നടിച്ചുള്ള വീഴ്ചയിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പക്ഷേ, ആ തത്രപ്പാടിനിടയിൽ പോക്കറ്റിലിരുന്ന മൊബൈൽ ഫോണും ബൈക്കിൻ്റെ താക്കോലും പത്തുരൂപയുടെ നാണയത്തുട്ടുകളും ചെളിയിലേക്ക് ‘കുതിച്ചുചാടി’!”
ഹൈദറലിയുടെ വീഴ്ച കണ്ട് മോളൂട്ടി പൊട്ടിച്ചിരിച്ചു. ആ ചിരി കണ്ടപ്പോൾ സങ്കടവും സന്തോഷവും ഒരുപോലെ തോന്നിയെന്ന് ഹൈദറലി ഓർത്തു. അപ്പോഴാണ് പാടത്തിൻ്റെ അറ്റത്തുനിന്ന് ദാമോദരൻ വരുന്നത് കണ്ടത്.
“ഹൈദറലിക്ക ഇതെന്താ ഈ ചെളിയിൽ?” ദാമോദരൻ അടുത്തു വന്ന് തിരക്കി.
“കാൽ വഴുതി വീണതാണ് ദാമോദരാ. ചെരിപ്പും ഫോണും പോട്ടെ, ബൈക്കിൻ്റെ താക്കോലും ഈ ചെളിയിൽ എവിടെയോ പോയി.”
ദാമോദരൻ അവരെ വരമ്പിലേക്ക് കയറ്റിയിരുത്തി. “നിങ്ങളിവിടെ ഇരിക്ക്, ഞാൻ തപ്പിയെടുക്കാം. ആട്ടെ, എത്ര പൈസ പോയി?”
“നൂറ്റി അറുപത് രൂപ… എല്ലാം പത്തിൻ്റെ നാണയങ്ങൾ!” ഹൈദറലി പറഞ്ഞു. സുലൈമാൻ്റെ പീടികയിൽ നിന്ന് ചായ കുടിച്ചപ്പോൾ ബാക്കി കിട്ടിയതായിരുന്നു ആ ‘ഭാരം’. അത് കേട്ടപ്പോൾ മോളൂട്ടി വീണ്ടും ചിരിച്ചു.
ദാമോദരൻ ചെളിയിൽ നിന്ന് സാധനങ്ങളെല്ലാം തപ്പിയെടുത്തു. എന്നിട്ട് ചോദിച്ചു: “അല്ല ഇക്കാ, ഈ നേരത്ത് എന്തിനാ മോളെയും കൂട്ടി പാടത്തേക്ക് വന്നത്?”
“അരിയെങ്ങനെ ഉണ്ടാകുന്നു എന്നതിൻ്റെ തിയറി ഇവൾക്കറിയാം. അതൊന്ന് നേരിൽ കാണിച്ചു കൊടുക്കാമെന്നു കരുതി വന്നതാ.” ഹൈദറലി പറഞ്ഞു.
“മോൾക്ക് തിയറിയൊക്കെ അറിയാമോ?” ദാമോദരൻ അത്ഭുതപ്പെട്ടു.
മോളൂട്ടി അപ്പോൾത്തന്നെ ഒരു പുസ്തകം വായിക്കുന്ന ലാഘവത്തോടെ പറഞ്ഞു തുടങ്ങി: “നെൽവിത്തെടുത്ത് ചണച്ചാക്കിൽ 24 മണിക്കൂർ കുതിർക്കണം. പിന്നെ 48 മണിക്കൂർ കെട്ടിവെച്ചാൽ മുള വരും. അത് വിതച്ച്, മൂന്നാഴ്ചയാകുമ്പോൾ ഞാറ് പറിച്ച് നടണം. പിന്നെ വെള്ളം കെട്ടിനിർത്തണം. അറുപത് ദിവസം കഴിയുമ്പോൾ കതിര് വരും…”
ദാമോദരൻ ചിരിച്ചുകൊണ്ട് പാടത്തിറങ്ങി ഒരു നെൽക്കതിര് മുറിച്ചെടുത്ത് അവൾക്ക് നൽകി. ആ നെൽമണി പിളർത്തി നോക്കിയപ്പോൾ കണ്ട പാലുപോലുള്ള ദ്രാവകം പിന്നീട് അരിയായും ചോറായും മാറുമെന്ന് കേട്ടപ്പോൾ അവൾ അത്ഭുതപ്പെട്ടു.
പിറ്റേന്ന് സ്കൂളിൽ ചെന്ന് ടീച്ചർക്ക് ആ നെൽക്കതിര് കാണിച്ചുകൊടുത്തു. ടീച്ചർ അവൾക്കൊരു സമ്മാനവും നൽകി—തൻ്റെ ഉപ്പാപ്പയ്ക്ക് കൊടുക്കാൻ വേണ്ടി.
ചെളിയിൽ വീണതും വസ്ത്രം അഴുക്കായതുമൊന്നും സാരമില്ലെന്ന് ഹൈദറലിക്ക് തോന്നി. കാരണം, തൻ്റെ പേരക്കുട്ടി ആ നെൽക്കതിരിനൊപ്പം കർഷകൻ്റെ വിയർപ്പിൻ്റെ വില കൂടി തിരിച്ചറിഞ്ഞിരുന്നു.
– കെ.എം സലീം പത്തനാപുരം.











