1940കളിൽ കൂട്ടപുരകൾ എന്നൊരു സമ്പ്രദായം ഉണ്ടായിരുന്നു.അതായത് ഒരേ കോമ്പൗണ്ടിൽ രണ്ടു വീടുകൾ. വീടുകൾ തമ്മിൽ മതിലിൻ്റെ അതിർവരമ്പുകളില്ല. ചില ജനാലകളും വാതിലുകളും അടച്ചാൽ അത് രണ്ട് കൂട്ടർക്ക് വീട് ആയി ഉപയോഗിക്കാം. തുറന്നിട്ടാൽ ഒറ്റ വീട്. ഒന്നോ രണ്ടോ ശുചിമുറിയും കിണറും അലക്കുകല്ലും മറ്റും ഇരുകൂട്ടർക്കും പൊതുവായി ഉപയോഗിക്കാവുന്ന തരത്തിൽ വീടിൻ്റെ പിൻഭാഗത്ത് ഉണ്ടാകും. ഇപ്പോഴത്തെ ഫ്ലാറ്റുകളുടെ പഴയ മാതൃക എന്ന് തന്നെ പറയാം. ജ്യേഷ്ഠാനുജന്മാരായ വർക്കിയും ദേവസിയും കുടുംബത്തോടൊപ്പം അങ്ങനെയൊരു വീട്ടിലാണ് താമസിച്ചിരുന്നത്. വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ പോയിരുന്നു ആ കുടുംബം.കുറെ വർഷം കഴിഞ്ഞപ്പോൾ മക്കളൊക്കെ വിവാഹിതരായി ലോകത്തിൻ്റെ പല കോണിലേക്കും ചേക്കേറി. വിദേശത്തുനിന്ന് അവർ നാട്ടിൽ വരുന്നത് തന്നെ വല്ലപ്പോഴുമായി. എന്നാലും ജേഷ്ഠനുജന്മാരുടെയും അവരുടെ ഭാര്യമാരുടെയും മരണം വരെ അവർ ഒരാൾ മറ്റൊരാൾക്ക് താങ്ങും തണലുമായി അങ്ങനെ തന്നെ തുടർന്നു. ആ വീട്ടിലെ അവസാനത്തെ അന്തേവാസിയും മരിച്ചതോടെ ജേഷ്ഠൻ്റെയും അനുജൻ്റെയും മക്കൾ തമ്മിൽ തർക്കത്തിൽ ആയി. വീട് ഒന്നിച്ച് വിറ്റ് കിട്ടുന്ന കാശ് തുല്യമായി വീതിക്കാൻ ഇരുകൂട്ടരും അനുവദിച്ചില്ല. ഓരോരുത്തരും തങ്ങളുടെ വീടിൻ്റെ ഭാഗം വലുതാണെന്നും അതുകൊണ്ടുതന്നെ വീതം വയ്ക്കുന്നത് 60:40 എന്ന അനുപാതത്തിൽ ആയിരിക്കണം എന്നും ഒക്കെ പറഞ്ഞു തർക്കം തുടങ്ങി. തർക്ക വിഷയങ്ങൾക്ക് പരിഹാരം കാണാൻ പറ്റാതായപ്പോൾ ഇരുകൂട്ടരും അവരവരുടെ വീട് പൂട്ടി താക്കോലുമായി വിദേശത്തേക്കു മടങ്ങി. ഒരു അഞ്ചാറു വർഷം ആ ഓടിട്ട വീട് ആളും അനക്കവും ഒന്നും ഇല്ലാതെ കിടന്നു.ആൾപൊക്കത്തിൽ പുല്ലും കാടും ഇഴജന്തുക്കളും തെരുവ്നായ്ക്കളും സാമൂഹ്യവിരുദ്ധരും മദ്യപാനികളുടെയും ചീട്ടു കളിക്കാരുടെയും ഒക്കെ സ്ഥിരസങ്കേതം ആയി മാറി. ചിലരൊക്കെ ഈ പറമ്പിലേക്ക് ചവറു കൊണ്ട് തട്ടാനും തുടങ്ങി.
ഇരുകൂട്ടരും വിദേശത്ത് വെച്ച് ഒരു അകന്ന ബന്ധുവിൻ്റെ മധ്യസ്ഥത്തിൽ ഒരു ധാരണയിലെത്തി, വീടും പറമ്പും വിൽക്കാൻ ശ്രമിച്ചപ്പോഴാണ് നാട്ടിൽ നടന്ന സംഭവങ്ങൾ ഒക്കെ അവർ അറിയുന്നത്. ഈ വീടിന് പ്രേതബാധ ഉണ്ടെന്നും രാത്രികാലങ്ങളിൽ ഇവിടുന്ന് ചില ഓരിയിടലുകൾ കേൾ ക്കാറുണ്ടെന്നുമൊക്കെയുള്ള നിറംപിടിപ്പിച്ച കഥകൾ പരന്നു കഴിഞ്ഞിരുന്നു. ചീട്ടു കളിക്കാർക്കും മദ്യപാനികൾക്ക് പോലും ഇവിടെ വന്നിരിക്കാൻ ഭയമായി തുടങ്ങി. പകൽ സമയത്തുപോലും ഈ വീടിനടുത്ത് കൂടെ പോകാൻ പലർക്കും പേടിയായിരുന്നു. വെള്ള മുണ്ടും ഷർട്ടും ധരിച്ച കറുത്ത തമിഴ് സംസാരിക്കുന്ന ഒരാളെ അവിടെ പലരും കണ്ടതായി പറഞ്ഞു തുടങ്ങി. പലരോടും ഇയാൾ തമിഴിൽ സംസാരിച്ചു തുടങ്ങുകയും പെട്ടെന്ന് പുകയായി മാറുകയും കാലുകൾ നിലത്ത് ഉറച്ചിരുന്നില്ല എന്നൊക്കെ ഉള്ള കഥകൾ ദിനംപ്രതി പ്രചരിച്ചു.
വീട് വിൽപ്പന അത്ര എളുപ്പം നടക്കുന്ന സംഗതിയല്ല എന്ന് ഇരുകൂട്ടരും മനസ്സിലാക്കി. പത്രത്തിൽ പരസ്യം ചെയ്തു നോക്കി, ബ്രോക്കർമാരെ ഏൽപ്പിച്ചു, പഠിച്ച പണി പതിനെട്ടും നോക്കി. ഒരു രക്ഷയുമില്ല. വീടിൻ്റെ ഒരുഭാഗം ചിതൽ തിന്ന് അങ്ങനേ നിലം പൊത്തി. കിണർ ഒരുവശം മുഴുവൻ ഇടിഞ്ഞു താണു. ശുചിമുറിയുടെ വാതിലും എല്ലാം മറിഞ്ഞുവീണു. അവിടെയടുത്തുള്ള സ്ഥലത്തിൻ്റെ നാട്ടുനടപ്പ് ഉള്ള വിലയുടെ നേർപകുതി എങ്കിലും കിട്ടിയാൽ മതിയെന്ന് വിചാരിച്ചിട്ട് പോലും വിൽപ്പന നടക്കുന്നില്ല. വെറുതെ നിസ്സാരകാര്യങ്ങൾക്ക് വഴക്കിട്ട് സമയം കളഞ്ഞതോർത്ത് രണ്ടുകൂട്ടരും സങ്കടപ്പെട്ടു. പോയ ബുദ്ധി ഇനി പിടിച്ചാൽ കിട്ടില്ലല്ലോ?
സ്ഥലം വിൽക്കാനുള്ള ശ്രമം തുടങ്ങിയിട്ട് അഞ്ചാറു വർഷത്തിലേറെയായി.അപ്പോഴാണ് ഒരാൾ തനിക്ക് ‘പ്രാർത്ഥനാ യോഗങ്ങൾ നടത്താൻ ഒരു സ്ഥലം ആവശ്യമുണ്ട്’ എന്ന് പത്രത്തിൽ പരസ്യം ചെയ്യുന്നത്. ഇരുകൂട്ടരും അപ്പോൾ തന്നെ ഒത്തൊരുമയോടെ അദ്ദേഹത്തെ സമീപിച്ചു. നാട്ടുകാർ ആരെങ്കിലും പറഞ്ഞ് വിൽപ്പന മുടങ്ങാതിരിക്കാൻ ഇവർതന്നെ മുൻകൂറായി പറഞ്ഞു. “അത് പ്രേതബാധയുള്ള വീടാണ്.12വർഷത്തിൽ ഏറെയായി ആൾതാമസം ഇല്ല. ധൈര്യമുണ്ടെങ്കിൽ മാത്രം ഇതിനു പുറപ്പെട്ടാൽ മതിയെന്ന്. കാരണം അഡ്വാൻസ് മടക്കിതന്നു പലരും മുമ്പ് വന്നതിൻ്റെ ഇരട്ടി സ്പീഡിൽ തിരിഞ്ഞു ഓടിയിട്ടുണ്ട്.”
സ്ഥലം വാങ്ങാൻ വന്ന അദ്ദേഹം പറഞ്ഞു. “എനിക്ക് പ്രേതങ്ങളെ പേടിയില്ല എന്ന് മാത്രമല്ല ഞാൻ പലരുടെയും ദേഹത്ത് പ്രവേശിച്ചിരിക്കുന്ന അശുദ്ധാത്മാക്കളെ ഒഴിപ്പിക്കുന്ന ആളു കൂടിയാണ്. അതുകൊണ്ട് നിങ്ങൾ ഈ പറഞ്ഞ പ്രേതബാധ, അത് എനിക്ക് ഒരു പ്രശ്നമേ അല്ല എന്ന്.
പിശാച് ബാധിച്ച ബാലനെ ക്രിസ്തു സുഖപ്പെടുത്തുമ്പോൾ ശിഷ്യൻമാർ യേശുവിനോട് സ്വകാര്യമായി ചോദിച്ചു. എന്തുകൊണ്ടാണ് അതിനെ ബന്ധിക്കാൻ ഞങ്ങൾക്ക് സാധിക്കാതെ പോയത്? എന്ന്. ക്രിസ്തു പറഞ്ഞു. “പ്രാർത്ഥനയും ഉപവാസവും കൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും ഈ വർഗ്ഗം പുറത്തു പോവുകയില്ല എന്ന്.” [മാർക്കോസ് 9:14-29]
ഇത്രയും കൂടി പറഞ്ഞു കേട്ടപ്പോൾ ഇരുകൂട്ടരും വിദേശത്തുനിന്ന് എത്തി.ഇത്തവണ വില്പന നടക്കുമെന്ന ഉറച്ച വിശ്വാസം അവർക്കുണ്ടായി. വളരെ വിലകുറച്ച് ഇത് എങ്ങനെയെങ്കിലും തലയിൽനിന്ന് പോകട്ടെ എന്ന് കരുതി വിൽപ്പനയുടെ കാര്യങ്ങളൊക്കെ ദ്രുതഗതിയിൽ നീക്കി. ആരെങ്കിലും എന്തെങ്കിലും പാര വെച്ച് ഇദ്ദേഹത്തെ പിന്തിരിപ്പിക്കുന്നതിനുമുമ്പ് കച്ചവടം നടത്തി പണം തുല്യമായി പങ്ക് വച്ച് വിദേശത്തേക്ക് മടങ്ങാൻ ഒരുക്കങ്ങൾ തുടങ്ങി.
വളരെ വില കുറച്ചു കിട്ടിയതിൻ്റെ സന്തോഷത്തിൽ പിറ്റേദിവസം തന്നെ വീട് പൊളിച്ചു കളയാൻ ഉള്ള ആൾക്കാർ എത്തി. ആദ്യം പറമ്പ് മുഴുവൻ വൃത്തിയാക്കി കുറെ പാമ്പുകളെയൊക്കെ തല്ലികൊന്നു. ഒരു വശം ഇടിഞ്ഞ താഴ്ന്ന കിണർ മുഴുവനായി മൂടി കളയാനായിട്ടുള്ള ശ്രമത്തിനിടയിലാണ് ജോലിക്കാരന് കിണറിൽ നിന്ന് ഒരു അസ്ഥികൂടം കിട്ടിയത്. അപ്പോൾ തന്നെ വാങ്ങിച്ച ആൾ പോലീസിൽ വിവരമറിയിച്ചു.
പോലീസ് വന്നതോടെ നാട്ടുകാരും കൂടി ആകെ തിക്കും തിരക്കും ബഹളവും ആയി. ഇയാളുടെ പ്രേതം ആയിരിക്കാം ഇവിടെ നടന്നിരുന്നത്. അപ്പോൾ പ്രേതം ഉണ്ടെന്നു പറയുന്നത് ശരിയാണ് അല്ലേ എന്ന് യുക്തിവാദികൾ പോലും സമ്മതിക്കുന്ന ഒരു അവസ്ഥയായി. അസ്ഥികൂടം അപ്പോൾതന്നെ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.
പോലീസ് വീടും പരിസരവും അരിച്ചുപെറുക്കി അന്വേഷണം നടത്തി. ദേവസിയുടെയും വർക്കിയുടെയും മക്കളും ഈ വീടിനോട് ബന്ധപ്പെട്ട ആരും വിദേശത്തേക്ക് പോലീസിൻ്റെ അനുവാദം കൂടാതെ മടങ്ങരുത്, എപ്പോൾ വിളിച്ചാലും ഹാജരാകണം എന്ന് പോലീസ് അറിയിച്ചു.
പോലീസിൻ്റെ അന്വേഷണത്തിൽ വീട്ടിലെ പുറകുവശത്തെ ഒരു മുറിയിൽനിന്ന് ഒരു തിരുമാരൻ്റെ വിലാസത്തിലുള്ള രേഖകൾ കിട്ടി. വിലാസം ഇങ്ങനെ ആയിരുന്നു. തിരുമാരൻ, സുന്ദര പുരം, മതുകാറായ്, കൊമ്പിതോറെ, തമിഴ്നാട്.
ചോദ്യം ചെയ്തതിൽ നിന്നും ദേവസ്യയുടെയോ വർക്കിയുടെയോ മക്കൾക്കോ കൊച്ചുമക്കൾക്കോ ആർക്കും ഇങ്ങനെ ഒരാളുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല എന്ന് തെളിഞ്ഞു.
തുടരന്വേഷണത്തിൽ ഈ അസ്ഥികൂടം തമിഴ്നാട്ടിൽനിന്ന് പരോളിലിറങ്ങിയ ഒരു കള്ളൻ തിരുമാരൻ്റെതാണെന്ന് തെളിഞ്ഞു. ഇദ്ദേഹം കുറച്ചുകാലം പരോളിലിറങ്ങിയ സമയത്ത് ഇവിടെ ഒളിച്ചു താമസിച്ചതായിരിക്കാം എന്ന നിഗമനത്തിൽ എത്തിച്ചേർന്നു പോലീസ്.കുറച്ചു നാൾ ഇയാൾ ഇവിടെ താമസിച്ചു ആ വീട്ടിലെ സാധനങ്ങൾ ഓരോന്നായി മോഷ്ടിച്ചു വിറ്റ് ജീവിച്ചു കാണും. രാത്രിയിലോ മറ്റോ വക്ക് പോയ കിണറിലേക്ക് വഴുതി വീണതായിരിക്കാം. ഈ വീട് മറ്റു വീടുകളിൽ നിന്ന് ഒറ്റപ്പെട്ട് ഒരു അറ്റത്താണ്. മരണവെപ്രാളത്തിൽ ഒച്ച വച്ചാലും കേൾക്കാൻ ആരും അടുത്തില്ല. മറ്റു വീടുകളൊക്കെ കുറച്ച് അകലെയാണ്. ഈ വീടിനെ ചുറ്റിപ്പറ്റി പ്രചരിച്ച പല കഥകളിലും തമിഴ് സംസാരിക്കുന്ന ഒരു പ്രേതത്തെക്കുറിച്ച് നാട്ടുകാരിൽ പലരും കേട്ടിരുന്നു.
ഏതായാലും ഇന്ന് അവിടെ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഒരു പ്രാർത്ഥനാലയം ആണ്. 24 മണിക്കൂറും ദൈവ വചനങ്ങളും പ്രാർത്ഥനകളും സങ്കീർത്തനങ്ങളും ഭക്തിഗാനങ്ങളും മുഴങ്ങുന്ന ആ പ്രാർത്ഥനാലയത്തിൽ തമിഴ് പ്രേതത്തിനു നിലനിൽപ്പ് ഉണ്ടെന്ന് തോന്നുന്നില്ല.
എന്നാലും തിരുടൻ തിരുമാരൻ അവിടെയൊക്കെ കറങ്ങി നടക്കുന്നുണ്ടാകും ആരുടെയെങ്കിലും ദേഹത്ത് പ്രവേശിക്കാൻ സാധിക്കുമോ എന്നാലോചിച്ച് ജാഗ്രതൈ!!
– മേരി ജോസി മലയിൽ, തിരുവനന്തപുരം.