ഹീരാ ഫ്ലാറ്റ് 6 B യുടെ മുൻപിൽ വലിയ ഒരു ആൾക്കൂട്ടം. ഇതര ഫ്ലാറ്റ് നിവാസികളൊക്കെ വെട്ടുകത്തി, സ്ക്രൂഡ്രൈവർ, ചുറ്റിക, അരം….. ..അങ്ങനെ അവരവരുടെ കൈവശമുള്ള ആയുധങ്ങൾ ഒക്കെ എടുത്ത് അങ്ങോട്ട് ഓടുന്നുണ്ട്. എന്താണ് കാര്യം എന്ന് അന്വേഷിച്ചു മീര. 6Bയിൽ ഒരു അമ്മയും ആറു വയസ്സുള്ള മകനും ആണ് താമസം. ഭർത്താവ് ദുബായിൽ ആണ്. വൈകുന്നേരം മോനെയും കൊണ്ട് പാർക്കിൽ പോയി തിരിച്ചു വന്നപ്പോൾ ബാഗിൽ ഇട്ടിരുന്ന വീടിൻ്റെ താക്കോൽ കാണാനില്ല. ബാഗിൽ മൊബൈലും താക്കോലും കുറച്ചു പൈസയും ആണ് ഉണ്ടായിരുന്നത്. ഇപ്പോൾ താക്കോൽ മാത്രം ഇല്ല. എല്ലാവരും മാറിമാറി ബാഗ് പരിശോധിച്ചു. ഇനി മൊബൈൽ എടുത്തപ്പോൾ ബാഗിൽനിന്ന് താക്കോൽ താഴെ വീണത് ആകാം എന്ന് കരുതി ഒരു സംഘം ആൾക്കാർ ഇവർ ഇരുന്നിരുന്ന പാർക്ക് പരിസരം ഒക്കെ ഒന്നുകൂടി അരിച്ചുപെറുക്കി. ഒരു ഫലവും ഉണ്ടായില്ല. ഡോർ പൊളിക്കാനുള്ള അനുവാദം ചോദിച്ച് ഫ്ലാറ്റ് സെക്രട്ടറി വീട്ടുടമസ്ഥനെ ബന്ധപ്പെട്ടു.
ഇതിനിടെ ദുബായിലുള്ള ഭർത്താവിനെ വിവരമറിയിച്ചു. സമയം രാത്രി ആവാൻ തുടങ്ങി. ഇവരുടെ കുറച്ച് ബന്ധുക്കളും എത്തി. ഇനി താക്കോൽ അകത്തു വച്ച് മറന്നിട്ട് ലോക്ക് വീണതാണോ എന്നും സംശയമായി. തൊട്ടടുത്ത ഫ്ലാറ്റ് നിവാസി ഫർണിച്ചർ കട പൂട്ടി വീട്ടിലേക്ക് വരാൻ നിൽക്കുമ്പോൾ ഭാര്യയുടെ ഫോൺ. “നിങ്ങളാ ആശാരിയെ കൂടെ കൂട്ടി ഇങ്ങ് വരണം “ എന്നും പറഞ്ഞ്. ആശാരി വന്ന് ഡോർ പരിശോധിച്ചിട്ട് പറഞ്ഞു. “താക്കോൽ പുറത്തു തന്നെ ഉണ്ട്. താക്കോൽ പൂട്ടി പുറത്തേക്ക് എടുത്തിട്ടുണ്ട്.” എന്ന്. ആ വിവരം വെച്ച് പിന്നെയും പാർക്ക് പരിസരം ഒക്കെ ഒന്നുകൂടി നോക്കി. ഇനി ബാക്കി അന്വേഷണം ഒക്കെ നാളെ ആകാം എന്നും പറഞ്ഞ് അവർ ബന്ധുക്കളുടെ കൂടെ പോകാൻ തീരുമാനിച്ചു. അപ്പോഴാണ് മീര പറഞ്ഞത്. “കയ്യിലുള്ള ഹാൻഡ് ബാഗ് ഇനി ഉപയോഗിക്കാൻ പറ്റില്ല എന്നതിൽ വലിയ ദുഃഖം ഇല്ലെങ്കിൽ ഞാൻ ഒന്ന് പരിശോധിക്കട്ടെ” എന്ന്. സന്തോഷത്തോടെ ഹാൻഡ്ബാഗ് മീരയ്ക്ക് കൊടുത്തു വീട്ടമ്മ. എങ്ങനെയെങ്കിലും വീടിനകത്ത് ഒന്ന് കയറിയാൽ മതിയെന്നായിരുന്നു ദുബായിക്കാരിക്ക്. ആ ബാഗിൽ നിന്ന് പൈസയും മൊബൈലും എടുത്ത് പുറത്തേക്കിട്ടു. ബാഗിൻ്റെ ഇന്നർ കവർ കീറി. പുറം കവറിനും ഉള്ളിലുള്ള കവറിനും ഇടയിൽ ഇതാ താക്കോൽ ഒരു കള്ളനെപ്പോലെ ഒളിച്ചിരിക്കുന്നു. ഹാൻഡ്ബാഗിലെ ഇന്നർ കവറിൽ ഇട്ട താക്കോലിൻ്റെ കൂർത്ത ഭാഗം ആ ഇന്നർ കവറിനെ കീറി അത് രണ്ടിൻ്റെയും ഇടയിൽ പോയി ഒളിച്ചിരിക്കുകയായിരുന്നു.
ബാഗ് കീറി എങ്കിലും അവിടെ കൂടി നിന്നവർക്ക് അതൊരു വലിയ പാഠമായി. മീരയ്ക്ക് എങ്ങനെ ഈ ഐഡിയ കിട്ടി എന്ന് ചോദിച്ചപ്പോൾ മീര പറഞ്ഞു. “ഒരു ട്രെയിൻ യാത്ര കഴിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോൾ അഞ്ചുപവൻ്റെ മാലയും താലിയും കാണാതെ പോയി. രണ്ട് ദിവസത്തിന് അന്വേഷണത്തിനൊടുവിൽ മീരയുടെ ഭർത്താവ് ഹാൻഡ് ബാഗിൽ നിന്ന് തന്നെ താലിമാല എടുത്തു കൊടുത്തു. കൂടുതൽ സുരക്ഷ മുൻകരുതി മാല ഊരി ഹാൻഡ്ബാഗിൻ്റെ ഇന്നർ കവറിൽ ഇട്ടിരുന്നു മീര യാത്ര തുടങ്ങുന്നതിനു മുമ്പ്. താലിയുടെ കൂർത്ത ഭാഗം ഇന്നർ കവർ മുറിച്ച് ബാഗിനും ഇന്നർ കവറിനും ഇടയിൽ കിടക്കുകയായിരുന്നു.
ഈ ഒരു അനുഭവം ഓർമ്മയിലുള്ളതു കൊണ്ടാണ് ഒരു മുൻകൂർ ജാമ്യം എടുത്ത് ആ ഹാൻഡ്ബാഗ് പൊളിച്ചതെന്ന്. ഏതായാലും വീട്ടമ്മ മീരയ്ക്ക് നന്ദിയും പറഞ്ഞ് ഫ്ലാറ്റിന് അകത്തേക്ക് കയറി.
– മേരി ജോസി മലയിൽ, തിരുവനന്തപുരം.