ജീവിതത്തിൽ പലപ്പോഴും നമ്മൾ പലതവണ പറഞ്ഞിട്ടുള്ള ഒരു വാചകമാണ് ശ്ശോ!! ഒന്നും വേണ്ടായിരുന്നു. എനിക്ക് ഇതിൻറെ ഒരു ആവശ്യവും ഇല്ലായിരുന്നു.
‘ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്’ എന്ന സിനിമ കണ്ട് നമ്മൾ എല്ലാവരും പൊട്ടിച്ചിരിച്ച ഒരു രംഗമുണ്ട്. ദേഹമാസകലം കരിയൊക്കെ തേച്ച് മുഖംമൂടി വച്ചു ഓടുന്ന കള്ളനായ ശ്രീനിവാസനെ മോഹൻലാൽ ഓടിച്ചിട്ടു പിടിച്ചു രക്ഷപ്പെടുത്തിയിട്ട് ‘നിനക്ക് എന്നെ കൊണ്ട് വല്യ ബുദ്ധിമുട്ടായി അല്ലെ എന്ന് ചോദിക്കുമ്പോൾ ശ്രീനിവാസൻ്റെ ഒരു മറുപടിയുണ്ട്. ‘ സാരമില്ല, എനിക്ക് വൃത്തിയായിട്ട് നാല് കിട്ടേണ്ടത് തന്നെ ആയിരുന്നു. ഈ തല്ലു കിട്ടിയതുകൊണ്ട് എനിക്ക് ജീവിതത്തിൽ വലിയൊരു പാഠം പഠിക്കാൻ സാധിച്ചില്ലേ ആരെയും സഹായിക്കരുത് എന്ന്’….. .
സർക്കാർ ഉദ്യോഗത്തിൽ നിന്ന് വിരമിച്ച രണ്ട് ഉത്തമ സുഹൃത്തുക്കളാണ് 70 വയസ്സു കഴിഞ്ഞ ശ്യാമളയും കല്യാണിയും. രണ്ടുപേരും പരിചയപ്പെട്ടിട്ട് അധികനാളായില്ല. ഒരാൾ പാലക്കാട് നിന്നും മറ്റൊരാൾ തൃശ്ശൂരിൽ നിന്നും തിരുവനന്തപുരത്ത് മക്കളുടെ കൂടെ ഫ്ലാറ്റിൽ താമസിക്കാനെത്തിയ അയൽക്കാരാണ്. ഫ്ലാറ്റ് ജീവിതവുമായിട്ടൊക്കെ പൊരുത്തപ്പെട്ട് വരുന്നതേയുള്ളൂവെങ്കിലും വൈകുന്നേരം അനന്തപത്മനാഭനെ തൊഴാനായി നടന്നുള്ള പോക്ക് രണ്ടുപേർക്കും വലിയ സന്തോഷമുള്ള കാര്യമാണ്. വൈകുന്നേരമാകുമ്പോഴേക്കും രണ്ടുപേരും പരസ്പരം താങ്ങും തണലുമായി ശ്രീ പദ്‌മനാഭസ്വാമിക്ഷേത്രത്തിലേക്ക് തൊഴാൻ പോകും. തൊഴുതു മടങ്ങിയാൽ പിന്നെ കുറച്ചുനേരം പാർക്ക് ബെഞ്ചിലിരുന്ന് വിശ്രമിച്ച് കുട്ടികളുടെ കളികളൊക്കെ കണ്ട് രണ്ടു പേരും കൂടി സീരിയൽ, രാഷ്ട്രീയം, പത്രവാർത്തകൾ…. ഒക്കെ ചർച്ച ചെയ്യും. ഇനി പിറ്റേദിവസം കാണാമെന്നും പറഞ്ഞ് സീരിയലുകൾ തുടങ്ങുന്നതിന് തൊട്ടുമുമ്പ് അവരവരുടെ ഫ്ലാററ്റുകളിലേക്ക് കയറിപ്പോകും. ഇതായിരുന്നു പതിവ്. A, B, C എന്നിങ്ങനെ മൂന്ന് ബ്ലോക്കുകൾ കൂടുന്നതാണ് ഈ ഫ്ലാറ്റ് സമുച്ചയം. ഓരോ ബ്ലോക്കുകാർക്കും പ്രത്യേകം ക്ലീനിങ് സ്റ്റാഫും വാട്സ്ആപ്പ് ഗ്രൂപ്പും സെക്യൂരിറ്റിയും എല്ലാം ഉണ്ട്.
രണ്ടുപേരുടെയും മൊബൈൽഫോൺ അവരെ പോലെ തന്നെ അത്ര സ്മാർട്ട് അല്ല. ഒരു ദിവസം രണ്ടു പേരും കൂടി അമ്പലത്തിൽ നിന്ന് മടങ്ങി വരുമ്പോൾ ഫ്ലാറ്റിനു പുറത്ത് മണ്ണിൽ പുതഞ്ഞനിലയിൽ ഒരു താക്കോൽകൂട്ടം കിടക്കുന്നത് കണ്ടു. ഫ്ലാറ്റിലെ വീടുകളിലെ ആകാൻ സാധ്യതയില്ല. കാരണം ഫ്ലാറ്റിൻ്റെ മെയിൻ ഗേറ്റിൽ നിന്ന് കുറേ ദൂരെയാണ് ഇത് കിടന്നിരുന്നത്. ശ്യാമള അതെടുത്ത് ഗേറ്റിലെ സെക്യൂരിറ്റിയെ ഏൽപ്പിച്ചു. ചിലപ്പോൾ ആ റോഡിലൂടെ പോയിരുന്ന ആരുടെയെങ്കിലും ആണെങ്കിൽ അന്വേഷിച്ചു വന്നാൽ ഉടനെ കൊടുക്കാമല്ലോ എന്ന് കരുതി ഗേറ്റ്കീപ്പറിനെ ഏൽപ്പിച്ചതാണ്. ഇരുകൂട്ടരും ഇതിനെക്കുറിച്ച് മറന്നു തന്നെ പോയിരുന്നു.
ഒരു ദിവസം ശ്യാമള മകനോട് പറഞ്ഞു. ‘ഞാനൊരു കളഞ്ഞുകിട്ടിയ താക്കോൽകൂട്ടം സെക്യൂരിറ്റിയെ ഏൽപ്പിച്ചിരുന്നു. അവകാശികൾ ആരെങ്കിലും വന്നിരുന്നോ എന്ന് അയാളോട് ഒന്ന് ചോദിക്കണം കേട്ടോ. ഒന്നിനും വേണ്ടിയല്ല വെറുതെ ഒന്ന് അറിയാൻ മാത്രം.” എന്നും പറഞ്ഞിരുന്നു. ശ്യാമളയുടെ മകൻ സെക്യൂരിറ്റിയെ കണ്ടപ്പോൾ ഈ വിവരം ചോദിച്ചു. “ഇല്ല സാറേ, ആരും അന്വേഷിച്ചു വന്നില്ല. ദാ.. ഇരിക്കുന്നു ആ താക്കോൽക്കൂട്ടം എന്ന് പറഞ്ഞ് കാണിച്ചുകൊടുത്തു. ശ്യാമളയുടെ മകൻ അപ്പോൾതന്നെ ആ താക്കോൽ കൂട്ടത്തിൻ്റെ ഫോട്ടോയെടുത്ത് വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്ത് പുറത്തേക്കു പോയി. ഇത് കണ്ടവരിൽ ആരോ ഇതര ബ്ലോക്കുകളിലെ ഗ്രൂപ്പിലേക്കും ഫോർവേഡ് ചെയ്തു.
അരമണിക്കൂറിനകം ഏതോ ഒരു ബ്ലോക്കിലെ ലേഡി അവിടെ പാഞ്ഞെത്തി, തൻ്റെ താക്കോൽ ഒരാഴ്ചയായി നഷ്ടപ്പെട്ടിരുന്നു എന്നും കഴിഞ്ഞ ആഴ്ചയിൽ ഒരു ദിവസം അവർ രാത്രി അച്ഛന് പെട്ടെന്ന് അസുഖം കൂടി ആശുപത്രിയിൽ കൊണ്ടു പോയിരുന്നുവെന്നുംപറഞ്ഞു. ആശുപത്രിയിൽ നിന്ന് എന്തോ അത്യാവശ്യ സാധനങ്ങൾ എടുക്കാൻ വീട്ടിൽ തിരികെ വന്നപ്പോഴാണ് താക്കോൽ നഷ്ടപ്പെട്ട വിവരം അറിയുന്നത്. ആശുപത്രിയിലും പരിസരത്തും ഒക്കെ അന്വേഷിച്ച് രക്ഷയില്ലാതെ ആശാരിയെ വിളിച്ച് വീട് കുത്തിത്തുറന്നു. ഇതിൻ്റെ സ്പെയർകീ ഈ വീടിനകത്തു തന്നെ ഉണ്ടായിരുന്നു. നഷ്ടപ്പെട്ട താക്കോൽകൂട്ടം പലയിടത്തും അന്വേഷിച്ചു നടക്കുകയായിരുന്നു. അപ്പോൾ ആണ് ഒരാഴ്ച കഴിഞ്ഞപ്പോൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഈ ഫോട്ടോ കണ്ടത് എന്നും പറഞ്ഞ് ഓടിവന്ന് സെക്യൂരിറ്റിയോട് നന്ദി പറഞ്ഞ് താക്കോലും വാങ്ങിച്ചോണ്ട് പോയി.
അന്നും പതിവുപോലെ ശ്യാമളയും കല്യാണിയും അമ്പലത്തിൽ തൊഴാൻ പോയപ്പോഴാണ് സെക്യൂരിറ്റി പറഞ്ഞത്. “നിങ്ങൾ അന്ന് ഏൽപ്പിച്ച താക്കോൽകൂട്ടം സി ബ്ലോക്കിലെ ഒരു സ്ത്രീയുടെതായിരുന്നു.നിങ്ങളാണ് ഇതിവിടെ ഏൽപ്പിച്ചത് എന്ന് പറഞ്ഞപ്പോൾ രണ്ടുപേരെയും ഒന്ന് കാണാൻ പറ്റുമോ എന്ന് ചോദിച്ചിരുന്നു. ഞാൻ നിങ്ങൾ പാർക്ക് ബെഞ്ചിൽ വിശ്രമത്തിന് വന്നിരിക്കുന്ന സമയം പറഞ്ഞു കൊടുത്തിട്ടുണ്ട്. അവർ ഇന്ന് നിങ്ങളെ വന്നു കണ്ടേക്കും.” എന്ന് പറഞ്ഞു.
സി ബ്ലോക്കിലെ സ്ത്രീ നന്ദി പറയാൻ വരുമ്പോൾ അവരെ പരിചയപ്പെടാമല്ലോ എന്ന സന്തോഷത്തിൽ രണ്ടുപേരും അമ്പലത്തിൽ നിന്ന് തിരിച്ചു വന്ന് പാർക്ക് ബെഞ്ചിൽ ഇരിക്കുമ്പോൾ ആദ്യത്തെ സീരിയൽ ഇന്ന് കാണാൻ പറ്റിയില്ലെങ്കിലും സാരമില്ല നമുക്ക് വിശദമായി അവരെ പരിചയപ്പെടാം കേട്ടോ എന്ന് പറഞ്ഞ് ആകാംക്ഷയോടെ കാത്തിരുന്നു. മൊബൈലിലേക്ക് മാത്രം നോക്കിയിരിക്കുന്ന മനുഷ്യർ ആരും ഇപ്പോൾ പരസ്പരം സംസാരിക്കാറേ ഇല്ലല്ലോ! വർത്തമാനം പറയാനും പരിചയപ്പെടാനും കൊതിച്ചിരുന്ന സുഹൃത്തുക്കളെ തേടി ഈറ്റ പുലിയെപ്പോലെ ജീൻസും ടോപ്പും ധരിച്ച ഒരു 40 വയസ്സുകാരി എത്തി.” ങ്ഹാ നിങ്ങൾ ആണല്ലേ താക്കോൽ സെക്യൂരിറ്റിയെ ഏൽപ്പിച്ചിട്ട് മിണ്ടാപൂച്ചയെപ്പോലെ കടന്നുകളഞ്ഞവർ. നിങ്ങളൊക്കെ എന്ത് തരം മനുഷ്യരാണ്? എൻറെ കഷ്ടപ്പാട് വല്ലതും നിങ്ങളറിഞ്ഞോ? അസമയത്ത് അച്ഛനെ പെട്ടെന്ന് ആശുപത്രിയിൽ കൊണ്ടു പോയപ്പോൾ അത്യാവശ്യം ഡോക്ടറെ കാണിക്കാൻ ഉള്ള ഫയൽ എടുക്കാൻ ഞാൻ മറന്നുപോയിരുന്നു. അതെടുക്കാൻ കാർ ഡ്രൈവ് ചെയ്തു തിരികെ വന്നപ്പോൾ താക്കോൽ ഇല്ല. പിന്നെ ആശുപത്രിയിലേക്ക് തന്നെ തിരികെ പോയി. അതിനുശേഷം താക്കോൽ എല്ലായിടത്തും അന്വേഷിച്ചു കിട്ടാതെ വിദേശത്തുള്ള ഭര്‍ത്താവിനെ വിവരമറിയിച്ച് അദ്ദേഹത്തിൻ്റെ കുറെ ബന്ധുക്കൾ വന്ന് ആശാരിയെ കൊണ്ടുവന്ന് വീടിൻറെ പൂട്ട് തുറക്കുകയായിരുന്നു. അതിന് എനിക്ക് വന്ന ചെലവ് എത്രയാണെന്ന് അറിയാമോ? ആയിരം രൂപ. നിങ്ങൾ ഇത് കിട്ടിയ ഉടനെ ചെയ്യേണ്ടിയിരുന്നത് അതിൻറെ ഫോട്ടോയെടുത്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇടുകയായിരുന്നു. എങ്കിൽ എനിക്ക് ഈ ബുദ്ധിമുട്ട് വരുമായിരുന്നില്ലല്ലോ? ഒന്നും വേണ്ട കഴിഞ്ഞ ഒരാഴ്ചയായി പൂട്ടി പോകുന്ന വീട് ഈ താക്കോൽ ഉപയോഗിച്ച് ആരെങ്കിലും തുറന്ന് അകത്തുകയറി എന്തെങ്കിലും മോഷണം നടത്തിയിരുന്നുവെങ്കിൽ നിങ്ങൾ ഉത്തരം പറയുമായിരുന്നോ? “
ഇതെല്ലാം കേട്ട് അസ്തപ്രജ്ഞരായി ഇരുന്ന വൃദ്ധകൾ മനസ്സാന്നിധ്യം വീണ്ടെടുത്തു പറഞ്ഞു. “അയ്യോ! മോളേ ഞങ്ങളുടെ ഫോൺ സാധാരണരീതിയിൽ ഉള്ളതാണ്. അതുകൊണ്ട് ഫോട്ടോയൊന്നും എടുക്കാൻ പറ്റില്ല.” എന്ന്. ഉടനെ അതിനും കുറെ ദേഷ്യപ്പെട്ടു. “നിങ്ങളൊക്കെ ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത്? പെൻഷനായ സർക്കാർ ഉദ്യോഗസ്ഥർ ആണെന്നാണല്ലോ പറഞ്ഞു കേട്ടത്. നല്ല പെൻഷൻ ഉണ്ടല്ലോ. ഒരു സ്മാർട്ട് ഫോൺ വാങ്ങിക്കൂടെ? സെക്യൂരിറ്റി – അവൻ നിങ്ങളെക്കാളും വിഡ്ഢി കൂശ്മാണ്ടം. ഒരാഴ്ച അതവിടെ വച്ചിരിക്കുന്നു. അവന് അതിൻറെ ഫോട്ടോ എടുത്ത് ഗ്രൂപ്പിൽ ഇട്ടു കൂടായിരുന്നോ? ഒരു കാര്യം ഞാൻ പറഞ്ഞേക്കാം. എൻറെ ഗോദറേജ് അലമാരിയുടെ താക്കോൽ കൂടി അതിലുണ്ടായിരുന്നു. അലമാരിയിൽ നിന്ന് എന്തെങ്കിലും നഷ്ടപ്പെട്ടിരുന്നുവെങ്കിൽ രണ്ടിനെയും ഞാൻ പോലീസ് സ്റ്റേഷനിൽ കയറ്റിയേനെ. “ ഇത്രയും പറഞ്ഞു ചാടിത്തുള്ളി കാറിൻറെ താക്കോലും കറക്കി കൊണ്ട് തിരിച്ചു പോയി. അപ്പോഴേക്കും സെക്യൂരിറ്റിക്കാരനും ഓടിവന്ന് അയാൾക്ക് കിട്ടിയ ഡോസിന്റ കണക്ക് അയാളും പങ്ക് വച്ചു. പറ്റിയ അബദ്ധം നമ്മൾ മൂന്നുപേരും മാത്രം അറിഞ്ഞാൽ മതി. ഇനി ഇത് വീട്ടിൽ മക്കളോടും മരുമക്കളോടും ഒക്കെ പറഞ്ഞു അവരുടെ വായിലിരിക്കുന്നത് കൂടി കേൾക്കേണ്ട എന്ന് മൂവരും തീരുമാനിച്ചു. എല്ലാവരും മൊബൈലിലേക്ക് തന്നെ മുഖം പൂഴ്ത്തി ഇരുന്നോട്ടെ. നമുക്ക് മരണംവരെ സുഹൃത്തുക്കളായി തുടരാം എന്ന് പറഞ്ഞ് ശ്യാമളയും കല്യാണിയും കൈ കൊടുത്തു.
നമുക്ക് ഗാന്ധിനഗറിലെ ശ്രീനിവാസനെ പോലെ ഇനിയുള്ള കാലം നമ്മുടെ കാര്യം മാത്രം നോക്കി ജീവിച്ചാൽ മതി എന്ന് ഒരു ശപഥവും എടുത്തു.
കണ്ണുനീർ വാർത്തു കൊണ്ട് അവരവരുടെ ഫ്ളാറ്റിലെ ഏകാന്തതയുടെ തുരുത്തിലേക്ക്…… ബാക്കി സങ്കടം സീരിയൽ കാണുമ്പോൾ കരഞ്ഞു തീർക്കാം എന്നു കരുതി മടങ്ങി;
– മേരി ജോസി മലയിൽ, തിരുവനന്തപുരം.