അച്ഛനമ്മമാരോടൊപ്പം കുറച്ചു ദിവസങ്ങൾ ചെലവഴിക്കാൻ തിരുവനന്തപുരത്തു നിന്ന് ഇരിഞ്ഞാലക്കുടയിലേക്ക് ട്രെയിൻ കയറിയപ്പോൾ ഉണ്ടായ ഒരു അനുഭവ കഥയാണിത്. അടുത്തകാലത്തുണ്ടായ സംഭവവികാസങ്ങൾ ഒക്കെ പത്രത്തിൽ വായിച്ച് ഭീതിയോടെയാണ് ലേഡീസ് കമ്പാർട്ട്മെന്റിൽ ഒറ്റയ്ക്കുള്ള യാത്ര തുടങ്ങിയത്. തൊട്ടടുത്തിരുന്ന സ്ത്രീയുമായി സൗഹൃദ സംഭാഷണത്തിലേർപ്പെട്ടു. അപ്പോഴാണ് അറിയുന്നത് അവർ ജയിലിൽ ആണ് ജോലി ചെയ്യുന്നത് എന്ന്. ദൈവമേ കണ്ടാൽ നല്ല ഡീസന്റ് ലേഡി. പട പേടിച്ച് പന്തളത്തു ചെന്നപ്പോൾ അവിടെ പന്തളം കൊളുത്തി പട എന്ന് പറഞ്ഞത് പോലെ ആയോ? സുരക്ഷ ഒറ്റക്കാരണം മനസ്സിൽ വച്ച് ലേഡീസ് കമ്പാർട്ട്മെന്റിൽ കയറിയത് അബദ്ധമായോ? സ്ത്രീസുരക്ഷാ മുൻനിർത്തി പോലീസ് ഓഫീസർ മഫ്തിയിൽ ട്രെയിനിൽ സഞ്ചരിക്കുകയായിരിക്കും. എന്നാലും പോലീസിൽ ആണ് ജോലി എന്നല്ലേ പറയേണ്ടത് അല്ലാതെ ജയിലിൽ എന്ന് പറയില്ലല്ലോ? തടവുകാരി എങ്കിൽ കൈവിലങ്ങോ പോലീസ് അകമ്പടിയോ ഒന്നും കാണാനുമില്ല. എൻറെ മനോവിചാരം പല തരത്തിൽ പോയി. വിളറി വെളുത്ത എൻറെ മുഖം കണ്ടിട്ടായിരിക്കും അവർ ഒരു ചിരിയോടെ പറഞ്ഞു ഞാൻ കള്ളിയും അല്ല പോലീസും അല്ല. കൊല്ലത്ത് ജയിലിൽ ആണ് എനിക്ക് ഇന്ന് ഡ്യൂട്ടി. ഞാൻ ഒരു സൈക്കോളജിസ്റ്റ് ആണ്. അവിടെ ജയിൽ ശിക്ഷ അനുഭവിക്കുന്നവർക്ക് കൗൺസിലിംഗ് കൊടുക്കുകയാണ് എൻറെ ജോലി. ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്തു കൊണ്ട് ആഴ്ചയിൽ ആറു ദിവസവും എനിക്ക് അവിടെത്തന്നെയാണ് ഡ്യൂട്ടി. മുമ്പ് തിരുവനന്തപുരത്തുതന്നെ രണ്ടു മൂന്നു സ്കൂളുകളിലാണ് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം വച്ച് ജോലി ചെയ്തിരുന്നത്.
കൗൺസിലിങ്നായി ജയിൽ തടവുകാർ ഒക്കെ അടുത്ത് വന്നിരിക്കുമ്പോൾ പേടി തോന്നില്ലേ എന്നായിരുന്നു എൻറെ അടുത്ത ചോദ്യം. ഒരിക്കലുമില്ല. 80 ശതമാനം തടവുകാരും ഓരോരോ ജീവിത സാഹചര്യം കൊണ്ട് അവിടെ എത്തിപെട്ടു പോയവർ മാത്രമാണ്. അല്ലാതെ മമ്മൂട്ടി ഒരു സിനിമയിൽ പറയുന്നതുപോലെ ആൺ ഗുണ്ടയ്ക്ക് പെൺഗുണ്ടയിൽ ജനിച്ച മക്കൾ ഒന്നുമല്ല ഇവർ. അങ്ങനെയുള്ളവർ ഇല്ലെന്നല്ല അത് ഒരു 20 ശതമാനം മാത്രമാണ്.
എന്നിട്ട് അവർ അടുത്തകാലത്ത് അവരുടെ കൗൺസിലിങ്ങിന് വിധേയനായ ഒരു 34 കാരൻറെ കഥ പറഞ്ഞു. പേര് ശ്രീധരൻ. ജീവിതത്തിൻറെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാടു പെടുന്ന ഒരു ചെറുപ്പക്കാരൻ. അതിരാവിലെ അവൻറെ കമ്പനി പുറത്തിറക്കുന്ന സാധനങ്ങൾ വലിയ ബാഗിലാക്കി അതും ചുമന്നുകൊണ്ട് മാർക്കറ്റിങ്ങിന് ഇറങ്ങും. വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ ദിവസം ഒരു 800 രൂപയെങ്കിലും ഉണ്ടാക്കാൻ സാധിച്ചേക്കും. ഒരാഴ്ച റെയിൽവേ സ്റ്റേഷൻ, പിന്നെ ബസ് സ്റ്റാൻഡ്, റസിഡൻഷ്യൽ ഏരിയ പിന്നെ കച്ചവടസ്ഥാപനങ്ങൾ അങ്ങനെയങ്ങനെ……… പ്രവർത്തനമേഖല മാറിക്കൊണ്ടേയിരിക്കും. അമ്മയും സ്കൂളിൽ പഠിക്കുന്ന ഇളയ രണ്ട് അനുജന്മാരും അടങ്ങുന്ന കുടുംബത്തിൻ്റെ ഏക അത്താണി. കയ്യിലുള്ള കാശെല്ലാം സ്കൂൾ തുറക്കുന്ന സമയം ആയതുകൊണ്ട് അനിയന്മാർക്ക് യൂണിഫോമും പുസ്തകവും വാങ്ങാൻ കൊടുത്തു. വീട്ടിലെ അവസ്ഥ വളരെ മോശമാണ്. ആരോടു കടം വാങ്ങും എന്നൊക്കെ ചിന്തിച്ചു കൂട്ടി വൈകുന്നേരത്തോടെ അരിയും പലവ്യഞ്ജനങ്ങളുമായി ഞാൻ എത്തും എന്നു അമ്മക്ക് വാക്കു കൊടുത്ത് ശ്രീധരൻ ഭാണ്ഡവുമായി റെയിൽവേ സ്റ്റേഷൻ ലക്ഷ്യം വച്ച് നടപ്പ് ആരംഭിച്ചു.
യാത്രക്കാരെല്ലാം ഇറങ്ങിപ്പോയി നിർത്തിയിട്ടിരുന്ന ഒരു ട്രെയിൻ വഴി കയറി അടുത്ത ട്രെയിനിലേക്ക് കയറുകയായിരുന്നു ശ്രീധരൻ. അപ്പോഴാണ് ലേഡീസ് കമ്പാർട്ട്മെൻറ് സീറ്റിൽ അനാഥമായി ഒരു ഫോൺ കിടക്കുന്നത് കണ്ടത്. കുറച്ചുനേരം അവിടെ നിന്ന് അതിനെ തന്നെ നോക്കി നിന്നു. ഉടമസ്ഥർ ഇല്ലെന്ന് കണ്ടപ്പോൾ എടുത്ത് സഞ്ചിയിൽ ഇട്ടു. മോഷണം ശരിയല്ലെന്നും പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കണമെന്ന് തന്നെ മനസ്സ് പറഞ്ഞു. പക്ഷേ സ്കൂൾ വിട്ടു വരുന്ന അനിയൻമാരുടെ മുഖം ഓർത്തപ്പോൾ അതിനു മനസ്സ് വന്നില്ല. ഫോണും കൊണ്ട് ട്രെയിനിൽ നിന്നിറങ്ങി അവിടെയിരിക്കുന്ന പരിചയക്കാരനായ ചെരുപ്പ് കുത്തിയോട് വിവരം തുറന്നു പറഞ്ഞു.
“ചേട്ടൻ കുറെ നാളായില്ലേ ഒരു ഫോൺ വാങ്ങിക്കണം എന്ന് ആഗ്രഹിക്കുന്നു, എനിക്ക് ട്രെയിനിൽ നിന്ന് കളഞ്ഞു കിട്ടിയതാണ് ഈ ഫോൺ. ഒരായിരം രൂപ തന്നാൽ ഞാൻ ഇത് തന്നേക്കാം” എന്ന് പറഞ്ഞു. ചെരുപ്പുകുത്തി അപ്പോൾതന്നെ ആയിരം രൂപ കൊടുത്തത് വാങ്ങി. ശ്രീധരൻ അന്നത്തെ കച്ചവടവും കഴിഞ്ഞ് അരിയും പച്ചക്കറിയും വാങ്ങി സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങി.
അപ്പോഴാണ് റെയിൽവേ പോലീസ് സ്റ്റേഷനിൽ ഒരു സ്ത്രീ പരാതി കൊടുക്കുന്നത്. അവരുടെ ആപ്പിൾ മൊബൈൽ ഫോൺ നഷ്ടപ്പെട്ടു എന്നും പറഞ്ഞ്. മോഷ്ടിക്കപ്പെട്ടത് ആണോ അതോ എവിടെയെങ്കിലും വച്ച് മറന്നതാണോ എന്ന് അവർക്ക് ഓർമ്മയില്ല എന്ന് പ്രത്യേകം പറഞ്ഞിരുന്നു. പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.
ദൃശ്യങ്ങളിൽ ഇവർ സഞ്ചരിച്ചിരുന്ന ലേഡീസ് കമ്പാർട്ട്മെൻറ്ലേക്ക് ഒരു പുരുഷൻ കയറുന്നതായി കണ്ടു. ഫോൺ ഒരിക്കൽപോലും ഓൺ ആകാത്തത് കൊണ്ടാണ് പ്രതിയെ പിടിക്കാൻ താമസം എന്ന് പോലീസ് വിശദീകരിച്ചു.
പക്ഷേ രണ്ടുദിവസത്തിനകം പോലീസ് ശ്രീധരനെ പൊക്കി. സിസി ടിവിയിലെ അയാളുടെ പ്രത്യേക രീതിയിലെ നടപ്പും കാലിൽ ധരിച്ചിരുന്ന ചെരുപ്പിൻ്റെ പ്രത്യേകതരം വള്ളിയും ആണ് ശ്രീധരനെ കുടുക്കാൻ പോലീസിന് സഹായകമായത്. ചെരുപ്പുകുത്തിയേയും ശ്രീധരനെയും കയ്യോടെ അറസ്റ്റ് ചെയ്തു. ആ ഫോൺ സ്വിച്ഓൺ ചെയ്യാൻ പോലും ചെരിപ്പുകുത്തിക്ക് കഴിഞ്ഞിരുന്നില്ല. കാരണം അതൊരു ഫെയ്സ് recognition ലോക്കോ ഫിംഗർ പ്രിൻറ് ലോക്കോ ചെയ്ത് ലോക്ക് ചെയ്തിരുന്നു. കുരങ്ങൻറെ കയ്യിൽ പൊതിയാ തേങ്ങ കിട്ടിയതു പോലെ ആയിരുന്നു ആ ഫോൺ. പോലീസ് രണ്ടുപേരെയും കുറിച്ച് വിശദമായി അന്വേഷിച്ചപ്പോൾ രണ്ടുപേർക്കും ഇതിനുമുമ്പ് മോഷണത്തിൻ്റെയോ പിടിച്ചു പറിയുടെയോ യാതൊരു ചരിത്രവുമില്ല. രണ്ടു പേരും നന്നായി അധ്വാനിച്ച് കുടുംബം പോറ്റുന്നവർ. അന്നത്തെ, ആ ദിവസത്തെ ഒരു പ്രത്യേക നിമിഷത്തിൽ ബുദ്ധിമോശം കൊണ്ട് മാത്രം സംഭവിച്ചു പോയ കാര്യം. പക്ഷേ അതൊക്കെ പറഞ്ഞിട്ട് വല്ല ഫലവും ഉണ്ടോ? കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പോലീസ് ഡിപ്പാർട്ട്മെൻറ് കള്ളന്മാരെ തൊണ്ടി സഹിതം കണ്ടെത്തിയതുകൊണ്ട് അവർ രണ്ടുപേരെയും അറസ്റ്റ് ചെയ്ത് അതൊരു വാർത്തയാക്കി. ഇവരുടെ ചിത്രങ്ങളും പത്രത്തിൽ വന്നു. പുറകെ സമൂഹ മാധ്യമങ്ങളിലും. ഇനി കേസിൻ്റെ നൂലാമാലകൾ വേറെ. നാട്ടുകാരുടെയും വീട്ടുകാരുടെയും മുമ്പിൽ കള്ളൻ എന്ന് മുദ്ര കിട്ടിയ അവരുടെ മാനസികാവസ്ഥ എന്തായിരിക്കും?അവരെ ഓരോന്ന് പറഞ്ഞു ആശ്വസിപ്പിച്ചു ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരേണ്ട ജോലിയാണ് എന്റേതെന്നു പറഞ്ഞ് അവസാനിപ്പിച്ചു അവർ.
ജയിൽ ജീവിതത്തെക്കുറിച്ചും ജയിലുകളിലെ നിയമങ്ങളെ കുറിച്ചും തടവുകാരെ ബോധവൽകരിക്കുകയാണത്രെ ഇവരുടെ പ്രധാന ജോലി.പല തടവുകാരുടെയും മാനസിക നില പരിശോധിച്ച് ജയിൽ അധികൃതർക്ക് ഇവർക്ക് റിപ്പോർട്ട് നൽകാനാകും. ആത്മഹത്യാ പ്രവണതയുള്ള തടവുകാരെ ആദ്യം കണ്ടെത്തുന്നതും അവർക്ക് തുടർ ചികിത്സ നിർദേശിക്കുന്നതും സൈക്കോളജിസ്റ്റുകളാണ്. ചിലപ്പോൾ മാന്യമായി തടവുകാരോട് പെരുമാറേണ്ട ആവശ്യകതയെ കുറിച്ച് ജയിൽ അധികാരികൾക്കും ബോധവൽകരണ ക്ലാസുകൾ കൊടുക്കാറുണ്ടത്രേ!
മനുഷ്യ മനസ്സുകളുടെ നിമിഷനേരത്തെ ചാഞ്ചാട്ടങ്ങൾക്കു വലിയ വില കൊടുക്കേണ്ടി വരുമ്പോൾ അവർക്ക് ചെറുതായെങ്കിലും സാന്ത്വനം നൽകുന്ന ഇവരെ പോലുള്ള സൈക്കോളജിസ്റ്റുകളെ ഞാൻ അന്ന് ആദ്യമായി മനസ്സിൽ തൊഴുതു. ജയിലുകളിൽ ഇവരെ പോലുള്ളവരുടെ സ്നേഹസ്പർശം ആവശ്യം ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു.
– മേരി ജോസി മലയിൽ, തിരുവനന്തപുരം.