ഒരു ചിങ്ങമാസം കൂടി വരവായി. ശ്രുതി ഫ്ലാറ്റിൻറെ പതിനഞ്ചാം നിലയിലെ ഓപ്പൺ ടെറസ്സിൽ കാറ്റും കൊണ്ടിരുന്നപ്പോൾ പിയൂസിൻ്റെ മനസ്സിലേക്ക് ആ പഴയ കൊയ്ത്തു കാല ഓർമ്മകൾ കടന്നു വന്നു. കൊറോണ കാലം ആയതുകൊണ്ട് മക്കളെയും കൊച്ചുമക്കളെയും അടുത്തു കിട്ടിയതിൻ്റെ സന്തോഷത്തിലായിരുന്നു പിയൂസ്. ഈ ഫ്ലാറ്റ് ഇരുന്ന സ്ഥലം മുമ്പ് അദ്ദേഹത്തിൻറെ തന്നെ പിതാവിൻറെ നെൽപ്പാടം ആയിരുന്നു.
വിത്തിറക്കാൻ പാടം ഉഴുതു മറിക്കുന്നതും വിത്തു വിതയ്ക്കുന്നതും കറ്റ കൊയ്ത്തും മെതിയും ജോലിക്കാരുടെ ബഹളവുമൊക്കെ പിയുസിൻ്റെ കൗമാര മനസ്സിലെ ഒരു തെളിഞ്ഞ ഓർമ്മ. നെല്ല് ഉണക്കുന്നതും പത്തായത്തിൽ ആക്കുന്നതും പിന്നെ അത് പുഴുങ്ങി ഉണക്കി നെല്ല് കുത്തിച്ചു അരി ആക്കുന്നത് വരെയുള്ള ചടങ്ങുകൾ ഒന്നൊന്നായി അദ്ദേഹത്തിൻറെ മനസ്സിലേക്ക് വന്നു.
തൃശ്ശൂർ ടൗണിൽ ബിസിനസ് ചെയ്തിരുന്ന ഉറ്റ സുഹൃത്തുക്കളായിരുന്നു യഥാക്രമം പിയുസിൻ്റെ പിതാവായ മഞ്ഞഴിയിൽ കുര്യാക്കോസും കല്ലിങ്കൽ തമ്പിയും. രണ്ടുപേരും സമ്പന്നർ. കൊട്ടേക്കാട് അടുത്ത് നിലം വാങ്ങി അവരവിടെ നെൽകൃഷി ചെയ്തു പോന്നിരുന്നു. മെയിൻ റോഡിൽ നിന്ന് ആറടിയോളം വീതിയുള്ള ഇടവഴിയിലൂടെ അര കിലോമീറ്റർ പോയാൽ ഈ നെൽകൃഷി പാടത്ത് എത്താം. 1950കളിൽ കാളവണ്ടിയും പ്ലിമത്ത് കാറും ട്രാക്ടറും ഒക്കെ സുഗമമായി പോയിരുന്ന വഴിയായിരുന്നു അത്. കുര്യാക്കോസിൻ്റെ നെൽപ്പാടത്തിനോട് ചേർന്നുള്ള പറമ്പിൽ ഒരിക്കലും വറ്റാത്ത കിണറും കുളവും ചെറിയൊരു കയ്യാലയും വീടുമൊക്കെ ഉണ്ടായിരുന്നു. കൊയ്ത്ത് സമയത്ത് തൊഴിലാളികൾ എല്ലാവരും കൂടി ഇവിടെ ആയിരുന്നു താമസം.
നെൽപാടത്തിൻ്റെ സൈഡിൽ റെയിൽവേട്രാക്ക് ആയിരുന്നു. 1970കളിൽ എണ്ണ കയറ്റിക്കൊണ്ടുപോയ ഒരു ഗുഡ്സ് ട്രെയിനിൻ്റെ നാലഞ്ച് ബോഗി മറിഞ്ഞ് ആ വർഷത്തെ നെൽകൃഷി ആകെ നശിച്ചു. രണ്ടുപേരുടെയും ആ വർഷത്തെ കൃഷിയിൽ നിന്നുള്ള വരുമാനം സീറോ ആയിരുന്നു. അടുത്ത വർഷവും അവിടെ കൃഷിയിറക്കാൻ സാധിച്ചില്ല. രണ്ടു മൂന്നു വർഷത്തേക്ക് ഈ പാടത്ത് ഒരു പുല്ലു പോലും മുളക്കില്ല എന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടതോടെ അവിടെ കൃഷി ചെയ്യുന്ന പരിപാടി രണ്ടുപേരും നിർത്തി.
അങ്ങനെയിരിക്കുമ്പോഴാണ് തമ്പിയുടെ കുട ബിസിനസ് ആവശ്യത്തിനായി ആ കൊച്ചു വീട് വാടകയ്ക്ക് തരുമോ എന്ന് തമ്പി കുര്യാക്കോസിനോട് ചോദിക്കുന്നത്. ചിതലരിക്കാതെ അഞ്ചാറു തൊഴിലാളികൾ അവിടെയിരുന്ന് കുട ഉണ്ടാക്കുമ്പോൾ ആൾപ്പെരുമാറ്റം ഉണ്ടാകുമല്ലോ എന്ന് കരുതി യാതൊരു രേഖയും ഇല്ലാതെ തമ്പിക്ക് വാടകയ്ക്ക് കൊടുത്തു. രണ്ടുപേരും അതിനോട് ചേർന്നുള്ള പറമ്പിൽ നിന്ന് ആദായം എടുക്കാൻ മാത്രം അവിടെ പോയിരുന്നു. കുറെനാൾ കഴിഞ്ഞപ്പോൾ തമ്പി തന്നെയാണ് രണ്ടു പറമ്പിലെയും തെങ്ങുകയറ്റം ഒക്കെ നടത്തിയിരുന്നത്. ഈ ഇടവഴിയുടെ സൈഡിലായി 5-6 ചെറിയ വീടുകൾ ഉണ്ടായിരുന്നു. അന്ന് അവരൊക്കെ വേലി കൊണ്ടാണ് അതിര് വച്ചിരുന്നത്. കാലക്രമേണ അവരൊക്കെ കാശുകാരായപ്പോൾ മുമ്പോട്ട് സ്ഥലം കയ്യേറി മതിൽ കെട്ടി അവരവരുടെതാക്കി. വഴിയുടെ വീതി കഷ്ടി മൂന്നര അടി മാത്രമായി പിന്നീട്. ബിസിനസ്സിൽ ശ്രദ്ധിച്ചിരുന്ന ഇവർ രണ്ടു പേരുടെ ശ്രദ്ധയിൽ ഇത് പെട്ടതുമില്ല. വർഷങ്ങൾ കടന്നുപോയി. വീതപ്രകാരം കുര്യാക്കോസിൻ്റെ മൂത്ത മകനായിരുന്നു ഈ സ്ഥലം ലഭിച്ചത്. വർഷങ്ങളായി വിദേശത്തായിരുന്ന പിയൂസ് ഈ സ്ഥലം കണ്ടപ്പോൾ ഞെട്ടിപ്പോയി. ഒരു ഓട്ടോറിക്ഷ കയറാനുള്ള വഴി പോലുമില്ലായിരുന്നു അവിടം. ആധാരവും കൊണ്ട് ഇവരെയൊക്കെ സമീപിച്ച് നിങ്ങൾ ഇതൊക്കെ കയ്യേറിയിരിക്കുന്നതാണ് എന്നൊക്കെ പറഞ്ഞ് സമർത്ഥിക്കാൻ ശ്രമിച്ചെങ്കിലും അവർ അതൊന്നും കാര്യമായി ഗൗനിച്ചില്ല. അപ്പോഴാണ് ഈ ഇടവഴിക്ക് എതിരായി പുതിയ ഒരു ഇടവകപ്പള്ളി വന്നത്. ഈ വീട്ടുകാരൊക്കെ ഇടവകാംഗങ്ങളും ആയിരുന്നു. പള്ളിക്കാർ ശവക്കോട്ടയ്ക്കായി സ്ഥലം അന്വേഷിച്ച് പിയുസിനെ തേടിയെത്തി. അഞ്ചാറ് വീട്ടുകാർ ഇത് മണത്തറിഞ്ഞ് അവരും പിയുസിനെ കാണാനെത്തി. അവരുടെ വീടിനടുത്ത് ശവക്കോട്ട വരുന്നതിന് അവർ എതിരാണ്. ഒരു കാരണവശാലും കൊടുക്കരുതെന്നും പറഞ്ഞു പിയുസിന്റ കാലുപിടിച്ചു. നിങ്ങൾ ഈ വഴിയൊക്കെ കയ്യേറിയതുകൊണ്ടാണ് എനിക്ക് ഇത്തരത്തിൽ ഇത് വിൽക്കേണ്ട ഗതികേട് വന്നത് എന്ന് പിയൂസും വാദിച്ചു. എങ്ങനെയോ പള്ളിക്കാർ സെമിത്തേരിയ്ക്കായി മറ്റൊരു സ്ഥലം കണ്ടെത്തി ആ പ്രശ്നം അങ്ങനെ അവസാനിച്ചു.
അപ്പോഴാണ് തമ്പി മരണക്കിടക്കയിൽ ആണെന്ന് കുര്യാക്കോസ് അറിയുന്നത്. ചെറുതെങ്കിലും ആ വീടിൻറെ താക്കോൽ തമ്പിയുടെ കൈവശം ആയിരുന്നു വർഷങ്ങളായി.അത് തിരികെ ചോദിക്കാൻ കുര്യാക്കോസും പിയൂസും കൂടി ചെന്നപ്പോൾ തമ്പി ഏകദേശം ഓർമ്മ നശിച്ച ഒരു അവസ്ഥയിലായിരുന്നു. അവരുടെ മകൻ വിദേശത്തു നിന്ന് വരുമ്പോൾ താക്കോൽ അവിടെ കൊണ്ട് തരാമെന്ന് ഭാര്യ പറഞ്ഞതു പ്രകാരം അവർ തിരികെ പോന്നു. വിദേശത്തു നിന്നെത്തിയ മകൻ പിയുസിനെ കാണാനെത്തിയത് ഒരു വക്കീലും ആയിട്ടായിരുന്നു. അതായത് ആ സ്ഥലം ഒഴിഞ്ഞു കൊടുക്കണമെങ്കിൽ അവർക്ക് പീയൂസിൻ്റെ സ്ഥലത്തുനിന്ന് 8 സെൻറ് സ്ഥലം വിട്ടുകൊടുക്കണമെന്ന ഒത്തുതീർപ്പിൽ പിരിഞ്ഞു. കേസിനു പോയാൽ ഒരിടത്തും എത്തില്ലെന്ന് അറിയാവുന്നതുകൊണ്ട് പിയൂസ് അതിന് സമ്മതിച്ച് എഴുതി കൊടുത്തു. ഒരു പൈസപോലും വാടക തരാതെ കുട യൂണിറ്റ് നടത്തിയതിന് അയാൾക്ക് സമ്മാനം 8 സെൻറ് സ്ഥലം. ആത്മാർത്ഥ സുഹൃത്തുക്കളുടെ സ്നേഹത്തിൻറെ വില. ആ സ്ഥലം വിൽക്കുന്നോ എന്ന് അന്വേഷിച്ച് ഫ്ലാറ്റുകാർ പിയുസിനെ സമീപിക്കാൻ തുടങ്ങിയിരുന്നു ആ കാലഘട്ടത്തിൽ. കൃഷിയോഗ്യമല്ലാത്ത തുകൊണ്ട് നെൽപ്പാടം നികത്തുന്നതിന് നിയമതടസ്സങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. കാര്യങ്ങളൊക്കെ ദ്രുതഗതിയിലായിരുന്നു. പോക്കുവരവ് ചെയ്ത് ആധാരം അവരുടെ കൈവശം കിട്ടിയതോടെ ഫ്ലാറ്റുകാർ വില്ലേജ് ഓഫീസിലും പഞ്ചായത്തിലും വിവരമറിയിച്ച് സെക്കൻഡ് വച്ച് കയ്യേറിയ ഭൂമിയൊക്കെ ഈ വീട്ടുകാരെ കൊണ്ട് അവർ തിരിച്ചു വെപ്പിച്ചു. ഇപ്പോൾ ഏഴടിയോളം വീതിയുള്ള ഇടവഴി ചെന്ന് കയറുമ്പോൾ തലയെടുപ്പോടെ നിൽക്കുന്നു “ശ്രുതി ഫ്ലാറ്റ്”. 5വർഷം കൊണ്ടു 15നില ഫ്ലാറ്റ് അവിടെ പൊങ്ങി. പിയുസിനു 2 ഫ്ലാറ്റ് നൽകാമെന്ന് ആ കരാറിൽ ഉണ്ടായിരുന്നു. കൊച്ചു മക്കളോട് ശ്രുതി ഫ്ലാറ്റിൻ്റെ പിന്നാമ്പുറ കഥ പറഞ്ഞു നിർത്തി പിയുസ്.
– മേരി ജോസ്സി മലയിൽ, തിരുവനന്തപുരം.