സമയം രാത്രി 7 മണി. ഉന്നത ഉദ്യോഗസ്ഥരും സമ്പന്നരും അംഗങ്ങളായിട്ടുള്ള ക്ലബ്ബിൽ ആഡംബര കാറുകൾ പാർക്ക് ചെയ്ത് ഓരോരുത്തരായി എത്തിത്തുടങ്ങി. അരമണിക്കൂറിനകം ഗ്രൂപ്പ് തിരിഞ്ഞ് എല്ലാവരും ചീട്ടുകളിയും ചെറിയ തോതിലുള്ള മദ്യപാനവും തുടങ്ങും. 9 മണിയോടെ ചിലർ ക്ലബ്ബിൽ നിന്ന് തന്നെ ഡിന്നർ കഴിച്ചു മടങ്ങും. 10 മണിക്ക് ക്ലബ് അടക്കും. ഇതായിരുന്നു സാധാരണ ദിവസങ്ങളിലെ പതിവ്. നഗരത്തിലെ പ്രമുഖ വക്കീലും പ്ലാൻററും വേണുവും റോയിയും പ്രൊഫഷൻ കൊണ്ട് രണ്ടുപേരും വ്യത്യസ്ത മേഖലകളിൽ ആണെങ്കിലും ഉറ്റ സുഹൃത്തുക്കളാണ്. അവർ കോളേജിൽ അഞ്ചുവർഷം ജൂനിയറും സീനിയറും ആയിട്ടാണ് പഠിച്ചിരുന്നത്. റോയ്ക്ക് വേണുവേട്ടനോട് സ്വന്തം സഹോദരനെക്കാൾ സ്നേഹമാണ്. എന്നും വൈകുന്നേരം ക്ലബ്ബിൽ കാണും. ചീട്ടുകളിയ്ക്കും ഒന്നോ രണ്ടോ പെഗ് കഴിക്കും. പകലത്തെ ടെൻഷൻ മുഴുവൻ തീർത്ത് വീട്ടിലേക്ക് മടങ്ങും. അന്ന് റോയി നോക്കിയപ്പോൾ കണ്ടത് രണ്ടു കുപ്പിയുമായി ഒരു ടേബിളിൽ ഒറ്റയ്ക്കിരുന്നു വേണുവേട്ടൻ മദ്യപിക്കുന്നതായിരുന്നു. റോയി ചീട്ടുകളി സ്കൂട്ട് ചെയ്ത് ഒറ്റക്കുതിപ്പിന് വേണുവേട്ടൻ്റെ അടുത്തെത്തി കാര്യമന്വേഷിച്ചു. എന്തെങ്കിലും പ്രമാദമായ കേസിൻ്റെ വാദം നടക്കുന്ന സമയത്ത് അല്ലാതെ ഇങ്ങനെയൊരു സീൻ റോയ് കണ്ടിട്ടില്ല. “ഹേയ്,ഒന്നുമില്ല” എന്നൊക്കെ പറഞ്ഞു ഒഴിയാൻ നോക്കിയെങ്കിലും റോയ് വിട്ടില്ല. ഇനി ടെൻഷൻൻ്റെ കാര്യം എന്താണെന്ന് പറയാതെ ഞാൻ മദ്യപിക്കാൻ അനുവദിക്കില്ല എന്ന് പറഞ്ഞ് കുപ്പിയെടുത്തു മാറ്റി. വലിയ വേദനയോടെ വേണുവേട്ടൻ കാര്യം പറഞ്ഞപ്പോൾ റോയിക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.” ഇതാണോ ഇത്ര വലിയ ആന കാര്യം? ഞാൻ ആകെ ഭയന്നു പോയി. ഇത് ഞാൻ പുഷ്പംപോലെ പരിഹരിച്ച് തരാം. “ എന്ന് പറഞ്ഞ് വേണുവേട്ടൻറെ കൂടെ അപ്പോൾ തന്നെ റോയ് വേണുവിൻ്റെ വീട്ടിലെത്തി. ഒരു തമിഴ് സിനിമാ നടിയെ പോലെ സുന്ദരിയായിരുന്ന വേണുവേട്ടൻ്റെ ഭാര്യ സുമചേച്ചി രണ്ടുപേരെയും സ്വീകരിച്ചു. റോയ് വന്നപാടെ മോളെ വിളിക്കാൻ ആവശ്യപ്പെട്ടു. പത്ത് മുപ്പത് വർഷമായി കുടുംബ സുഹൃത്തുക്കളായിരുന്നു അവർ. ആണും പെണ്ണും ആയിട്ട് വേണുവേട്ടന് ഒരേ ഒരു മകൾ. ജയന്തി,വയസ്സ് 26. സുന്ദരി, സുശീല, പഠിക്കാൻ ആണെങ്കിലോ അതിസമർത്ഥ, ആ കോളനിയിലെ എല്ലാ കുട്ടികളുടെയും മാതൃക വിദ്യാർഥിനി. ഉയർന്ന ക്ലാസ്സോടെ എഞ്ചിനീയറിംഗ് ബിരുദം നേടിയ ഉടനെ ഐടി മേഖലയിൽ ജോലി. ജോലിയിൽ കയറിയിട്ട് തന്നെ ഇപ്പോൾ മൂന്നാല് വർഷമായി. ഇടക്ക് 10 മാസത്തോളം വിദേശത്തായിരുന്നു. വിവാഹം കഴിക്കാൻ വീട്ടുകാർ ആവശ്യപ്പെട്ടിട്ട് ജയന്തി സമ്മതിക്കുന്നില്ല. ആദ്യമൊക്കെ കുറച്ച് പക്വത വരട്ടെ, അവൾ പറയുന്നതിലും കാര്യമില്ലേ,നാലു വയസ്സു മുതൽ തുടങ്ങിയ പഠനം അല്ലേ,യാതൊരു അല്ലലും ഇല്ലാതെ ജീവിതം ഒന്ന് ആഘോഷിക്കട്ടെ എന്നൊക്കെ കരുതി വേണുവേട്ടനും ഭാര്യയും കണ്ണടച്ചു. പക്ഷേ ഇപ്പോൾ അവളുടെ കൂടെ പഠിച്ചവരുടെയും അവളെക്കാൾ ചെറുപ്പം ഉള്ള കുട്ടികളുടെയും ഒക്കെ വിവാഹവും കഴിഞ്ഞ് ഒന്നോ രണ്ടോ കുട്ടികളും ആയി തുടങ്ങി. ജയന്തിക്ക് വരുന്ന വിവാഹാലോചനകൾ എല്ലാം അവൾ ഒരു കാരണവുമില്ലാതെ മുടക്കി കൊണ്ടേയിരിക്കുന്നത് കണ്ടപ്പോൾ രണ്ടുപേർക്കും ആധിയായി. അങ്ങനെയാണ് അവളുടെ മനസ്സിലിരിപ്പ് അറിയാൻ റോയ് തീരുമാനിച്ചത്. ജയന്തി അന്യജാതിക്കാരനുമായി വല്ല അടുപ്പവും തുടങ്ങി വച്ചോ എന്നായിരുന്നു റോയിയുടെ സംശയം. റോയ് തിരിച്ചും മറിച്ചും ചോദിച്ചിട്ട് ജയന്തി ആർക്കും പിടി കൊടുത്തില്ല. മോള് ആരെ ഇഷ്ടപ്പെട്ടാലും പ്രശ്നമില്ല ഞങ്ങൾ അതും നടത്തിത്തരാം എന്നൊക്കെ പറഞ്ഞപ്പോൾ ജയന്തിയുടെ മറുപടി ഇങ്ങനെയായിരുന്നു. “ഈ നഗരത്തിൽ സ്വന്തമായി ഫ്ളാറ്റും കാറും എൻ്റെ അധ്വാനം കൊണ്ട് മാത്രം ഞാൻ വാങ്ങി കഴിഞ്ഞു. പിന്നെ ഒരു പയ്യനെ ഇഷ്ടപ്പെട്ടെങ്കിൽ അയാളെ കല്യാണം കഴിക്കുന്നതിന് നിങ്ങളുടെ ഒരു ആശിർവാദം മാത്രം മതി എനിക്ക്. എനിക്ക് വിവാഹം വേണ്ട, ഞാനൊരു വിവാഹജീവിതം ഇഷ്ടപ്പെടുന്നില്ല. “
ആ തീരുമാനത്തിൽ ഉറച്ചു നിന്നുകൊണ്ട് അതിന് കുറേ വാദമുഖങ്ങളും ജയന്തി നിരത്തി. പത്ര വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന വിസ്മയ, പാമ്പുകടിയേറ്റ് മരിച്ച ഉത്തര,ആസിഡൊഴിച്ച കേസ്, പാദസരമിട്ട കാല് അറുത്ത കാമുകിയുടെ കേസ്………. വക്കീലിൻ്റെ മകൾ ആയതുകൊണ്ട് തന്നെ അയ്യോ, എനിക്ക് ഇവളോട് തർക്കിച്ചു ജയിക്കാൻ വയ്യേ എന്ന് പറഞ്ഞ് റോയ് വാലും ചുരുട്ടി ഓടി. കാര്യം നിസാരം എന്ന് ആദ്യം റോയിക്ക് തോന്നിയെങ്കിലും ഇത് വിചാരിക്കുന്നത്ര നിസ്സാരമല്ല എന്ന് ബോധ്യപ്പെട്ടു. “ഹോ, ആ സുമചേച്ചി എത്ര പാവമാണ് ഇവളെന്താ ഇങ്ങനെ ആയത്” എന്ന് റോയ് ഭാര്യയുമായി ചർച്ച നടത്തി. സുമചേച്ചി നല്ലൊരു നർത്തകിയും കലാതിലകവും ആയിരുന്നു വേണുവേട്ടൻ വിവാഹം കഴിക്കുന്നതിനു മുമ്പ്, പക്ഷേ വിവാഹ ശേഷം ഉത്തമ കുടുംബിനിയായി വേണുവേട്ടനും മകൾക്കും വേണ്ടി ജീവിക്കുകയായിരുന്നു.
പിറ്റേന്നും അതിൻറെ പിറ്റേന്നും ക്ലബ്ബിൽ വച്ച് രണ്ടുപേരും കണ്ടപ്പോൾ ഇതുതന്നെ ചർച്ചചെയ്തു. പ്രശ്നപരിഹാരം മാത്രം തെളിഞ്ഞു വന്നില്ല.നാലാം ദിവസം മടിച്ചുമടിച്ച് റോയ് വേണുവേട്ടനോട് ഒരു കാര്യം പറഞ്ഞു. ചിലപ്പോൾ നമുക്ക് സാധിക്കാത്തത് ഒരു മന:ശാസ്ത്രവിദഗ്ധന് സാധിച്ചേക്കും. ആരും അറിയാതെ നമുക്ക് അവളെ അവിടെ എത്തിക്കാം. നമ്മളെക്കാൾ ബുദ്ധിയും സാമർത്ഥ്യവും ഉള്ള അവളുടെ അടുത്ത് ഈ വിവരം തുറന്നു പറഞ്ഞു സമ്മതമാണെങ്കിൽ കൊണ്ടുപോകാം, അതേ നടക്കൂ എന്ന് വേണുവേട്ടൻ. റോയിയും ഭാര്യയും അടുത്തദിവസം വീട്ടിലെത്തി ജയന്തിയോട് കാര്യം അവതരിപ്പിച്ചു. ഇവർ രണ്ടുപേരും ജയന്തിയുടെ അഭ്യുദയകാംക്ഷികൾ ആണെന്ന് അറിയാവുന്നതുകൊണ്ട് ജയന്തി എതിർപ്പൊന്നും പറഞ്ഞില്ല. ഇനി അതിൻ്റെ ഒരു കുറവ് വേണ്ട എന്ന് പറഞ്ഞ് സമ്മതിച്ചു. റോയ് മനഃശാസ്ത്ര വിദഗ്ദൻ്റെ അപ്പോയ്ന്റ്മെന്റ് എടുത്ത് കൃത്യസമയത്ത് ജയന്തിയെയും കൊണ്ട് അവിടെ എത്തിച്ചു പരിചയപ്പെടുത്തിക്കൊടുത്തു. “വക്കീൽ ആകേണ്ടവൾ ആയിരുന്നു.പക്ഷേ എൻജിനീയറാണ്” എന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയത്. ഏഴു ദിവസത്തെ കൗൺസിലിംഗ് വേണ്ടിവരുമെന്ന് ആദ്യത്തെ ദിവസത്തെ ജയന്തിയുടെ പെർഫോമൻസ് കണ്ടപ്പോൾ തന്നെ ഡോക്ടർ പറഞ്ഞിരുന്നു. കൗണ്ട് ഡൗൺ തുടങ്ങി 7 6 5 4 3 2 1…..ആ ദിവസം ആകാംക്ഷയോടെ എല്ലാവരും റിസൽട്ടിനായി കാത്തിരുന്നു.
സക്സസ്.
ജയന്തി കല്യാണം ആലോചിച്ചു കൊള്ളാൻ സമ്മതം കൊടുത്തു. അത്ഭുതപരതന്ത്രരായി നാലുപേരും, കൂടുതൽ ചിക്കാനോ ചികയാനോ മെനക്കെടാതെ തകൃതിയായി കല്യാണം ആലോചിച്ചു. സുന്ദരിയും സമ്പന്നയും സുശീലയും ഉദ്യോഗസ്ഥയുമായ ജയന്തിയെ മോഹിക്കാത്ത ചെറുപ്പക്കാർ ആരാണ്? ഒരു മാസം കൊണ്ട് കല്യാണം കഴിഞ്ഞു. രണ്ടോ മൂന്നോ മാസം കൊണ്ട് നവദമ്പതികൾ വിദേശത്തേക്ക് പറന്നു. മൂന്നോ നാലോ വർഷം കൊണ്ട് രണ്ടു കുട്ടികളുമായി. ജയന്തി വിവാഹത്തിന് സമ്മതിക്കാതെ ഇരുന്നതും അവളെ ഡോക്ടറെ കാണിച്ചിരുന്നതും ഒക്കെ എല്ലാവരും ഈ തിരക്കിനിടയിൽ മറന്നു പോയിരുന്നു. റോയിയും വേണുവേട്ടനും കാണുമ്പോൾ നിൻറെ സൈക്കോളജിസ്റ്റ് നിസ്സാരക്കാരനല്ല, മിടുക്കനാണ് എന്ന് പരസ്പരം പറഞ്ഞതല്ലാതെ ഇയാൾ എന്ത് മാജിക് ആണ് കാണിച്ചത് എന്ന് രണ്ടുപേർക്കും അറിഞ്ഞുകൂടായിരുന്നു. അങ്ങനെ ഇരുന്നപ്പോഴാണ് രണ്ടുപേർക്കും ഒരു ആഗ്രഹം തോന്നിയത്. ജയന്തി കുടുംബമായി അമേരിക്കയിൽ സസുഖം ജീവിക്കുകയാണല്ലോ? നമുക്ക് രണ്ടു പേർക്കും കൂടി ഇയാളെ ഒന്ന് കണ്ടു ഇതെങ്ങനെ സാധിച്ചെടുത്തു എന്നൊന്ന് അന്വേഷിച്ചാലോ? വെറുതെ ഒരു കൗതുകത്തിന്. പ്രൊഫഷണൽ സീക്രട്ട് അവർ ആരോടും പങ്കുവയ്ക്കില്ല, എന്നാലും ഞാൻ ഒന്ന് ശ്രമിച്ചു നോക്കാം എന്ന് പറഞ്ഞു റോയ്. രണ്ടു പേരും കൂടി ഒരു സുഹൃത്ത് സന്ദർശനം പോലെ സൈക്കോളജിസ്റ്റിനെ സമീപിച്ചു തങ്ങളുടെ ആഗമനോദ്ദേശ്യം അറിയിച്ചു. ബുദ്ധിമുട്ടില്ലെങ്കിൽ മാത്രം പറഞ്ഞാൽ മതി എന്ന് പ്രത്യേകം പറഞ്ഞിരുന്നു. ഡോക്ടർ കുറച്ചുനേരം എല്ലാം കേട്ടിരുന്നിട്ട് പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു. “ഇതിലും വലിയ ബുദ്ധിമാൻമാരെ ഞാൻ മസ്തിഷ്കപ്രക്ഷാളനം നടത്തി മുട്ടുകുത്തിച്ചിരിക്കുന്നു. പിന്നെയല്ലേ ഈ ചിന്ന കേസ് വക്കീലിൻ്റെ മകൾ ആയതുകൊണ്ടാവും തർക്കുത്തരത്തിനു ആരെങ്കിലും പി എച്ച് ഡി കൊടുക്കുന്നുണ്ടെങ്കിൽ അത് സാറിൻറെ മകൾക്ക് തന്നെ കൊടുക്കണം എന്ന്. “ അവർ സമാധാനമായി ജീവിക്കുന്നു എന്ന് കേട്ടപ്പോൾ അദ്ദേഹത്തിന് വലിയ സന്തോഷമായി.
ജയന്തിയുടെ അടുത്ത് ഡോക്ടർ പതിനെട്ടടവും പയറ്റിയിരുന്നു. ജയന്തിക്ക് തൻ്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കാൻ കഴിയും എന്നുള്ള വിശ്വാസം ഉള്ളത് കൊണ്ടാണ് അവൾ അവിടെ വന്നു തുടങ്ങിയത് തന്നെ. ആദ്യമൊക്കെ തർക്കിച്ച് സൈക്കോളജിസ്റ്റിനെ മുട്ടുകുത്തിച്ച് വെള്ളം കുടിപ്പിച്ചിരുന്നു.പിന്നെ അവസാനം ഡോക്ടർ ആ പൂഴിക്കടകൻ അടവ് എടുത്തതോടെ ജയന്തി ഫ്ലാറ്റ്. അത് ഇതായിരുന്നു. “നിങ്ങൾക്ക് ജോലിയിലും ജീവിതത്തിലും ഒരുപാട് തെറ്റുകൾ, കുറവുകൾ, കുറ്റങ്ങൾ സംഭവിക്കാം. പക്ഷേ നിങ്ങളുടെ സ്വഭാവം വച്ച് അതൊന്നും ഒരിക്കലും നിങ്ങൾ സമ്മതിച്ചു കൊടുക്കില്ല. അതൊക്കെ ആരുടെയെങ്കിലും തലയിൽ കെട്ടിവയ്ക്കാൻ ഒരു ഭർത്താവ് നിങ്ങൾക്ക് അത്യാവശ്യമാണ്. “
അതുകേട്ടപ്പോൾ ജയന്തി പറഞ്ഞു. “സത്യമാണ് ഡോക്ടർ പറഞ്ഞത്. ആറുമാസമായി അമ്മ അച്ഛനെ ഇതും പറഞ്ഞു കുറ്റപ്പെടുത്തി കൊണ്ടിരിക്കുന്നത് ഞാൻ കേൾക്കുന്നുണ്ട്.”നിങ്ങളാണ് മകളെ വളർത്തി ഈ വിധം വഷളാക്കിയത് .നിങ്ങളുടെ വക്കീല് സ്വഭാവമാണ് നിങ്ങളുടെ മകൾക്ക് കിട്ടിയിരിക്കുന്നത്. “ ഇതൊക്കെ പറയുമ്പോഴും കോടതിയിലെ പുപ്പുലിയായ വക്കീലായ അച്ഛൻ ഒരക്ഷരം പോലും തിരിച്ചു പറയാതെ തലകുമ്പിട്ട് ഇരിക്കുന്നതേ ഞാൻ കണ്ടിട്ടുള്ളൂ.
ആറാംദിവസം ജയന്തി എനിക്ക് ഷേക്ക് ഹാൻഡ് തന്നു. യെസ്, മന:ശാസ്ത്രം ജയിച്ചു ജയന്തി തോറ്റു തന്നിരിക്കുന്നു എന്ന് പറഞ്ഞു.
സംഭവം പറഞ്ഞു നിർത്തി ഡോക്ടർ. മൂവരും സന്തോഷത്തോടെ ക്ലബ്ബിലേക്ക് പൂർവ്വാധികം ശക്തിയോടെ ചീട്ടുകളിക്കാനായി അവരവരുടെ കാറുകളിൽ പുറപ്പെട്ടു.
– മേരി ജോസി മലയിൽ, തിരുവനന്തപുരം.