ആ രാത്രിക്ക് മരണത്തിൻ്റെ മണമായിരുന്നു…
ജീവിതം ശൂന്യതയിലേക്ക് ഒടുങ്ങാൻ പോകുമ്പോൾ മനക്കട്ടിയില്ലാത്തവർക്ക് മരണമാണത്രെ ആശ്രയം.
പക്ഷേ എവിടെയും ചോദ്യമായി ഒന്നുമറിയാത്ത കുഞ്ഞുങ്ങളും ചിലപ്പോഴൊക്കെ ആ പട്ടികയിലേക്ക് ചേർക്കപ്പെടാറുണ്ട്. കുഞ്ഞിൻ്റെ ഭാവിയിൽ ‘ഭൂതങ്ങളെ’ മാത്രം കണ്ടെത്തുന്ന രക്ഷകർത്താക്കൾ അവരെ രക്ഷിക്കാൻ വേണ്ടി ചെയ്യുന്നതന്ത്രം!
ഹരിയും തീരുമാനിച്ചുറച്ചിരുന്നു. ഓരോ ഉരുള ചോറും മകളുടെയും ഭാര്യയുടെയും വായിൽ വച്ചുകൊടുക്കുമ്പോൾ അയാൾ ചിരിക്കാൻ മറന്നില്ല. പങ്കുകൈപ്പറ്റുന്നത് പതിവായതുകൊണ്ട് ഭാര്യ മഞ്ജുവിനും മകൾ അശ്വതിക്കും അതിൽ അസ്വാഭാവികതയും തോന്നിയിരുന്നില്ല. പ്രതീക്ഷിക്കാതെ എത്തിയ ബിരിയാണി വളരെ സ്വാദുള്ളതുകൊണ്ടു അതിൻ്റെ ചരിത്രവും ആരും ചികഞ്ഞില്ല. പക്ഷെ അയാൾ മാത്രം മുഖത്തെ പുഞ്ചിരി മായാതിരിക്കാൻ നന്നേ പാടുപെട്ടു . ബാക്കി വന്നതെല്ലാം തൂത്തുവടിച്ചു കഴിച്ചുകൊണ്ട് അൽപനേരം ഹരി മിണ്ടാതെ ഇരുന്നു. കൈവിട്ടു പോയ ജീവിതത്തിന് ഉത്തരം കണ്ടെത്തിയപ്പോൾ ഉള്ളിൽ നടന്ന വിസ്ഫോടങ്ങളുടെ ആഘാതം അയാൾക്ക് താങ്ങാവുന്നതിലും അധികമായിരുന്നു.
കിടക്കാൻ നേരം ഉറങ്ങിത്തുടങ്ങിയ മകളിൽ നിന്നും കയ്യെടുത്ത് ഹരിയുടെ മാറിൽ തലവച്ച് മഞ്ജു മെല്ലെ ചോദിച്ചു
“പോയ കാര്യം ഒന്നും നടന്നില്ല…ല്ലേ ”
മറുപടി ഒരു മൂളലിൽ ഒതുക്കി അയാൾ അവളുടെ നെറുകയിൽ ഗാഢമായി ചുംബിച്ചു. വാക്കുകൾക്കായി പരതിക്കൊണ്ട് അയാൾ പറഞ്ഞു
“എല്ലാം ശരിയാകും..ഇനിയുമില്ലേ… രണ്ടുനാൾ ”
“അമ്മാവൻ എന്തു പറഞ്ഞു ”
“നമുക്ക് വേണ്ടി പ്രാർത്ഥിക്കാമെന്ന്. ഉണ്ടായിരുന്ന ക്യാഷ് എല്ലാം റിയലെസ്റ്റേറ്റ് ബിസിനസ്സിൽ കിടക്കുവാണത്രേ. പെട്ടെന്ന് തരപ്പെടില്ല ”
“ജോമോനോ…എൻ്റെ താലിമാലവരെ പണയപ്പെടുത്തി നിങ്ങൾ ഒരിക്കൽ അവനെ സഹായിച്ചതല്ലേ?”
മഞ്ജുവിന്റെ ചോദ്യം ഹരിയുടെ ഹൃദയത്തിൽ തന്നെ തറച്ചുനിന്നു. ആരു കൈവിട്ടാലും ജോമോൻ ഉണ്ടാകുമെന്ന് വാദിച്ചിരുന്ന ഹരി രാജ്യം നഷ്ടപ്പെട്ട രാജാവിനെ പോലെ ആ ചോദ്യത്തിനു മുൻപിൽ തലകുനിച്ചു.
ഒടുവിൽ മൗനം മുറിച്ച് അയാൾ പറഞ്ഞു.
“അവൻ്റെ വീടു പണി നടക്കാലേ …ടൈൽസ്സെടുക്കാൻ നാളെ പോണം പോലും..മിടുക്കനാ അവൻ വലിയൊരു മാളിക തന്നെയാണ് പണിതിരിക്കുന്നത്..”
“ഹരിയേട്ടാ…എല്ലാവരെയും സഹായിക്കാൻ അറിയുന്ന നിങ്ങളെ ആരും മനസ്സിലാക്കുന്നില്ലല്ലോ ”
“മഞ്ജു ചെറിയ തുകയല്ലല്ലോ! തന്നാൽ അടുത്തെങ്ങും തിരിച്ചു കിട്ടില്ലാന്നു ചിന്തിച്ചു കാണും…ന്നാലും ജോമോൻ…”
മറുപടിയൊന്നും കിട്ടാതായപ്പോൾ, തളർന്നു മയങ്ങിയ മഞ്ജുവിനെ അയാൾ നിവർത്തി കിടത്തി…ഒന്നു രണ്ടുവട്ടം പൊട്ടിക്കരഞ്ഞുകൊണ്ട് മകൾക്കും കൊടുത്തു ഉമ്മകൾ. അവസാനത്തെ ഉറക്കം അയാളെയും ക്ഷണിച്ചു കൊണ്ടിരുന്നു…
“… ഞാനും…സുഖമായി ഉറങ്ങട്ടെ …” ജപ്‌തി നോട്ടീസ് കൈപ്പറ്റിയന്നുമുതൽ ഉറക്കം നഷ്ടപ്പെട്ട ഹരിയും മെല്ലേ ഉറക്കത്തിലേക്ക് വഴുതി, തിരിച്ചു വരവില്ലാത്ത ഗാഢനിദ്രയിലേക്ക്.
പിറ്റേന്ന് വിവരം അറിഞ്ഞ എല്ലാവരും നെഞ്ചത്തു കൈവച്ചു
“ദൈവമേ..നല്ലൊരു ചെറുക്കനായിരുന്നു… അവൻ എന്തിനീ കടുംകൈ ചെയ്തു..ആകുട്ടി എന്തു പിഴച്ചു ”
ചോദ്യങ്ങൾ എറിഞ്ഞവരൊക്കെ ഹരിയെ അടുത്തറിയാത്തവർ ആയിരുന്നു. അടുത്തറിഞ്ഞവരെല്ലാം കുറ്റബോധത്തിൻ്റെ പടുകുഴിയിൽ ആയിരുന്നു. ജപ്തിവന്ന വീടിനുവേണ്ടി അവൻ മുട്ടാത്ത വാതിലുകൾ ഇല്ല. ഭാര്യയും പെൺകുട്ടിയുമായി അവൻ എവിടെ പോകാൻ.
തെക്കേപ്പുറത്തെ ഭിത്തിയിൽ ചാരി നിന്നുകൊണ്ട് അമ്മാവൻ ആരോടൊക്കെയോ പറയുന്നുണ്ട്,
“ഒരു വാക്കു എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാൻ സഹായിക്കുമായിരുന്നു… ൻ്റെ കുഞ്ഞിനെ, പണ്ടേ അവൻ അങ്ങനെ തന്നെ വിഷമങ്ങൾ ഒന്നും ആരോടും പറയില്ല.”
അമ്മാവനെ സമാധാനിപ്പിച്ചു കൊണ്ട് ജോമോനും പറഞ്ഞു
” സുഹൃത്തായ എന്നോടെങ്കിലും പറഞ്ഞിരുന്നെങ്കിൽ…”
പക്ഷേ വാക്കുകൾ മുഴുവനാക്കും മുമ്പേ അവൻ്റെ നോട്ടം ആ ജനാലക്കിടയിലൂടെ അവിടേക്ക് എത്തി. വെള്ളത്തുണിയിൽ പൊതിഞ്ഞു കെട്ടിയ തൻ്റെ സുഹൃത്തും കുടുംബവും . ഹരിയുടെ മുഖത്ത് ഒരു പുഞ്ചിരി മായാതെ നിൽക്കുന്നു. അത് തങ്ങളിലേക്ക് പകരുന്ന അഗ്നി താങ്ങാൻ കഴിയാതെ അമ്മാവനും ജോമോനും അവിടെ നിന്ന് ഇറങ്ങി നടന്നു. മനുഷ്യത്വം സ്വാർത്ഥതക്ക് പണയം വച്ചരണ്ടുപേർ.