ഹലോ…
വലിച്ചു കയറ്റിയത് മതിയായെങ്കിൽ ഇങ്ങോട്ടു വരാം. വൈകിയാൽ കട്ടൻ ചൂടാറും. പിന്നീട് ഇതൊന്നു ചൂടാക്കി കൊണ്ടുതരുമോ എന്നുചോദിച്ചാൽ ഇല്ലെന്നേ ഞാൻ പറയൂ.
ചൂടാറിപ്പോവാതിതിരിക്കാനാണല്ലോ ഫ്ലാസ്കിൽ ഒഴിച്ചു വെച്ചത്. പിന്നെന്തിന് നിന്നോടു ഞാനങ്ങനെ പറയണം.
അപ്പോൾ നമ്മളെവിടെയാണ് പറഞ്ഞു നിർത്തിയത്.?
ഇസ്മായിൽ കാക്കയുടെ വീട്ടിൽ …
മതി. മതി.. ഇനിഞാൻ പറയാം.
വീടിനകത്തേക്ക് പ്രവേശിച്ചപ്പോഴാണ്
പുറത്തുകണ്ട ആൾക്കൂട്ടത്തിൻ്റെ കാരണമെന്താണെന്ന് ഞങ്ങൾക്ക് മനസ്സിലായത്.
ഇന്ന് നീ കാണുന്ന രീതിയിലൊന്നുമായിരുന്നില്ല അന്ന് ഞങ്ങളുടെ വീട്.
പതിനെട്ട് അടി നീളവും പത്തടി വീതിയും. അതിൽ അടുക്കള ഉൾപ്പെടെ മൂന്നു മുറികൾ. രണ്ടടി ഉയരമുള്ള വീതികുറഞ്ഞ രണ്ട് ജനലുകൾ. കിഴക്കു പടിഞ്ഞാറായി മൂന്നുകിളിവാതിലുകൾ. നട്ടുച്ച നേരത്തും മണ്ണെണ്ണ വിളക്കിൻ്റെ സഹായമില്ലാതെ വ്യക്തമായൊന്നും കാണാൻ പറ്റാത്ത അവസ്ഥ. അതായിരുന്നു ഞങ്ങളുടെ വീട്.
വീടിനകത്തേക്ക് കാലെടുത്തു വച്ചപ്പോൾ തന്നെ സ്കൂളിൽ നിന്നും നേരത്തെ പറഞ്ഞയക്കാനുളള കരണമെന്തായിരുന്നെന്ന് ഏറെക്കുറേ എനിയ്ക്കു മനസ്സിലായി.
വീതി കുറഞ്ഞ കട്ടിലിൽ തെക്കുവടക്കായി വെള്ളത്തുണിയാൽ പുതച്ചു കിടക്കുന്ന ഉപ്പയുടെ സമീപത്ത് ഞങ്ങളെ ആരോ പിടിച്ചിരുത്തി.
ഞാനാ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
അക്ഷരങ്ങൾ തെറ്റായി ഉച്ചരിക്കുന്നത് കേൾക്കുമ്പോൾ കാണാറുള്ള ഗൗരവമോ, വല്ലപ്പോഴും കാണാറുണ്ടായിരുന്ന പുഞ്ചിരിയോ ആ മുഖത്തു ഞാൻ കണ്ടില്ല.
ഇനി രണ്ടാളും ഉപ്പാൻ്റെ നെറ്റിയിൽ പതുക്കെ ഒരോ ഉമ്മ കൊടുത്തതിൻ്റെ ശേഷം പുറത്തേക്ക് പൊയ്ക്കോളിട്ടോ എന്ന് അവിടെ ഉണ്ടായിരുന്ന ആരോ ഒരാൾ പറഞ്ഞതു കേട്ടപാടെ ഞങ്ങൾ ഉപ്പയുടെ നെറ്റിത്തടത്തിൽ ചുംബിച്ചു.
ജമീലയാണ് ആദ്യം ഉമ്മ കൊടുത്തത്.
മുഖത്ത് അമർത്താനൊന്നും പാടില്ല, ഉപ്പാക്ക് വേദനയാകും.
ഉടനെവന്നു മറ്റൊരു ഉപദേശം.
പിന്നീട് ഉപ്പാക്ക് വേദനിയ്ക്കാതിരിക്കാൻവേണ്ടി വളരെ പതുക്കെയാണ് ആ നെറ്റിത്തടത്തിൽ ഞാൻ ഉമ്മ വെച്ചത്.
എൻ്റെ ഓർമയിൽ ഞാൻ എൻ്റെ ഉപ്പാക്ക് കൊടുത്ത ആദ്യത്തെയും അവസാനത്തെയും ചുംബനമായിരുന്നത്.
അതെന്താ അങ്ങനെ, നിങ്ങൾ ചുംബിക്കുന്നത് ഉപ്പാക്ക് ഇഷ്ടമായിരുന്നില്ലേ.?
അറിയില്ല.
അതെന്താ അറിയാതിരിക്കാൻ..?
ഒരേയൊരു കാരണം മാത്രം,
അപൂർവമായി മാത്രമേ ഞങ്ങൾക്ക് തമ്മിൽ കാണാനും സംസാരിക്കാനും അവസരമുണ്ടായിട്ടുള്ളൂ.
എന്നുവെച്ചാൽ ഉപ്പ സ്ഥിരമായി വീട്ടിൽ ഉണ്ടാവാറില്ലെന്നാണോ പറഞ്ഞതിൻ്റെ ഉദ്ദേശം.?
അല്ല.
പിന്നെന്താണ്.?
പുലർച്ചെ നാലുമണി ആകുമ്പോഴേക്കും
ഉപ്പ ഉണരും. കാലിച്ചായ കുടിച്ചതിനു ശേഷം ഞങ്ങളുടെ കവിളിൽ ചുംബിച്ച് പണിസ്ഥലത്തേക്കു പോവുകയും ചെയ്യും. വർഷങ്ങൾക്കു ശേഷം
ഉമ്മ പറഞ്ഞുതന്ന കാര്യമാണത്.
ആ സമയം ഞങ്ങൾ നല്ല ഉറക്കത്തിലായിരിക്കും. പതിനൊന്നു മണിയോടെ ഉപ്പ തിരിച്ചുവരും.
ആ സമയത്ത് ഞങ്ങൾ സ്കൂളിലോ കളിസ്ഥലത്തോ ആയിരിക്കുകയും ചെയ്യും.
ഓണത്തിൻ്റെയും ക്രിസ്തുമസിൻ്റെയും അവധിയിലും കൊല്ലപ്പരീക്ഷ കഴിഞ്ഞ് സ്ക്കൂൾ അടക്കുമ്പോഴുമാണ് ഞങ്ങൾക്ക് ഉപ്പയെ നേരിൽ കാണാനുള്ള അവസരം ഉണ്ടായിരുന്നത്. മരിക്കുന്നതിൻ്റെ ഒരു വർഷം മുൻപു തന്നെ ആ അവസരവും നഷ്ടപ്പെട്ടു.
ആരാണ് നഷ്ടപ്പെടുത്തിയത്. ഉമ്മയോ അതല്ല ഉപ്പയോ.?
രണ്ടാളുമല്ല.
എങ്കിൽ ഇനി അതാരാണെന്നു നിങ്ങൾ പറയണമെന്നില്ല. എനിയ്ക്കറിയാം.
എന്തറിയാമെന്നാണ് നീ പറയുന്നത്. ആരെ ഉദ്ദേശിച്ചാണ് നീയിങ്ങനെ പറഞ്ഞത്.?
വല്ല്യുമ്മ, ഉപ്പയും ഉമ്മയുമല്ലാതെ അങ്ങനെ ഒരാൾമാത്രമാണല്ലോ വീട്ടിലുണ്ടായിരുന്നത്.
അവരല്ല സക്കീനാ. നാട്ടുകാർക്കിടയിൽ മാത്രമാണ് അവർ ഞങ്ങളുടെ വല്ല്യുമ്മയായി അറിയപ്പെട്ടിരുന്നത്. ഞങ്ങൾക്കവർ ഉമ്മയായിരുന്നു. ഉമ്മാ എന്നല്ലാതെ അവരെ ഞങ്ങൾ വിളിച്ചിട്ടേയില്ല. അയൽവാസികൾക്കെല്ലാം നന്നായിട്ടറിയുന്ന കാര്യമാണത്. അവരെ അങ്ങനെ വിളിക്കുന്നതു കൊണ്ടാണ് ഉമ്മയെ ഞങ്ങൾ മാളു എന്ന് വിളിക്കുന്നത്. ഇന്നേവരെയും അതിലൊരു മാറ്റമുണ്ടായിട്ടില്ല.
നേരത്തെ ജമീല ഫോൺ ചെയ്തപ്പോൾ ചോദിച്ചത് നീ കേട്ടതല്ലേ, ഉമ്മയുടെ ഖബറ് സിയാറത്ത് ചെയ്യാൻ എപ്പഴാണ് പോകുന്നത് എന്നല്ലേ അവളെന്നോട് ചോദിച്ചത്. അതല്ലാതെ വല്ല്യുമ്മയുടെ എന്നല്ലല്ലോ.?
അവസരം കിട്ടിയപ്പോഴെല്ലാം ഉമ്മയുടെ, അതായത് നീ പറഞ്ഞ വല്ല്യുമ്മയുടെ മടിയിൽ ഇരുന്നും മുതുകിൽ ചാരിയുമെല്ലാമാണ് ഉപ്പയോട് ഞങ്ങൾ സംസാരിക്കാറുണ്ടായിരുന്നത്. ഞങ്ങളങ്ങിനെ ചെയ്യുന്നത് ഉപ്പാക്കും ഇഷ്ടമായിരുന്നു.
ഇനി അക്കാര്യം ആലോചിച്ച് നിൻ്റെതല പുണ്ണാക്കാനൊന്നും സമയം കളയണ്ട.
അത് മറ്റാരുമല്ല. സാക്ഷാൽ പടച്ചതമ്പുരാൻ തന്നെയാണ്.
വയറു വേദന സഹിക്കാൻ പറ്റാതായപ്പോഴാണത്രേ ഉപ്പ ഡോക്ടറെ പോയികണ്ടത്. സമയത്തിന് ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണമെന്നു പറഞ്ഞതിനുശേഷം മുടങ്ങാതെ കഴിക്കാനുള്ള മരുന്നും എഴുതിക്കൊടുത്തിരുന്നത്രേ.
വേദനയ്ക്ക് നേരിയ ആശ്വാസം കിട്ടിത്തുടങ്ങിയതോടെ ഭക്ഷണത്തിൻ്റെ സമയക്രമം പഴ പടി ആയെന്നു മാത്രമല്ല മരുന്ന് കഴിക്കുന്ന കാര്യത്തിലും ഉപ്പ ശ്രദ്ധിക്കാതായി.
അങ്ങനെ ഇരിക്കെ ഒരു ദിവസം കടുത്ത പനി കാരണം കിടക്കപ്പായയിൽ നിന്നും എഴുന്നേൽക്കാൻ പറ്റാതാവുകയും ആരൊക്കെയോ വന്ന് ചാരു കസേരയിൽ ഇരുത്തി ആശുപത്രിയിലേക്ക് ചുമന്നു കൊണ്ടുപോവുകയും ചെയ്തു.
ഞങ്ങളതൊന്നും കണ്ടിട്ടില്ലട്ടോ, ഉമ്മയും മാളുവും പിന്നീടെപ്പോഴോ പറഞ്ഞുതന്നതാണതെല്ലാം.
അങ്ങനെയാണെങ്കിൽ ആശുപത്രിയിൽ ആഴ്ചകളോളം കിടക്കേണ്ടി വന്നിട്ടുണ്ടാകുമല്ലോ.
അന്ന് ഉപ്പയുടെകൂടെ നിൽക്കാൻ ആരാണുണ്ടായിരുന്നത് എന്നറിയാമോ.?
(തുടരും…)
– K.M സലീം പത്തനാപുരം