ഓർമ്മയിൽ പാലമ്മ എന്ന എൻ്റെ ഭവാനിയമ്മൂമ്മ
അമ്മൂമ്മയുടെ എട്ടാമത്തെ പുത്രൻ എൻ്റെ ഒരു ചിറ്റപ്പൻ അല്പം ചില തല്ലു കൊടുക്കൽ വാങ്ങൽ പരിപാടികളുമായി നടക്കുന്ന കാലം
നിലത്തുറയ്ക്കാത്ത കാലുകളുമായി വികട സരസ്വതി കളിയാടിയ ഒരു സന്ധ്യ കഴിഞ്ഞ നേരം
തറവാട് വീടിന് പടിഞ്ഞാറുള്ള കൊടും കാവിന് സമീപത്തു വഴിയിൽ വച്ച്,
വക്കീലാഫീസിൽ നിന്നും വരികയായിരുന്ന ഞാൻ അമ്മൂമ്മയെ കണ്ടുമുട്ടി
എന്താ അമ്മൂമ്മ സന്ധ്യ കഴിഞ്ഞ് ഇവിടെ നിൽക്കുന്നത്
കാവിൽ വിളക്ക് വയ്ക്കാനാണെങ്കിൽ നേരത്തേ വരണ്ടേ ഇതിപ്പോ ഇരുട്ടു വീണല്ലോ
എന്ന് പറഞ്ഞു കൂട്ടിക്കൊണ്ട് വീട്ടിലെത്തി
അവിടെ വച്ച് അമ്മൂമ്മ ആരോടും പറയരുതെന്ന നിബന്ധനയോടെ ആ സാഹചര്യത്തിനിടയാക്കിയ കഥനം വിവരിച്ചു
ഞാൻ ചാവാൻ പോയതാ മോനേ
എട്ടാമത്തെ പുത്രൻ കുലം മുടിക്കും
ചിത്തിര പെറ്റാൽ അത്തറ തോണ്ടും മടുത്തു എൻ്റെ ബാക്കി മക്കളെപ്പോലൊന്നുമല്ല ഇവൻ കുടിച്ചു കൂത്താടി നടുക്കുവാ
ഈ കാലൻ ഇന്നലെ മുതൽ എന്തൊക്കെയാ പറഞ്ഞത് എനിക്ക് മതിയായി അതോണ്ട് ഞാൻ ട്രെയിൻ കേറി ചാവാൻ പോയതാ
മക്കള് വിളിച്ചത് കൊണ്ടാ ഞാൻ തിരിച്ചു വന്നത്
എന്നൊക്കെ കണ്ണീരോടെ പറഞ്ഞു മൂക്ക് ചീറ്റുന്നുണ്ടായിരുന്നു
(ഈ കാവിന് ഒരു നൂറു മീറ്റർ പടിഞ്ഞാറു മാറിയാണ് റയിൽവേ പാളം )
“”എന്നിട്ട് കാവിന്റടുത്ത് നിന്നു പരുങ്ങിയതെന്തിനാ””
എന്ന ചോദ്യത്തിന് നൽകിയ ഉത്തരമാണ് മധുരത്തോടെ മനസ്സിൽ തെളിഞ്ഞു നിൽക്കുന്നത്
കണ്ണീരിനിടയിൽ പൊടുന്നനെ ഒരു കള്ളച്ചിരി ആ മുഖാരവിന്ദങ്ങളിൽ തെളിഞ്ഞു ഭംഗിയുള്ള നുണക്കുഴിയുമായി അമ്മൂമ്മ പറഞ്ഞു
അതേ അക്കളേ ചാവാൻ തന്നെ പോയത് പക്ഷേ തങ്കയത്തിൽ കാവിൻ്റെ അടുത്ത് ചെന്നപ്പോൾ നല്ല ഇരുട്ട് അത് കണ്ടപ്പോൾ അമ്മൂമ്മയ്ക്ക് പടിഞ്ഞാട്ട് പോകാൻ ഒരു പേടി തോന്നി അതാ അവിടെ നിന്നു കളഞ്ഞത്
“അക്കള് ഇത് ആരോടും പറയണ്ട” എന്ന്
പിന്നെയും കുറേ നേരം സംസാരിച്ചിരുന്ന്
ഞങ്ങൾക്ക് അമ്മൂമ്മ പോയാൽ പിന്നെ ആരാ ഉള്ളത് എന്നൊക്കെ പറഞ്ഞ് അമ്മൂമ്മയെ സ്നേഹത്തെ സമാധാനപ്പെടുത്തി അമ്മൂമ്മ കൂൾ ആയപ്പോൾ ഞാൻ തിരികെപ്പോന്നു
എങ്കിലും ഇരുട്ടു കണ്ട് പേടിച്ച് ആത്മഹത്യാ ശ്രമം ഉപേക്ഷിക്കത്തക്കവണ്ണം ശങ്കിച്ചു നിന്ന എൻ്റെ പാവം അമ്മൂമ്മ
ലവ് യൂ അമ്മൂമ്മാ…