ഒരു തിരുവോണനാൾ കൂടി എത്തുമ്പോൾ കഴിഞ്ഞ വർഷം ഭാര്യാവീട്ടിൽ തിരുവോണം ഉണ്ണാൻ പോയപ്പോൾ ഉണ്ടായ രസകരമായ ഒരു അനുഭവം നിങ്ങളുമായി പങ്കു വയ്ക്കണം എന്ന് തോന്നി.
ഓണത്തോടനുബന്ധിച്ച് രണ്ടു ദിവസം കൂടി ലീവ് എടുത്ത് ഡോക്ടർ ആയ ഭാര്യാസഹോദരനും കുടുംബവും തിരുവോണത്തിൻ്റെ അന്ന് അതിരാവിലെ കോഴിക്കോട്ടേക്ക് യാത്ര തിരിച്ചിരുന്നു. ഏകദേശം 11 മണിയോടെ ഞാനും ഭാര്യയും അവിടെയെത്തി. അപ്പച്ചനും അമ്മച്ചിയും ആയി കുശലാന്വേഷണം കഴിഞ്ഞ് എല്ലാവരും കൂടി വെറുതെ സംസാരിച്ചിരിക്കുന്നത് കണ്ട് സദ്യവട്ടത്തിനുള്ള ഒരുക്കങ്ങൾ ഒന്നും കാണുന്നില്ലല്ലോ, നിങ്ങൾ പെണ്ണുങ്ങൾക്ക് അടുക്കളയിൽ ജോലി ഒന്നും ഇല്ലേ എന്ന് ഞാൻ ചോദിച്ചപ്പോഴാണ് അമ്മച്ചി പറയുന്നത്. “ഹോ! ആരെ കൊണ്ടാവും അടുക്കളയിൽ കിടന്ന് ജോലിചെയ്യാൻ? ജോലിക്കാരികൾ എല്ലാം ഓണക്കോടിയും ബോണസും വാങ്ങി ഇനി നാലഞ്ചു ദിവസം കഴിഞ്ഞേ വരൂ എന്നും പറഞ്ഞു പോയി. ഓണസദ്യ എല്ലാം ക്ലബ്ബിൽ ഏൽപ്പിച്ചിട്ടുണ്ട്. സമയത്തിന് അവർ വാഴയില അടക്കം കൊണ്ടുവരും. ഞങ്ങൾ എത്തുന്നതിനു മുമ്പേ ക്ലബ്ബ്കാർ സദ്യവട്ടങ്ങൾ എല്ലാം അവിടെ എത്തിച്ചിട്ടുണ്ട്. ഇനി എല്ലാം വിളമ്പി കഴിക്കുകയേ വേണ്ടു എന്ന്.“
അമ്മച്ചിയും മോളും മുറ്റത്തേക്കും അപ്പച്ചൻ വാഷ്റൂമിലേക്കും പോയ അവസരത്തിൽ ഒരാൾ വന്ന് കോളിംഗ് ബെല്ലടിച്ച് രണ്ടുതരം പായസം ഇതാ എന്ന് പറഞ്ഞ് ടീപോയിൽ വച്ചിട്ട് ശരവേഗത്തിൽ അപ്രത്യക്ഷമായി.
ഒരുമണിയോടെ നാല് പേർക്കുള്ള സദ്യ വിളമ്പാൻ ആയി ഇല കഴുകി വിരിച്ചപ്പോൾ ഞാൻ പറഞ്ഞു. രണ്ടുതരം പായസം കൊണ്ടുവന്നിട്ട് അത് ടീപോയിൽ വച്ചിട്ടുണ്ട് എന്ന്.
“അയ്യോ! അത് ആര് കൊണ്ടുവന്നു? നമുക്കുള്ള പായസം അടക്കമുള്ള സദ്യ ക്ലബ്ബിൽ നിന്ന് 11 മണിക്ക് തന്നെ കൊണ്ടുവന്നല്ലോ.” എന്ന് അമ്മച്ചി. ആരെങ്കിലും തെറ്റി കൊണ്ടുവന്നത് ആയിരിക്കും അത് അവരെ കയ്യോടെ ഏൽപ്പിക്കാതെ അപ്പച്ചന് യാതൊരു സമാധാനവുമില്ല. പായസം ചൂടാറിയാൽ എന്തിനു കൊള്ളാം എന്ന് പറഞ്ഞു പുള്ളി അപ്പോൾ തന്നെ സാധാരണയായി കോളനിയിൽ ഓണസദ്യ സപ്ലൈ ചെയ്യാറുള്ള സൂപ്പർമാർക്കറ്റിൽ വിളിച്ചു ഇങ്ങനെ ഒരു അബദ്ധം നിങ്ങൾക്ക് പറ്റിയോ എന്ന് ചോദിച്ചു.അവർ പറഞ്ഞു. ഓർഡർ അനുസരിച്ചുള്ള സദ്യകളുമായി കേറ്ററിംഗ് യൂണിറ്റ് വാൻ ഇവിടെ നിന്ന് പുറപ്പെട്ടു. അവർ തിരികെ വന്നാൽ മാത്രമേ അത് അറിയാൻ പറ്റു. എന്തായാലും ഡെലിവറി ബോയ്സ് തിരികെ വന്നാൽ ഉടനെ ഞാൻ നിങ്ങളെ കോൺടാക്ട് ചെയ്യാം എന്ന്. 250 ഓളം വീടുകൾ അടുത്തടുത്തുള്ള കോളനിക്ക് 4 ഗേറ്റ് ആണുള്ളത്. 4 ഗേറ്റിലും സെക്യൂരിറ്റിയും സിസിടിവി യും ഉണ്ട്.
അപ്പച്ചൻ്റെ സമാധാനക്കേട് കണ്ടു ഞാൻ കാറെടുത്ത് കോളനിയിൽ ഒന്ന് വട്ടം കറങ്ങാൻ തീരുമാനിച്ചു. വഴിമധ്യേ ഞാൻ അവരെ കാണുകയും ചെയ്തു. അവർ ബുക്ക് എടുത്ത് പരിശോധിച്ച് അങ്ങനെ ഒരു അബദ്ധം അവർ ചെയ്തിട്ടില്ല എന്ന് ഉറപ്പിച്ചു പറഞ്ഞതോടെ ഞാൻ മടങ്ങി. മണി ഒന്നായി. ആർക്കും സദ്യ ഉണ്ടു തുടങ്ങാൻ ഒരു ധൈര്യം ഇല്ല. പായസം അന്വേഷിച്ച് ആരെങ്കിലും എത്തിയാൽ ഇടയ്ക്ക് ഊണ് നിറുത്തി എഴുന്നേൽക്കേണ്ടേ എന്ന് കരുതി നാല് പേരും പരസ്പരം ഇത് എവിടുന്നായിരിക്കും എന്ന് ചോദിച്ചുകൊണ്ടേയിരുന്നു.
അപ്പോഴാണ് അമ്മച്ചിക്ക് ഒരു ബുദ്ധി തോന്നിയത്. ചിലപ്പോൾ മരുമകൾ കോഴിക്കോട് പോകുന്നതിനുമുമ്പ് പായസം മാത്രം പ്രത്യേകം ഓർഡർ ചെയ്തിരിക്കുമോ എല്ലാവർക്കും ഒരു സർപ്രൈസ് തരാൻ ആയി. അപ്പോൾ തന്നെ അമ്മച്ചി മരുമകളെ ഫോൺ ചെയ്തു നോക്കി. റേഞ്ചില്ല ഔട്ട് ഓഫ് കവറേജ് എന്നാണ് പറയുന്നത്. മണി ഒന്നര ആയി. മിസ്സ്ഡ് കാൾ കണ്ട് മരുമകൾ തിരിച്ചു വിളിച്ചപ്പോൾ പായസം ഓർഡർ ചെയ്തിരുന്നോ ഞങ്ങൾക്ക് സർപ്രൈസ് തരാൻ ആയി എന്ന് അന്വേഷിച്ചപ്പോൾ അങ്ങനെ ഒരു സംഭവമേ ഇല്ല എന്ന് പറയലും ഫോൺ കട്ട് ആകലും ഒന്നിച്ചായിരുന്നു. പിന്നെ രണ്ടര ആയപ്പോൾ മരുമകളുടെ ഫോൺ “അയ്യോ, അമ്മച്ചി ജൂലൈ മാസം ആദ്യം തന്നെ നമ്മുടെ ഇടവക പള്ളി കൂട്ടായ്മക്കാർ ഇക്കുറി പുതിയൊരു സംരംഭം തുടങ്ങുന്നുണ്ട് എന്നും പറഞ്ഞ് പണം പിരിവ് നടത്തിയിരുന്നു.രണ്ടു തരം പായസം തിരുവോണത്തിൻ്റെ അന്ന് എല്ലാ വീടുകളിലും എത്തിക്കും സഹകരിക്കണമെന്നും പറഞ്ഞ് കാലു പിടിച്ച് അവസാനം അവരുടെ നിർബന്ധം സഹിക്കാതെ രണ്ടുതരം പായസത്തിന് ഓർഡർ കൊടുത്തിരുന്നു. സെപ്റ്റംബറിലെ ഓണത്തിന് ജൂലൈയിൽ ആളെ ക്യാൻവാസ് ചെയ്യുമോ എന്ന് ചോദിച്ച് നമ്മൾ അന്ന് ചിരിച്ചത് ഇപ്പോഴാണ് എനിക്ക് ഓർമ വന്നത് എന്ന്.
എന്നാലും അപ്പച്ചനു ഒരു സംശയം. കാലം വല്ലാത്ത കാലമല്ലേ? നമുക്ക് ഇത് ഒന്ന് കൺഫേം ചെയ്തിട്ട് കഴിച്ചാൽ മതിയെന്ന്. പള്ളി കൂട്ടായ്മയുടെ തലവൻ അന്തോണി ചേട്ടനെ അപ്പോൾതന്നെ ഫോണിൽ ബന്ധപ്പെട്ടു. അപ്പോൾ അദ്ദേഹത്തിൻ്റെ മറുപടി രണ്ടു പയ്യന്മാർ നമ്മുടെ ഇടവക അംഗങ്ങൾക്ക് പായസം വിതരണം ചെയ്യാനായി പോയിരിക്കുകയാണ്. നിങ്ങളുടെ വീട് അതിൽ ഉണ്ടോ എന്ന് അവർ തിരികെ വന്നാലേ കൃത്യമായി അറിയാൻ കഴിയൂ എന്ന്. ഏകദേശം മൂന്ന് മണിയോടെ കാര്യങ്ങൾക്ക് ഒരു തീരുമാനം ആയി.
കായ വറുത്തതും ശർക്കരവരട്ടിയും പഴവും പപ്പടവും ഇഞ്ചിക്കറിയും നാരങ്ങാകറിയും മാങ്ങ കറിയും അവിയലും തോരനും കിച്ചടിയും പച്ചടിയും കൂട്ട് കറിയും കാളനും ഓലനും എരിശ്ശേരിയും മെഴുക്കുപുരട്ടിയും പരിപ്പും നെയ്യും സാമ്പാറും കൂട്ടി ചോറ് ഞാൻ ഒരു പിടിയങ്ങു പിടിച്ചു. (സി. ഐ. പോൾ ചേട്ടൻ പ്രിയദർശൻ സിനിമയായ ‘അരം+അരം =കിന്നരം’ ത്തിൽ ദോശയും ചിക്കനും കൂട്ടി ഒരു പിടി പിടിക്കുന്നത് പോലെ) പുറകെ അടപ്രഥമനും കടലപ്രഥമനും പാൽപ്പായസവും അടിച്ചു. രസവും മോരും കൂട്ടി അല്പം ചോറ് കൂടി ഉണ്ട് ഓണസദ്യ പൂർത്തിയാക്കി, ഏഴുമണിവരെ കൂർക്കം വലിച്ച് കിടന്നുറങ്ങി സ്വന്തം വീട്ടിലേക്ക് മടങ്ങി.
സരസമായി ഇതൊക്കെ മകളെ പറഞ്ഞു കേൾപ്പിച്ചപ്പോൾ ഉരലു ചെന്ന് മദ്ദളത്തോട് പരാതി പറഞ്ഞ അവസ്ഥയായി. പപ്പയ്ക്ക് മൂന്നുമണിക്ക് എങ്കിലും സദ്യ കിട്ടിയല്ലോ? ബാങ്ക് ഉദ്യോഗസ്ഥയായ മകൾ പറഞ്ഞത് ഇങ്ങനെ. “ഞങ്ങൾ ബാങ്കിലെ ഓണം ആഘോഷിക്കുന്നത് ഓണത്തിൻ്റെ രണ്ടുദിവസം മുമ്പ് ആണല്ലോ? പറഞ്ഞ ദിവസം സെറ്റ് സാരിയും മുല്ലപ്പൂവും ചൂടി ബാങ്കിൻ്റെ പൂമുഖത്ത് എല്ലാവരും അത്തപ്പൂക്കളം ഇട്ട് തിരുവാതിരക്കളിയും കഴിഞ്ഞ് സദ്യ ഉണ്ണാൻ എല്ലാവരും കൈ കഴുകാൻ തുടങ്ങിയപ്പോളോണ് ഇതിൻ്റെയൊക്കെ കോർഡിനേറ്ററുടെ ഒരു അനൗൺസ്മെൻറ്.
“ചതി!ചതി! ചതി! ഓൺലൈൻകാരെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല മക്കളേ! ഞാൻ ഒരു മാസം മുമ്പ് ഓണസദ്യ ഓർഡർ ചെയ്തതാണ്. കാശു വാങ്ങിയിരുന്നില്ല ഭാഗ്യം. 11 മണിയായിട്ടും സദ്യ കാണാഞ്ഞ് അന്വേഷിച്ചു ചെന്നപ്പോൾ ആട് കിടന്നിടത്ത് പൂട പോലുമില്ല.” ഇനി ഞാൻ ഇവിടെ ഇരുന്നാൽ ഉത്രാടതലേന്ന് ആയിട്ട് നാട്ടുകാരുടെ തല്ല് കിട്ടും എന്നും പറഞ്ഞു പത്തരയ്ക്ക് തന്നെ മുതലാളി ബേക്കറി പൂട്ടിപ്പോയി എന്ന്.ഓർഡർ അനുസരിച്ചു തയ്യാറാക്കിയതൊക്ക ഇരട്ടി വിലയ്ക്ക് മറ്റ് ആളുകൾ വാങ്ങികൊണ്ടുപോയി.
പിന്നെ നാലഞ്ചു പേർ ഹോട്ടൽ തോറും ഭക്ഷണം തേടി നടപ്പാരംഭിച്ചു. ഓണസദ്യ ഒന്നും വേണ്ട വിശപ്പു മാറ്റാൻ എന്തെങ്കിലും കിട്ടിയാൽ മതിയെന്നായി.പല ഹോട്ടലുകളിൽ നിന്നായി പത്തു നൂറു ദം ബിരിയാണിയും ഐസ്ക്രീമും ഓർഡർ ചെയ്ത് കഴിച്ചു വന്നപ്പോൾ മണി നാല്
– സി .ഐ. ജോയ് തൃശ്ശൂർ.