പുസ്തകാസ്വാദനം – മേരി ജോസി മലയിൽ
ഞാൻ ഒരിക്കൽ എൻ്റെ ഒരു സുഹൃത്തിൻ്റെ എറണാകുളത്തുള്ള ചങ്ങമ്പുഴ പാർക്കിൽ വച്ച് നടത്തിയ പുസ്തക പ്രകാശനത്തിൽ പങ്കെടുക്കുകയുണ്ടായി. പല എഴുത്തുകാരേയും പ്രഗൽഭരേയും പരിചയപ്പെടാനുള്ള അവസരം ആയിട്ടാണ് ഞാൻ അതിനെ കണക്കാക്കുന്നത്. പ്രൗഡഗംഭീരമായ പ്രകാശനചടങ്ങും സൽക്കാരവും കഴിഞ്ഞപ്പോൾ എഴുത്തുകാരികൾ ഒക്കെ പരസ്പരം പരിചയപ്പെടാൻ തുടങ്ങി. എൻ്റെ സുഹൃത്ത് നമ്മുടെ ‘മലയാളി മനസ്സി’ൻ്റെ നർമ്മകഥ എഴുത്തുകാരി മേരിജോസിയാണിത് എന്ന് പറഞ്ഞ് എന്നെ പലരെയും പരിചയപ്പെടുത്തിയപ്പോൾ ഓരോരുത്തരും അവരവരുടെ എഴുത്തിനെ കുറിച്ച് കൂടുതൽ വാചാലരായി. അവസാനം ‘പ്രണയമാണ്’ ഈ ലോകത്തിലെ ഏറ്റവും വലിയ വികാരം എന്ന ഒരു നിഗമനത്തിലെത്തി. അപ്പോഴും ഞാൻ എൻ്റെ മനസ്സിൽ പറഞ്ഞു.. അത് ശരിയാണോ..? വിശപ്പ് അല്ലേ ഈ ലോകത്തിലെ ഏറ്റവും വലിയ വികാരം.
ശ്രീ മേനംകുളം ശിവപ്രസാദിൻ്റെ നോവൽ കൈവണ്ടി വായിച്ചപ്പോൾ ഞാൻ എൻ്റെ ആ ധാരണ കൂടുതൽ ഉറപ്പിച്ചു. അതേ..വിശപ്പ് തന്നെയാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വികാരം. ബാക്കിയെല്ലാ വികാരങ്ങളും അതിനു താഴെയേ വരു.
ഈ നോവലിൽ മണിവേലുവും ഭാര്യ കമലയും മകൾ മന്ദാകിനിയും മണിവേലുവിൻ്റെ സുഹൃത്തായ പാപ്പനും ഒരു കൊമ്പൻ മീശക്കാരനായ കപ്പ കച്ചവടക്കാരനും മനോഹരമായ ഒരു ഗ്രാമവും പുഴയും മാത്രമാണ് കഥാപാത്രങ്ങൾ.
ഗ്രാമത്തിലെ ചേരി പ്രദേശത്ത് താമസിക്കുന്ന പാർശ്വവൽക്കരിക്കപ്പെട്ട ജനസമൂഹത്തിലെ ശ്മാശാനത്തിൻ്റെ നടത്തിപ്പുകാരനായ താണുവേലുവിൻ്റെ മകൻ മണിവേലുവിൻ്റെ ജീവിത കഥയാണിത്. മണി വേലുവിൻ്റെ ജീവിതം കൈവണ്ടി പോലെയാണ് ഉന്തിയും വലിച്ചും ചുമച്ചും അയാൾ ജീവിതം തള്ളിനീക്കുന്നു. കൈവണ്ടിയുടെ ചക്രങ്ങൾ പോലെ മറ്റു രണ്ടു ജീവിതങ്ങൾ വേലുവിൻ്റെ കൂടെയുണ്ട്. അയാളുടെ ഭാര്യ കമലയും മകൾ മന്ദാകിനിയും.
മണിവേലുവിൻ്റെ ഉറ്റ സുഹൃത്താണ് പാപ്പൻ. മരണം വിളിച്ചോതലാണ് പാപ്പൻ്റെ ജോലി.ആ ചെറു ഗ്രാമം മുഴുവൻ സൈക്കിളിൽ ചുറ്റി കറങ്ങി നടന്നു വിളിച്ചു പറഞ്ഞും ചരമ അറിയിപ്പ് എഴുതിയ കടലാസ് ഒട്ടിച്ചും അവൻ തൻ്റെ ചര്യ നടത്തിപ്പോരുന്നു. ഗ്രാമത്തിൽ ചാക്കാലയും കുളിയടിന്തിരവും നടക്കുമ്പോൾ മാത്രം പട്ടിണി മാറുന്ന ചില വീടുകൾ.
ജീവിതഭാരവും പട്ടിണിയും കൊണ്ട് പള്ളിക്കൂടവും പഠനവും ഉപേക്ഷിച്ച് അമ്മയോടൊപ്പം കഞ്ഞി വെക്കാൻ കരിയില വാരിക്കൂട്ടാൻ നടക്കുന്ന പന്ത്രണ്ടു വയസ്സുള്ള മകൾ മന്ദാകിനി ആ ചെറു കുടുംബത്തിൻ്റെ ദാരിദ്ര്യത്തിൻ്റെ നേർ ചിത്രം കണ്ണീരാൽ വരച്ചു കാണിക്കുന്നു.
ശവം കയറ്റുന്ന കൈ വണ്ടിയിലാണ് ആ കുടുംബത്തിൻ്റെ ഏക പ്രതീക്ഷ. അപ്പോൾ കിട്ടുന്ന കൈമടക്ക് അതാണ് വീടിൻ്റെ ഏക വരുമാനം. കരിയിലയുടെ ഇളം ചൂടേറ്റ് വെന്ത് തയ്യാറാവുന്ന കഞ്ഞിയും കഞ്ഞിവെള്ളവും മാത്രമാണ് ഈ കുടുംബത്തിൻ്റെ വിശപ്പും ദാഹവും അകറ്റുന്നത്. ഒരു ദിവസം കരിയില കൂട്ടിക്കൊണ്ടു വന്ന് വെള്ളം തിളപ്പിച്ചുവെ ങ്കിലും കലത്തിൽ ഇടാൻ ഒരു മണി അരി പോലും ഇല്ലാത്തതുകൊണ്ട് കുറച്ചു കുരുമുളകും ആയി മന്ദാകിനിയെ നാഴിയരി കടം വാങ്ങാനായി വിടുന്ന കമലയുടെ ചിത്രം ഒരു നോവ് തന്നെയാണ്.
പ്രതീക്ഷിച്ച സ്ഥലത്ത് നിന്ന് അരി കിട്ടാതിരുന്ന മന്ദാകിനി കപ്പക്കടയിലെ ഒരു കൊമ്പൻ മീശക്കാരന് കുരുമുളക് കൈമാറി കപ്പയും ആയി തിരികെ വരുന്നതാണ് പിന്നെ കാണുന്നചിത്രം. തീരാത്ത വിശപ്പിനു മുമ്പിൽ എന്തു കിട്ടിയാലും അത് അമൃത് തന്നെ.
കണ്ണാടി പുഴയുടെ തീരത്താണോ അതോ സങ്കടപ്പുഴയുടെ തീരത്താണോ മണി വേലുവിൻ്റെ കുടുംബം..? ആരും മരിക്കണമെന്ന് വേലുവും പാപ്പനും ആഗ്രഹിക്കുന്നില്ല.മരിച്ചാൽ പിന്നെ ചെയ്യുന്ന കർമ്മത്തിന് ഫലം ആഗ്രഹിക്കുന്നു എന്ന് മാത്രം. ഗ്രാമത്തിൽ ചിലപ്പോൾ ചില അകാല മരണങ്ങളും സംഭവിക്കാറുണ്ട്. അതിലൊന്നായിരുന്നു സാവിത്രിയുടെത്. നിവൃത്തിയില്ലാത്ത കൂട്ടരാണ് എന്ന് പറഞ്ഞു വേലക്കൂലി പോലും അന്ന് വേലുവിനു നിഷേധിച്ചു. എന്നാലും വേലുവിന് സങ്കടമില്ല. പ്രതിഫലം കിട്ടിയാലും ഇല്ലെങ്കിലും ശവം ശ്മശാനത്തിൽ എത്തിക്കുക എന്നത് തൻ്റെ ജോലിയായി കണക്കാക്കുന്നു. ഒരു കടമ പോലെ മണിവേലു ചെയ്തു വരുന്ന ആചാരം. ഒരിക്കൽ ഒരാളിൽ നിന്നും കിട്ടിയ ഇടിവെട്ട് പോലുള്ള ശകാരം മണിവേലുവിനെ വല്ലാതെ തളർത്തി.
വേണ്ടാത്തത് ഒക്കെ പുഴയിൽ വലിച്ചെറിഞ്ഞും മണൽവാരിയും മലിനവിഷം തുറന്നു വിട്ടും പാവം നമ്മുടെ പുഴയമ്മയെ കൊല്ലുക അല്ലേ ചെയ്യുന്നത് എന്ന് മന്ദാകിനി അമ്മയോട് ചോദിക്കുന്നുണ്ട്. പന്ത്രണ്ടു വയസ്സുള്ള പെൺകുട്ടിക്ക് ഉള്ള തിരിച്ചറിവ് പോലും നമ്മുടെ നാട്ടിലെ അഭ്യസ്തവിദ്യരായ ചില ആളുകൾക്ക് ഇല്ലാതെ പോയല്ലോ..? അമ്മയുടെയും മകളുടെയും പരിസ്ഥിതി സ്നേഹസംവാദത്തിലൂടെ പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചുള്ള ഒരു നിരീക്ഷണവും കഥാകൃത്ത് ഇവിടെ നടത്തുന്നുണ്ട്. ആഴത്തിൽ പരിശോധിച്ചാൽ ഇതൊരു പരിസ്ഥിതി സ്‌നേഹ നോവൽ കൂടിയാണ്.
പാപ്പൻ്റെ കയ്യിൽ നിന്ന് കടം വാങ്ങിയ പണവുമായി മകളുടെ തുടർപഠനം നടത്താൻ നിശ്ചയിച്ച് പുസ്തകകെട്ടും വാങ്ങി വീട്ടിലെത്തുന്ന വേലുവിനെ കാത്തിരുന്നത് അതിലും സങ്കടകരമായ ഒരു വാർത്ത ആയിരുന്നു. കരിയില വാരികൂട്ടുന്നതിനിടയിൽ കമലയെ വിഷം തീണ്ടി. ഇടി വെട്ടിയവനെ പാമ്പ് കൂടി കടിച്ചാൽ ഉള്ള അവസ്ഥ എന്താണ്..?അതാണ് പിന്നെ വേലുവിൻ്റെ ജീവിതത്തിൽ സംഭവിച്ചത്. ഒരാഴ്ചയോളം കഴിഞ്ഞ് കമല മരണത്തിന് കീഴടങ്ങി.
സമനില വീണ്ടെടുത്ത് രണ്ടുപേരും കമലയ്ക്ക് തുളസിപൂവും നീരും നൽകി തൻ്റെ ഭാര്യ കമലയുടെ ശവവും കൊണ്ട്..പതിവ് തെറ്റിക്കാതെ മണിവേലു കൈവണ്ടി കഴുകി ശുദ്ധമാക്കി വണ്ടിയിൽ കയറ്റി ശാന്തിപ്പറമ്പിലേക്ക് കൊണ്ടുപോയി. ആളും ആരവവും ഒന്നുമില്ല. രണ്ടേ രണ്ടുപേർ മാത്രം. വേലുവും മന്ദാകിനിയും പിന്നെ അവർക്ക് കൂട്ട് വിജനതയും മൂകതയുംമാത്രം.
അവസാനം മണി വേലു തന്നെ തൻ്റെ ഭാര്യയുടെ ശവവും ശാന്തിപ്പറമ്പിൽ ദഹിപ്പിച്ചു. മരണത്തിൻറെ രണ്ട് വ്യത്യസ്ത മുഖങ്ങൾ കഥാകാരൻ ഇവിടെ കാണിക്കുന്നുണ്ട്. പണക്കാരൻ്റെ ദൈവം.. പാവപ്പെട്ടവരുടെ ദൈവം അവർ അവരുടെ വികൃതികൾ തുടർന്നുകൊണ്ടേയിരിക്കുന്നു.. അധികാരത്തിൻ്റെ.. ആഡംബരത്തിൻ്റെ മുഖ്യധാരയിൽ കഴിയുന്നവരെ സംബന്ധിച്ച് ഇതൊരു വാർത്ത പോലുമല്ല. ഏതോ ഒരു ശവം ചുമട്ടുകാരൻ്റെ ഭാര്യയുടെ അന്ത്യം. ശാന്തിപ്പറമ്പിൽ തീയും പുകയും അടങ്ങിയപ്പോൾ മണിവേലുവും മന്ദാകിനിയും കൈവണ്ടിയുമായി തിരികെ പോരാൻ ഒരുങ്ങിയെങ്കിലും കൈവണ്ടി ഒരിഞ്ചു പോലും നീക്കാൻ പറ്റാതെ തളർന്നിരുന്നു പോയ മണിവേലുവിനെ സഹായിക്കാൻ അപ്രതീക്ഷിതമായി ഒരു ആൾ എത്തി. കൊമ്പൻ മീശക്കാരൻ കപ്പ വിൽപ്പനക്കാരൻ. അയാൾ രണ്ടുപേരെയും കൈവണ്ടിയേയും വീട്ടിൽ എത്തിച്ചു.
വേലു വാങ്ങിക്കൊടുത്ത നോട്ടുപുസ്തകത്തിൻ്റെ അവസാനപേജിൽ മന്ദാകിനി ഇങ്ങനെ എഴുതി. “കമല(36) നിര്യാതയായി” പലതവണ..വീണ്ടും വീണ്ടും വായിച്ച് അവളുടെ കണ്ണീരിൽ കുതിർന്നു ആ പേജുകൾ..
അക്ഷരങ്ങളെ മെല്ലെ ഒഴുക്കിവിട്ട് സുഖദമായ വായന ഈ നോവൽ പകരുന്നു. മനോഹരമായ ആഖ്യാന ശൈലിയിലൂടെ സാധാരണക്കാർക്ക് മനസ്സിലാകുന്ന തരത്തിൽ എഴുതിയ എഴുപത്തിരണ്ടു പേജ് മാത്രമുള്ള ഒരു ചെറിയ നോവൽ വലിയ വായനാനുഭവം നൽകുന്നുണ്ട്. നനവാർന്ന വിങ്ങലിൻ്റെയും വിതുമ്പലിൻ്റെയും കഥ എല്ലാവരാലും വായിക്കപ്പെടട്ടെ. ഇനിയുമിനിയും അനേകം പുസ്തകങ്ങൾ മേനംകുളത്തിൻ്റെ ഈ തൂലികയിൽ നിന്ന് നല്ലെഴുത്തിലൂടെ നമുക്ക് സമ്മാനിക്കട്ടെ എന്ന് ആശംസിക്കുന്നു.
മേരി സീനിയയുടെ കവർ ചിത്രവും പുസ്തകത്തിൻ്റെ കെട്ടും മട്ടും ഉന്നത നിലവാരം പുലർത്തുന്നു. ഇന്റിമേറ്റ് ബുക്സ് ആണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആശംസകൾ..! അഭിനന്ദനങ്ങൾ..!
– മേരി ജോസ്സി മലയിൽ, തിരുവനന്തപുരം.