എല്ലാന്റി ഈസാഫ്
മുത്തൂറ്റ് ബീയാർഡി
മാസിന്ത്യമാസ് വാലി
ജേയെംജെയും
സമ്പാദ്യ വായ്പയും
പാണ്ടി പിരിവതും
അമ്പേ പറഞ്ഞിടാൻ
ആവതില്ല
കേറുന്ന തിണ്ണയിൽ
കുത്തി ഇരുന്നിട്ട്
കാർക്കശ്യമോടവർ
കൊണ്ടിടുന്നൂ
ചൊവ്വാഴ്ചയെത്തുന്നു
പാത്ര പിരിവിനായ്
വ്യാഴാഴ്ച അണ്ണാച്ചി
കൃത്യമായീ
ഉച്ചതിരിഞ്ഞുള്ള
ഞാറാഴ്ച കൃത്യമായ്
വട്ടം പിരിക്കുന്നു
ഓണച്ചിട്ടി
കാശറ്റ കീശയിൽ
കൈപൂഴ്ത്തി നോക്കീട്ട്
കൂട്ടം പിരിച്ചങ്ങ –
ടച്ചിടുന്നൂ
ഗ്രാമീണ കൈരളി
ചിത്രം വരച്ചിടാൽ
കാലൻ കരഞ്ഞിടും
സത്യമായീ
അഷ്ടിക്കു മുട്ടുന്ന
ശിഷ്ടങ്ങളെത്രയോ
കഷ്ടപ്പെടുന്നേറെ
ജീവിക്കുവാൻ
ബംഗാളിയെത്തീട്ട്
മൊത്തം കടത്തുന്നു
കൈരളീ നാട്ടീന്നു
കോടികളായ്
വ്യാപാര കേന്ദ്രത്തിൽ
സാമാനം കൊണ്ടിടാൻ
ഹിന്ദി പഠിക്കേണ്ട
ദുർഗ്ഗതിയായ്
കാലത്തിറങ്ങുന്ന
കൂലിപണിക്കാര്
വേലമെനക്കെട്ടി –
തെത്തിടുന്നൂ
പാറ തകർത്തിടാൻ
പാടത്തിറങ്ങുവാൻ
പുല്ലൊന്നരിഞ്ഞിടാൻ
യന്ത്രമായീ
മസ് ട്രോളുനോക്കീട്ട്
വേലക്കിറങ്ങിയാൽ
മുന്നൂറു കിട്ടുന്നു
പുച്ഛമോടെ
ആഢ്യത്വമുള്ളോൻ്റെ
തോട്ടങ്ങളൊക്കെയും
വെട്ടിതെളിക്കുന്ന
പാവങ്ങളും
കൊട്ടേം ചുമന്നോണ്ട്
പീടികേലെത്തിയാൽ
ഞെട്ടുന്ന തീവില
എല്ലാറ്റിനും
കൊട്ടേം കമഴ്ത്തീട്ട്
ഉള്ളം കരങ്ങളിൽ
കിട്ടുന്ന സാധനം
വാങ്ങിടുന്നൂ
പച്ചക്കറികളും
മൽസ്യമാംസാദിയും
കഷ്ടപ്പെടുന്നോൻ്റെ
സ്വപ്നമായീ
മാംസം ഭുജിക്കുവാൻ
ആശിച്ചകൂട്ടരോ
സ്വയാബീൻ ഭുജിച്ചങ്ങു
തൃപ്തരാകും
ജോലി ഇല്ലാത്തവർ
ഭാഗ്യം പറഞ്ഞോണ്ട്
കൂട്ടിമുട്ടീടുന്നു
പാതകളിൽ
ടിക്കറ്റെടുത്തവൻ
ചങ്കത്തുകൈവച്ച്
പ്രാകുന്നു നാൾക്കുനാൾ
സർക്കാരിനേ
കോളാമ്പി കെട്ടിയാൽ
കോടാലി വന്നിടും
കള്ളെത്ര ചെന്നാലും
കേടതില്ല
പാവം പിടിച്ചവൻ
രോഗം പിടിച്ചിടാൽ
മാങ്കൊമ്പുവെട്ടണം
സത്യമായീ
കോട്ടിട്ടമാന്യരോ
തള്ളുന്നുവാർത്തകൾ
കേരളംമുന്നോട്ട്
മുന്നോട്ടെന്ന്
തള്ളുന്ന കൂട്ടരെ
കൊള്ളാതിരുന്നിടാൽ
മാറ്റംഭവിച്ചിടും
കൈരളിക്ക്
– ജോൺസൺ എഴുമറ്റൂർ