സർക്കാർ ഉദ്യോഗത്തിൽ നിന്നും അദ്ധ്യാപന വൃത്തിയിൽ നിന്നുമൊക്കെ വിരമിച്ച അഞ്ചാറ് സുഹൃത്തുക്കൾ കഴിഞ്ഞ 35 വർഷമായി പൗർണമി ഫ്ളാറ്റിലാണ് താമസം. ചെറുപ്പക്കാരാരും ഇവരോട് സംസാരിക്കാൻ താല്പര്യം കാണിക്കാത്തത് കൊണ്ട് ഇവർ ആറുപേരും ഈവെനിംഗ് വാക്ക് കഴിഞ്ഞു ഒരു പ്രത്യേക ഗ്രൂപ്പായി വന്നിരുപ്പുറപ്പിക്കും. പാർക്കിലെ കുട്ടികൾ തമ്മിലുള്ള ചെറിയ തർക്കങ്ങൾക്ക് മധ്യസ്ഥം വഹിക്കുക, ഭംഗിയായി സംരക്ഷിച്ചിരിക്കുന്ന പൂന്തോട്ടത്തിലെ ചെടികൾക്ക് എന്തെങ്കിലും കേടുപാടുകൾ വരുത്തുകയോ വെള്ളം അനാവശ്യമായി തുറന്നു വിടുകയോ ഒക്കെ ചെയ്താൽ സീനിയർ സിറ്റിസൺ അധികാരമുപയോഗിച്ച് മുഖം നോക്കാതെ കുട്ടികളെ ശാസിക്കുക… അങ്ങനെയൊക്കെയുള്ള കലാപരിപാടികളും….. സീരിയൽ കാണുന്ന ഭാര്യമാരെ ശല്യപ്പെടുത്താതെ ഇരിക്കാൻ എല്ലാവരും കൂടി വെടിവട്ടം പറഞ്ഞിരിക്കുകയാണ് സാധാരണ പതിവ്. ടീവിയിൽ “കുടുംബ വിളക്ക്” കഴിഞ്ഞു അടുത്തതിൻറെ പാട്ട് കേൾക്കുന്നുണ്ട് ഇനി അത്താഴം കിട്ടുമെന്ന് പറഞ്ഞ് ഓരോരുത്തരും യാത്ര പറഞ്ഞു പിരിയും. രണ്ട് ഏക്കറിനകത്ത് 6 ബ്ലോക്കുകൾ കൂടുന്നതാണ് ഈ സമുച്ചയം. ഒരേപോലെ പെയിൻറ് അടിച്ച് വൃത്തിയായി സംരക്ഷിച്ചിരിക്കുന്ന ഫ്ലാറ്റ് ആയതുകൊണ്ട് പലർക്കും സ്വന്തം വീട് തന്നെ മാറി പോകാറുണ്ട്.
പതിവു പോലെ പ്രസിഡണ്ട് ഈവനിംഗ് വാക്ക് കഴിഞ്ഞു പാർക്ക് ബെഞ്ചിൽ വന്നിരുന്നു. പുറകെ പുറകെ മറ്റു 4 പേരും എത്തി. തിരുവോണം ഇങ്ങെത്തി. അതിന് നാല് ദിവസം മുമ്പേ അതായത് കുട്ടികൾക്ക് ഓണപ്പരീക്ഷ കഴിഞ്ഞ് സ്കൂൾ അടയ്ക്കുന്നതിന് പിറ്റേ ദിവസം തൊട്ട് ബ്ലോക്കുകൾ തമ്മിലുള്ള അത്തപ്പൂക്കളമത്സരം, വീട്ടമ്മമാരുടെ തിരുവാതിരകളി, കസേരകളി, വടംവലി….. അങ്ങനെയുള്ള മത്സരങ്ങളെല്ലാം നടത്തി തിരുവോണസദ്യക്ക് മുമ്പായി വിജയികൾക്ക് സമ്മാനം കൊടുക്കേണ്ടതാണ്. മത്സരങ്ങൾക്ക് മാർക്കിടാൻ ആൾക്കാരെ തിരഞ്ഞെടുക്കണം. സമ്മാനദാനത്തിന് ഫ്ലാറ്റിനു പുറത്തുനിന്ന് ഒരു വി.ഐ.പി. അതിഥിയെ ക്ഷണിച്ചു കൊണ്ടുവരണം. അദ്ദേഹത്തിന് ഒരു ഓണക്കോടി സമ്മാനം കൊടുക്കണം… ..അങ്ങനെ നൂറായിരം കാര്യങ്ങൾ തീരുമാനിക്കേണ്ടതാണ്. ഏകദേശ കരടുരൂപം ഈ സീനിയർ സിറ്റിസൺസ് ആറുപേരാണ് ഉണ്ടാക്കുക. മീറ്റിങ്ങിൽ അവതരിപ്പിക്കുമ്പോൾ തന്നെ എല്ലാവരും കൈയ്യടിച്ച് അംഗീകരിക്കുകയാണ് പതിവ്. ഇതിലെ ഏറ്റവും മുതിർന്ന ആൾ ഇട്ടുണ്ണി മാഷാണ്. രണ്ട് ദിവസമായിട്ട് ഇട്ടുണ്ണി മാഷിനെ കണ്ടില്ലല്ലോ എന്ന് സുഹൃത്തുക്കൾ തമ്മിൽ പറയുമ്പോഴുണ്ട് മാഷിൻറെ ഭാര്യ എക്സ്പ്രസ് സ്പീഡിൽ ‘സീരിയൽ തുടങ്ങിയോ ആവോ’ എന്ന് ആത്മഗതം പറഞ്ഞു പരവേശപ്പെട്ടു കൊണ്ട് പള്ളിയിലെ നൊവേന കഴിഞ്ഞ് ഓടുന്നു. സുഹൃത്തുക്കൾ ചേട്ടത്തിയെ തടഞ്ഞു നിർത്തി മാഷ് എവിടെ എന്ന് ചോദിച്ചു. അതിനു ചേടത്തി ഒന്നു നാണിച്ച് “എനിയ്ക്കത് നിങ്ങളോട് പറയാൻ വയ്യ, ഫ്ലാറ്റിൽ വന്ന് അന്വേഷിക്കു എന്ന് പറഞ്ഞ് ഒറ്റ ഓട്ടം വച്ചുകൊടുത്തു. ഇതെന്തു കൂത്ത്? ചേട്ടത്തിയുടെ നാണം കലർന്ന ചിരി കണ്ട് എല്ലാവരും പരസ്പരം ചിരിച്ചു. ‘പവിത്ര’ ത്തിൽ തിലകൻ ഒപ്പിച്ച പോലെ നമ്മുടെ മാഷ് വയസ്സാംകാലത്ത് എന്തെങ്കിലും പണി ഒപ്പിച്ചോ? ഏയ് ചേട്ടത്തിക്ക് യാതൊരു കുലുക്കവുമില്ലല്ലോ, നല്ല കുതിര പോലെയല്ലേ ചാടി ഓടി സ്റ്റെപ്പ് കയറി പോകുന്നത്. എന്തായാലും രാത്രി എട്ടരയ്ക്ക് നമുക്ക് എല്ലാവർക്കും കൂടി മാഷിനെ ഒന്ന് ചെന്ന് കാണാമെന്ന തീരുമാനമായി. ചേട്ടത്തിയുടെ സീരിയൽ കാഴ്ച നമ്മൾ കാരണം മുടങ്ങരുതല്ലോ?
അഞ്ചുപേരും കൂടി മാഷിൻറെ വീട്ടിൽ ചെന്ന് ബെല്ലടിച്ചു. മാഷുണ്ട് ചേടത്തിയുടെ മാക്സിയും ധരിച്ച് വന്ന് വാതിൽ തുറന്നതും എല്ലാവരും അമ്പരന്നു. ഇത് എന്തു വേഷം? ‘പവിത്ര’ ത്തിലെ തിലകൻ ആയോ എന്ന് സംശയിച്ചവർക്കു മുൻപിൽ ‘അയാൾ കഥ എഴുതുകയാണ്’ലെ ലാലേട്ടൻ. മാഷ് മാക്സിയും മടക്കി കുത്തി കൂളായി എല്ലാവരെയും സ്വീകരിച്ചിരുത്തി സംഭവത്തിൻ്റെ ചുരുൾ അഴിച്ചു.
അതായത് കഴിഞ്ഞ രണ്ടാഴ്ചയായി മാഷിൻറെ മക്കളും മരുമക്കളും കുട്ടികളുമൊക്കെ ഉണ്ടായിരുന്നു ഇവിടെ. എല്ലാവരും കൂടി ടൂർ പോകലും കൊറോണ കാരണം രണ്ട് വർഷമായി കാണാതിരുന്ന എല്ലാ ബന്ധുവീടുകളിലും സന്ദർശനവും ഒക്കെ കഴിഞ്ഞ് അവർ എല്ലാം തിരികെ പോയതിനു പുറകെ മാഷും ഭാര്യയും കൂടി വീടൊക്കെ വൃത്തിയാക്കി, തുണി അലക്കി മാഷിൻറെ ഒരു പത്തുപതിനഞ്ചു മുണ്ടും ഷർട്ടും ചേടത്തിയുടെ അഞ്ചാറു സാരിയും ഒക്കെ ഒരു ബാഗിലാക്കി ഫ്ലാറ്റിന് തൊട്ടടുത്തുള്ള തേപ്പുകാരനെ ഏൽപ്പിച്ചു. മൂന്നാലു ദിവസം കഴിഞ്ഞു തേപ്പുകാരൻ തുണിയൊക്കെ തേച്ച് ഫ്ലാറ്റിൽ കൊണ്ടുവന്നപ്പോൾ വീടുപൂട്ടി കിടക്കുന്നത് കണ്ടു ഡോറിനു മുമ്പിൽ ബാഗ് വച്ചിട്ടു മടങ്ങി. അടുത്ത ദിവസം മറ്റേതോ വീട്ടിൽ തുണി കൊടുക്കാൻ വന്ന കൂട്ടത്തിൽ ഇവിടെ വന്ന് ബെല്ലടിച്ച് കാശു ചോദിച്ചപ്പോഴാണ് മാഷും ഭാര്യയും പറയുന്നത് “അയ്യോ! ഞങ്ങൾക്ക് തുണി കിട്ടിയില്ലല്ലോ’ എന്ന്. “നിന്നെ കണ്ടില്ല എന്നും പറഞ്ഞ് മാഷ് ഇവിടെ നോക്കിയിരിക്കുകയായിരുന്നു. ആകെ ഉണ്ടായിരുന്ന ഒരു മുണ്ട് മുഷിഞ്ഞു നാറിയതു കൊണ്ട് പുറത്തുപോകാൻ ഒറ്റമുണ്ട് പോലും ഇല്ല.കർക്കിടകം കഴിഞ്ഞു ചിങ്ങം വന്നെങ്കിലും മഴയ്ക്ക് ഒരു ശമനവും ആയില്ല. ബാൽക്കണിയിൽ വിരിച്ചിട്ട തുണികൾ ഒന്നു പോലും ഉണങ്ങിയിട്ടുമില്ല. അതുകൊണ്ട് രണ്ടുദിവസം നടക്കാൻ പോലും പോയില്ല എന്ന്.” തുണി ഇവിടെ കൊണ്ടുവന്നു വച്ചുവെന്ന് തേപ്പുകാരൻ. കിട്ടിയില്ല എന്ന് മാഷും. മാക്സി ധരിച്ചതിൻ്റെ കാരണം മാഷ് വിശദീകരിച്ചു.
അപ്പോൾ തന്നെ പ്രസിഡൻറ് റെസിഡന്റ്‌സ് വാട്സ്ആപ്പ് ഗ്രൂപ്പിൽ സംഭവം ടൈപ്പ് ചെയ്തിട്ടു. മാഷിൻ്റെ മുണ്ടും ഷർട്ടും കണ്ടവരാരും ഇല്ല. ഇത് ഏത് കള്ളൻ? മാഷിൻറെ തുണി മോഷ്ടിക്കാൻ മാത്രം ഇവിടെ കള്ളൻ വന്നോ? ഉയരംകുറഞ്ഞ മാഷിൻറെ മുണ്ട് ഷർട്ടും ഒന്നും കിട്ടിയിട്ട് ആർക്കുമൊരു പ്രയോജനവും ഇല്ലതാനും.
സെക്യൂരിറ്റിക്കാർ, എല്ലാ വീടുകളിലും ജോലി ചെയ്യുന്ന ജോലിക്കാർ, തേപ്പുകാരൻ എല്ലാവരെയും വിളിച്ചു ഒരുമിച്ചു ചോദ്യം ചെയ്തു. മര്യാദയ്ക്ക് ആരെങ്കിലും ഇത് എടുത്തിട്ടുണ്ടെങ്കിൽ ഈ ഫ്ളാറ്റിൽ എവിടെയെങ്കിലും കൊണ്ടിട്ടോ. ഇത് പുറത്ത് ആരും അറിയില്ല. 24 മണിക്കൂർ സമയം തരാം. അല്ലെങ്കിൽ കളി മാറും. സിസിടിവി ഓൺ ചെയ്തു ആളെ പിടിച്ചാൽ ഞങ്ങൾ ആളെ പോലീസിൽ ഏൽപ്പിക്കും എന്ന് സെക്രട്ടറി.
കൊറോണ വന്ന സമയത്താണ് ഈ പുതിയ തേപ്പുകാരൻ്റെ വരവ്. അതുവരെ തമിഴ്നാട്ടിൽനിന്നുള്ള തിരുമാരൻ ഫ്ലാറ്റിൽ വണ്ടിയും കൊണ്ട് വന്ന് അവിടെ നിന്ന് തേച്ചു കൊടുക്കൽ ആയിരുന്നു പതിവ്. കടയിലെ ജോലി നഷ്ടപ്പെട്ട മുരളി ഒരു ചെറിയ ഗോവണി ചുവട് വാടകയ്ക്ക് എടുത്ത് കറണ്ടിൽ തേപ്പുപെട്ടി കുത്തി തേച്ചു കൊടുക്കുകയായിരുന്നു. സ്ഥല വാടകയും കറന്റ്‌ചാർജും കഴിച്ച് ജീവിച്ചു പോകാം എന്ന അവസ്ഥ വന്നപ്പോഴാണ് ഇടിത്തീപോലെ ഈ വാർത്ത. ഏതുനിമിഷവും തമിഴ്നാട്ടിൽ നിന്ന് തിരുമാരൻ വന്നാൽ ഫ്ലാറ്റിലെ പണി പോവുകയും ചെയ്യും.
പിറ്റേ ദിവസം ആയി. പറഞ്ഞ സമയം കഴിഞ്ഞു. തുണി ബാഗ് എവിടെയും പൊങ്ങി വന്നില്ല. സി സി ടി വി ഓൺ ചെയ്ത് പരിശോധിക്കാൻ തീരുമാനം ആയി. കെയർടേക്കർ വന്ന് സിസിടിവി ഓൺ ചെയ്തു. ഉദ്വേഗജനകമായ നിമിഷങ്ങൾ. തേപ്പുകാരൻ തുണി തിരിച്ചു കൊടുത്തു എന്ന് അവകാശപ്പെടുന്ന ദിവസത്തെ ദൃശ്യങ്ങൾ എടുത്തു. വൈകുന്നേരം ആറുമണിയോടെ ഉള്ള ദൃശ്യങ്ങൾ എല്ലാവരും ശ്രദ്ധിച്ചു നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴുണ്ട് അഞ്ചാമത്തെ ബ്ലോക്കിൽനിന്ന് ഒരു വാട്സ്ആപ്പ് സന്ദേശം റെസിഡന്റ്‌സ് ഗ്രുപ്പിലേക്ക്. “ഞാൻ ഡൽഹിയിലാണ്. നിങ്ങൾ ഈ പറയുന്ന തേച്ച തുണി അടങ്ങിയ ബാഗ് എൻറെ വീട്ടിൽ ഉണ്ടാകും.” എന്നും പറഞ്ഞു കൊണ്ട്.
ഇതെന്തു കഥ എന്ന് അമ്പരന്ന് സിസിടിവി ദൃശ്യങ്ങൾ നോക്കി കൊണ്ടിരുന്നവർ അപ്പോഴാണ് അവരുടെ ശ്രദ്ധയിൽ പെടുന്നത് തേപ്പുകാരൻ തേച്ച് തുണികൾ അടങ്ങിയ ബാഗ് മാഷ് താമസിക്കുന്ന ഫ്ലാറ്റിന് തൊട്ടുതാഴെ നിലയിലുള്ള ഡോക്ടറുടെ ഫ്ലാറ്റിനു മുൻപിൽ വച്ച് രണ്ടു മൂന്നു തവണ ബെല്ലടിച്ചിട്ട് പോകുന്നത്. കുറച്ച് സമയം കഴിഞ്ഞ് ആ വീട്ടിലെ താമസക്കാരനായ ഡോക്ടർ ഡൽഹിയിലേക്ക് പോകാൻ ട്രോളി ബാഗുമായി വന്നപ്പോൾ ഒരു തുണി ബാഗ് പുറത്ത് ഇരിക്കുന്നു. അദ്ദേഹം അതെടുത്ത് വീടിനകത്തു വച്ചു പൂട്ടി നെടുമ്പാശ്ശേരിയിലേക്ക് പോയി. രണ്ടുദിവസം മുമ്പേ ഗോവയിൽ മകളുടെ വീട്ടിൽ പോയ വീട്ടുകാരി പോകുന്നതിനു മുമ്പേ തുണി അയൺ ചെയ്യാൻ കൊടുത്തത് ആയിരിക്കും എന്ന് വിചാരിച്ചു അദ്ദേഹം. അതാണ് ഈ കൺഫ്യൂഷൻ എല്ലാം ഉണ്ടായത്.
ഡൽഹിയിൽ പോയി കോൺഫറൻസുകൾ അറ്റൻഡ് ചെയ്യുന്ന തിരക്കിൽ ഡോക്ടറും മകളുടെ വീട്ടിൽ പോയ ഡോക്ടറുടെ ഭാര്യയും ഈ റസിഡൻസ് ഫ്ലാറ്റ് ഗ്രൂപ്പ് മെസ്സേജ് ഒന്നും ശ്രദ്ധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇവിടെ നടക്കുന്ന കോലാഹലങ്ങൾ ഒന്നും അവരറിഞ്ഞതുമില്ല. ഒരു ദിവസം ഡോക്ടർക്ക് അവധി കിട്ടിയപ്പോഴാണ് സമാധാനമായി പഴയ മെസ്സേജ് ഒക്കെ നോക്കിയത്. അപ്പോളാണ് പുള്ളിക്ക് പെട്ടെന്ന് ഓർമ്മ വന്നത് ഞാൻ ഇറങ്ങാൻ നേരത്ത് ഒരു തുണി ബാഗെടുത്ത് അകത്തു വച്ചിരുന്നല്ലോ? അതിനെ ചൊല്ലിയായിരിക്കാം ഈ കോലാഹലമൊക്കെ നടക്കുന്നതെന്ന്. “ഞാൻ ഇതൊക്കെ ഇപ്പോഴാണ് അറിയുന്നത്. ഓണം കഴിഞ്ഞേ ഞാൻ ഡൽഹിയിൽനിന്ന് തിരിച്ച് എത്തുകയുള്ളൂ. ഇപ്പോൾ തന്നെ ഭാര്യയെ വിവരം അറിയിക്കാം എന്ന് പറഞ്ഞു ഡോക്ടർ. വേണ്ട. ഓണം പരിപാടികൾക്ക് പങ്കെടുക്കാനുള്ള വേഷം ഞങ്ങൾ മാഷിന് സ്പോൺസർ ചെയ്തോളം എന്ന് മറ്റ് ഫ്ലാറ്റ് നിവാസികൾ. ഏതായാലും ചേട്ടത്തിയുടെ മാക്സി ഉപേക്ഷിച്ച് മാഷ് കടംകൊണ്ട മുണ്ടും ഷർട്ടും ആയി തിരുവോണം ആഘോഷങ്ങളിൽ പങ്കെടുത്തു. ഡോക്ടറും ഭാര്യയും ഡൽഹിയിൽ നിന്നും ഗോവയിൽ നിന്നും തിരിച്ചെത്തുന്നതും കാത്തു വഴികണ്ണോടെ മാഷ്!
– മേരി ജോസി മലയിൽ, തിരുവനന്തപുരം.