മക്കത്തു പോയതും
പൊക്കം ചവിട്ട്യതും
മുക്കിയെടുത്തതും
മിഥ്യയാണേ
നെഞ്ചകം വാഴുന്ന
ദുഷ്ടങ്ങളറ്റിടാൻ
തമ്പുരാൻ വാഴണം
ഹൃത്തിടത്തിൽ
മതമെന്നശാപമോ
മനുഷ്യൻ്റെ സൃഷ്ടിയാ
ഉടയോനീകൂട്ടത്തിൽ
അംഗമല്ല
ഒരുമിച്ചുവാഴുവാൻ
പണിതീർത്തഭൂമിയിൽ
നരനിന്നുതിന്മയേ
കൊയ്തിടുന്നൂ
ആകാശഗോളങ്ങൾ
കീറിപകുത്തവർ
മതമെന്നവാക്കിനു
തിലകമാക്കീ
സൂര്യനും ചന്ദ്രനും
നക്ഷത്രജാലവും
കീറിപകുത്തവർ
ചിഹ്നമാക്കീ
മതമെന്നമാലിന്യം
സിരകളിൽ പാഞ്ഞിട്ട്
മനുഷ്യൻ്റെ നന്മയോ
കെട്ടിടുന്നൂ
മെനകെട്ടമാനവർ
വിനയായതോർത്തിന്നു
മനം നൊന്തിടുന്നീശൻ
ഉന്നതത്തിൽ
– ജോൺസൺ എഴുമറ്റൂർ