നീരില്ലൊരിറ്റവർ കണ്‌ഠം നനയ്ക്കാൻ
പശിയടക്കാൻ പഴുതേതുമില്ലാതെ
ചൂടുകാറ്റും പൊള്ളും വെയിലുമേറ്റങ്ങനെ
മരുവിൽ കിതപ്പോടെ ഉഴലുന്നോരിവർ
ദാസിയാം ഹാഗാറും പുത്രനുമല്ലയോ
മാതാവിൻ പാണിയിൽ മുറുകെപ്പിടിക്കും
ആ തനുജൻ കരങ്ങളിൻ വിറയൽ
മാതൃഹൃത്തിലായ് ആഴ്ന്നിറങ്ങുന്നിതാ
താങ്ങി തലോടാൻ താതനില്ലവൻ ചാരെ
കനിവറ്റ് അവജ്ഞയാൽ തള്ളിയല്ലോ
ദാഹിച്ചു വലഞ്ഞാ മരുവിലിന്നാ ബാലൻ
കുറ്റി കുറുങ്കാട്ടിൻ തണലിൽ കിടക്കുന്നു
പ്രാണൻ പിടയുമാ ക്ഷണത്തിലാ മണ്ണിൽ
സ്വപുത്ര മരണം കാണാൻ കഴിയുമോ?
മാറത്തടിച്ചിതാ അമ്പിൻപാടകലത്തിൽ
പൊള്ളുന്ന കാലുമായ് ഓടിയവൾ
ഉയരത്തിലേക്ക് നോക്കി കേണിട്ടവൾ പിന്നെ
അയ്യം വിളിച്ചാർത്തങ്ങു കരഞ്ഞുപോയി
ത്രാണിയില്ലാ ബാലന്റെ ദീന രോദന ശബ്ദം
വാനം കടന്നങ്ങു സ്വർഗ്ഗത്തിലെത്തി
ദൂതനൊരുവൻ ഝടുതിയിൽ വാനതിൽ
ദൈവദൂതറിയിച്ചു ചേലോടാ ധാത്രിയെ
എഴുന്നേൽപ്പിക്ക നീ നിന്നുടെ പുത്രനെ
ശങ്കവേണ്ടൊട്ടും അവൻ ഭാവിയെ നിനച്ചിനി
ഭൂതലത്തിൽ പരക്കുമവൻ വലിയ ജനതയായ്
ക്ഷണത്തിൽ തുറന്നു ദൈവമവൾ കൺകൾ
കണ്ടവൾ പൊട്ടിയോഴുകും നീരുറവ
കോരി നിറച്ചൂ തുരുത്തി മോദമോടെ
കുടിച്ചൂ ബാലനും ദാഹമണയും വരെ
പ്രാപിച്ചു ഓജസ്സും അനുഗ്രഹവും
നന്ദിയാൽ നിറയുന്ന ഹൃദയം തുറന്നു
വാഴ്ത്തിയവർ ദൈവത്തെ നവജീവനോടെ
– രമ്യ വി മോഹനൻ