അഞ്ചേരിക്കടവിലെ മെസ്സിയുടെ ഡാഡി അർജന്റീന ഫാൻസായിരുന്നു. അത് കൊണ്ട് തന്നെയാണ് അവന് മെസ്സിയെന്ന് പേരിട്ടത്. അവൻ വളർന്ന് വലിയൊരു ഫുട്ബോളറായി തീരണമെന്നായിരുന്നു ഡാഡിയുടെ ആഗ്രഹം.ആ സ്വപ്നസാക്ഷാത്കരത്തിനായ് അവനെ പരിശീലിപ്പിച്ചു. മതബോധനം പോലും മറന്ന് ഞായറാഴ്ചകളിൽ ഫുട്ബോൾ ലോകത്തായിരുന്നു അവൻ. അങ്ങനെയിരിക്ക അർജന്റീന ഫാൻസ് അഞ്ചേരിക്കടവും ബ്രസീൽ ഫാൻസ് ചാക്യാർകടവും തമ്മിൽ സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ മത്സരം നടന്നു. വാശിയോടെയുള്ള കളിയ്ക്കിടയിൽ എതിർ ടീമിലെ പത്താം നമ്പറുമായി ഏറ്റുമുട്ടി മെസ്സി തലയിടിച്ച് വീണു. സംഘാടകർ ആശുപത്രിയിലെത്തിച്ചു.
അപകടം പിണഞ്ഞ തൻ്റെ പൊന്നുമോനേ കാണാൻ വന്ന ഡാഡിയോട് ഡോക്ടർ പറഞ്ഞു: “അൽപം സീരിയസ്സാണ്. തലയ്ക്ക് ഗുരുതരമായ പരിക്കുണ്ട്. ഐ.സി.യു.വിലുള്ള അവനെ രക്ഷിക്കുവാൻ ഇനി ദൈവത്തിന് മാത്രമേ കഴിയൂ”
അപ്പോൾ ഉള്ളിൽ ഉന്നതിയിലിരിക്കുന്ന ആരാധനപാത്രങ്ങളായ മറഡോണയും മെസ്സിയുമൊക്കെ നിസ്സഹായകരായി നിൽക്കുന്ന ചിത്രങ്ങൾ ഡാഡിയുടെ മനോമുകരത്തിലൂടെ കടന്നു പോയി.
ആ നിമിഷം ഡാഡിയുടെ മൊബൈൽ ഫോണിൽ വന്ന വാട്സ് ആപ്പിലെ ചിത്രം ശ്രദ്ധിച്ചു. ജപമാല കൈകളിലേന്തിയ കന്യകമറിയത്തിൻ്റെ ഫോട്ടോയായിരുന്നു. ഉടനെ അയാൾ ചുറ്റും ഒരു കൊന്തക്കായി പരതി.
കൂടെ ഇരിക്കുന്നയാളിൽ നിന്ന് ഡാഡി കൊന്ത കൈക്കലാക്കി.
ജപമാല ചൊല്ലി.
തൻ്റെ മകൻ്റെ രോഗശാന്തിക്കായ് ഉള്ളുരുകി പ്രാർത്ഥിച്ചു.
ഡാഡിയുടെ കൂടെ അർജന്റീന അഞ്ചേരിക്കടവ് ഫാൻസും.
ഐ.സി.യു.വിൻ്റെ വാതിൽ തുറന്ന് വന്ന ഡോക്ടർ ഡാഡിയോട് പറഞ്ഞു .
” അത്ഭുതമെന്ന് പറയാം, തീർച്ചയായും താങ്കളുടെ മകൻ ജീവിതത്തിലേക്ക് തിരിച്ച് വരും. കുറച്ച് ദിവസങ്ങളുടെ വിശ്രമം വേണ്ടിവരുമെന്ന് മാത്രം. ഭയപെടേണ്ട ടോ…. ”
അവരുടെ കൈകളിലുള്ള ജപമാലയ്ക്ക് തിളക്കം കൂടിയോയെന്നവർ സംശയിച്ചു.
ഹോസ്പിറ്റിലിൽ നിന്ന് ഡിസ്ചാർജ് ചെയ്ത മെസ്സി തൻ്റെ ഫാൻസ് അംഗങ്ങളോട് ആവശ്യപ്പെട്ടത് ജപമാല കൈകളിലേന്തിയ മാതാവിൻ്റെ ചിത്രമടങ്ങിയ ഒരു ഫ്ളക്സ് വെയ്ക്കണമെന്നും അതിനു മുകളിൽ “മരിയൻ ഭക്തർ അഞ്ചേരിക്കടവ് ” എന്ന് എഴുതണമെന്നായിരുന്നു.
ഒരു നിമിഷം മെസ്സി ചിന്തിച്ചതിനു ശേഷം പറഞ്ഞു.
” മരിയൻ ഫാൻസ് അഞ്ചേരിക്കടവ് ”
എന്നാക്കി തിരുത്തണം.
അങ്ങനെ എഴുതി പരിശുദ്ധ അമ്മയുടെ വലിയൊരു ഫ്ളക്സ് ബോർഡ് അഞ്ചേരിക്കടവിൽ അവർ ഉയർത്തി.
– ആന്റോ കവലക്കാട്ട്