കർഷകനായ കായംകുളം കുഞ്ഞുണ്ണി കർഷകശ്രീ നേടുവാനുള്ള ശ്രമത്തിലാണ്. കാർഷിക പ്രവൃത്തിക്കിടയിലുണ്ടായ വൈദ്യുതി തകരാറ് പരിഹരിക്കവേ കുഞ്ഞുണ്ണിക്ക് ഷോക്കേറ്റു.
കുഞ്ഞുണ്ണിയുടെ അലറൽ കേട്ട ഭാര്യ അലമുറയിട്ടു .
ഇതു കേട്ട അയൽവാസി ടൊവിനോ അവിടെ ഓടിയെത്തി. ബോധം കെട്ടു കിടക്കുന്ന കുഞ്ഞുണ്ണിയെ അടുത്ത ആശുപത്രിയിലെത്തിക്കാൻ ടൊവിനോ ഒരു വാഹനം വിളിച്ചു.
തൻ്റെ മൊബൈലിൽ നിന്ന് കുഞ്ഞുണ്ണിയുടെ ഫോട്ടോയെടുത്ത് ടൊവിനോഫെയ്സ് ബുക്കിൽ ഇട്ടു. ഒരു കാപ്ഷനും കൊടുത്തു.
“കായംകുളം കുഞ്ഞുണ്ണി മരണത്തിൻ്റെ ഓൺലൈനിൽ ”
ഉടനെ ലൈക്കുകളുടേയും കമന്റ്കളുടേയും പ്രവാഹമായി.
ഡ്രൈവറും ടൊവിനോയും ചേർന്ന് കുഞ്ഞുണ്ണിയെ വാഹനത്തിൽ കയറ്റി. ആശുപത്രിയിലേക്ക് വാഹനം കുതിച്ചു.
വാഹനത്തിലുള്ള കുഞ്ഞുണ്ണിയുടെ ഇരുട്ട് പടർന്ന മനസ്സ്.
രക്തയോട്ടം നിലച്ച ശരീരം.
ചില ദൃശ്യങ്ങളുമായ് മനസ്സിൻ്റെ ചലനം.
ജനനം മുതൽ ഇന്നുവരേയുള്ള നല്ലതും ചീത്തയുമായ കുഞ്ഞുണ്ണി ചെയ്തു കൂട്ടിയ കാര്യങ്ങൾ മനസ്സിൽ .
മദ്യലഹരിയിലാറാടി ജീവിതത്തിൽ ചെയ്യേണ്ട ഉത്തരവാദിത്വങ്ങളിൽ നിന്ന് വ്യതിചലിച്ചത് വലിയൊരു ചോദ്യചിഹ്നമായ് നിൽക്കുന്നു.
ദുർമോഹങ്ങൾക്കും ദുർവ്യത്തികൾക്കും പിന്നാലെ പായുകയില്ലെന്നും ജീവിതത്തിലേക്കും ലോകത്തേക്കും തിരിച്ച് വിടണമെന്നും മുൻകാല ജീവിതം കണക്കിലെടുത്ത് തീർപ്പ് കല്പിക്കുന്ന ദൈവ ദൃശ്യത്തോട് കുഞ്ഞുണ്ണി കേണു. ആ തേങ്ങൽ ദൈവീകാരൂപിയിൽ ചിന്തയ്ക്ക് ഇടം നൽകി.
കുഞ്ഞുണ്ണിയുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും പ്രാർത്ഥനയുടെ ഫലമെന്നോണം അവൻ്റെ മനസ്സിൽ വെളിച്ചം പരക്കുന്നതായി അനുഭവപ്പെട്ടു. അല്പസമയം കഴിഞ്ഞപ്പോൾ നിദ്രയിൽ നിന്നുണർന്ന പോലെ കുഞ്ഞുണ്ണി എഴുന്നേറ്റു.
ടൊവിനോ അമ്പരന്നു.
ഡ്രൈവർ ഞെട്ടലോടെ സഡൻ ബ്രേയ്ക്കിട്ടു.
വാഹനത്തിൻ്റെ ഡോർ തുറന്ന് മരണം കൺമുൻപിൽ കണ്ട കുഞ്ഞുണ്ണി നല്ലൊരു ജീവിതം നയിക്കുവാൻ ദൃഡ പ്രതിജ്ഞയെടുത്ത്
“ആശുപത്രിയിലേക്ക് ഞാനില്ലായെന്ന് ”
പറഞ്ഞ് പുറത്തേക്ക് ഓടി.
ഇതു കണ്ട ടൊവിനോഫെയ്സ് ബുക്കിൽ മറ്റൊരു പോസ്റ്റിട്ടു.
“മരണത്തെ തോൽപിച്ച കുഞ്ഞുണ്ണിയുടെ ജീവിതത്തിലെ രണ്ടാം ഊഴം ”
നിമിഷങ്ങൾക്കകം ടൊവിനോയുടെ ഫെയ്സ് ബുക്ക് പോസ്റ്റിൽ ലൈക്കുകളുടെ എണ്ണം കൂടി കൊണ്ടേയിരുന്നു
– ആന്റോ കവലക്കാട്ട്