മറക്കാൻ കഴിയാത്തൊരോർമ്മ
മനസ്സിനെ കടന്നു പിടിക്കുന്നു
മനസ്സെത്ര കുടഞ്ഞിട്ടും കുതറിമാ-
റിയിട്ടും വിട്ടു പോകുന്നില്ല.
കഴിഞ്ഞു പോയതെല്ലാം
കവിതയായ് വന്ന്
വിവർത്തനം ചെയ്യപ്പെടുന്നു
ഉന്മാദത്തിൻ്റെ ഉപ്പു പരലുകളെ
ഉടലിലേക്ക് പെറ്റിടുന്നു
കുളിരുള്ള ചൂടായ് പറ്റിച്ചേർന്നു
കിടക്കുന്നു
പതുക്കെ കുളിരൂർന്ന് വീഴ്കെ
ഉടലിൽ നിന്നിറങ്ങി ഉള്ളിലെ
കടലിലേക്ക് നടക്കുന്നു
മനസ്സ് കടലിൻ്റെ കരയിൽ
അശാന്തിയുടെ ഇരമ്പത്തിൽ
പൊള്ളിപ്പിടഞ്ഞ് കിടക്കുന്നു
– രാജു കാഞ്ഞിരങ്ങാട്