എൻ്റെ പേര് പീറ്റർ സാമുവൽ. കോളേജ് അദ്ധ്യാപകനാണ്.
ക്ലാസ്സിൽ വിദ്യാർത്ഥികളുടെ കലപിലാരവം.
” സൈലൻസ് ”
വിദ്യാർത്ഥികൾ എൻ്റെ വാക്കുകൾ ചെവികൊണ്ടില്ലായെങ്കിലും പല്ലിറുമ്മി ദേഷ്യം തീർത്ത് ക്ലാസ്സ് തുടങ്ങി.
“ലിക്കിടി തീവണ്ടിയാപ്പിസിനടത്തുള്ള … ”
അത്രയ്ക്ക് പറഞ്ഞപ്പോഴേക്കും പിന്നിൽ നിന്ന് കൂവലുകൾ.
ഞാൻ രൂക്ഷമായ് നോക്കി.
“സാറെ….ലിക്കിട്ടിയല്ലാ സാറെ ലക്കടി ….”
ക്ലാസ്സ് ആരും ശ്രദ്ധിക്കാത്തതിനാൽ പുസ്തകം മടക്കി കസേരയിൽ വന്നിരുന്നു.
“സാറ് ക്ലാസെടുക്കണം”
മുൻ ബഞ്ചിലിരിക്കുന്ന സുരേന്ദ്രൻ പറഞ്ഞു.
“ഇവിടെ ചില കഴുവേറീടേ മക്കള് ശബ്ദകോലാഹലമുണ്ടാക്കിയാൽ എങ്ങനെ ക്ലാസ്സെടുക്കും?”
പറഞ്ഞത് അൽപ്പം കൂടിപോയ്.
“ആരാടോ കഴുവേറീടേ മക്കള്….”
പിൻബഞ്ചിലിരുന സുനേഷ് ചൂടായി.
മേജോനും റഷീദും സുനേഷിന് കട്ടസപ്പോർട്ടുമായി പിറുപിറുത്തു.
ഒരു മരവിപ്പ്
എനിക്ക് ബലം പകരുന്ന മേശയിൽ കൈകളൂന്നി പറഞ്ഞു.
” നോൺസെൻസ് ”
ലാസ്റ്റ് ബഞ്ചിൽ പരിഹാസം നിറഞ്ഞ ചിരി ക്ലാസ്സ് മുഴുവൻ പടർത്താൻ ശ്രമിക്കവേ ഞാൻ ആജ്ഞാപിച്ചു: “ലാസ്റ്റ് ബഞ്ച് ഗെറ്റൗട്ട് ”
പിൻബഞ്ചിലിരിക്കുന്നവർ അത് ചെയതു. അവർ ഇരിക്കുന്ന ലാസ്റ്റ് ബഞ്ചെടുത്ത് പുറത്തേക്ക് വലിച്ചെറിഞ്ഞു.
ലാസ്റ്റ് ബഞ്ച് മാത്രം ഗെറ്റ് ഔട്ടായി. ബെഞ്ചിലെ നാല് പേരും ചിരിച്ച് അവിടെ നിൽപ്പായ്.
ബഞ്ചിൻ്റെ കഷണങ്ങൾ നിലത്ത് വീണ് കരയുന്നതിൻ്റെ ശബ്ദം കേട്ട് നിസ്സഹായനായ് നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ
– ആന്റോ കവലക്കാട്ട്