പുഞ്ചവയൽ കൊയ്തെടുക്കാൻ പാകമായെടി പെണ്ണാളേ
കൊയ്ത്തരിവാൾ രാകി മെല്ലെ മൂർച്ച കൂട്ടടി പെണ്ണാളേ
കതിരു കൊയ്ത് കറ്റയാക്കി തലയിലേറ്റടി പെണ്ണാളേ
കൊയ്ത്തു പാട്ടിൻ ഈണം മൂളി നട നടക്കടി പെണ്ണാളേ
കളത്തിലെത്തി കറ്റയെല്ലാം മെതിച്ചെടുക്കടി പെണ്ണാളേ
പതിരു മാറ്റി നല്ല നെല്ല് തിരിച്ചെടുക്കടി പെണ്ണാളേ
അളവിനായി അറയിലേക്ക് നെല്ല് മാറ്റടി പെണ്ണാളേ
അരികിലായി തമ്പ്രാനെങ്ങാൻ വരുന്നുണ്ടോടി പെണ്ണാളേ
പൊലിയളന്ന് പതവും വാങ്ങി കുടിലിലെത്തടി പെണ്ണാളേ
നെല്ല് കുത്തി അരിയെടുത്ത് കഞ്ഞി വെക്കടി പെണ്ണാളേ
വിശന്നിരിക്കും കിടാങ്ങളെയും വിളിച്ചിരുത്തടി പെണ്ണാളേ
വയറു കാഞ്ഞപ്പം തളർന്നിരുന്നവർ മയങ്ങിപ്പോയല്ലോ ദൈവങ്ങളെ
വയറു കാഞ്ഞപ്പം തളർന്നിരുന്നവർ മയങ്ങിപ്പോയല്ലോ ദൈവങ്ങളേ…