കൊല്ലവും വർഷവും ഒന്നു തന്നെ. എന്നാൽ കൊല്ലവർഷം വേറൊന്നാണ്; ജ്യോതിഷികൾ കൊല്ലം എന്ന സ്ഥലത്തു സമ്മേളിച്ചുണ്ടാക്കിയ പഞ്ചാംഗം. മലയാള വർഷം എന്നും പറയും. ആരംഭം എ.ഡി.825 ൽ ആയിരുന്നു.
ചിങ്ങം 1 ന് കൊല്ലവർഷം തുടങ്ങുന്നു.കലണ്ടർ ഉണ്ടാക്കിയ വിവരം വടക്കൻ കേരളത്തിൽ അറിയാൻ ഒരു മാസമെടുത്തു. അതുകൊണ്ട് അവിടെ കന്നിമാസം ഒന്നിനാണ് കൊല്ലവർഷം തുടങ്ങിയത്. ഈ വ്യത്യാസം വരുത്തിയ വിനയാണ് ഈ സംഭവകഥയിൽ ഉള്ളത്.
വാഴാനിയിൽ കെട്ടിടങ്ങളുടെയും റോഡുകളുടെയും ചുമതലയുള്ള ഒരു അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉണ്ട്. ആൾക്ക് 54 വയസ്സാകുന്നു. അടുത്തകൊല്ലം റിട്ടയർ ചെയ്യും. അതിനുമുമ്പേ ഏക മകളുടെ കല്യാണം നടത്തണം എന്നാണ് ആഗ്രഹം. 54 വയസ്സ് തികയുന്നതിന് രണ്ട് ദിവസം മുമ്പേ തിരുവനന്തപുരം അക്കൗണ്ട് ജനറൽ ഓഫീസിൽ നിന്ന് ഒരു ടെലഗ്രാം. (കമ്പി). ‘ഉടനെ അവിടെ ഹാജരാകുക’. ആളെത്തി. വിവരം തിരക്കി. ഒരു കടലാസ് കൊടുത്തു. “നിങ്ങൾക്ക് 55 വയസ്സായി. അതുകൊണ്ട് ഇന്ന് വൈകുന്നേരം മുതൽ നിങ്ങളുടെ ഔദ്യോഗിക പദവി തീരുന്നു.” ഇത് വായിച്ചയുടനെ ആൾ തല കറങ്ങി കസേരയിൽനിന്ന് വീഴാൻ പോകുന്നു. കൂടെയുള്ളവർ മുഖത്ത് വെള്ളം തളിച്ചു. ബോധം വന്നു. ‘എന്താണ് കാര്യം? ‘
“മദ്രാസ് സർക്കാരിൽ നിന്ന് ലഭിച്ച സർവീസ് ബുക്കിൽ തെറ്റായിട്ടാണ് നിങ്ങളുടെ വയസ്സ് രേഖപ്പെടുത്തിയിരിക്കുന്നത്. ഞങ്ങൾ പരിശോധിച്ചപ്പോൾ നിങ്ങൾക്ക് 55 വയസ്സായി. അതുകൊണ്ട് റിട്ടയർ ചെയ്യിക്കുന്നു”. കുഴപ്പം എങ്ങനെ സംഭവിച്ചു? മലയാളം കൊല്ല വർഷത്തിലാണ് ജനനതീയതിയുടെ ആദ്യ രേഖ. അതിനുപകരം ഇംഗ്ലീഷ് വർഷം മദ്രാസ് സംസ്ഥാനക്കാർ എഴുതിയപ്പോൾ ഒരു കൊല്ലത്തെ വ്യത്യാസം വന്നു. തിരുവനന്തപുരത്തു നിന്ന് മടങ്ങി. ആദ്യ ജനനരേഖ തന്ന സ്കൂൾ കണ്ടുപിടിച്ചു. അന്വേഷിച്ചപ്പോൾ അവർക്ക് തെറ്റുപറ്റിയിട്ടില്ലത്രേ. ആ ഭാഗത്ത് കൊല്ലവർഷം ആരംഭിക്കുന്നത് ചിങ്ങം ഒന്നിനല്ല. കന്നി മാസം ഒന്നാം തീയതി ആണ്. അപ്പോൾ മദ്രാസ് സംസ്ഥാനക്കാർ എഴുതിയത് തന്നെ ശരി. ഈ വിവരം കേരളത്തിൽ ഉള്ളവരെ ബോധ്യപ്പെടുത്താൻ ഹൈക്കോടതിയിൽ കേസ് കൊടുക്കേണ്ടി വന്നു. അനുകൂലവിധി കിട്ടി. ഒരു കൊല്ലത്തെ മുഴുവൻ ശമ്പളവും ലഭിച്ചു. സർവീസായി പരിഗണിച്ച് പെൻഷനും ലഭിച്ചു. പണനഷ്ടം, അലച്ചിൽ.കൂനിന്മേൽ കുരുപോലെ ജാതക ദോഷവും ഒത്തുചേർന്നപ്പോൾ വിവാഹവും നടന്നില്ല. വിധി എന്ന് പറയാമോ? എനിക്കറിഞ്ഞുകൂടാ !
– ജോണി തെക്കേത്തല, ഇരിങ്ങാലക്കുട