ലോകമാം ഉദ്യാന പൂക്കളിൽ ചിലത്
ആരുമറിയാതെവിടെയോ മറഞ്ഞുപോയ്
മറ്റാരുമല്ലിവർ ചില നിമിഷങ്ങളിൽ
കാണാതെപോയ പല കൺമണികളത്രേ
എവിടെയീ ലോകത്തിൽ നിങ്ങളിപ്പോൾ?
ഉണ്ണുവാനുറങ്ങുവാൻ പ്രാപ്തിയുണ്ടോ?
കാണാമറയത്തെ കിടാങ്ങളേ നിങ്ങൾ
വീടുകളിൽ തിരിനാമ്പുകളായിരുന്നു
നിങ്ങളുണ്ടാക്കും ശൂന്യത തന്നാഴത്തിലേക്ക്
അമ്മയും താതനും കൂടെപിറപ്പും വീണിതാ
മരണമെങ്കിൽ പരലോകത്തിലെന്നു
പരത്തിലോർത്ത് പറഞ്ഞാശ്വസിച്ചേനെ
നിങ്ങളെക്കുറിച്ചുള്ള കണ്ണീർ തുള്ളികൾ
വീടിൻ വെളിച്ചത്തെ എന്നേ കെടുത്തിയല്ലോ
കാതും മിഴിയും തുറക്കുന്നതൊക്കെയും
നിങ്ങളെ കാണാനും പിന്നെ കേൾക്കാനുമത്രേ
തിരികെ വരാമോ നിങ്ങളീ മണ്ണിൽ വീണ്ടും ?
വെളിച്ചം കെട്ടയാ വീടിൻ്റെ കോലായിൽ
നിങ്ങളെ നെഞ്ചോടു ചേർത്ത് നിർത്താൻ
നാടുമാവീടും വഴിനോക്കി നിൽക്കുന്നു
– രമ്യ വി മോഹനൻ