പൊന്നിൻ ചിങ്ങമാസത്തിലെ പൊന്നോണ നാളിൽ മാവേലി മന്നനെ വരവേൽക്കാനുള്ള ഓണത്തിൻ്റെ വരവ് അറിയിച്ചു കൊണ്ട് ഇന്ന് അത്തം എത്തി. പെയ്തൊഴിഞ്ഞ കർക്കിടക രാവുകളുടെ തണുപ്പും കൂരിരുട്ടും മാറി ഓണനിലാവായി അത്തം എത്തിയിട്ടും കാലം തെറ്റിയെത്തിയപോലെ ശക്തമായ കാറ്റിൻ്റെ അകമ്പടിയോടെ തിമിർത്തു പെയ്യുന്ന മഴ ഭൂമിയിൽ സംഹാര താണ്ഡവമാടുന്നു. അവിടവിടെ ഉരുൾ പൊട്ടലുകളും മനുഷ്യ ജീവനുകളുടെ നഷ്ട്ടപെടലുകളും ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനകളും. ഇത്രനാളും മിച്ചം വച്ചു സാമ്പാദിച്ചു സ്വരുക്കൂട്ടി വച്ചതെല്ലാം നിമിഷനേരം കൊണ്ട് കാൽകീഴിൽനിന്നും ഒന്നാകെ ഒലിച്ചുപോകുന്ന ഭീകരമായ കാഴ്ച്ച. മനുഷ്യ ജീവനുകൾക്ക് പോലും കനിവ് നൽകാത്ത പ്രകൃതിയുടെ കോപത്തിൻ്റെ മൂർദ്ധന്യഭാവം എങ്ങും അലയടിക്കുന്നു…
ആറുകളും തോടുകളും കവിഞ്ഞൊഴുകി റോഡുകളെ തോടുകളാക്കിയും കൃഷിയിടങ്ങളെ ഇല്ലാതാക്കിയും പാർപ്പിടങ്ങൾ തകർത്തെറിഞ്ഞും കൃഷിയിടങ്ങളിൽ വിയർപ്പൊഴുക്കി ജോലിചെയ്ത് ക്ഷീണിതരായി ഉറങ്ങിക്കിടക്കുന്ന കുടുംബങ്ങളിലെ മനുഷ്യ ജീവനുകളെ പ്രായഭേദമെന്യേ രാത്രിയുടെ നിശബ്ദ യാമത്തിൽ തൂത്തെറിഞ്ഞുകൊണ്ട് പ്രകൃതി അതിൻ്റെ കോപരൂപം പുറത്തെടുത്തിരിക്കുന്നു…
നിനച്ചിരിക്കാത്ത നേരത്ത് എത്തുന്ന ദുരന്തങ്ങൾ സ്വപ്‌നങ്ങളെ ഇല്ലാതാക്കുന്നു. ആശകളും സ്വപ്നങ്ങളും ഇല്ലാതാക്കി ജീവിച്ചു കൊതി തീരാതെ നഷ്ട്ടപെട്ട മനുഷ്യശരീരങ്ങൾ….
സാഹചര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും..
” അത്തം കറുത്താൽ ഓണം വെളുക്കും. ”
എന്ന പഴഞ്ചൊല്ലിൽ പ്രതീക്ഷയർപ്പിച്ച് നാട്ടിൽ മലയാളികൾ അത്തം പത്തിൻ്റെ തിരുവോണത്തെ വരവേൽക്കുവാൻ ഒരുങ്ങുന്നു…
നന്മയുടെയും ഐശ്വര്യത്തിൻ്റെയും പ്രതീകമായ ഓണം. ഇന്ന് തിരുവോണം ആണ്. മാവേലി മന്നൻ തൻ്റെ പ്രജകളെ കാണാൻ വരുന്ന പൊന്നിൻ ചിങ്ങ മാസത്തിലെ പൊൻ സുദിനം. കള്ളവും ചതിയും ഇല്ലാത്ത പൊളി വചനങ്ങൾ എള്ളോളം ഇല്ലാത്ത മാവേലിനാട്ടിലേക്ക് മാവേലി മന്നൻ എഴുന്നള്ളുന്ന ദിവസം. പൂക്കളങ്ങളും ഓണപാട്ടുകളും പലതരം പായസങ്ങളും ഒക്കെയായി മലയാളനാട് മാവേലിമന്നനെ വരവേൽക്കുവാൻ തയ്യാറായി. ലോകത്തിൻ്റെ ഏതു കോണിലായാലും മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പൊൻ സുദിനം.
ഇങ്ങകലെ ചുട്ടുപൊള്ളുന്ന മണലാരണ്യത്തിൽ മഴയ്ക്ക് പകരം ചുട്ടുപൊള്ളുന്ന വെയിലിൻ്റെയും കത്തി എരിയുന്ന തീകാറ്റിൻ്റെയും കാഠിന്യത്തിൽ ഫ്ലാറ്റുകളിലും ഓഫീസുകളിലും ആയി മലയാളികൾ ഓണം ആഘോഷിക്കുവാൻ തയ്യാറെടുക്കുന്നു…
ഓണാഘോഷം സമൃദ്ധമാക്കാൻ ഓരോ മലയാളിയും ശ്രമിക്കുമ്പോഴും ജീവിത പ്രാരാബ്ധങ്ങൾ മൂലം ജന്മനാട്ടിൽ നിന്നും ഉറ്റവരെയും ഉടയവരെയും വിട്ട് ഗൾഫ് എന്ന മോഹവുംപേറി മനസ്സിൽ കൊണ്ടുനടന്ന സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുവാൻ ഇവിടെ എത്തപെട്ടതിൻ്റെ വേദനകൾ പ്രവാസിയെ പിന്തുടർന്നുകൊണ്ടേ ഇരിക്കുന്നു…
ജീവിതമെന്ന യാഥാർത്ഥ്യത്തിനു മുന്നിൽ പ്രവാസമെന്ന വേദന സംഹാര നൃത്തമാടുമ്പോഴും മലയാളിയുടെ സ്വന്തമായ ഓണം എത്തുമ്പോൾ മനസ്സാകുന്ന മരുഭൂമിയിൽ ഒരിറ്റു ദാഹജലം ലഭിച്ചതിൻ്റെ കുളിർമ പ്രവാസിക്ക് അനുഭവപ്പെടുന്നു..
“കാണം വിറ്റും ഓണം ഉണ്ണണം.”
എന്ന പഴഞ്ചൊല്ല് പറഞ്ഞു നടന്നവരിൽ പലരും ഉണ്ടായിരുന്ന കാണം വിറ്റിട്ടാണ് മറുനാടുകളിൽ ജോലി തേടി എത്തിയത്. ഉണ്ടായിരുന്ന കാണം വിറ്റ് കടവും വീട്ടി ദാരിദ്ര്യത്തിൻ്റെ പടുകുഴിയിൽനിന്നും ഒരുവിധം രക്ഷപ്പെട്ട് നാട്ടിൽ വാടകവീട്ടിൽ കഴിയുന്ന വിൽക്കാൻ ഒരു തുണ്ട് കാണം പോലുമില്ലാത്തവൻ പിന്നെ എന്ത് വിറ്റു ഓണം ഉണ്ണണം എന്ന നാട്ടിലുള്ള മലയാളിയുടെ ചോദ്യത്തിന് സർക്കാർ നൽകുന്ന ‘ഓണ കിറ്റ് ‘ തികച്ചും ആശ്വാസം തന്നെ എന്ന് പറയാതിരിക്കാൻ വയ്യ.. എന്നാൽ പ്രവാസിയുടെ ഈ ചോദ്യം ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുമ്പോളും ഓണം ഓരോ പ്രവാസിയും ഒരു ആഘോഷമാക്കി മാറ്റാൻ ബദ്ധപ്പെടുന്നു..
കസവുമുണ്ടും സെറ്റ് സാരിയും ഉടുത്ത് മലയാളികൾ മലയാളത്തിൻ്റെ തനിമ ഉണർത്തുന്ന ഓണത്തെ വരവേൽക്കാൻ ഒരുങ്ങി കഴിഞ്ഞു.
ഏതൊരു മലയാളിയുടെയും ഉത്സവമാണല്ലോ ഓണം. ലോകത്തിൻ്റെ ഏത് കോണിലായാലും മനസുകൊണ്ട് ഒന്നിപ്പിക്കുന്ന ഉത്സവം ആയ പൊന്നോണം.
ഓഫീസിൽ കാര്യമായ പണി ഒന്നും നടക്കുന്നില്ല. എല്ലാവരും ഓണത്തിൻ്റെ ആ ഒരു മൂഡിൽ ആണ്. സെറ്റ് സാരി ഉടുത്തു വന്ന പെണ്ണുങ്ങൾ രാവിലെ തന്നെ ഓണ പൂക്കളത്തിൻ്റെ തിരക്കിൽ ആണ്. കസവു മുണ്ടും ഉടുത്തുവന്ന ആണുങ്ങൾ നേരത്തെ വീട്ടിൽ എത്തിയിട്ട് രണ്ടെണ്ണം വീശുന്നതിനെ കുറിച്ചുള്ള ചർച്ചയിലും.
എന്നാൽ ഇതിൽ ഒന്നും ശ്രദ്ധിക്കാതെ മുരളി കമ്പ്യൂട്ടറിൽ നോക്കി ഇരിപ്പാണ്.
ഇത്തവണയും തനിക്ക് ഓണത്തിന് നാട്ടിൽ പോകാൻ സാധിച്ചില്ല. ഇത്തവണ തീർച്ചയായും ഓണത്തിന് നാട്ടിൽ എത്തുമെന്ന് സിന്ധുവിനു താൻ വാക്ക് കൊടുത്തതാണ്. ഇത്തവണയും ആ വാക്ക് പാലിക്കാൻ തനിക്കു സാധിച്ചില്ല. സിന്ധു കഴിഞ്ഞയാഴ്ച വിളിച്ചപ്പോഴും പറഞ്ഞിരുന്നു.
‘ ചേട്ടാ ഓണത്തിന് തലേദിവസം ആയാലും വേണ്ടില്ല.’ എങ്ങനെയെങ്കിലും ചേട്ടൻവന്നേ മതിയാവൂ.’ എന്ന്.
തനിക്കും സിന്ധുവിനും ഈശ്വരാനുഗ്രഹത്താൽ കിട്ടിയ രണ്ട് കണ്മണികൾ ആണ് ഉള്ളത്. വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം ഈശ്വരൻ തങ്ങൾക്ക് അനുഗ്രഹിച്ചു നൽകിയ ഇരട്ട കണ്മണികൾ. ക്ഷേത്രങ്ങളിൽ നടത്തിയ വഴിപാടുകളുടെ അനന്തരഫലം…
ഇത്തവണയെങ്കിലും അവരുടെകൂടെ ഒന്നിച്ചിരുന്ന് ഓണം ഉണ്ണുക എന്നത് തൻ്റെയും വലിയ ആഗ്രഹമായിരുന്നു. ഇത്തവണയും തനിക്കത് സാധിച്ചില്ല.
ഓണത്തിന് മുമ്പ് തിരികെ വരാമെന്നു പറഞ്ഞ് നാട്ടിലേക്ക് പോയ സഹപ്രവർത്തകൻ ഓണം കഴിഞ്ഞെ തിരികെ എത്തുകയുള്ളൂ എന്ന് അറിയിച്ചപ്പോൾ അവൻ തിരികെ എത്തിയതിനു ശേഷം ഓണം കൂടാൻ നാട്ടിൽ പോകാനിരുന്ന തൻ്റെ മോഹങ്ങളാണ് അസ്തമിച്ചത്.
‘മുരളീ താനിത് ഏത് ലോകത്താണ്, ഇവിടെയെങ്ങും അല്ലേ, തൻ്റെ മനസ്സ് നാട്ടിൽ ആണെന്ന് തോന്നുന്നു’.
സഹപ്രവർത്തകനായ ഗോപൻ തൻ്റെ തോളിൽ തട്ടി ചോദിച്ചപ്പോഴാണ് താൻ കുറെ സമയത്തേക്ക് വീട്ടിലെ ചിന്തയിലായിരുന്നു എന്ന് കാര്യം ഓർത്തത്.
‘എടോ ഞങ്ങളുടെയൊക്കെ കെട്ടിയവളുമാരും ഇവരുടെ ഒക്കെ കെട്ടിയവന്മാരും ഒക്കെ നാട്ടിൽ അല്ലേ, എല്ലാവർക്കും ഉണ്ടെടോ അവരോടൊപ്പം ഇരുന്ന് ഓണം ഉണ്ണുക എന്നൊക്കെയുള്ള ആഗ്രഹം, താനൊന്ന് സമാധാനപ്പെട്.’
ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞു.
‘ആഘോഷങ്ങളുടെ അർത്ഥം തന്നെ നഷ്ടപ്പെട്ടിരിക്കുന്ന ഇക്കാലത്തു പ്രവാസികളായ നമ്മുടെയൊക്കെ ഓണം ഇങ്ങനെ ഒക്കെ തന്നെ ആണെടോ.’
‘ജീവിത പ്രാരാബ്ധങ്ങൾ മൂലം മണലാരണ്യത്തിലേക്കു പോരേണ്ടിവന്ന നമ്മളെപോലുള്ള മലയാളികൾക്ക് ഓണം എന്ന വാക്ക് തന്നെ ഒരു നഷ്‌ട സ്വപ്നം ആണെടോ.’
ജീവിതമാകുന്ന യാഥാർത്ഥ്യത്തിന് മുൻപിൽ പ്രവാസമെന്ന നോവ് അനുഭവപെട്ട് , വീഡിയോ കോളിലൂടെ തൻ്റെ ഭാര്യ തൻ്റെ മക്കളെ ഓണമൂട്ടിക്കുന്ന കാഴ്ച കണ്ടുകൊണ്ട് താൻ ഇവിടിരുന്നു ഓണമുണ്ണുമ്പോൾ അവിടെ സഹധർമ്മിണിയുടെ കണ്ണിൽ നിന്നും പൊട്ടു പൊട്ടായി പതിക്കുന്ന കണ്ണീർ തുള്ളികൾ സാരി തുമ്പുകൊണ്ട് അവൾ തുടക്കുന്നത് കണ്ടുകൊണ്ട് മാർക്കറ്റിൽ നിന്നും വാങ്ങിയ വാഴയിലയിൽ ഹോട്ടലിൽ നിന്നും എത്തിയ ചോറും അവിയലും തോരനും കാളനും മറ്റു വിഭവങ്ങളും കൂട്ടി ഒരു പിടി ചോറ് വാരി ഉണ്ണുമ്പോൾ തൻ്റെ കണ്ണിൽ നിന്നും ഊർന്നു വീഴുന്ന കണ്ണീർ തുള്ളികൾ ഇലയിൽ വീഴാതിരിക്കാൻ അയാൾ നന്നേ പാടു പെടുന്നുണ്ടായിരുന്നു…..
– നൈനാൻ വാകത്താനം