ഇവൻ്റെ കാര്യത്തിൽ നിങ്ങളിപ്പറഞ്ഞതൊന്നും ഒരു രോഗമോ രോഗലക്ഷണം പോലുമോഅല്ല. മരുന്ന് കഴിച്ച് ഭേദമാക്കേണ്ടതുമല്ല. തുടർച്ചയായി രണ്ടുമാസം മരുന്നുകഴിച്ചതിൻ്റെയും സാധാരണത്തേതുപോലെ ഭക്ഷണം കഴിക്കാതിരുന്നതിൻ്റെയും ഭാഗമാണത്. രാത്രി 50 ഗ്രാം ഉണക്കമുന്തിരി ഒരു ഗ്ലാസ് വെള്ളത്തിൽ കുതിരാനായി ഇട്ടുവച്ചതിനു ശേഷം രാവിലെ അതിൻ്റെ വെള്ളം കുടിക്കാൻ കൊടുക്കയും ദിവസവും രാവിലെയും രാത്രിയും രണ്ടോ മൂന്നോ ഈത്തപ്പഴം കഴിക്കാൻകൊടുക്കുകയും ചെയ്താൽ മോന് ഇപ്പോൾ കാണുന്ന ക്ഷീണമൊക്കെ മാറിക്കിട്ടും, ആരോഗ്യവും മെച്ചപ്പെടും. രണ്ടാഴ്ച ഞാൻ പറഞ്ഞതു പോലെയൊന്നു ചെയ്തുനോക്കൂ, മാറ്റമൊന്നും കാണുന്നില്ലങ്കിൽ നമുക്ക് കൂടുതൽ പരിശോധ നടത്തി വേണ്ടതു ചെയ്യാം.
എൻ്റെ മറുപടിയിൽ അവരത്ര തന്നെ തൃപ്തയല്ലന്ന് അവരുടെ മുഖഭാവത്തിൽ നിന്നും എനിക്ക് മനസ്സിലായി. ഉടനെ അവരുടെ കയ്യിലുണ്ടായിരുന്ന പരിശോധന ഷീട്ട് വാങ്ങി ഞാനതിലൊരു ടോണിക്കിൻ്റെ പേര് എഴുതി ചേർത്തു. ആ സമയം അവരുടെ മുഖം പ്രകാശിക്കുന്നത് കണ്ടപ്പോൾ അവരുടെ മനസ്സിൽ നേരത്തെരൂപപ്പെട്ട അതൃപ്തിയുടെ ശരിയാകാരണം എനിക്കു പിടികിട്ടുകയും ചെയ്തു. ഞാൻ നേരത്തെ പറഞ്ഞതു പോലെ ഉണക്ക മുന്തിരിയും കാരക്കയും കൊടുക്കുന്നതോടൊപ്പം ദിവസവും ഒരു നേരം ഈ ടോണിക്കും കൂടെ കൊടുക്കണമെന്നു പറഞ്ഞതോടെയാണ് അവർ തൃപ്തയായത്. അങ്ങനെ ചെയ്യാമെന്നും പറഞ്ഞ് സന്തോഷത്തോടെ അവർ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി. ഉടനെ സിസ്റ്റർ അടുത്ത രോഗിയുടെ പേരുവിളിച്ചു. അവർ പുറത്തേക്കിറങ്ങിയപ്പോഴേക്കും മറ്റൊരാളെ. അതുകഴിഞ്ഞ ഉടനെ അടുത്ത രോഗിയെ. ടോക്കൺ പ്രകാരമുള്ള രോഗികളെയെല്ലാം പരിശോധിച്ചു കഴിഞ്ഞപ്പോഴേക്കും നേരം മൂന്നുമണി കഴിഞ്ഞിരുന്നു..
സിസ്റ്ററേ .. എന്താസാർ ? നിങ്ങളാ ബോർഡെടുത്ത് പുറത്തെചുമരിൽ തൂക്കിയിട്ടോളൂ. എത്രമണിയുടെ ബോർഡാണുസാർ തൂക്കിയിടേണ്ടത്.? നാലു മണിയുടെ..സിസ്റ്റർ നാലുമണിയുടെ ബോർഡെടുത്ത് പരിശോധന മുറിയുടെ മുൻഭാഗത്ത് ചുമരിൽ തൂക്കിയിട്ടു. കൃത്യതയ്ക്കുവേണ്ടി തൂക്കിയിട്ട ബോർഡിലെ എഴുത്ത് ഞാനൊന്നു വായിച്ചു നോക്കി.. ഈ ക്യാബിനിൽ ഇനിയുള്ള പരിശോധന നാലുമണിക്കു ശേഷം..
വാതിലടച്ചതിനു ശേഷം ഉച്ചഭക്ഷണം കഴിക്കുന്നതിനു വേണ്ടി ആശുപത്രിയുടെ എതിർ വശത്തുളള ക്യാന്റീനിൽ ചെന്നിരുന്നു. ഭക്ഷണം കഴിച്ചതിനുശേഷം ആശുപത്രിയിൽ തന്നെയുള്ള നിസ്കാര മുറിയിൽ ചെന്ന് ളുഹർ നിസ്കരിച്ചു. അറബികൾ “മജ്‌ലിസുസ്സ്വലാ ” എന്നാണതിനു പറയുന്നതെങ്കിലും എളുപ്പത്തിനുവേണ്ടി സ്വലാമജ്ലിസ് എന്നാണ് ഞാനതിനുപറയാറുള്ളത്. ചുമരിലെ ക്ലോക്കിലേക്കു നോക്കിയപ്പോഴാണ് അസറ്ബാങ്ക് വിളിക്കാൻ ഇനി അരമണിക്കൂർ സമയമേ ഉള്ളൂ എന്ന് മനസ്സിലായത്. പരിശോധന തുടങ്ങിയാൽ പിന്നെ ആറുമണിയെങ്കിലും കഴിഞ്ഞേ നിർത്താനാകൂ. സാധാരണ അങ്ങനെയാണ് ഉണ്ടാവാറുള്ളത്. അതുകൊണ്ട് പരിശോധന തുടങ്ങാൻ പത്തു മിനിറ്റ് വൈകിയാലും ശരി അസറ് നമസ്കരിച്ചതിനു ശേഷം പുറത്തിറങ്ങാമെന്നു കരുതി ഞാനവിടെ തന്നെകിടന്നു. കണ്ണടച്ചു കൊണ്ടുളള കിടത്തത്തിനിടയിൽ മനസ്സിലേക്ക് പലകാര്യങ്ങളും വന്നു പോയിക്കൊണ്ടിരുന്നു. അതിനിടയിൽ പെട്ടൊന്നാണക്കാര്യം എൻ്റെ ഓർമ്മയിൽ വന്നത്. ഞാൻ ചാടിഎഴുന്നേറ്റ് ക്യാന്റീനിലേക്കു നടന്നു. എൻ്റെ ധൃതിപിടിച്ചുള്ള വരവ് കണ്ടതോടെ കൗണ്ടറിൽ ഇരിക്കുകയായിരുന്ന ദാസേട്ടൻ അവിടെ നിന്നും എഴുന്നേറ്റ് എൻ്റെ അരികിലേക്കു വന്നു.
എന്താ സാർ. ? ഇത്ര ധൃതിപിടിച്ചുവാരാൻ എന്തുപറ്റി. ? ഒന്നും പറ്റിയിട്ടിട്ടൊന്നുമില്ല ദാസേട്ടാ, നമ്മുടെ ഖാദർക്ക ഇവിടെ വന്നിരുന്നോ.? വന്നിരുന്നു..സാറ് ഭക്ഷണം കഴിക്കാൻ വന്നതിൻ്റെ പത്തു മിനുറ്റ് മുൻപുവരെയും ഖാദർക്ക അവിടെ ആ കസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു.
എന്താ സാർ , ഖാദർക്കാക്ക് വല്ലതും.?
ഏയ് ..അങ്ങനെയൊന്നുമില്ല.
ഉച്ച ഭഷണത്തിനുശേഷം തമ്മിൽ സംസാരിക്കാമെന്ന് ഖാദർക്കയോടു പറഞ്ഞിരുന്നു. പേഷ്യന്റിൻ്റെ എണ്ണം കൂടുതൽ കാരണം പരിശോധന അവസാനിപ്പിക്കാൻ സാധാരണ സമയത്തിലും അൽപം വൈകി. ഇനി ആറു മണിക്കിടയിൽ ഖാദർക്ക ഇവിടെവന്നാൽ ഞാൻ പറഞ്ഞ കാര്യങ്ങൾ ദാസേട്ടൻ അദ്ദേഹത്തോടൊന്നു പറയണട്ടോ.
അതിനെന്താസാർ, ഞാൻ പറഞ്ഞോളാം. ദാസേട്ടനുമായുള്ള സംസാരം കഴിഞ്ഞപ്പോഴാണ് അങ്ങകലെ പള്ളിയിൽ നിന്നുളള അസർബാങ്കിൻ്റെ നേരിയശബ്ദം എൻ്റെ കാതിൽ പതിഞ്ഞത്. ഞാനുടനെ സ്വല മജ്ലിസിൽ ചെന്ന് അസർ നിസ്കാരം നിർവഹിച്ചു. ഉടനെ പരിശോധനമുറി ലക്‌ഷ്യമാക്കി നടന്നു. മുൻ വശത്ത് ചുമരിൽ തൂക്കിയിട്ട ബോർഡെടുത്തു മാറ്റിയതിനു ശേഷം സിസ്റ്റർ ഒരോരുത്തരെയായി അകത്തേക്കു വിളിച്ചു കൊണ്ടിരുന്നു. ആറു മണിയോടകം ഇന്നത്തെ ടോക്കൺ പ്രകാരമുള്ള പരിശോധന അവസാനിച്ചു.
(തുടരും…)
– K.M സലീം പത്തനാപുരം