അകം പുറമെരിയുന്ന
ആത്മസംഘർഷങ്ങളിൽ
അജ്ഞാതമായ
ഒരുതരം പരവശത !
കാരണങ്ങളുടെ
അടിവേരുകൾ തേടി
കരണം മറിയുന്നു
ഞാനും !
ദൈവങ്ങളാൽ
ഉപേക്ഷിക്കപ്പെട്ട
തോറ്റംപാട്ടുകാരൻ
ഞാൻ !
വിധിവൈപരീത്യങ്ങളുടെ
കനൽക്കറ്റകളിൽ
എരിഞ്ഞ്,
ഉയരുന്ന
പുകച്ചുരുളുകളിൽ
ദുരൂഹതകൾ
ബാക്കിയാക്കട്ടെ !
ഒറ്റച്ചിലമ്പിൻ്റെ
അകമ്പടിക്കാരൻ്റെ
അവസാനത്തെ
കോലധാരണത്തിന്
ഉള്ളറിഞ്ഞുറഞ്ഞ
തോറ്റമാടണം
കനലുപോലെ
വെന്തുരുകി
കാരിരുമ്പു പതമാക്കിയ
ചുവടുകളിൽ
എൻ്റെ
ആത്മസമർപ്പണ്ണം !
ഹേ! കാലമേ,
കാവ്യനീതിക്ക്
കടിഞ്ഞാണിടുക !
പൊലിക ഭഗവതിയേ..
ദീപം പൊലിക !